ലണ്ടൻ യൂസ്റ്റണിൽനിന്ന് ട്രെയിൻ വടക്കോട്ട് നീങ്ങുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് തിരക്കാണ്- മനുഷ്യരുടെ തിരക്ക്, കെട്ടിടങ്ങളുടെ തിരക്ക്, ജീവിതത്തിന്റെതന്നെ ഒരു പാച്ചിൽ. സ്വപ്നങ്ങളുടെ തേരോട്ടമാകും പിന്നെ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യവും അവിടെ കാത്തിരിക്കുന്ന ആഡംബരങ്ങളും സൗഭാഗ്യങ്ങളും ഒക്കെ ഇങ്ങനെ വെള്ളിത്തിരയിലെന്നപോലെ വന്നു മാഞ്ഞു പോകും.

To advertise here,

പക്ഷേ, പെനൈൻ കുന്നുകൾ പിന്നിട്ട് യോർക്ക്ഷെയറിലേക്ക് കടക്കുമ്പോൾ കാഴ്ചകൾ പതിയെ മാറിത്തുടങ്ങും; ചിന്തകളും. കോൺക്രീറ്റ് കെട്ടിടങ്ങൾക്കു പകരം കരിങ്കല്ലുകൊണ്ടുള്ള വീടുകൾ. നഗരത്തിന്റെ ശബ്ദങ്ങൾക്കു പകരം കാറ്റിന്റെ മർമരം. പഴയ മില്ലുകളുടെ ചിമ്മിനികൾ. പച്ചപ്പണിഞ്ഞ കുന്നിൻചരിവുകൾ. അങ്ങനെ പതിയെ, ട്രെയിൻ നമ്മളെ എത്തിക്കുന്നത് ഹഡേഴ്സ്ഫീൽഡിലേക്ക്- കുന്നുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന, ചരിത്രവും മനുഷ്യരും ചേർന്ന് രൂപപ്പെടുത്തിയ ഒരു യോർക്ക്ഷെയർ പട്ടണത്തിലേക്ക്.

ഹഡേഴ്സ്ഫീൽഡ് വെറുമൊരു ചെറിയ പട്ടണമല്ല. ബ്രിട്ടന്റെ വ്യാവസായിക ചരിത്രത്തിലും കായികചരിത്രത്തിലും സ്വന്തം അധ്യായം എഴുതിയ ഒരു നാട് കൂടിയാണിത്. തുണിയിൽ നെയ്ത ചരിത്രം. ഒരുകാലത്ത് ഹഡേഴ്സ്ഫീൽഡിന്റെ താഴ്വരകളിൽ തറികളുടെ ശബ്ദമായിരുന്നു സംഗീതം. കമ്പിളിയും തുണിയും നെയ്തിരുന്ന മില്ലുകൾ ഈ നാടിന്റെ സമ്പത്തിന്റെയും വളർച്ചയുടെയും അടിത്തറയായി. കോൾൻ താഴ്വരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉയർന്നുവന്ന മില്ലുകൾ വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ഹഡേഴ്സ്ഫീൽഡിനെ വലിയൊരു വസ്ത്രവ്യാപാരകേന്ദ്രം ആക്കി മാറ്റി.

ഇന്ന് ആ മില്ലുകളിൽ പലതും മൗനം പൂണ്ടിരിക്കുന്നു. ചിലത് പുതിയ ജീവിതം കണ്ടെത്തിയിരിക്കുന്നു- ഓഫീസുകളായി, വീടുകളായി, വിദ്യാഭ്യാസ സ്ഥാപനങ്ങളായി. പക്ഷേ, അവയുടെ കല്ലുമതിലുകൾക്ക് അടുത്തുകൂടി നടക്കുമ്പോൾ, കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ശബ്ദം ഇപ്പോഴും കേൾക്കുന്നതുപോലെ തോന്നും. തറികളുടെ താളം. തൊഴിലാളികളുടെ കാലടികൾ. പുക ഉയർത്തിയിരുന്ന ചിമ്മിനികൾ. ചരിത്രം ഇവിടെ പുസ്തകത്തിന്റെ താളുകളിൽമാത്രം ഒതുങ്ങുന്നില്ല. കെട്ടിടങ്ങളുടെ ചുവരുകളിലും തെരുവുകളുടെ വളവുകളിലും അത് ഇന്നും ജീവിക്കുന്നു.

ഒരു ഹോട്ടലിൽ ജനിച്ച കായികചരിത്രം

ഹഡേഴ്സ്ഫീൽഡിന്റെ മറ്റൊരു വലിയ അഭിമാനം- ജോർജ്ജ് ഹോട്ടൽ. 

1895 ആഗസ്റ്റ് 29-ന്, ഹഡേഴ്സ്ഫീൽഡിലെ ജോർജ്ജ് ഹോട്ടലിൽ 22 നോർത്തേൺ റഗ്‌ബി ക്ലബ്ബുകളുടെ പ്രതിനിധികൾ ഒത്തുകൂടി. റഗ്‌ബി, ഫുട്ബോൾ യൂണിയനിൽനിന്ന് വേർപിരിഞ്ഞ് നോർത്തേൺ റഗ്‌ബി ഫുട്ബോൾ യൂണിയൻ പിറന്നത് അവിടെയാണ്. പിന്നീട് അത് റഗ്‌ബി ലീഗ് എന്ന കായികരൂപത്തിന്റെ അടിത്തറയായി. ഹഡേഴ്സ്ഫീൽഡിനെ റഗ്‌ബി ലീഗിന്റെ ജന്മസ്ഥലമെന്നു വിളിക്കുന്നത് വെറും അഭിമാനവാക്കല്ല; ചരിത്രം അതിന് സാക്ഷിയാണ്.

ജോർജ്ജ് ഹോട്ടലിന് മുന്നിലെ സെന്റ് ജോർജ്ജ് സ്‌ക്വയറിലൂടെ നടക്കുമ്പോൾ, 1895-ലെ ആ ചരിത്രയോഗത്തിന്റെ പ്രതിധ്വനി ഇന്നും കേൾക്കുന്നതുപോലെ തോന്നും. അധികം അകലെയല്ലാതെ ഹഡേഴ്സ്ഫീൽഡ് റെയിൽവേ സ്റ്റേഷൻ. ആദ്യമായി കാണുന്ന ഒരാൾക്ക് പോലും അതിന്റെ ഭംഗി ശ്രദ്ധിക്കാതിരിക്കാനാവില്ല. ഏതോ പുരാതന ക്ഷേത്രത്തെ ഓർമിപ്പിക്കുന്ന ശില്പശൈലിയിൽ പണിത ഈ സ്റ്റേഷൻ ഇന്ന് ഗ്രേഡ് 1 പട്ടികയിലുള്ള കെട്ടിടമാണ്. ഒരു റെയിൽവേ സ്റ്റേഷനേക്കാൾ ഒരു കൊട്ടാരത്തിന്റെ വാതിൽപ്പടിപോലെ.

കുന്നിൻ മുകളിൽനിന്ന് കാണുന്ന നഗരം

പട്ടണത്തെ കാണാൻ മറ്റൊരു മനോഹരമായ ഇടമുണ്ട്- കാസിൽ ഹിൽ.

മുകളിലേക്ക് കയറുമ്പോൾ കാറ്റ് കുറച്ചുകൂടി ശക്തമാകും. താഴെ പരന്നു കിടക്കുന്ന ഹഡേഴ്സ്ഫീൽഡ്. ഏതോ കലാകാരൻ കാൻവാസിൽ പകർത്തിയ ജീവനുള്ള ചിത്രം പോലെ വീടുകളും റോഡുകളും പച്ചപ്പും പഴയ മില്ലുകളും. അവിടെ നിൽക്കുമ്പോൾ യോർക്ക്ഷെയറിന്റെ കാറ്റിന് ഒരു പ്രത്യേക സ്വഭാവമുണ്ട്. അൽപ്പം പരുക്കനെങ്കിലും തണുത്ത വിരലുകളാൽ തൊട്ടു തഴുകുന്ന ആത്മാർഥത.

യോർക്ക്ഷെയറിൽ ഒരു മലയാളി ജീവിതം

ഇനി നമ്മുടെ കഥയിലേക്ക് വരാം.

ലണ്ടനിലെ പോലെ ഇവിടെ വലിയ തിരക്കില്ല. മലയാളികൾ എണ്ണത്തിൽ കുറവായിരിക്കാം. പക്ഷേ, അതുകൊണ്ടുതന്നെ പലരും പലരെയും അറിയുന്നു. ലണ്ടനിൽ നമ്മൾ ഒരു ആൾക്കൂട്ടമാണ്. ഹഡേഴ്സ്ഫീൽഡിൽ നമ്മൾ ഒരു കുടുംബമാണ്. ഇവിടുത്തെ മലയാളി ജീവിതത്തിൽ ഹഡേഴ്‌സ്ഫീൽഡ് യൂണിവേഴ്സിറ്റിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഓരോ വർഷവും കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്ന്- കൊച്ചിയിൽനിന്നും കോട്ടയത്തുനിന്നും കണ്ണൂരിൽനിന്നും- പുതിയ വിദ്യാർഥികൾ എത്തുന്നു. ആദ്യദിവസങ്ങളിൽ ഈ പട്ടണം അവർക്കൊരു ചെറിയ ലോകം പോലെയാകും.

“ഇവിടെ എന്തുണ്ട്?”

പക്ഷേ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ചോദ്യം മാറും.

“ഇവിടം വിട്ട് വേറെ എവിടേക്കാണ് പോകേണ്ടത്?”

പാർട്ട്-ടൈം ജോലികൾ. അസൈൻമെന്റുകളുടെ തിരക്ക്. വൈകുന്നേരത്തെ നടത്തങ്ങൾ. സുഹൃത്തുക്കളോടൊപ്പമുള്ള ചായ. വീട്ടിൽനിന്ന് വരുന്ന ഫോൺകോളുകൾ. അങ്ങനെ ഒരു വിദേശരാജ്യത്തിലെ ചെറിയ പട്ടണം പതിയെ അവരുടെ സ്വന്തം ജീവിതത്തിന്റെ ഭാഗമാകുന്നു. ഗ്രീൻഹെഡ് പാർക്കിലൂടെയുള്ള വൈകുന്നേരത്തെ നടത്തംപോലും പിന്നീട് ഓർമ്മകളുടെ ഒരു അധ്യായമാകും.

പള്ളിയും പെരുന്നാളും പരിപ്പുവടയും

പ്രവാസജീവിതത്തിൽ നാട്ടിന്റെ രുചിക്ക് വലിയ സ്ഥാനമുണ്ട്.

വാരാന്ത്യങ്ങളിൽ പള്ളിയിലെ കുർബാനയ്ക്കുശേഷം നടക്കുന്ന ചെറിയ സംഭാഷണങ്ങൾ, ഒരു കപ്പ് ചായ, കൂടെ ഒരു പരിപ്പുവട- ചിലപ്പോൾ അതാണ് ഒരു പ്രവാസിയുടെ ഏറ്റവും വലിയ സാമൂഹിക ശൃംഖല. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വാർത്തകൾ എത്തിക്കുമായിരിക്കും. പക്ഷേ, ഒരു കപ്പ് ചായയ്ക്കരികിലെ നേരിട്ടുള്ള സംഭാഷണം മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത്. ഓണം വരുമ്പോൾ സദ്യ. ക്രിസ്മസ് വരുമ്പോൾ കരോൾ. പിറന്നാൾ, വിവാഹം, കുഞ്ഞിന്റെ ജനനം, നാട്ടിൽനിന്നുള്ള അതിഥി. എന്ത് വിശേഷമുണ്ടായാലും അത് പങ്കുവെക്കാൻ ഒരാൾ ഉണ്ടാകും. അതാണ് ഇവിടുത്തെ ചെറിയ മലയാളി സമൂഹത്തിന്റെ വലിയ ശക്തി.

ഒരു പ്രവാസിയുടെ അടുക്കളയിൽ കേരളം

തണുത്ത യോർക്ക്ഷെയർ കാറ്റിനെ മറന്നുപോവും

നാട്ടിൽനിന്ന് ആയിരക്കണക്കിന് മൈൽ അകലെയായാലും, ഒരു ദിവസം മനസ്സിന് കേരളത്തെ വല്ലാതെ ഓർമ്മ വരും. അപ്പോൾ ഒരു കടയിൽനിന്ന് കപ്പ വാങ്ങാം. മീൻ വാങ്ങാം. തേങ്ങയും മസാലകളും വാങ്ങാം. എന്തിന് മൺപാത്രംവരെ ഇവിടെ കിട്ടും. അടുക്കളയിൽനിന്ന് കപ്പയുടെയും മീൻകറിയുടെയും മണം ഉയരുമ്പോൾ, പുറത്തുള്ള തണുത്ത യോർക്ക്ഷെയർ കാറ്റിനെ നമ്മൾ കുറച്ചുനേരത്തേക്ക് മറന്നുപോകുന്നത് തികച്ചും സ്വാഭാവികം തന്നെയാണ്. പ്രവാസിക്ക് ചിലപ്പോൾ ഇത്രയേ വേണ്ടൂ. നാടിനെ മുഴുവൻ തിരികെ കൊണ്ടുവരാൻ ഒരു വലിയ യാത്രയൊന്നും വേണ്ട. ഒരു മണം മതി. ഒരു രുചി മതി. ഒരു പരിചിതമായ മുഖം മതി.

എന്തുകൊണ്ട് ഹഡേഴ്സ്ഫീൽഡ്?

ചില സ്ഥലങ്ങൾ വലുപ്പം കൊണ്ടല്ല ഹൃദയത്തിൽ ഇടം നേടുന്നത്.

ലണ്ടൻ നിങ്ങൾക്ക് അവസരങ്ങൾ തരുമായിരിക്കും. അത് നിങ്ങൾക്ക് വലിയ നഗരത്തിന്റെ വേഗതയും തന്നേക്കാം. പക്ഷേ ഹഡേഴ്സ്ഫീൽഡ് നിങ്ങൾക്ക് മറ്റൊന്നാണ് തരുന്നത്- സമയം. അൽപ്പം പതുക്കെ ജീവിക്കാനുള്ള സമയം. പാർക്കിലൂടെ നടക്കാനുള്ള സമയം. അയൽക്കാരനോട് സംസാരിക്കാനുള്ള സമയം. ജീവിതത്തെ ആസ്വദിക്കാനുള്ള സമയം. ഒരു യോർക്ക്ഷെയർകാരൻ വഴിയിൽ വെച്ച്, “Are you alright, love?” എന്ന് ചോദിക്കുമ്പോൾ, അത് വെറും ഒരു ചോദ്യം മാത്രമല്ലെന്ന് ചിലപ്പോൾ തോന്നും.

“നീ സുഖമായിരിക്കുകയാണോ?” എന്നതിനപ്പുറം, “നീ ഇവിടെ ഒറ്റയ്ക്കല്ല” എന്നൊരു മനുഷ്യസ്പർശം അതിലുണ്ടാകും.

യോർക്ക്ഷെയറുകാരെ പരുക്കന്മാരെന്ന് പറയാറുണ്ട്. പക്ഷേ ആ പരുക്കൻ പുറംതോടിനുള്ളിൽ വലിയൊരു ഹൃദയമുണ്ടെന്ന് ഇവിടെ കുറച്ചുനാൾ ജീവിച്ചാൽ മനസ്സിലാകും. ഒരു യാത്രികന് ഹഡേഴ്സ്ഫീൽഡ് ഒരുദിവസത്തെ കാഴ്ചയായിരിക്കാം. ഒരു വിദ്യാർഥിക്ക് അത് സ്വപ്നങ്ങളിലേക്കുള്ള ആദ്യപടിയായിരിക്കാം. ഒരു പ്രവാസിക്ക് അത് നാട്ടിൽനിന്ന് അകന്നുനിന്നുകൊണ്ട്, സ്വന്തം ആളുകളെ കണ്ടെത്തുന്ന ഒരു ചെറിയ ലോകമായിരിക്കാം.

പഴയ മില്ലുകളുടെ നിശ്ശബ്ദതയും റെയിൽവേ സ്റ്റേഷന്റെ മഹത്വവും ജോർജ്ജ് ഹോട്ടലിന്റെ ചരിത്രവും കാസിൽ ഹില്ലിന്റെ കാറ്റും മലയാളി വീടുകളിൽനിന്ന് ഉയരുന്ന കപ്പയുടെയും മീൻകറിയുടെയും മണവും- ഇതെല്ലാം ചേർന്നതാണ് ഹഡേഴ്സ്ഫീൽഡ്. ഇത് വലിയ നഗരമല്ല. കുന്നുകൾക്കിടയിൽ ഒരു ചെറിയ പട്ടണം. പക്ഷേ, ഒരിക്കൽ മനസ്സിൽ ഇടം നേടിയാൽ, പിന്നെ അത് വെറും ഒരു വിലാസമല്ല. ഇത് നമ്മുടെ സ്വന്തം ഇടമാണ്- ഹഡേഴ്സ്ഫീൽഡ്.

(യാത്രികയും എഴുത്തുകാരിയും ഡോക്യൂമെന്ററി സംവിധായികയും ആയ ശ്രീദേവി വർമ്മ ഇംഗ്ലണ്ടിൽ പ്രവാസ ജീവിതത്തിലാണ്.)