
അത്രയും പരുക്കന്‍ ശബ്ദത്തില്‍ ആരും പേര് വിളിച്ചുകേട്ടിട്ടില്ല; അതും ഏഴരവെളുപ്പിന്. ഞെട്ടാതിരിക്കുന്നതെങ്ങനെ?
നേരം പുലരുന്നതേയുള്ളൂ. നഗരവീഥികള്‍ ശൂന്യം. എന്നെപ്പോലെ പ്രഭാത നടത്തത്തിന് ഇറങ്ങിത്തിരിച്ചവര്‍ മാത്രമേയുള്ളൂ കണ്‍വെട്ടത്ത്. അതും വളരെ ചുരുക്കം ചിലര്‍. അപ്പോള്‍ പിന്നെ എവിടുന്നാവണം ഈ വിളി? ഇനി വെറും തോന്നലാകുമോ? ഉറക്കച്ചടവ് വേണ്ടതിലേറെ ബാക്കിയുണ്ടല്ലോ.
നടത്തം തുടരാനൊരുങ്ങവേ വീണ്ടും അതേ വിളി: ഇത്തവണ മിസ്റ്റര്‍ കൂട്ടിയാണ്. 'മിസ്റ്റര്‍ രവി മേനോന്...'
ഞെട്ടിത്തിരിഞ്ഞപ്പോള്‍ ആളെ കണ്ടു. റോഡരികിലെ ഫര്‍ണിച്ചര്‍ കടയ്ക്ക് മുന്നിലെ പടവില്‍ ലുങ്കി കൊണ്ട് മൂടിപ്പുതച്ചു കിടക്കുകയാണ് അയാള്‍. കൗതുകത്തോടെ നടന്ന് അടുത്തുചെന്നപ്പോള്‍ ലുങ്കി മാറ്റി എഴുന്നേറ്റിരുന്നു അയാള്‍. ഒരു ബീഡി കത്തിച്ചു. എന്നിട്ട് ചിരകാല പരിചിതനോടെന്ന പോലെ ചോദിച്ചു: 'ഇപ്പോള്‍ എഴുത്തൊന്നുമില്ലേ സുഹൃത്തേ ?'
അത്ഭുതമായിരുന്നു എനിക്ക്. കാഴ്ചയില്‍ ഭിക്ഷാടകനെ പോലെ തോന്നിക്കുന്ന ഒരാള്‍. ചിലപ്പോള്‍ ലഹരിയുടെ അടിമയുമാകാം. പ്രഭാത നടത്തത്തിനിടയില്‍ അത്തരക്കാരെ പതിവായി കണ്ടുമുട്ടാറുണ്ട്. ചിലരൊക്കെ ഇടിച്ചുകയറിവന്ന് കൈനീട്ടാറുമുണ്ട്. കാഴ്ച്ചയില്‍ അക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തനല്ല ഇയാളും. വെള്ളം കണ്ടിട്ട് നാളുകളേറെയായി എന്ന് വിളിച്ചുപറയുന്ന മുടിയും താടിയും. മുഖത്ത് കറുത്ത പാടുകള്‍. നിരന്തരമായ പുകവലി കൊണ്ടാവണം കറുത്ത് വരണ്ടുപോയ ചുണ്ടുകള്‍. പക്ഷേ അസാധാരണമായ ഒരു ശാന്തതയുണ്ടായിരുന്നു ആ കണ്ണുകളില്‍.
ജീവിതത്തിലൊരിക്കലും കണ്ട ഓര്‍മയില്ല അയാളെ. ഉണ്ടെങ്കില്‍ തന്നെ പണ്ട് കണ്ട രൂപത്തില്‍ നിന്ന് ആളെ എങ്ങനെ വേര്‍തിരിച്ചെടുക്കാന്‍?
ലെനിന്‍രാജ്. അതാണയാളുടെ പേര്. കണ്ണൂരിനടുത്ത് എവിടെയോ ആണ് ജന്മനാട്. നാടിനെയോ വീടിനെയോ വീട്ടുകാരെയോ കുറിച്ച് സംസാരിക്കാന്‍ ആദ്യമൊന്നും താല്‍പ്പര്യം കാണിച്ചില്ല അയാള്‍. അതൊക്കെ അറിഞ്ഞിട്ട് താങ്കള്‍ക്കെന്ത് കാര്യം എന്ന ഒരൊറ്റ ചോദ്യം കൊണ്ട് എന്റെ ജിജ്ഞാസയെ വകഞ്ഞുമാറ്റി ലെനിന്. മാനസികരോഗത്തിന് ദീര്‍ഘകാലം ചികിത്സ തേടിയിരുന്നു എന്ന് മാത്രം തുറന്നു പറഞ്ഞു; ഒരിക്കലൂം പൂര്‍ണമായി സുഖപ്പെടുന്ന രോഗമല്ല തന്റേതെന്നും.
രോഗാവസ്ഥയില്‍ നിന്ന് ചെറിയ മോചനം ലഭിക്കുമ്പോഴെല്ലാം ആദ്യം ചെല്ലുക നാട്ടിലെ വായനശാലയിലേക്കാണ്. കുട്ടിക്കാലം മുതലേ നല്ലൊരു വായനക്കാരന് ഉള്ളിലുണ്ടായിരുന്നത് കൊണ്ടുള്ള ഗുണം. അവിടെ വെച്ചാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുക. 'അന്ന് താങ്കളുടെ പംക്തി അതിലുണ്ട്. എനിക്ക് പാട്ടിനോട് വലിയ ഭ്രമം ഉള്ളതിനാല്‍ മുടങ്ങാതെ വായിക്കും. ഹിന്ദി പാട്ടുകളോട്, പ്രത്യേകിച്ച് മുഹമ്മദ് റഫിയോട് കടുത്ത ആരാധനയാണ്. ചെറുതായി പാടിയിരുന്നു ചെറുപ്പത്തില്‍. നിങ്ങളാണെങ്കില്‍ ഹിന്ദി പാട്ടുകളെക്കുറിച്ചും എഴുതുമല്ലോ.....'
കടയുടെ പടിയില്‍ തൊട്ടടുത്തിരുന്ന് ലെനിന്റെ സംസാരം കേട്ടുകൊണ്ടിരുന്ന എന്നെ അത്ഭുതത്തോടെ നോക്കി കടന്നുപോകുന്നുണ്ടായിരുന്നു വഴിയാത്രക്കാരില്‍ ചിലര്‍. നേരം വെളുത്തു തുടങ്ങുന്നു. ഇടയ്ക്ക് പരിചയക്കാരനായ ഒരു ചുമട്ടു തൊഴിലാളി അടുത്തു വന്ന് ചോദിച്ചു: 'എന്താ, എന്തെങ്കിലും പ്രശ്നമുണ്ടോ സാറേ?' മറുപടി പറഞ്ഞത് ലെനിനാണ്. 'ഉണ്ട്. എന്താ താന്‍ പരിഹരിച്ചു തരുമോ?' വിചിത്ര ഭാവത്തോടെ ഞങ്ങളെ നോക്കി സ്ഥലം വിട്ടു അയാള്‍.
സ്കീസോഫ്രീനിയ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ സ്വയം ആശുപത്രിയില്‍ പോയി അഡ്മിറ്റാകുന്നതാണ് വര്‍ഷങ്ങളായി ലെനിന്റെ പതിവ്. 'അവിടെ പുസ്തകങ്ങള്‍ ഒന്നും കിട്ടില്ല. ഞായറാഴ്ചകളില്‍ പത്രം വരും. മാതൃഭൂമിയുടെ സപ്ലിമെന്റിലാണ് പിന്നെ നിങ്ങളെ ഇടയ്ക്കിടെ കണ്ടുമുട്ടിയത്. എല്ലാം വായിച്ചിട്ടുണ്ട്. അവിടെയുള്ള ചില അന്തേവാസികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്യും. ആ ലേഖനങ്ങള്‍ക്ക് ഒപ്പം കണ്ട ഫോട്ടോ ഓര്‍മയിലുള്ളത് കൊണ്ടാണ് നിങ്ങളെ ഈ പുലര്‍ച്ചയ്ക്കും തിരിച്ചറിയാന്‍ കഴിഞ്ഞത്. എന്നാലും പേര് വിളിക്കുമ്പോള്‍ ചെറിയ സംശയമുണ്ടായിരുന്നു. ആള് മാറിപ്പോയാലോ?'
ഭൂതകാലത്തെ കുറിച്ച് അധികമൊന്നും സംസാരിച്ചില്ല ലെനിന്. ചോദ്യങ്ങള്‍ക്ക് മാത്രം ചുരുക്കം വാക്കുകളില്‍ ഉത്തരം. വിവാഹിതനാണ്. സ്വന്തം അച്ഛനും ഭാര്യയും ഒക്കെ കൈവിട്ടതോടെയാണ് ജീവിതം തെരുവിലേക്ക് എടുത്തെറിയപ്പെട്ടത്. വര്‍ഷങ്ങളായി റോഡരികിലാണ് വാസം. അഭയമരുളുന്ന നഗരങ്ങള്‍ മാത്രം മാറി വരുമെന്ന് മാത്രം. ഇപ്പോള്‍ തിരുവനന്തപുരത്താണ്. നാളെ എങ്ങുമാകാം. ഡല്‍ഹിയില്‍ വരെ. ആദ്യം കാണുന്ന ട്രെയിനില്‍ കയറിക്കൂടുന്നതാണ് ശീലം.
റഫിയുടെ പാട്ടുകളോടുള്ള ഇഷ്ടത്തിന് പിന്നില്‍? അറിയാന്‍ കൗതുകം. മടിച്ചു മടിച്ചാണെങ്കിലും ആ ആത്മബന്ധത്തിന്റെ പൊരുള്‍ ചുരുങ്ങിയ വാക്കുകളില്‍ പങ്കുവെച്ചു ലെനിന്. അമ്മ ഗുജറാത്തിയാണ്. കച്ചില്‍ നിന്ന് കേരളത്തില്‍ കുടിയേറിയ കുടുംബത്തില്‍ അംഗം. അച്ഛന് കണ്ണൂര്‍ ജില്ലക്കാരന്. കര്‍ഷകത്തൊഴിലാളി. ചില്ലറ രാഷ്ട്രീയവുമുണ്ട്. കുട്ടിക്കാലത്ത് അമ്മ പാടിക്കേട്ടിരുന്ന പാട്ടുകളാണ് ലെനിനെ റഫിയോടടുപ്പിച്ചത്. റഫിയായിരുന്നു അമ്മയുടെ പ്രിയഗായകന്. 'മനസ്സ് കൈവിട്ടുപോകുമെന്ന് തോന്നുമ്പോഴെല്ലാം റഫിയെ ആശ്രയിക്കും; ആ പാട്ടുകളില്‍ അഭയം തേടും. ചിലപ്പോള്‍ ഗുണമുണ്ടാകും. ചിലപ്പോള്‍ ഒരു കാര്യവുമുണ്ടാവില്ല...'
കാന്‍സര്‍ ബാധിച്ച് അമ്മ മരിക്കുമ്പോള്‍ കുട്ടിയാണ് ലെനിന്. അച്ഛന് ഉടന്‍ വേറെ കല്യാണം കഴിച്ചു. അധികം വൈകാതെ ചിറ്റമ്മക്ക് മകന് പിറന്നു. അതോടെ വീട്ടില്‍ ലെനിന് അന്യനായി. സ്വതവേ ഉള്ള മാനസികാസ്വാസ്ഥ്യം കൂടുതല്‍ രൂക്ഷമായി. ഒരു നാള് കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ലെനിനെ കൊണ്ടുചെന്നാക്കിയ അച്ഛന് പിന്നെ മകനെ തേടിവന്നതേയില്ല. വിഭ്രാന്തികളിലൂടെയുള്ള ലെനിന്റെ അനന്തമായ യാത്ര അവിടെനിന്ന് തുടങ്ങുന്നു. 'ഇപ്പോള്‍ വലിയ പ്രശ്നമില്ലാത്ത കാലമാണ്. സമാധാനമുണ്ട്. എത്രകാലത്തേക്ക് എന്നറിയില്ല. എന്തായാലും നിങ്ങളെ കണ്ടതില്‍, സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...'
നിരത്തില്‍ ആള്‍ത്തിരക്ക് കൂടുന്നു. 'ഏറ്റവും ഇഷ്ടപ്പെട്ട റഫിയുടെ പാട്ടേതാണ്?' അറിയാനൊരു മോഹം....
നിരത്തിനപ്പുറത്തെ ഏതോ അദൃശ്യബിന്ദുവില്‍ കണ്ണുനട്ട് ലെനിന് പിറുപിറുക്കുന്നു: 'അതിലൊക്കെ ഇനിയെന്ത് കാര്യം? ഇപ്പോള്‍ ഞാന്‍ പാടാറില്ലല്ലോ. പാട്ടൊക്കെ പോയി മേനോനേ...' എങ്കിലും ഒരിക്കല്‍ കൂടി സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചപ്പോള്‍ ഇഷ്ടഗാനത്തിന്റെ രണ്ടു വരികള്‍ എനിക്ക് വേണ്ടി പരുക്കന്‍ ശബ്ദത്തില്‍ മൂളി അയാള്‍: 'മേ കഹി കവി ന ബന് ജാവൂ തേരെ പ്യാര് മേ യേ കവിതാ...'
അധികം പാടിക്കേള്‍ക്കാറുള്ള പാട്ടല്ല. ശങ്കര്‍ ജയ്കിഷന് ചിട്ടപ്പെടുത്തിയ 'പ്യാര് ഹി പ്യാറി'ലെ ആ ഗാനത്തോട് എന്തുകൊണ്ടായിരിക്കാം ഇത്രയിഷ്ടം? ചോദിക്കേണ്ടി വന്നില്ല. അതിനു മുന്‍പ് ലെനിന് ഉത്തരം തന്നു: 'അമ്മയെ ഓര്‍മ്മവരും ഈ പാട്ട് പാടുമ്പോള്‍. കവിത എന്നായിരുന്നു അമ്മയുടെ പേര്...'
ലെനിന്റെ മുഖത്തെ സ്ഥായിയായ പരുഷഭാവം ആര്‍ദ്രതയ്ക്ക് വഴിമാറുന്ന കാഴ്ച്ച അത്ഭുതത്തോടെ കണ്ടു നിന്നു ഞാന്‍.
പ്രഭാത നടത്തം ഇടക്കുവെച്ചു അവസാനിപ്പിച്ച് വീട്ടിലേക്ക് തിരികെ നടക്കും മുന്‍പ് കീശയിലുണ്ടായിരുന്ന നോട്ടുകളെടുത്ത് നീട്ടിയപ്പോള്‍ ലെനിന് പറഞ്ഞു: 'ഞാന്‍ പിച്ചക്കാരനൊന്നുമല്ല മിസ്റ്റര്‍. ദാരിദ്ര്യവുമില്ല. ഇങ്ങനെയൊക്കെ ജീവിച്ചുപോകും. ഭ്രാന്ത് വരാതിരുന്നാല്‍ മതി.'
എങ്കിലും ഒരു നിമിഷം എന്റെ മുഖത്തേക്ക് പാളിനോക്കിയ ശേഷം ചെറുചിരിയോടെ പണം ഏറ്റുവാങ്ങി അയാള്‍. 'പണത്തിന് ഇപ്പോള്‍ ആവശ്യമുണ്ട്. വേണ്ടെന്ന് പറയുന്നില്ല. താങ്ക് യു എന്നും പറയുന്നില്ല. നമ്മള് ഇപ്പോള്‍ കൂട്ടുകാരല്ലേ?' പണം പാന്റ്സിന്റെ പോക്കറ്റില്‍ നിക്ഷേപിച്ച ശേഷം പുതച്ചിരുന്ന ലുങ്കി ശ്രദ്ധാപൂര്‍വം മടക്കി കയ്യിലെ തുണി സഞ്ചിയില്‍ തിരുകിവെക്കുന്നു അയാള്‍. മറ്റൊരു യാത്രയ്ക്കുള്ള പുറപ്പാടാണ്. 'സെക്യൂരിറ്റി ഇപ്പോള്‍ വരും. പിന്നെ ഇവിടെ ഇരുത്തില്ല. ഞാന്‍ പോകട്ടെ, ഭാഗ്യമുണ്ടങ്കില്‍ ഇനിയും കാണാം....'
'എങ്ങോട്ടാണ് പോക്ക്?' വെറുതെ ചിരിച്ചു ലെനിന്. പിന്നിലെ കടയുടെ ഷട്ടറില്‍ ചാരിയിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പാടി: 'ജാത്താ ഹൂ മേ മുജേ അബ് നാ ബുലാനാ...'
അതായിരുന്നു അവസാന കാഴ്ച; കേള്‍വിയും. പിറ്റേന്ന് കാലത്ത് പതിവുപോലെ നടക്കാന്‍ പോയപ്പോള്‍ അടഞ്ഞു കിടന്ന കടകളുടെ പടവുകളില്‍ കണ്ണുകള്‍ ലെനിനെ തിരഞ്ഞു. എങ്ങുമുണ്ടായിരുന്നില്ല അയാള്‍. അന്തരീക്ഷത്തില്‍ അയാള്‍ അവസാനം പാടിക്കേള്‍പ്പിച്ച റഫി ഗാനത്തിന്റെ ശീലുകള്‍ മാത്രം: 'ജാത്താ ഹൂ മേ മുജേ അബ് നാ ബുലാനാ, മേരി യാദ് ബി അപ്നേ ദില്‍ മേ ലാനാ...'
Content Highlights: schizophrenia mental illness Mohammed Rafi Hindi songs street life encounter story human interest
Published: 21 Dec 2024, 09:30 am IST
ABOUT THE AUTHOR

രവി മേനോൻ
ravimenonmusic@gmail.comGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented