
സത്യന് അന്തിക്കാടിന്റെ സൂപ്പര്‍ഹിറ്റ് സിനിമ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ മകന്‍ ജയറാം അപ്പന്‍ തിലകനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
ജയറാം: അപ്പാ നമുക്ക് നമ്മുടേതായ ഒരു ഫണ്ട് ഉണ്ടാക്കണം. അല്ലെങ്കില്‍ അമ്മയോട് എല്ലാത്തിനും ഇരക്കണം. അമ്മയാണ് എങ്കില്‍ എരപ്പത്തരം കണ്ടുപിടിച്ച ആളും.
തിലകന്‍: നിന്റെ അമ്മച്ചീടെ എരപ്പത്തരം കൊണ്ടാ നീയും നിന്റെ ഏട്ടന്മാരും പ്രമാണിമാരായി നടക്കുന്നത്. നിന്റെ അമ്മച്ചീടെ കയ്യും പിടിച്ച് ഈ മലമേട്ടിലേക്ക് വരുമ്പോ ഒന്നുമില്ല കയ്യില്‍. ഒരു ട്രങ്ക് പെട്ടിയുണ്ട് നിന്റെ അമ്മച്ചിക്ക്. കിട്ടണത് കിട്ടണത് ഉറുമ്പ് കൂട്ടിവയ്ക്കണപോലെ അതില്‍ കൂട്ടിവയ്ക്കും. ഈ ട്രങ്ക് പെട്ടീന്നാടാ പത്തുമുപ്പത് ഏക്കര്‍ സ്ഥലവും വീടും ഈ പ്രമാണിത്തരവും എല്ലാം ഉണ്ടായത്. അതിന്റെ താക്കോല്‍ അന്നും ഞാന്‍ കണ്ടിട്ടില്ല. ഇന്നും കണ്ടിട്ടില്ല. സമ്പത്തുണ്ടാക്കാന്‍ പലവഴികളുണ്ട്. അത് തിലകന്‍ പറഞ്ഞതുപോലെ കിട്ടണത് കിട്ടണത് ഉറുമ്പ് കൂട്ടിവയ്ക്കണപോലെ അതില്‍ കൂട്ടിവയ്ക്കുന്നതാണ് പലര്‍ക്കും അറിയാവുന്ന ഏക വഴി.
സമ്പത്തുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. ചിലര്‍ക്കത് കുന്നുകൂട്ടണം. ബഹുഭൂരിപക്ഷത്തിനുമാകട്ടെ ജീവിച്ചുപോകാനുള്ളതു മതി. നന്നായി ജീവിക്കാനും കുടുംബത്തിനു സന്തോഷം പകരാനുമാണ് ഇക്കൂട്ടര്‍ സമ്പത്ത് ആഗ്രഹിക്കുന്നത്. ചിലര്‍ക്ക് സമ്പത്ത് പാരമ്പര്യമായി കിട്ടുന്നു. ബഹുഭൂരിപക്ഷത്തിനുമത് അധ്വാനിച്ചുണ്ടാക്കണം. അധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ബിസിനസ് തുടങ്ങാം. വ്യവസായം ആരംഭിക്കാം. സംരംഭകരാകാം. സംരംഭകരാകുന്നത് ലോകത്തെ ഏറ്റവും നഷ്ടസാധ്യതയുള്ള ഏര്‍പ്പാടാണത്. തുടങ്ങുന്നതില്‍ 99 ശതമാനവും പരാജയപ്പെടുന്ന ഏര്‍പ്പാട്. പ്രൊഫഷനലുകളാകാം എന്നതാണ് മറ്റൊരു മാര്‍ഗം. സ്പോര്‍ട്സ് താരങ്ങളാകാം. കലാകാരന്മാരാകാം. പക്ഷേ അതിന് നൈസര്‍ഗികമായ കഴിവ് വേണം. പഠിച്ച് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വക്കീലന്മാരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുമാകാം. ഇതിനൊന്നും കഴിയാത്തവര്‍ എന്തുചെയ്യും. അവര്‍ക്ക് ഈ ലോകത്തെ ഈ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടുന്ന മേഖലകളിലൊക്കെ ജോലിക്കാരാകാം. എന്നാല്‍, ബിസിനസുകാരായാലും പ്രൊഫഷണലുകളായാലും ജോലിക്കാരായാലും അവര്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം കൊണ്ട് സമ്പത്തുണ്ടാക്കാന്‍ കഴിയുമോ. ബിസിനസില്‍ നിന്ന് വലിയ വിറ്റുവരവ് നേടിയാലും അതില്‍ നിന്ന് ലാഭം ഉണ്ടാക്കിയാലേ പ്രയോജനമുള്ളൂ. അതുപോലെ പ്രൊഫഷനില്‍ നിന്നും ജോലിയില്‍ നിന്നും എത്ര വലിയ വരുമാനമോ ശമ്പളമോ കിട്ടിയാലും അതില്‍ നിന്ന് മിച്ചം പിടിക്കുന്ന സമ്പാദ്യം ഉണ്ടെങ്കിലേ കാര്യമുള്ളൂ. കിട്ടുന്ന വരുമാനത്തില്‍ നിന്നല്ല, അതില്‍ നിന്ന് ചെലവുകളെല്ലാം കഴിഞ്ഞ് ഉണ്ടാക്കുന്ന ലാഭം അഥവാ സമ്പാദ്യമാണ് സമ്പത്തിലേക്കുള്ള വഴി തുറന്നുതരുന്നത്. ലാഭമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദഗ്ധരുടെ സേവനം തേടാം. എന്നാല്‍, ശമ്പളവരുമാനക്കാരായ ജോലിക്കാര്‍ അത് സ്വയം ചെയ്യേണ്ടിവരും. അതായത് കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന്, അഥവാ വരുമാനത്തില്‍ നിന്ന് ബുദ്ധിപൂര്‍വം മിച്ചം പിടിച്ചാലേ സമ്പത്തിലേക്കുള്ള വഴി തുറന്നുകിട്ടൂ. ഈ സമ്പാദ്യം അഥവാ പ്രതിമാസ വരുമാനത്തില്‍ നിന്ന് പ്രതിമാസം മിച്ചം പിടിക്കുന്ന ഈ തുക അഥവ ഈ പ്രതിമാസ സമ്പാദ്യമാണ് ഭാവി ജീവിതത്തിനായുള്ള ആസ്തി. അല്ലെങ്കില്‍ കുടുംബത്തിന് സന്തോഷം നല്‍കാനുള്ള ഉപാധി. ലഭിക്കുന്ന വരുമാനമല്ല കുടുംബത്തിനു സന്തോഷം നല്‍കുക. ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യം ഒന്നുമാത്രമാണ് സമ്പത്തുണ്ടാക്കാനുള്ള ഉപാധി എന്ന സത്യം മറക്കരുത്. വരവ് കൂടുംതോറും കൂടിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ചെലവ്. വരവ് കൂടിക്കൊണ്ടിരിക്കുകയും ചെലവ് കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുംതോറും സമ്പാദ്യവും കൂടിക്കൊണ്ടിരിക്കും. വരവും ചെലവും തുലനം ചെയ്ത് മാസാമാസം ഒരു നിശ്ചിത തുക മിച്ചം പിടിച്ച് അത് വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുക എന്നതാണ് ശമ്പള വരുമാനക്കാര്‍ക്ക് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗം. വരുമാനം എത്ര കൂടിയതായാലും കുറഞ്ഞതായാലും മിച്ചം പിടിക്കുന്ന തുകയുടെ വലിപ്പം ഒന്നുമാത്രമാണ് ഒരാളെ സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും.
ചെറിയ ചെറിയ സമ്പാദ്യം കൊണ്ട് എന്നാ ആകാനാ. വലിയ തുക ഉണ്ടാക്കണം. അന്നേ കഷ്ടപ്പാടുമാറൂ. ബഹുഭൂരിപക്ഷം ശമ്പള വരുമാനക്കാരുടെയും ചിന്താഗതിയാണിത്. വലിയതുക കയ്യില്‍ വരാന്‍ ചിലര്‍ കാത്തിരിക്കും. പ്രാര്‍ത്ഥിക്കും. വഴിപാട് കഴിക്കും. മറ്റുചിലര്‍ അതിന് തത്രപ്പാടും സൂത്രപ്പണികളും നടത്തും. വേറെ ചിലര്‍ കുറുക്കുവഴി സ്വീകരിക്കും. ഇനിയുമൊരുകൂട്ടര്‍ ലോട്ടറിയുടെ പിന്നാലെ കൂടി ഭാഗ്യപരീക്ഷണം നടത്തും. ഈ വഴികളിലൂടെ സഞ്ചരിച്ച് സമയം പാഴാക്കാം എന്നല്ലാതെ ഫലമുണ്ടാകില്ല എന്നിവര്‍ക്കുതന്നെ അറിയാം. എന്നാലും അങ്ങനെ പ്രതീക്ഷിച്ച് കഴിയുന്നതിലും ഒരു സുഖം. എന്നാല്‍, ശമ്പളവരുമാനക്കാരായ ഭൂരിപക്ഷവും ഇന്നനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനും പ്രതിസന്ധിക്കും കാരണം ഈ ചിന്താഗതിയാണ്. കാരണം ഇക്കൂട്ടരുടെ കയ്യില്‍ ഒരിക്കലും വലിയ തുക പെട്ടെന്ന് പ്രത്യക്ഷപ്പെടാന്‍ പോകുന്നില്ല. കാരണം ശമ്പളം എന്നത് വളരെ നേരത്തെ തന്നെ ക്ലിപ്തപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. അതില്‍ വളരെ വലിയ വര്‍ധനയൊന്നും പെട്ടെന്ന് ഉണ്ടാകില്ല. വാര്‍ഷിക ഇന്‍ക്രിമെന്റും പ്രമോഷന്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന വര്‍ധനയും ആകെട്ടെ നാമമാത്രമായിരിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്കോ പ്രൊഫഷനലുകള്‍ക്കോ അങ്ങനെയല്ല. ബിസിനസില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായാല്‍ ലാഭവും കുതിക്കും. നല്ല വലിയ കക്ഷികളെ കിട്ടാതായാല്‍ പ്രൊഫഷണലുകളുടെ വരുമാനവും വര്‍ധിക്കും. അങ്ങനെയൊന്നും ശമ്പളവരുമാനക്കാര്‍ക്ക് പ്രതീക്ഷിക്കാനേ ഇല്ലല്ലോ. അപ്പോള്‍ പിന്നെ വലിയ തുക കയ്യിലെത്തുന്നതും സ്വപ്നം കണ്ട് സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ മാസവും കൃത്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളമെന്ന വരുമാന സ്രോതസ് ഉള്ളപ്പോള്‍ എന്തിനാണിവര്‍ വലിയ തുക സ്വപ്നം കാണുന്നത്. ലഘുസമ്പാദ്യമാണ് സമ്പത്ത് സൃഷിടിക്കുക. അത് പക്ഷേ സ്ഥിരമായി തുടര്‍ച്ചയായി, നിക്ഷേപിച്ചുകൊണ്ടിരിക്കണം എന്നുമാത്രം. സ്ഥിരമായി വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുക. അത് സ്ഥിരമായി നിക്ഷേപിക്കുക. ക്ഷമയോടെ കാത്തിരിക്കുക. സമ്പത്ത് താനേ വരും.
വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് അത് വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് സമ്പത്തുണ്ടാക്കാന്‍ ആകെ വേണ്ടത് ക്ഷമ മാത്രമാണ്. കാരണം പണം നിക്ഷേപിച്ചാല്‍ അത് കിടന്ന് പെരുകാന്‍ ആവശ്യത്തിന് സമയം നല്‍കണം. പെട്ടെന്ന് പണം ഉണ്ടാക്കാന്‍ ഒരു അദ്ഭുതവിദ്യയും ആരും ഇതുവരെ കണ്ടപിടിച്ചിട്ടില്ല. ഈ ലോകത്തെ ഇന്നത്തെ നിലയ്ക്ക് മാറ്റിമറിക്കാന്‍ പതിനായിരക്കണക്കിന് കണ്ടുപിടിത്തങ്ങള്‍ കാരണമായിട്ടുണ്ട്. അതിലൊന്നിലും പെട്ടെന്ന് പണമുണ്ടാക്കാനുള്ള വിദ്യയില്ല. പെട്ടെന്ന് സമ്പന്നനാകാനുള്ള ഒരു സോഫ്റ്റ്‌വെയറും സാങ്കേതികവിദ്യയും മാന്ത്രികവടിയും ആരും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. അതിനി ഉണ്ടാകുകയും ഇല്ല. അവനവന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഉപയോഗിച്ച് നേരായ മാര്‍ഗത്തിലൂടെ സമ്പത്തുണ്ടാക്കാനുള്ള വഴികളെ ഇന്ന് ലോകത്തിനുമുന്നിലുള്ളൂ. അദ്ഭുതവിദ്യകളുമായി വന്നിട്ടുള്ളവര്‍ ഇപ്പോള്‍ ജയിലഴിക്കുള്ളിലാണെന്ന് നമുക്കൊക്കെ അറിയാമല്ലോ. എന്നാല്‍ ക്ഷമ കാട്ടാന്‍ തയ്യാറുള്ളവര്‍ക്കുമുന്നില്‍ സമ്പത്ത് ഉണ്ടാക്കാന്‍ ഒരു അദ്ഭുതവിദ്യതന്നെയുണ്ട്. അത് മറ്റൊന്നുമല്ല കൂട്ടുപലിശ തന്നെ. കൂട്ടുപലിശയുടെ ശക്തി അപാരമാണ്. സ്ഥിരമായി ലാഭം തരുന്ന ഏതെങ്കിലും മാര്‍ഗത്തില്‍ ഒരു നിശ്ചിത തുക തുടര്‍ച്ചയായി വര്‍ഷങ്ങളോളം നിക്ഷേപിച്ചുകൊണ്ടിരുന്നാല്‍ മുതലും പലിശയും കൂടിച്ചേര്‍ന്ന് പെരുകി വലിയ ഒരു തുകയാകും. ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ ഈ മാജിക് റിട്ടേണ്‍ നല്‍കാന്‍ പോന്ന നിക്ഷേപങ്ങളാണ്. പ്രതിമാസം 1000 രൂപ വീതം പ്രതിവര്‍ഷം 8 ശതമാനം പലിശ തരുന്ന ഒരു മാര്‍ഗത്തില്‍ 15 വര്‍ഷക്കാലം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ 3.46 ലക്ഷം രൂപ കിട്ടും. ഇക്കാലയളവില്‍ മുടക്കുന്നത് 1.8 ലക്ഷം രൂപ മാത്രം. പ്രതിവര്‍ഷം 12 ശതമാനം ലാഭം കിട്ടുന്ന മാര്‍ഗത്തിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 15 വര്‍ഷം കൊണ്ട് ലഭിക്കുക 4.98 ലക്ഷം രൂപയാണ്. ലാഭം 15 ശതമാനം കിട്ടുമെങ്കില്‍ ലഭിക്കുന്ന തുക 6.44 ലക്ഷം രൂപ. ലാഭം 20 ശതമാനമായാല്‍ കിട്ടുക 10 ലക്ഷം രൂപ. വെറും 1000 രൂപവീതം പ്രതിമാസം നിക്ഷേപിച്ചാല്‍ ലഭിക്കുന്ന നേട്ടമാണിത്. ആകെ 15 വര്‍ഷം കൊണ്ട് മുടക്കുന്നത് 1.8 ലക്ഷം രൂപ മാത്രം കിട്ടുന്നതോ 10 ലക്ഷം രൂപ. അതായത് ദിവസം വെറും 32 രൂപ മാറ്റിവയ്ക്കാന്‍ തയ്യാറാണെങ്കില്‍ ലക്ഷങ്ങളുടെ സമ്പത്ത് ഉണ്ടാക്കാം. പവര്‍ ഓഫ് കോംമ്പൗണ്ടിങ് അഥവ കൂട്ടുപലിശയുടെ ശക്തിയാണത്. ഈ പ്രപഞ്ചത്തിലെ ഏറ്റവും പവര്‍ഫുള്‍ ഫോഴ്സ് ആണ് കൂട്ടുപലിശ എന്ന് പറഞ്ഞത് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനാണ്. ഏറ്റവും മഹത്തായ മിറക്കിള്‍ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ഇതറിയാത്തവരായി ഇന്ത്യയില്‍ ഇടത്തരം ശമ്പള വരുമാനക്കാര്‍ മാത്രമേയുള്ളൂ. ഇന്ത്യയിലൊക്കെ അങ്ങനാ... പഞ്ചാബില്‍ എങ്ങനാണെന്നറിയില്ല എന്ന മട്ടാണ് ഇടത്തരക്കാര്‍ക്ക്. ലഘുസമ്പാദ്യത്തെ വലിയ സമ്പത്താക്കി മാറ്റാനുള്ള ആ പവര്‍ ഓഫ് മാജിക്കില്‍ അധിഷ്ഠിതമാണ് മിക്ക സമ്പാദ്യ പദ്ധതികളും. മിക്ക കുടുംബങ്ങളിലെയും അമ്മച്ചിമാര്‍ക്ക് ഈ സത്യം അറിയാം. പണ്ടത്തെ അമ്മച്ചിമാര്‍ക്ക് കുടംബത്തില്‍ വലിയ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അമ്മച്ചിമാരുടെ അത്തരം കാര്യങ്ങളിലെ സ്വാധീനം കുറഞ്ഞതോടെ കൂട്ടുപലിശയുടെ ശക്തിയും കുടംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.
Content Highlights: compound interest wealth building savings investment financial planning compound interest calculator
Published: 12 Jan 2025, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented