എവറസ്റ്റ് കീഴടക്കാനെത്തുന്ന പര്‍വതാരോഹകരുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ വര്‍ധനവുണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒരോ വര്‍ഷം പിന്നിടുമ്പോഴും ഇത് വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എവറസ്റ്റ് കയറാനായി ക്യൂ നില്‍ക്കുന്ന പര്‍വതാരോഹകരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എവറസ്റ്റിലെ ട്രാഫിക് ബ്ലോക്ക് എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോകള്‍ പ്രചരിക്കുന്നത്. എന്നാല്‍ തമാശകള്‍ക്കപ്പുറം വലിയൊരു ദുരന്തത്തിലേക്കുള്ള സൂചനകളാണ് ഇതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഹിമാലയത്തിലെ ദുര്‍ബലമായ പരിസ്ഥിതിയിലേക്ക് ഇത്രത്തോളം ആളുകള്‍ ഇടിച്ചുകയറുന്നത് വലിയ പാരിസ്ഥിതിക നാശത്തിന് കാരണമാവുമെന്നാണ് ഇവരുടെ പക്ഷം. അതോടൊപ്പം വലിയ അപകടങ്ങള്‍ക്കും ഇത് കാരണമാവുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. സര്‍ക്കാരുകളും അന്താരാഷ്ട്ര ഏജന്‍സികളും ഇടപെട്ട് ഇത് നിയന്ത്രിക്കണമെന്നും പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. 

To advertise here,

എന്നാല്‍ എവറസ്റ്റ് മാത്രമല്ല അമിത ടൂറിസത്തിന്റെ പ്രതിസന്ധികള്‍ നേരിടുന്നത്. കോവിഡാനന്തരമുണ്ടായ ടൂറിസം തരംഗത്തില്‍ ലോകത്തിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങളും അമിതമായ സഞ്ചാരി പ്രവാഹത്തിന്റെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ആംസ്റ്റര്‍ഡാം, സ്‌പെയിന്‍, വെനീസ്, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള പല ടൂറിസം കേന്ദ്രങ്ങളും പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. ഇന്ത്യയില്‍ അമിത ടൂറിസത്തിന്റെ ഭീഷണി നേരിടുന്ന ചില സ്ഥലങ്ങള്‍ ഇവയാണ്.

ഊട്ടി

ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷുകാരനായ കളക്ടര്‍ ജോണ്‍ സള്ളിവന്‍ ഊട്ടി എന്ന കൊച്ചുനഗരം കണ്ടെത്തിയ നാള്‍ മുതല്‍ തുടങ്ങുന്നതാണ് ഊട്ടിയുടെ ടൂറിസം പാരമ്പര്യം. പതിയെ അത് തമിഴ്‌നാടും ഇന്ത്യയും കടന്ന് ലോകം മുഴുവന്‍ പ്രശസ്തമായി. വിദേശരാജ്യങ്ങള്‍ക്ക് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ കൊച്ചു നഗരത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. എന്നാല്‍ വളരെ പരിമിതമായ വിഭവങ്ങളും അതിലോലമായ പരിസ്ഥിതിയുമുള്ള ഊട്ടിയിന്ന് അമിത ടൂറിസത്താല്‍ ബുദ്ധിമുട്ടുകയാണ്. കിലോമീറ്ററുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കുകളും ജലക്ഷാമവും പരിസ്ഥിതി നാശവുമെല്ലാമാണ് ഊട്ടിയുടെ ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍. ഊട്ടിയിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ യാതൊരു കണക്കുമില്ലാതായതോടെയാണ് ഹൈക്കോടതി ഇടപെട്ട് ഇ-പാസ് ഏര്‍പ്പെടുത്തിയത്. ആദ്യ കുറച്ച് ദിവസങ്ങളില്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞെങ്കിലും ഇ-പാസ് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല. ഉത്തരേന്ത്യയില്‍ ചൂട് അമിതമായതോടെ ഊട്ടിയിലേക്ക് ഇപ്പോഴും സഞ്ചാരി പ്രവാഹമാണ്.

മണാലി

മഞ്ഞില്‍ രൂപം കൊണ്ട സ്വര്‍ഗമാണ് മണാലിയെന്ന ഹിമാചല്‍ പ്രദേശിലെ കുഞ്ഞു നഗരം. പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഭൂമി. ഹിമാലയത്തോട് ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. മഞ്ഞുകാണാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികളെത്തുന്നത്. എന്നാല്‍ ഇന്ന് മണാലിയെന്നാല്‍ അത് മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കുകളാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വന്‍ ആള്‍ക്കൂട്ടങ്ങള്‍ മണാലിയുടെ സൗന്ദര്യത്തെ കെടുത്തുന്നു. വിനോദസഞ്ചാരികള്‍ക്കായി നിയന്ത്രണങ്ങളില്ലാതെ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളും റിസോര്‍ട്ടുകളും വലിയ പരിസ്ഥിതി നാശത്തിനും കാരണമാകുന്നു. ഇതിന്റെയൊക്കെ ഫലമാണ് മണാലിയില്‍ കഴിഞ്ഞ തവണയുണ്ടായ പ്രളയവും പ്രകൃതി ദുരന്തവും എന്ന് കരുതുന്നവരും നിരവധിയാണ്. ഹിമാലയന്‍ നദികളില്‍ ഏറ്റവും മനോഹരിയായ ബിയാസ് നദിയും മലിനീകരണ ഭീഷണി നേരിടുന്നുണ്ട്.

നൈനിറ്റാള്‍

തടാകങ്ങളുടെ പറുദീസയാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ കുമൗണ്‍ മലനിരകള്‍ക്ക് ഇടയിലാണ് നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന പേരിലാണ് നൈനിറ്റാള്‍ പ്രശസ്തമായത്. ഹിമാലയന്‍ വ്യൂകളും തടാകങ്ങളിലെ സാഹസിക വിനോദങ്ങളും ഉഷ്ണകാലത്തും സുഖകരമായ കാലാവസ്ഥയുമൊക്കെയാണ് നൈനിറ്റാളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഉത്തരേന്ത്യ ഉഷ്ണതരംഗത്തിന്റെ പിടിയിലമര്‍ന്ന ഈ വര്‍ഷം നൈനിറ്റാളും അമിത ടൂറിസത്തിന്റെ പ്രതസന്ധികളറിഞ്ഞു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച സഞ്ചാരിപ്രവാഹമായിരുന്നു ഇത്തവണ ഇവിടേക്കുണ്ടായത്. തടാകങ്ങളെല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. കേബിള്‍കാറുകളില്‍ കയറാനും വന്‍ തിരക്കായിരുന്നു. നൈനാ കൊടുമുടി കയറാനും നിരവധി സഞ്ചാരികളെത്തി. നഗരം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. വരും വര്‍ഷങ്ങളിലും ഇത് തുടര്‍ന്നാല്‍ വലിയ പ്രതിസന്ധികള്‍ക്ക് കാരണമാവുമെന്നാണ് അധികൃതരുടെ ആശങ്ക.

ലഹോള്‍ താഴ്‌വര

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളിലൊന്നാണ് ഹിമാചല്‍ പ്രദേശിലെ ലഹോള്‍ താഴ്വര. രാജ്യത്തെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. മനോഹരമായ മലയിടുക്കുകളും അവയ്ക്കിടയിലൂടെയുള്ള ചെറു അരുവികളും ടാറിടാത്ത ചെറിയ ഇടവഴികളും തെളിഞ്ഞ നീലാകാശവുമെല്ലാമായി ശരിക്കും സ്വര്‍ഗമാണ് ഈ പ്രദേശം. ഒരുകാലത്ത് പ്രദേശവാസികളും ചുരുക്കം സഞ്ചാരികളും മാത്രമുണ്ടായിരുന്ന ഇവിടേക്ക് ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രവാഹമാണ്. ഇത് പരിധി വിട്ടതോടെ ലഹോളിലെ പരിസ്ഥിതി സംരക്ഷിക്കാനും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുമായി ഒരു കമ്മറ്റിക്ക് രൂപം കൊടുത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2020-ല്‍ അടല്‍ ടണല്‍ തുറന്നതോടെയാണ് ഇവിടേക്ക് സഞ്ചാരികള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്. ഈ അമിത ടൂറിസം വലിയ മാറ്റങ്ങളാണ് ലഹോളിലെ ഭൂപ്രകൃതിയിലുണ്ടാക്കിയത്. ഭൂമി കയ്യേറ്റവും പരിസ്ഥിതി നാശവും വ്യാപകമായതോടെ കോടതി ഇടപെടലില്‍ ടൂറിസം നിയന്ത്രണത്തിന് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. 

ചാര്‍ധാം ക്ഷേത്രങ്ങള്‍

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന യാത്രയാണ് ചാര്‍ധാം യാത്ര. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും നടക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കാറുള്ളത്. ഗംഗോത്രി, യമുനോത്രി, കേദര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ യാത്ര വളരെ കഠിനമാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വര്‍ഷത്തെ യാത്ര ആരംഭിച്ചത്. സര്‍ക്കാര്‍ കണക്കില്‍ മാത്രം 26 ലക്ഷം ആളുകളാണ് ഈ യാത്രയില്‍ പങ്കെടുക്കുന്നത്. ഹിമാലയത്തിലെ ഏറെ പരിസ്ഥിതിലോലമായ ഭൂപ്രകൃതിയിലാണ് ഈ നാല് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഗംഗോത്രി-യമുനോത്രി ഹൈവേയില്‍ വലിയ ട്രാഫിക് ജാമുകളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ക്ഷേത്രങ്ങള്‍ക്ക് മുന്‍പിലും കിലോമീറ്ററുകള്‍ നീളുന്ന ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് തീര്‍ഥാടകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോവിഡിന് ശേഷമാണ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധവുണ്ടായത്. ഇത് നിയന്ത്രണാതീതമായതോടെ കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ വര്‍ഷം ജോഷിമഠ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭൂമിയില്‍ വിള്ളല്‍ കണ്ടതോടെ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഭൂമിചലന സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു.