ഓര്‍മ്മയുടെ അവസാനനാളവും എരിഞ്ഞുതീരുമ്പോള്‍ ഏതോ തുരങ്കത്തിലൂടെ ഒഴുകിപ്പോകുകയാണ്. ചുറ്റും ഇരുട്ട് കട്ടപിടിച്ച, മുന്നോട്ട് പോകുന്തോറും വിസ്താരം കറഞ്ഞുവരുന്ന തുരങ്കം.

To advertise here,

എന്നെങ്കിലും ആ തുരങ്കത്തില്‍ നിന്ന് പുറത്തുകടക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല അയാള്‍ക്ക്. ഇതവസാനത്തെ യാത്രയാണ്. ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്ര. പുരാണത്തില്‍ പറയുന്ന സ്വര്‍ഗ്ഗമോ നരകമോ ഈ തുരങ്കത്തിനപ്പുറത്ത് തന്നെ കാത്തിരിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ പേടിപ്പെടുത്തുന്ന ശൂന്യത.

എഴുപതാം വയസ്സില്‍, മരണവുമായി മുഖാമുഖം നിന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു വിവരിക്കുകയായിരുന്നു സെന്‍ട്രല്‍ എക്സൈസില്‍ നിന്ന് വിരമിച്ച ആ വയോധികന്‍. 'മരണത്തെ ഇത്ര അടുത്തുനിന്ന്, കയ്യെത്തും ദൂരെനിന്ന് കണ്ടറിഞ്ഞ മറ്റാരെങ്കിലും ഉണ്ടോ എന്നറിയില്ല. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. മരണഗന്ധത്തെ കുറിച്ച്  കഥകളില്‍ വായിച്ചിട്ടുള്ള അറിവേ ഉള്ളൂ അതുവരെ.  അതെന്തെന്ന് ശരിക്കുമറിഞ്ഞു ആ രാത്രി.'  അടുത്ത സുഹൃത്തിന്റെ മാതൃസഹോദരന്‍  കൂടിയായ ആ അവിവാഹിതന്‍ പറഞ്ഞു.
 
'എല്ലാ രാത്രിയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ വെച്ചു കേള്‍ക്കുന്ന പതിവുണ്ടെനിക്ക്. ഉറക്കത്തിലേക്ക് വഴുതിവീണാലും നേരം പുലരും  വരെ മ്യൂസിക് സിസ്റ്റത്തില്‍ നിന്ന് പാട്ടുകളങ്ങനെ അനര്‍ഗ്ഗളം ഒഴുകിക്കൊണ്ടിരിക്കും. അന്ന് രാത്രി കിടക്കുമ്പോള്‍ കേട്ടുകൊണ്ടിരുന്നത് ജോണ്‍സന്റെ പാട്ടുകളാണ്. ഉറക്കം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ശരീരമാസകലം വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. നെഞ്ച് കുത്തിത്തുളക്കുന്ന വേദന. എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തുവരാത്ത പോലെ. അപ്പുറത്തെ മുറിയില്‍ കിടക്കുന്ന ജോലിക്കാരനെ വിളിക്കാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല. ഹൃദയം കൈവിട്ടു പോയി, ശ്വാസം നിലയ്ക്കാറായി എന്നൊക്കെ മനസ്സ് മന്ത്രിക്കുന്നുണ്ട്. ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണല്ലോ എല്ലാം. ഒരു വര്‍ഷം മുന്‍പ് നേരിട്ടനുഭവിച്ചതുമാണ്.'

ബോധം പൂര്‍ണമായി നഷ്ടപ്പെടും വരെ ഇഷ്ടപ്പെട്ട പാട്ടിന്റെ ശീലുകളുണ്ടായിരുന്നു കാതില്‍: അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...  'ഇവിടെ നടക്കുന്നതൊന്നുമറിയാതെ പാടിക്കൊണ്ടിരിക്കുകയാണ് യേശുദാസ്. ശരിക്കും ആ പാട്ട് ഞാന്‍ കേള്‍ക്കുന്നുണ്ടോ അതോ വെറും  തോന്നലാണോ? ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു. പാട്ടിന്റെ ആദ്യത്തെ ചരണം  കഴിഞ്ഞപ്പോഴേക്കും എനിക്ക് ബോധം നഷ്ടപ്പെട്ടിരിക്കണം. ശൂന്യമായ ഒരു ഇടവേളയാണ് പിന്നെ. ബോധാബോധതലങ്ങളിലൂടെയുള്ള തുരങ്കയാത്ര. ശരീരം ഭാരം കുറഞ്ഞു തൂവല്‍ പോലെയാകുന്നു. മരണത്തെ സ്വീകരിക്കാനായി സന്നദ്ധമാകുകയായിരിക്കണം ഉപബോധമനസ്സ്.'

വിധി ഇടപെട്ടത് ആ ഘട്ടത്തിലാണ്. 'ഇരുള്‍ തുരങ്കത്തിലൂടെയുള്ള അനന്തമായ യാത്രയ്ക്കിടെ പൊടുന്നനെ വെളിച്ചത്തിന്റെ ഒരു തരി ദൂരെ കണ്ടപോലെ. പതുക്കെ ആ തരി വളര്‍ന്നു വലുതായി ഒരു പ്രവാഹമാകുന്നു. പ്രകാശരശ്മികളുടെ ഒരു മഹാപ്രവാഹം. തെല്ലും നിനച്ചിരിക്കാതെ കാതുകളില്‍ യേശുദാസ് വീണ്ടും പാടിത്തുടങ്ങുന്നു: 'മൈനകള്‍ പദങ്ങള്‍ പാടുന്നു കൈതകള്‍ വിലാസമാടുന്നൂ...' അതേ പാട്ടിന്റെ അവസാന ചരണം.

വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. മരിച്ചു എന്ന ഉത്തമബോധ്യം മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരുന്നല്ലോ. 'എന്നാല്‍ പാട്ടിന്റെ ഓരോ വരിയും പിന്നിടുന്നതോടെ ചിന്തയും വികാരവുമൊക്കെ  യാഥാര്‍ഥ്യ ബോധത്തിലേക്ക് തിരിച്ചുവരികയാണ്. എങ്ങും പോയിട്ടില്ല, ഇവിടെ ഭൂമിയില്‍ തന്നെയുണ്ട് ഞാന്‍ എന്ന അറിവ് പകര്‍ന്ന ആഹ്ളാദത്തിന് അളവില്ലായിരുന്നു. ഒരു പക്ഷേ ആ പാട്ടിന്റെ  മാന്ത്രികവിദ്യ  കൂടിയുണ്ടാവാം അങ്ങനെ തോന്നിപ്പിച്ചതിന് പിന്നില്‍.'

ഒരു കൗതുകം കൂടി പങ്കുവെച്ചു ആ റിട്ടയേഡ് ഉദ്യോഗസ്ഥന്‍. 'ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ച ശേഷം പിറ്റേന്ന് കാലത്ത് അനുരാഗിണി ഒരിക്കല്‍ കൂടി കേട്ടു. ആദ്യ ചരണത്തിനും രണ്ടാമത്തെ ചരണത്തിനുമിടയില്‍ എത്ര നിമിഷങ്ങളുടെ ഇടവേള കാണുമെന്ന് അറിയാന്‍ ഒരു ജിജ്ഞാസ. ഏതാണ്ട് മുപ്പത്തഞ്ചു സെക്കന്റ്. അത്രയും നേരം മരണത്തിന്റെ കൈകളിലായിരുന്നു ഞാന്‍ എന്നാണ് ഇന്നും വിശ്വസിക്കുന്നത്. പലരോടും ഈ അനുഭവം പങ്കുവെച്ചിട്ടുണ്ടെങ്കിലും ആരും വിശ്വസിച്ചു എന്ന് തോന്നുന്നില്ല. ചിലര്‍ക്കൊക്കെ തമാശയായി തോന്നിക്കാണണം. നിങ്ങളും ഇതൊരു സ്വപ്നമായി തള്ളിക്കളഞ്ഞേക്കാം. പരാതിയൊന്നുമില്ല. ഞാന്‍ അനുഭവിച്ച കാര്യം പറഞ്ഞെന്നേ ഉള്ളൂ;  വിശ്വസിച്ചാലും ഇല്ലെങ്കിലും.....'

അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇഷ്ടപ്പെട്ട ശബ്ദത്തിന്റെ, ഈണത്തിന്റെ, ഗാനത്തിന്റെ കൈപിടിച്ചു മരണതീരത്തേക്ക് സഞ്ചരിക്കാന്‍ കൊതിച്ചവരെക്കുറിച്ച് ധാരാളം കേട്ടറിഞ്ഞിട്ടുള്ളത് കൊണ്ടാവാം. ജയചന്ദ്രന്‍ പാടിയ 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ' എന്ന ഗാനമാവണം തന്റെ അന്ത്യയാത്രയെ അനുഗമിക്കേണ്ടതെന്ന്  ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരത്തെ തന്നെ വിളിച്ചു ചട്ടം കെട്ടിയ പത്തനംതിട്ടയിലെ അഭിഭാഷകന്‍ ഒറ്റപ്പെട്ട ഉദാഹരണമല്ല. സ്വന്തം ശരീരം പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ വയലാറിന്റെ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം'' എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങണമെന്നായിരുന്നു രാഷ്ട്രീയനേതാവായ പി.ടി. തോമസിന്റെ ആഗ്രഹം.
 
തമിഴിലെ ഗാനരചയിതാവ് വൈരമുത്തുവിന്റെ വാക്കുകള്‍ കൂടി കേള്‍ക്കുക: 'മരണം തൊട്ടടുത്ത് എത്തിനില്‍ക്കുന്ന വേളയില്‍ മനസ്സില്‍ അവശേഷിക്കുന്ന ആഗ്രഹം എന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും, സുശീലാമ്മയുടെ ശബ്ദം അവസാനമായി ഒരിക്കല്‍ കൂടി കേള്‍ക്കുക. ആ പാട്ടുകള്‍ മാത്രമുള്ള മ്യൂസിക് സിസ്റ്റം എനിക്കുവേണ്ടി ഓണ്‍ ചെയ്തുവെച്ച് പതുക്കെ വാതില്‍ ചാരി നിങ്ങള്‍ സ്ഥലം വിട്ടോളൂ. എല്ലാം മറന്ന് ആ സ്വരമാധുരിയില്‍ മുഴുകി ഞാന്‍ കണ്ണടയ്ക്കട്ടെ.''
 
ഈ ആഗ്രഹങ്ങള്‍ക്കെല്ലാം അതീതമായിരുന്നില്ലേ എന്നെ വിളിച്ചയാളുടെ അനുഭവം?. ഇഷ്ടഗാനത്തിനൊപ്പം മരണത്തിന്റെ താഴ്‌വരയിലേക്ക് സഞ്ചരിക്കുക മാത്രമല്ല, അതേ പാട്ടിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരിക കൂടി ചെയ്തു അദ്ദേഹം. മറ്റാര്‍ക്ക് ലഭിക്കും ഈ സൗഭാഗ്യം?
 
വിധിവൈചിത്ര്യമെന്നു പറയാം, ഈ അനുഭവം ഓര്‍മ്മയില്‍ നിന്നെഴുതിക്കൊണ്ടിരിക്കേ ഇരിട്ടിയില്‍നിന്ന് സുധാകരന്‍ എന്ന ഫേസ്ബുക്ക് കൂട്ടുകാരന്‍ വിളിക്കുന്നു. ഏറക്കുറെ സമാനമായ ഒരു ഓര്‍മ്മയാണ് അദ്ദേഹം പങ്കുവെച്ചത്.  'രണ്ടു വര്‍ഷം മുന്‍പ് രക്തത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു. വെന്റിലേറ്ററിലാണ്. ബോധം  മാറിമറിഞ്ഞുകൊണ്ടിരുന്ന ആ അവസ്ഥയിലും ഒരു പാട്ടിന്റെ വരികളും ദൃശ്യങ്ങളും മനസ്സിലങ്ങനെ തെളിഞ്ഞു കൊണ്ടിരുന്നു: പുനര്‍ജ്ജന്മത്തിലെ സൂര്യകാന്ത കല്‍പടവില്‍ എന്ന പാട്ടിലെ കാറ്റേ കടലേ കയ്യെത്തുമെങ്കിലാ കല്‍വിളക്കിന്‍  തിരി താഴ്ത്തൂ എന്ന ഭാഗം. ബോധം തെളിഞ്ഞപ്പോള്‍ ആകെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നത് ആ വരികള്‍ മാത്രം. മറ്റെല്ലാം മറന്നുപോയിരുന്നു ഞാന്‍. കാണാനെത്തിയ അടുത്ത ബന്ധുക്കളുടെ മുഖങ്ങള്‍ പോലും..'

ഒരര്‍ത്ഥത്തില്‍ പുനര്‍ജ്ജന്മം തന്നെയാണ് ആ പാട്ട് തനിക്ക് സമ്മാനിച്ചതെന്ന്  സുധാകരന്‍. വയലാറിനും ദേവരാജനും പി സുശീലക്കും നന്ദി പറയാതിരിക്കുന്നതെങ്ങനെ ? അവരാണല്ലോ ആ ഗാനത്തിന്റെ ശില്‍പ്പികള്‍.