
നാലാം ദിവസം
സുപ്രഭാതം പൊട്ടിവിടർന്നു. എന്നാൽ, അത്ര ‘സു’ ആയിരുന്നില്ല പ്രഭാതം. മഴ പെയ്തുകൊണ്ടേയിരുന്നു. ‘ഈശ്വരാ, കുളമാകുമോ.’ ഇല്ല, കുളമായില്ല. ഞങ്ങൾ പുറപ്പെടുമ്പോഴേക്കും മഴ കുറഞ്ഞു. ആകാശം തെളിഞ്ഞു തുടങ്ങി. ശ്രീനഗറിൽനിന്ന് രണ്ടു മണിക്കൂർ യാത്രയുണ്ട് ഗോണ്ടോള കേബിളിലേക്ക്. വഴിക്ക് വെച്ച് ഗംബൂട്ട് വാങ്ങി. 150 രൂപ കൊടുത്തു വാങ്ങണോ എന്ന് പല പ്രാവശ്യം സംശയിച്ചതാണ്. വാങ്ങിയത് എത്ര നന്നായെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചു. ഹോ, ഓർക്കാൻ വയ്യ..!
ഒരു നീണ്ട ക്യൂവിനെ ചരടുകൾക്കിടയിലൂടെ നൂണുകടന്ന് നീളം കുറച്ചു കൊണ്ടുവന്ന ഞങ്ങൾ മലയാളികൾ എത്ര മിടുക്കന്മാർ എന്നോർത്തതേയുള്ളൂ, ദേ ഒരുത്തനും ഭാര്യയും പിൻവാതിലിലൂടെ നേരെ കേബിൾ കാറിലേക്ക് പോകുന്നു. ‘നിക്കടാ ആട.’ (വേണ്ട വേണ്ട, കണ്ണൂരല്ല കാശ്മീരാണ്) ലോകത്തിലെ അസമത്വങ്ങളെപ്പറ്റി ആകുലപ്പെട്ട് ഒടുവിൽ നമ്മളും കേബിൾ കാറിൽ കേറിപ്പറ്റുന്നു.
മൻകാമ്ന ദേവി ക്ഷേത്രത്തിലും റൊട്ടറോവയിലും പോകുമ്പോൾ കേബിൾ കാറിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഇതിലും സുന്ദരമായിരുന്നു ആ യാത്രകളെങ്കിലും ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള കേബിൾ കാർ യാത്ര വേറിട്ട അനുഭവം തന്നെയായിരുന്നു. മഞ്ഞും കുളിരും കുഞ്ഞിക്കിളിയും മാറിമാറി തത്തിക്കളിച്ച അന്തരീക്ഷത്തിൽ ഒരു വന്യാനുഭൂതി നൽകുന്ന യാത്ര..! താഴെ അവിടവിടെ ചെറിയ പുല്ലുമേഞ്ഞ മൺവീടുകൾ കാണുന്നുണ്ട്. അവരെപ്പറ്റി ഞങ്ങൾ ആശങ്കപ്പെട്ടു, എങ്ങനെ ഈ ഒറ്റമുറി വീട്ടിൽ...? ഒരാൾക്ക് മൂന്നെങ്കിലും മുറി വീതമുള്ള ഞങ്ങൾക്ക് ആശങ്ക തോന്നുന്നത് സ്വാഭാവികം. മുകളിൽ ചെന്നിറങ്ങുന്നു. ചുറ്റും മഞ്ഞു മൂടിയിട്ടുണ്ട്. ആലിപ്പഴങ്ങൾ പൊഴിച്ചുകൊണ്ട് മഴ പെയ്യുന്നു. ഞങ്ങൾക്ക് കുളിർ കോരുന്നു!
ഒരു മണിവരെ അവിടെ സമയം അനുവദിച്ചിട്ടുണ്ട്. ചുറ്റും കണ്ടുകൊണ്ട് ഞങ്ങൾ അലഞ്ഞു നടന്നു. മഴ മാറുമ്പോൾ, മഞ്ഞൊഴുകി വരുന്ന മലഞ്ചെരുവിലെ വഴികൾ വെള്ളിനാട പോലെ തെളിഞ്ഞുവരുന്നു വളരെ മനോഹരമാണ് ചുറ്റുമുള്ള പ്രകൃതി. ഒന്ന് ആടിപ്പാടാൻ ആർക്കും തോന്നും. ഇടയ്ക്ക് റീൽസ് എടുത്തുകൊടുക്കുന്ന കശ്മീരി പയ്യന്മാർ പിറകെ നടക്കുന്നു. പ്രീതയുടെ സുന്ദരമായ റീൽസ് കണ്ടപ്പോഴാണ് എടുത്താലോ എന്ന് തോന്നിയത്. ദുപ്പട്ടയൊക്കെ ചുറ്റി കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് ഡോക്ടർ പറഞ്ഞ്ഞ പോലെ ഞാൻ ജയനായി. പിന്നെ ഒരു പ്രണയിനിയായി. ഓഹോ.. ഓഹോ... ഹോ.. ഹോ.. ലാ.. ലാ.. ലാ.. ലാ.. തുമ്സേ മിൽകർ യെ ജാനാ ഹേ... ഒപ്പം ധർമേന്ദ്രയോ അമിതാഭോ വേണമായിരുന്നു ഉണ്ണികൃഷ്ണൻ+ലീന, സുരേന്ദ്രൻ +മോളി.. അങ്ങനെ പലരും ആടിപ്പാടി റീൽസ് എടുക്കുന്നുണ്ട്. എന്തായാലും ആസ്വാദനത്തിന്റെ വേറിട്ട നിമിഷങ്ങൾ സമ്മാനിച്ചു ഈ റീൽസ് പരിപാടി.
ഇടയ്ക്ക് അനൗൺസ്മെന്റ് മുഴങ്ങുന്നുണ്ട്. ഞങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന മട്ടിൽ മൈൻഡ് ചെയ്യാതെ ഞങ്ങൾ നടന്നു. തിരിച്ചുപോകാറായിരിക്കുന്നു. സുബീഷ് വിളിക്കുന്നുണ്ട്. അപ്പോഴാണ് മഴക്കൊപ്പം ‘ഇടി’ വെട്ടിയത്. കേബിൾ കാർ യന്ത്രത്തകരാർ കാരണം നിന്നിരിക്കുന്നു. ഇതായിരുന്നു മുൻപ് കേട്ട അനൗൺസ്‌മെന്റ്! വെയിറ്റ് ചെയ്യൂ, ഞാൻ അവരെ ഒന്ന് വിളിക്കട്ടെ എന്ന് സുബീഷ് പറഞ്ഞു. അന്നേരമാണ് ഒരുത്തൻ വന്നു ഞങ്ങളെയൊക്കെ ആട്ടിയോടിച്ചത്. ഒരുതരം ആക്രോശം. (എന്നെങ്കിലും നിന്നെ എന്റെ കയ്യിൽ കിട്ടും. മുള്ളിക്കില്ല ഞാൻ മൂന്ന് ദിവസം ഛെ.. അതു വേണ്ട. നിന്നെ പന്നി പിടിക്കട്ടെ) കേബിൾ കാറ് ഇന്നുണ്ടാവില്ല. എല്ലാവരും മലയിറങ്ങിക്കോ. വേഗം.. വേഗം. മഴയും മഞ്ഞും വരുന്നുണ്ട്.
ചിലപ്പോൾ പിന്നീട് കാലാവസ്ഥ കൂടുതൽ ദുഷ്‌കരമായേക്കാം എന്നതിനാലാകാം അയാൾ ഞങ്ങളെ വേഗം ആട്ടിയോടിക്കാൻ ശ്രമിച്ചതെന്നു വഴിയിൽവെച്ചു തോന്നി. ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് സുബീഷ് അറിയിച്ചു. പറ്റൂല്ല, നമുക്ക് പതുക്കെ ഇറങ്ങാം, ഞാൻ പിടിച്ചോളാം എന്നൊക്കെ സുബീഷ് എന്നോട് പറഞ്ഞു. കാല് ശരിയല്ലാത്ത ഞാൻ, മോളി, സുധർമ്മ... ദൈവമേ, വന്നു പെട്ടുപോയല്ലോ. അങ്ങനെ ഞങ്ങൾ കേബിൾ കാറിൽ താണ്ടിയ ഉയരവും ദൂരവും മുഴുവൻ ഇറങ്ങാനും നടക്കാനും തുടങ്ങി. പല സ്ഥലത്തും കുത്തനെയുള്ള ഇറക്കം. മഴ നനഞ്ഞ കാട്ടുവഴികൾ. കുതിരകൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. കുതിര ചാണകം വീണു ചളിപിളിയായ വഴിത്താരകൾ. ഉരുളൻ കല്ലുകൾ. ഇടയ്ക്ക് മഴ, ഇടി, മിന്നൽ. ശ്രദ്ധ ഒന്ന് തെറ്റിയാൽ വഴുതിവീഴും. ഓ.. എന്റെ ഗം ബൂട്ടേ, നിന്നെ താൽക്കാലികമായി സ്വന്തമാക്കാൻ തോന്നിയ ആ നിമിഷമുണ്ടല്ലോ. ഊം..!
തുടക്കത്തിൽ എല്ലാവരും ഒരുവഴിക്ക് തന്നെയായിരുന്നു. പിന്നീട് ‘മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിൻപേ’ ഗമിക്കുന്ന ഗോക്കളായി പലരും പല വഴിക്കായി. എന്തായാലും താഴേക്കാണല്ലോ. കത്തുന്ന വിശപ്പ്. ഉരുണ്ടു പിരണ്ട് വീണ് വടിയായി പോകുമോ എന്ന ചിന്ത. സുബീഷിന്റെ കൈപിടിച്ച് പതിയെ പതിയെ മുന്നോട്ട്. ഓരോ പോയിന്റ് എത്തുമ്പോഴും സുബീഷ് പറയും, ദേ ആ കാണുന്നതാണ് നമ്മൾ കയറിയ സ്ഥലം, എത്തിപ്പോയി. അങ്ങനെ പറഞ്ഞത് തന്നെ രണ്ടു മണിക്കൂർ കാണും. ഇടയ്ക്ക് ഒരല്പം നിരപ്പായ പ്രതലത്തിൽ എത്തിയപ്പോൾ ഒരു ചായ കിട്ടി. നേരിയൊരാശ്വാസം. പിന്നെയും ചളിവഴിയിലൂടെ മുന്നോട്ട്. മുകളിൽ നോക്കുമ്പോൾ കേബിൾ കാറിൽ കുടുങ്ങിയവർ. അപ്പോഴാണ് ഒരല്പം സമാധാനം തോന്നിയത്. എന്തായാലും മണ്ണിൽ ചവിട്ടി നിൽക്കുന്നുണ്ടല്ലോ, ത്രിശങ്കു സ്വർഗ്ഗത്തിൽ അല്ലല്ലോ.
കുറേക്കൂടി നടന്നപ്പോൾ കുറച്ച് നിരപ്പായ ഒരു പുൽമേട്ടിലെത്തി. ഇല്ലപ്പാ, ഇനി അത്രയേ ഉള്ളൂ എന്ന സുബീഷിന്റെ വാക്കുകളുടെ ബലത്തിൽ ഞാനും നിഷയും മുബീനയും ഡോക്ടറും ഒരു മിനിറ്റ് അവിടെ വിശ്രമിച്ചു. നിഷ ചരിഞ്ഞ പ്രതലത്തിലൂടെ ഓടിയിറങ്ങുന്നു, തിരിച്ച് ഓടിക്കയറുന്നു. ആഹാ... ഞാനും ചെറുതായി ഓടിയിറങ്ങി. കൊള്ളാം. പിന്നിട്ട ദുർഘടങ്ങൾ മറന്നപോലെ ഞങ്ങൾ ഒരു റീലിനായി വെറുതെ ചുവട് വച്ചു. ‘പൂങ്കാറ്റേ പോയി ചൊല്ലാമോ, നീലക്കണ്ണുള്ള എൻ കാമുകനോട് എന്റെ ഉള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ.’ പാടാൻ പറ്റിയ പാട്ട്! എന്റമ്മോ നമ്മളെ സമ്മതിക്കണം. ഡോക്ടർ ചോദിച്ചു, നിങ്ങളുടെ കാലു വേദന പോയോ? ഇതൊരു പ്രത്യേകതരം കാലാണ് ഡോക്ടറെ.
എത്താറായി എന്ന പ്രതീക്ഷയിൽ വീണ്ടും നടന്നു. എവിടെ? വഴി മുൻപത്തെക്കാളും പ്രയാസമുള്ളതായി. അപ്പോഴേക്കും പട്ടാളക്കാർ രംഗത്തിറങ്ങിയിരുന്നു. പ്രശ്നം ഗുരുതരമാണെന്ന് അവരുടെ ഇടപെടൽ മനസ്സിലാക്കി തന്നു. അവർ കാല് ചെരിച്ച് വെച്ച്, ‘ചവിട്ടി ഇറങ്ങിക്കോ. ആരാംസേ.. ഗബ് രാവോ മത്ത്.’ എന്ന് പറഞ്ഞപ്പോൾ പട്ടാളക്കാരെ നമിച്ചുപോയി. എത്ര കഷ്ടപ്പാട് സഹിച്ചാണ് അവർ രാജ്യം കാക്കുന്നത്. പട്ടാളക്കാരൻ നീട്ടിയ കൈയിന്റെ ഉറപ്പിൽ സുബീഷ് എന്റെ കൈവിട്ടു. ദേ ഞാൻ ഊരിക്കുത്തി വീഴുന്നു! ഇടത് കാലും കയ്യും എവിടെയോ ഇടിച്ചു. എന്റെ രണ്ട് കാലും കയ്യും പോയേ എന്ന് ഞാൻ മനസ്സിൽ വിലപിച്ചു.
പിന്നെയും കല്ലിലും ചളിയിലും നടത്തം. ഇറക്കം കൂടുതൽ പ്രയാസകരമായി. കുതിരക്കാർക്ക് ഒരു ശ്രദ്ധയുമില്ല. ‘മാഡം, ഗോഡ...’ ഒന്നു പോടാ. അതിന്റെ മുകളിൽ കയറിയിട്ടുണ്ടെങ്കിൽ ഞാൻ തിരിച്ചെത്തിലുണ്ടാവില്ല. പിന്നെയും കുതിരക്കാരൻ ‘ഗോഡ ഗോഡ’ എന്നും ഞാൻ ‘പോടാ പോടാ’ എന്നും പറഞ്ഞ് പറഞ്ഞ് ഒടുക്കം താഴെ വണ്ടി കാണുന്ന സ്ഥലംവരെ എത്തി. ഇനിയും ഒരടി വയ്യ. അവിടെനിന്നു ഞങ്ങൾ ഒരു വണ്ടി പിടിച്ചു താഴേക്ക് പോയി, ഞങ്ങളുടെ വണ്ടിയിലേക്ക്. ഒരു ദുരിതപർവ്വം അവസാനിക്കുന്നു. ഒരുവിധം എല്ലാവരും വഴിയിൽ വീണവരാണ്. അതിലും ഫസ്റ്റ് മനോരമ ടീച്ചർക്ക് തന്നെ. നമ്മുടെ ബാലുവും അണ്ണനും നേരത്തെ എത്തി ഫസ്റ്റ് അടിച്ചു. എല്ലാവരും എത്തിയപ്പോൾ ഞങ്ങൾ അവിടെനിന്നു വിട്ടു. ബൈ ബൈ ഗോണ്ടോള, ബൈ ബൈ ഗുൽമാർഗ്, വ്യത്യസ്തമായ ഒരു യാത്രാനുഭവം സമ്മാനിച്ചതിന്, സുരക്ഷിതരായി തിരികെ എത്തിച്ചതിന്.
ഭക്ഷണം കഴിക്കാൻ നിർത്തിയത് വഴിക്കുള്ള ഒരു ഹോട്ടലിലാണ്. അങ്ങോട്ട് കടക്കുമ്പോൾ തണുപ്പുകൊണ്ട് ഞങ്ങൾ കിടുകിടെ വിറച്ചു. ഒരു സൂപ്പ് കഴിച്ചപ്പോൾ ഇത്തിരി സമാധാനമായി. ചോറ് കിട്ടിയില്ലെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പിണങ്ങിപ്പോയി. സുബീഷ് അകത്തുപോയി ചോറ് സംഘടിപ്പിച്ചു വന്നപ്പോൾ, എനിക്കിനി ചോറ് വേണ്ടാ എന്ന് ഉണ്ണികൃഷ്ണൻ. അതെന്താ നിനക്ക് ചോറ് വേണ്ടാത്തെ എന്ന് സുബീഷ് ഇന്നസെന്റ് ആയില്ല. ഭാഗ്യം. ഇപ്പോൾ ഓർക്കുമ്പോൾ ഒരു രസം. അങ്ങനെ അഞ്ചുമണിക്ക് തിരിച്ചെത്തേണ്ട ഞങ്ങൾ പതിനൊന്നരയോടെ ഹോട്ടലിൽ എത്തുകയും ചെളിപുരണ്ട് ഹലാക്കായ കുപ്പായങ്ങളെയും മറ്റും ഊരിയെറിഞ്ഞ് കുളിച്ചു കട്ടിലിലേക്ക് ചെരിയുകയും ചെയ്തു. അടുത്ത രാവിലെ എട്ടുമണിക്ക് പുറപ്പെടണമെന്ന് സുബീഷ് മെസ്സേജ് അയച്ചു. ‘ആ മോനെ, നാളെ എണീക്കെട്ട്, എന്നിട്ട് നോക്കാട്ടാ, ഒന്ന് പോയെ... ഹാ മുട്ട് വേദനിക്കുന്നു.’
അഞ്ചാം ദിവസം
ഉറങ്ങിയിട്ട് മതിയാകാത്ത ഒരു ഉണർച്ചയിലേക്കാണ് രാവിലെ എഴുന്നേറ്റത്. കോൾഡ് നന്നായി പിടിമുറുക്കിയിട്ടുണ്ട്. കാല് വേദനയുണ്ട്. എന്നാലും പേടിച്ചത്ര കുഴപ്പമില്ല. സമയം ഏഴര കഴിഞ്ഞിരിക്കുന്നു. വേഗം ഒരുങ്ങി താഴെ എത്തുമ്പോൾ ഗ്രൂപ്പിലെ മിക്കവരും ആഹാരമൊക്കെ കഴിച്ചു ഹാപ്പി ആയിരിക്കുന്നു. ഇന്നലത്തെ യാത്ര ഏവർക്കും ആവേശകരമായ ഒരു ഓർമ്മയായി മാറിയിരിക്കുന്നു. മനുഷ്യൻ അങ്ങനെയാണ്. പ്രതിസന്ധികളിലാണ് യഥാർത്ഥ ഊർജ്ജം പുറത്തുവരുന്നത്. സോൻമാർഗിലെ സീറോ പോയിന്റിലാണ് ഇന്ന് പോകുന്നത്. പോകുന്ന വഴി ശ്രീനഗറിലെ പ്രശസ്തമായ ഹസ്രത് ബാൽ പള്ളിയിലിറങ്ങി. പ്രവാചകന്റെ തിരുമുടി ഇവിടെ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഉള്ളിൽ എല്ലായിടത്തും സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ പുറത്തുനിന്നുമാത്രം കണ്ടാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. അമ്പലത്തിലായാലും പള്ളിയിലായാലും നമ്മളെ വേണ്ടാത്തിടം നമുക്കും വേണ്ട, അത്രേള്ളൂ. പള്ളിമുറ്റത്ത് കൂട്ടംകൂട്ടമായി പ്രാവുകൾ പറന്നെത്തുന്നു. വരുന്നവരിൽ പലരും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ധാന്യങ്ങൾ എറിയുമ്പോൾ അവ ഒന്നിച്ച് പറന്നിറങ്ങുന്ന കാഴ്ച ചേതോഹരമാണ്. പറവകളെ, നിങ്ങളിൽ പെണ്ണുങ്ങളുണ്ടോ!
സോൻമാർഗിലെത്താൻ ദൂരമേറെയുണ്ട്. ഞങ്ങൾ പതിവുപോലെ വണ്ടിയിൽ കലാപരിപാടികളിൽ ഏർപ്പെട്ടു. ഇന്നു നമ്മുടെ പിഎസ്‌സി ഓഫീസർ ‘തമ്പോല’യും കൊണ്ടാണ് വരവ്. അദ്ദേഹം ഞങ്ങളിൽനിന്നു 20 രൂപ വീതം പിരിച്ച് മത്സരത്തിൽ ജയിക്കുന്നവർക്കായി ഒരു ഒന്നാം സമ്മാനവും ഒരു ബമ്പർ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. തമ്പോല മുറുകിത്തുടങ്ങി. അഞ്ചു നമ്പർ നിരക്കനെ വന്നാൽ ഒന്നാം സമ്മാനം. നാല് നമ്പർ ശരിയായി. ഏതാണ് ഏതാണ് അടുത്ത നമ്പർ.… ആകാംക്ഷ കയറുപൊട്ടിക്കുന്നു. അടുത്ത നമ്പർ വിളിക്കുന്നു, അപ്പോൾ രണ്ടു ഭാഗത്തുനിന്നായി ആരവങ്ങൾ മുഴങ്ങുന്നു, ‘ജയിച്ചേ ജയിച്ചേ...’ ആഫീസർ പരിശോധിച്ച് ഫലം പ്രഖ്യാപിക്കുന്നു. നമ്മുടെ മനോരമയും സുബീഷും ഒന്നാം സമ്മാനത്തിന് അർഹരായിട്ടുണ്ട്. പോട്ടെ മത്സരം തീർന്നിട്ടില്ലല്ലോ, മുഴുവൻ പൂർത്തിയാക്കുന്നവർക്ക് ബമ്പർ ഉണ്ടല്ലോ, ആവേശത്തോടെ നമ്മൾ കളി തുടരുന്നു. ഒടുവിൽ വീണ്ടും മനോരമ മറ്റുള്ളവരെ മലർത്തിയടിക്കുന്നു. ടീച്ചർ ആവേശാനന്ദപുളകിതയായി. ആദ്യമായാണ് ഇങ്ങനെയൊരു സമ്മാനം ലഭിക്കുന്നതെന്നും അതിന്റെയൊരു ത്രിൽ ഉണ്ടെന്നും പറഞ്ഞപ്പോൾ സ്വതവേ തിളക്കമുള്ള അവരുടെ മുഖം ഒന്നുകൂടെ തിളങ്ങി. (ഞാൻ പൊക്കിയടിക്കുന്നുണ്ട്. വല്ലതും തരണേ).
ഒരു മൈതാനപ്രസംഗം നടത്തി ഞാനും ഡോക്ടറും സമ്മാനം വിതരണം ചെയ്തു. എല്ലാവരും ഹാപ്പി. അടുത്തത് ക്വിസ് മത്സരമായിരുന്നു. ക്വിസ് മാസ്റ്റർ പി.എസ്.സി ഓഫീസർ തന്നെ. നിങ്ങൾ പറയുന്ന ഉത്തരം... ഞങ്ങൾ ആവേശഭരിതരാകും. ഉത്തരം ‘മാരിതെറ്റ്’. എന്താണ് ‘മാരിതെറ്റ്’ എന്ന് എനിക്ക് മനസ്സിലായില്ല. കണ്ണൂരിൽ മാടായിലും പരിസരത്തും ഒക്കെ കർക്കിടക മാസത്തിൽ മാരി തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. മാരികളൊക്കെ ഒഴിവാക്കി ഐശ്വര്യവും സമൃദ്ധിയും ഒക്കെ കൊണ്ടു വരിക എന്നതാണ് ഈ തെയ്യങ്ങൾ കെട്ടിയാടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഞങ്ങൾ മാരികളാണ് എന്നാണോ കവി ഉദ്ദേശിച്ചത്? വേണ്ടാട്ടോ. മറ്റേ വണ്ടിയിൽ ഇത്തരം മനോഹര ആചാരങ്ങൾ എന്തെങ്കിലും ഉണ്ടോ ആവോ? സർ, ഇത്തരം ആചാരങ്ങളുമായി വരില്ലേ ഈ വഴി ഇനിയും?
ഉച്ചഭക്ഷണം വഴിക്കൊരു ഹോട്ടലിൽനിന്ന് കഴിച്ചു. അവിടെനിന്നു വേറെ വണ്ടിയിലാണ് സോൻമാർഗ്ഗിലേക്ക് പോകേണ്ടത്. പിറ്റേദിവസം ഈദ് ആയതിനാൽ വണ്ടികൾ കുറവാണ്. ചെറിയ പെരുന്നാളിനെക്കാളും അവിടത്തെ മുസ്ലീങ്ങൾ ബക്രീദ് ആണ് കേമമായി ആഘോഷിക്കുന്നത്. വണ്ടി കിട്ടാതാവുമോ? ഒരു സ്വർണസ്വപ്നമായി സോൻമാർഗ് അവശേഷിക്കുമോ? ആശങ്കകൾക്ക് ഇടയിൽ വണ്ടി വന്നു. ആശ്വാസം. ഞങ്ങളുടെ വണ്ടിയിൽ ഞാൻ, ഡോക്ടർ, നിഷ, മുബീന, സുബീഷ്. ഞങ്ങൾ സോൻമാർഗിലേക്ക് യാത്ര തിരിച്ചു. സ്വപ്നതുല്യമായ ഒരു യാത്രയായിരുന്നു അത്. ഒരു പുൽമേടിന്റെ അരികിലൂടെ റോഡ്, റോഡിന്റെ മറ്റേ ഭാഗം താഴ്വാരമാണ്. ഇടയിലൂടെ സിന്ധ് നദി (സിന്ധു അല്ല) ഒഴുകുന്നു. അതിന്റെ വശത്തായി മലകൾ, മഞ്ഞുമലകൾ, ഇടയിൽ മഞ്ഞുരുകിയിറങ്ങിയ വഴിത്താരകൾ, ആകാശത്തിന്റെ അനന്തനീലിമ, മേഘങ്ങളുടെ തൂവെണ്മ, അവയ്ക്കിടയിലൂടെ ഭാരമില്ലാതെ ഒഴുകുന്ന നമ്മൾ!
കാലിന്റെ സൗകര്യാർത്ഥം ഞാൻ കാറിന്റെ ഫ്രണ്ട്സീറ്റിൽ ആണ് ഇരുന്നത്. വീഡിയോ എടുക്കാനും എളുപ്പമാണ്. റോഡിൽ പലസ്ഥലത്തും പണി നടക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ടനിര. എവിടെയോ കുടുങ്ങിയിട്ടുണ്ട്. വണ്ടി നിർത്തിയും നീങ്ങിയും മുന്നോട്ട്. ഇങ്ങനെ പോയാൽ എപ്പോഴാണ് സീറോ പോയിന്റിൽ എത്തുക? ഞങ്ങൾ ഉൽക്കണ്ഠാകുലരായി. ചടച്ചുനീണ്ട ഒരു ചെറുപ്പക്കാരൻ, ഇമ്രാൻ, ആയിരുന്നു ഡ്രൈവർ. സരസൻ, സംസാരപ്രിയൻ, നല്ല ആഴമുള്ള ശബ്ദം. കേരളത്തിലാണ് തന്റെ അനുജൻ പഠിക്കുന്നതെന്നും കേരള പീപ്പിൾസ് ഈസ് വെരി നൈസ്, ഓണസ്റ്റ്, ഹൈലി എഡ്യൂക്കേറ്റഡ് ആണെന്നും അനിയൻ പറഞ്ഞുവത്രേ. ലവിങ് കൂടിയാണെന്ന് ഞങ്ങൾ കൂട്ടിച്ചേർത്തു. പിന്നല്ലാ. പക്ഷേ, നിങ്ങളുടെ ഹിന്ദി കുറച്ചു കുറച്ചാണെന്ന് അയാൾ പറഞ്ഞതിനെ ആഗ്നേയവേഗത്തിൽ നമ്മൾ തടുത്തു. നമ്മൾ ഹിന്ദി പറയുന്നത്ര നിങ്ങൾക്ക് മലയാളം പറയാൻ പറ്റുവോ, ലോകത്തിലെ തന്നെ കടുകട്ടിയായ മലയാളം ഭാഷ നമ്മൾ പച്ചവെള്ളം പോലെ പറയുന്നില്ലേ. അയാൾ തലകുലുക്കി. ഒന്നും തിരിഞ്ഞിട്ടുണ്ടാകൂല.
ഒന്നും രണ്ടും പറഞ്ഞ് നമ്മൾ കൂട്ടായി. ‘മാഡം ഞാനൊരു പത്താൻ ആണ്. എനിക്ക് ഹിന്ദിഗാനങ്ങൾ വളരെ ഇഷ്ടമാണ്.’ യാത്രയിൽ ഉടനീളം ഇടക്കിടെ ഇമ്രാൻ ഹിന്ദി പാട്ട് വെക്കുന്നുണ്ടായിരുന്നു. നന്നായി പാടുന്നുമുണ്ട്. ഞങ്ങൾ അയാളുടെ സംസാരം ആസ്വദിച്ച് യാത്ര തുടർന്നു. അയാൾ പോസ്റ്റ് ഗ്രാജുവേറ്റ് ആണെന്നാണ് പറഞ്ഞത്. ‘മാഡം, നോക്കൂ, നിങ്ങൾക്ക് കുറെ പണം ഉണ്ടായി എന്നു വരില്ല. എന്നാൽ നിങ്ങൾ മുഖത്ത് ഒരു പുഞ്ചിരിയുമായി നിൽക്കുകയാണെങ്കിൽ എല്ലാവരും നിങ്ങളെ സ്നേഹിക്കും. ഇത് എപ്പോഴും ഓർക്കണം.’ പിന്നെ അവൻ കുടുംബപശ്ചാത്തലം പറയാൻ തുടങ്ങി. എനിക്ക് 27 വയസ്സ് ആയി. രണ്ട് ഭാര്യമാരും രണ്ടിലുമായി 4 പിള്ളേരും ഉണ്ട്. ഞങ്ങൾക്ക് നാല് വിവാഹംവരെ ആകാം. ചെക്കൻ ആള് കൊള്ളാലോ. ഇതൊക്കെ കേട്ടപ്പോൾ അയാളെ കുറിച്ചുള്ള മതിപ്പ് കുറഞ്ഞു. നിങ്ങളുടെ ഭാര്യമാർക്ക് ഇത് സന്തോഷമാണോ, അവർക്കും വേണമെങ്കിൽ നാല് വിവാഹം ചെയ്തു കൂടെ എന്ന് കുറച്ച് അനിഷ്ടത്തോടെ നമ്മൾ ചോദിച്ചു. ഏയ്, അവർ സന്തോഷവതികളാണ്. അവർക്ക് മെഹർ നൽകിയിട്ടാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്. പിന്നീട് അയാളുടെ സംസാരത്തിൻ്റെ ദിശ മാറിത്തുടങ്ങി. ഒരു സൈക്കിക്കിനെ പോലെ പലതും പറയാൻ തുടങ്ങി.
ഞങ്ങൾക്ക് കുറേശെ പേടിയാകാൻ തുടങ്ങി. ഇയാൾ ചിലപ്പോൾ ആതങ്കവാദി ആയിരിക്കുമോ? ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ സ്റ്റിയറിങ് ഇയാളുടെ കയ്യിലാണ്. ഞങ്ങളുടെ പേര് ചോദിച്ചപ്പോൾ എല്ലാവരും പേരുകൾക്കൊരു മുസ്ലിം ടച്ച് നൽകിയാണ് പറഞ്ഞത്. ഓർക്കുമ്പോൾ ചിരി വരുന്നു. അന്ന് പേരുകൾ പറയുമ്പോഴും ഞങ്ങൾക്ക് ചിരി വന്നിരുന്നു.. ഇടയ്ക്ക് ‘മേഡം, നിങ്ങൾക്ക് സ്വർഗ്ഗത്തിൽ വേഗം പോകണോ’ എന്ന് ചോദിച്ചു വണ്ടി റോഡിന്റെ സൈഡിലേക്ക് പായിച്ചു. ‘ഭായ്, തമാശ മത് കരോ’ എന്ന് പറഞ്ഞിട്ടും അയാൾ ഇടയ്ക്ക് വണ്ടി സൈഡിലോട്ട് എടുക്കും. വണ്ടി ഒന്ന് പാളിയാൽ തീർന്നു ഇഹലോകത്തിലെ ടൂർ. അതിനിടയിൽ അവൻ എന്തോ ചോദിച്ചപ്പോൾ മുബീന ടീച്ചർ അവരുടെ ഏതോ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. ‘ഞങ്ങളും നല്ല, അഞ്ച് നേരം നിസ്കരിക്കുന്ന, മാപ്പിളമാര് തന്നെടേ’ എന്ന് അവൻ വിചാരിച്ചോട്ടെ എന്ന് കരുതിയാവാം ടീച്ചർ ചൊല്ലുന്നത്. കുട്ടി ചൊല്ലിക്കൊള്ളൂ, എന്നാൽ കുറെ കഴിഞ്ഞിട്ടും ചൊല്ലൽ നീണ്ടു നീണ്ടു പോവുകയാണ്. ഈ ടീച്ചർക്ക് പേടിച്ചു പിരിയിളകിയോ എന്ന് ഞാൻ പേടിച്ചു. ഓഹ് മതിയാക്കി, സമാധാനമായി. (പിന്നീടാണ് സുബീഷ് പറയുന്നത് യാത്രയുടെ വിരസത അകറ്റാൻ ഡ്രൈവർമാർ ഇങ്ങനെ ഓരോന്ന് പറയുന്നത് സാധാരണമാണ്. കൊള്ളാമെടേയ്, നിങ്ങൾ പിറകിൽ ശിലപോൽ ഇരുന്ന് എല്ലാം കേട്ട് രസിച്ചു. ഞങ്ങൾ മുന്നിലിരുന്ന് ഉരുകിതീർന്നു).
ഇങ്ങനെ പല ദുർഘടങ്ങളും തരണം ചെയ്തു ഒടുവിൽ നമ്മൾ സീറോ പോയിന്റിൽ എത്തുന്നു. മഞ്ഞ് ഒരു അനുഭൂതിയാണ്, കുളിരുള്ള സ്വപ്നമാണ്. ആദ്യമായി അത് അനുഭവിക്കുന്നവർക്ക് തീർച്ചയായും പിന്നീടുള്ള കാലം ഓർമ്മച്ചെപ്പിലെ തിളങ്ങുന്ന രത്നമായിരിക്കും അത്. സോൻമാർഗ് എന്ന സ്വർണ താഴ്വര പോലെ. സന്ധ്യ മയങ്ങിയപ്പോഴുള്ള മടക്കയാത്രയിൽ ഞങ്ങളാ തിളക്കം ആവോളം ആസ്വദിച്ചു. പ്രകൃതി വിരിച്ചിട്ട ഒരു ക്യാൻവാസിൽ വെറുതെ തട്ടിമറിച്ച തിളങ്ങുന്ന ചായങ്ങൾ പോലെ വഴിക്കിരുവശവും മലനിരകൾ. പ്രകൃതിയുടെ നിർമ്മിതിയേക്കാൾ മനോഹരമായ ഒന്ന് മനുഷ്യൻ നിർമ്മിച്ചിട്ടില്ല. കളിച്ചും ചിരിച്ചും ഫോട്ടോയെടുത്തും മഞ്ഞിൽ ഞങ്ങൾ കുട്ടികളായി. അധികനേരം ചെലവഴിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങളുടെ കാശ്മീർ യാത്രയിലെ ഏറ്റവും സുന്ദരമായ ഓർമ്മ സോൻമാർഗ്ഗുമായി ബന്ധപ്പെട്ട് ആയിരിക്കും, തീർച്ച.
ശ്രീനഗർ-ലെ ഹൈവേയിലുള്ള Z morh tunnel കൂടെയുള്ള ആറര കിലോമീറ്റർ യാത്രയും ത്രില്ലിംഗ് ആയിരുന്നു. ഇത്രയും ദൂരം ഉള്ള ഒരു ടണലിലൂടെ ആദ്യയാത്രയാണ്. തിരിച്ചുവരുമ്പോൾ ഡ്രൈവർ ഇമ്രാൻ അധികം ഒന്നും സംസാരിച്ചില്ല. ‘അറിയാമോ? നാളെ ഈദ് ആയിട്ടും ഞാൻ ഇന്ന് ഇത്ര കഷ്ടപ്പെടുകയാണ്. ഒരു മാഗി മാത്രമാണിന്ന് കഴിച്ചത്. (മുബീന ടീച്ചർ അണ്ടിപ്പരിപ്പും ഈത്തപ്പഴവുമൊക്ക കൊടുത്തത് അപ്പോഴാണെന്ന് തോന്നുന്നു) നിങ്ങളെ ഇറക്കി വീണ്ടും 35 കിലോമീറ്റർ യാത്ര ചെയ്താലേ എനിക്ക് വീട്ടിൽ എത്താൻ കഴിയൂ’ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു ഞങ്ങളുടെ ഉത്സാഹവും മടക്ക യാത്ര തുടങ്ങിയിരുന്നു. ഞങ്ങളുടെ വണ്ടിയിരിക്കുന്ന സ്ഥലത്ത് ഇറക്കിയപ്പോൾ അയാൾ വെറും ഒരു കാശ്മീരി ഡ്രൈവറായി മാറി. ടിപ്പിന് ആവശ്യപ്പെട്ടു. ഈദല്ലേ, എന്തെങ്കിലും കൊടുക്കണമെന്ന് മുന്നേ ഞങ്ങൾ തീരുമാനിച്ചിരുന്നതിനാൽ അതും കൊടുത്തു ഞങ്ങൾ സലാം പറഞ്ഞു. ഇല്ല, ഇമ്രാൻ, മുന്നേ പറഞ്ഞ പോലെ ഇനി നമ്മൾ കാണില്ല. ചിരിപ്പിച്ചും പേടിപ്പിച്ചും പഠിപ്പിച്ചും ഈ യാത്രയെ സമ്പന്നമാക്കിയ ഒരു ഓർമ്മയായി നിങ്ങളും ഉണ്ടാകും, ഒരു ഡ്രൈവറുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ പോലെ.
നാളെ ഈദാണ്. കടകളൊന്നും തുറക്കില്ല. ഞങ്ങളുടെ പർച്ചേസിങ് വെള്ളത്തിലാകുമോ? (പിറ്റേദിവസം അത് വെള്ളത്തിലായി). വഴിക്ക് ഒരു ഷോപ്പിൽ കയറി കുറച്ചു ഷാളും മറ്റും വാങ്ങി. പത്തരയായി ഗോൾഡൻ ലീഫിലെത്തുമ്പോൾ. പാക്കിങ് ഒക്കെ ചെയ്ത് നാളെ രാവിലെ പത്തുമണിയോടെ പോകാൻ റെഡിയാകണമെന്ന് സുബീഷ് അറിയിച്ചു. ഉറക്കം വരുന്നില്ല. ഞാൻ ജനാലക്കരികിൽ പോയി കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. സുന്ദരമായ രാത്രി പൂത്തുലഞ്ഞു നിൽക്കുന്നു. ഇത് കശ്മീരിലെ അവസാന രാത്രിയാണ്. ഇനി ഒരിക്കലും ഞാൻ ഇവിടേക്ക് വന്നെന്നു വരില്ല, നമ്മൾ കണ്ടെന്നും വരില്ല. ലതാ മങ്കേഷ്കരുടെ ആ വിഷാദാർദ്ര മധുര ഗാനത്തിന്റെ വരികൾ എന്തോ മനസ്സിലേക്കോടിയെത്തി. ‘ലഗ് ജാ ഗലെ സെ ഫിർ യെ ഹസീൻ രാത് ഹോ ന ഹോ,
ശായദ് ഫിർ ഇസ് ജനം മേ മുലാക്കാത് ഹോ ന ഹോ’ (എന്നെ ആലിംഗനം ചെയ്യൂ. ഈ മനോഹരിയായ രാത്രി ഇനി ഉണ്ടായെന്നു വരില്ല. ഒരുപക്ഷേ ഈ ജന്മം ഇനി നമ്മൾ കണ്ടുമുട്ടി എന്നും വരില്ല). അതെ ഈ രാത്രി ഞാൻ കശ്മീരിന്റെ ദത്തു പുത്രിയായി ഉറങ്ങട്ടെ. ഞാൻ എന്നോട് തന്നെ പാടി, ......സോജാ രാജകുമാരി സോജാ......
ആറാം ദിവസം
ഇന്ന് കശ്മീരിലെ അവസാന ദിവസമാണ്. ഒരുങ്ങണം, ഭക്ഷണം കഴിക്കണം, പത്തു മണിയോടെ എല്ലാം കെട്ടിപ്പൊറുക്കി വണ്ടിയിൽ കയറ്റി ദാൽ തടാകക്കരയിലേക്ക് പോകണം. അവിടെനിന്നു നേരെ എയർപോർട്ടിലേക്ക്. ‘ഗോൾഡൻ ലീഫി’ന്റെ മനോഹരമായ ലാൺ, കോട്ട് യാർഡ് ഒന്നും ഇതുവരെ ഉപയോഗിക്കാൻ പറ്റിയില്ല. ഈ ശിക്കാരാ യാത്രയുടെ പ്ലാനിങ് ഒട്ടും ശരിയായില്ല. അതിരാവിലെയോ വൈകിട്ടോ ആയിരുന്നു തടാകത്തിലേക്ക് പോകേണ്ടിയിരുന്നത്. നേരിയ വെളിച്ചം കടന്നുവരുന്ന/അസ്തമിക്കാൻ പോകുന്ന നേരത്ത് കാറ്റിന്റെ കൈകളിൽ ഊഞ്ഞാലാടി ഒരു ശിക്കാര മന്ദമന്ദം നമ്മളെയുംകൊണ്ട് ജലപ്പരപ്പിലൂടെ ഒഴുകുന്നു! കടത്ത് തോണിക്കാരൻ വിഷാദാർദ്ര സ്വരത്തിൽ പാടുന്ന ഗസലിന്റെ ഈണം നമുക്ക് ചുറ്റും ഒരു മാസ്മരിക വലയം തീർക്കുന്നു. ജീവിച്ചു കൊതിതീരാത്ത ആത്മാവുകളുടെ സ്പന്ദനത്താൽ ഹൃദയം തുടിക്കുന്നു! എത്ര ആർദ്രമായ ഒരു ഓർമ്മ ആയിരിക്കും പിന്നീടത്.
ലോബിയിൽ എല്ലാവരും ലഗ്ഗേജ് ഒക്കെയായി റെഡിയായിരിക്കുന്നു. ഇനിയില്ലല്ലോ എന്നതിനാലാവം വർത്തമാനവും ഫോട്ടോയെടുപ്പും തകൃതി. അപ്പോൾ നമ്മുടെ ഗൈഡ് സാക്കിർ, വെളുത്ത പൈജാമയും കുർത്തയും ധരിച്ചു വടിച്ചൊതുക്കിയ താടിയുമായി ഒരു സുന്ദരൻ സൂഫിപോൽ കയറി വന്നു. ഓ, ഇന്ന് ഈദ് അല്ലേ, അതാണീ പ്രത്യേകത. ഈദ് മുബാറക്. ഞങ്ങൾ ഏകദേശം 11 മണിയോടെ തടാകക്കരയിൽ എത്തി. ശിക്കാരകൾ നിരന്ന് കിടപ്പുണ്ട്. കുറച്ച് പ്രായമായ ഒരാൾ ഞങ്ങളെ മാടി വിളിച്ചു. ‘യെ ശിക്കാരാ ബഹുത്ത് അച്ചാ യെ ഓർ കൂബ് സൂരത്ത്....... മുജേ മലയാളം മാലും യെ......’ അയാളുടെ കുബ്സൂരത്തിൽ ഞങ്ങൾ കയറി എന്ന് പറഞ്ഞാൽ മതിയല്ലോ ഞാനും മുബീന ടീച്ചറും പടിയിൽ ഇരുന്നു സുധർമയും മുബീനയും ഡോക്ടരും അഭിമുഖമായി കാലും നീട്ടി ചാരിയിരുന്നു. ശിക്കാര പതുക്കെ നീങ്ങിത്തുടങ്ങി.
ശിക്കാര തുഴഞ്ഞയാൾ രസികനായ ഒരു മധ്യവയസ്കൻ ആയിരുന്നു. (കരവണ്ടി ആയാലും ജലവണ്ടി ആയാലും നമുക്ക് കിട്ടുന്ന ഡ്രൈവർമാര് വെറൈറ്റി ആണല്ലോ). തോണി തുഴഞ്ഞുകൊണ്ട് ടിയാൻ പാട്ട് പാടാനും കഥ പറയാനുമൊക്കെ തുടങ്ങി. കേരളത്തിൽ വരാറുണ്ടെന്നും കോവളത്ത് ഒരു ഹാൻഡി ക്രാഫ്റ്റ് ഷോപ്പ് ഉണ്ടെന്നും പറഞ്ഞു. മാത്രവുമല്ല, കൊച്ചിയിൽ ഒരു ഭാര്യയും ഉണ്ട്, ഫാത്തിമ. ടീച്ചറാണ്. കശ്മീരിലും ഒരു ഭാര്യയുണ്ട്, ആയിഷ. പിള്ളേരും ഉണ്ട്. അപ്പം കാടാറു മാസം, നാടാറുമാസം ആണല്ലേ. അത് നമുക്കൊരു കൂട്ടച്ചിരിക്ക് വകയൊരുക്കി. ‘ഹാ മാഡം, നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് ഏപ്രിൽ കേരളത്തിലും ബാക്കി ആറുമാസം ഇവിടെ കാശ്മീരിലും.’ ഭാഗ്യം ലഭിച്ച മനുഷ്യൻ! നമ്മൾ ചിന്ന ചിന്ന ആസൈ.... പാടിയപ്പോൾ ആശാൻ "ഹസ്ബൻഡ് ബോല് ആസൈ... എന്നു പാടി.
മറ്റ് ശിക്കാരകളിൽ പലരും പാടുന്നുണ്ട്. അത് പറ്റില്ലല്ലോ. ഇവിടത്തെ ആസ്ഥാന ഗായകർ ഞങ്ങളല്ലേ? നമുക്ക് തുടങ്ങാം, ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ......’ ഇടയ്ക്ക് അനുപല്ലവിക്ക് പകരം ഞാൻ ചരണത്തിലേക്ക് പോയപ്പോൾ സുധർമ ഇടപെട്ടു.… ‘ഏയ്.. കണ്ണിനാലെന്റെ കരളിനുള്ളില്..........’ ശരി ആയിക്കോട്ടെ. അപ്പീലില്ല. നമ്മുടെ ഡ്രൈവറും കൂടെ പാടാൻ തുടങ്ങി. വളരെ മധുരമായി അയാൾ പാടുന്നുണ്ട്, ‘ ഗോരീ തേരാ ഗാവ് ബഡാ പ്യാരാ...., ചൽത്തെ ചൽത്തെ.....വാഹ്.!’ ഇയാള് കൊച്ചീപോയിട്ട് ഫാത്തിമയോട് ‘ആജാരെ.. ആജാരെ ഓ ഓ മേരെ ദിൽബര് ആജാ....’ എന്ന് പാടിയിട്ടുണ്ടാവും ആ പാട്ട് കേട്ട് മയങ്ങിപ്പോയ ഫാത്തിമ ഒരു സ്വപ്നാടകയെ പോലെ പിറകെ പോയതായിരിക്കും.
ഇടയ്ക്ക് ചില വാക്കുകളുടെ മലയാളം പറഞ്ഞു. എഗ്ഗ്- മുട്ട, ഷുഗർ-പഞ്ചസാര, ഒനിയൻ- ഉള്ളി. അത്യാവശ്യം തിന്നണ്ട വസ്തുക്കളുടെയൊക്കെ മലയാളം മനസ്സിലാക്കി വച്ചിട്ടുണ്ട്. മോസി-അമ്മായി, കുഞ്ഞമ്മ, ശരി.. ശരി. അപ്പോ ‘ഓള്’ ആരാ? ഞങ്ങള് ചോദിച്ചു. സകല ഡിക്ഷണറിയും തപ്പിയാലും കിട്ടൂല ഏട്ടാ. പട്ടിയും തീപ്പെട്ടിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ മൂന്നു മാസം എടുത്തു എന്ന് അയാൾ പറഞ്ഞു. കണ്ണൂരിൽ വന്നിരുന്നെങ്കിൽ ഒരു പട്ടിയുടെ കടി ഉറപ്പായിട്ടും കിട്ടും. പൊക്കിന് ചുറ്റും ഇഞ്ചക്ഷൻ എടുത്ത് തീപ്പെട്ട പോലെ കിടക്കുമ്പോൾ നിങ്ങൾക്ക് ഒറ്റ ദിവസംകൊണ്ട് തന്നെ പട്ടി ആരെന്നും തീപ്പെട്ടി എന്തെന്നും മനസ്സിലാകുമായിരുന്നു. മൂന്നുമാസം വെറുതെ കളഞ്ഞു . ഞങ്ങൾ ചിരിച്ച് പണ്ടാരടങ്ങി മതിയായി.
വെള്ളത്തിൽ കുറേ കടകൾ ഉണ്ട്. ഡ്രൈവർ ഒരു കടയുടെ മുന്നിലേക്ക് ശിക്കാര അടുപ്പിച്ചു. ഇതാണ് മിന ബസാർ. ഒരു പത്തോ പതിനഞ്ച് മിനിറ്റെടുത്ത് വേണ്ടതൊക്കെ പെട്ടെന്ന് വാങ്ങിച്ചോളൂ (പർച്ചേസിംഗ് വെള്ളത്തിൽ തന്നെ) ഞങ്ങളുടെ പിറകെ തന്നെ അങ്ങേരും വന്നു. വസ്ത്രങ്ങളൊക്കെ വിലപേശി തന്നു. ഇതും ഇവരുടെ സ്ഥിരം പരിപാടിയായിരിക്കും. നടക്കട്ടെ, രണ്ടും നാലും ഭാര്യമാരെയൊക്ക പോറ്റേണ്ടതല്ലേ?
അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി ഞങ്ങൾ ശിക്കാരയിൽ തിരിച്ചുകയറി. ഡ്രൈവർ എത്തിയിട്ടില്ല. നോക്കുമ്പോൾ ശിക്കാര പതുക്കെ പതുക്കെ നീങ്ങുകയാണ്. ‘ഭയ്യാ ഭയ്യാ ഭയ്യാ ജൽദി ആവോ, രക്ഷിക്കണേ’ എന്നു സുധർമ്മ ഉറക്കെയുറക്കെ വിളിച്ചു കൂവി. ആ ശബ്ദപ്രകമ്പനത്താൽ അയാൾ ഓടി വന്നു. ഹാവു, സമാധാനമായി.
ഏകദേശം ഒരു മണിക്കൂർകൊണ്ട് ടെർമിനലിൽ തിരിച്ചെത്തി. തിരികെ ട്രാവലറിൽ മടക്കയാത്ര. വഴിയിൽ ഉടനീളം തോക്കുധാരികളായ പട്ടാളക്കാർ നിൽക്കുന്നുണ്ടായിരുന്നു. ഈദ് അല്ലെ? വല്ല ആക്രമണവും ഉണ്ടായാലോ എന്ന് കരുതിയാവണം. ഒരു യാത്ര അവസാനിക്കുമ്പോൾ തിരിച്ചുപോക്ക് എന്നത് അസ്വസ്ഥതയാണ്. ‘പാഞ്ച് ദിൻ കാ സുൽത്താന’കൾ ആയിരുന്നു ഞങ്ങൾ പെണ്ണുങ്ങൾ. തിരിച്ചു ചെല്ലുമ്പോൾ, ചട്ടിയും കലവും, രാവിലത്തെ ഭക്ഷണത്തിന് അരി കുതിർക്കണോ, അതോ ചപ്പാത്തി മതിയോ എന്ന ചിന്തയും കൂടി ഞങ്ങളെ വരവേൽക്കും. വരവേൽപ്പുകളിൽവച്ച് ഏറ്റവും കൊള്ളാത്തത് എന്നേ പറയാനുള്ളൂ. ഞങ്ങൾ ശ്രീനഗർ എയർപോർട്ടിൽ എത്തിയിരിക്കുന്നു. കശ്മീരിന് വിട. കൂടെയുള്ളവർക്ക് വിടയില്ല.
‘ഈ ലോകഗോളത്തിൽ ഒരു സിരാസന്ധ്യയിൽ, ഇനിയുമൊരിക്കൽ നാം കണ്ടുമുട്ടും’ ശ്രീകുമാരൻ തമ്പിയുടെ ലളിതഗാനത്തിലെ ആദ്യ വരികളാണ്. എന്താണ് സിരാസന്ധ്യ? സന്ധ്യയുടെ സിരകൾ (ഞരമ്പുകൾ) ആണോ അതോ സിരകളുടെ സന്ധ്യയോ? രണ്ടായാലും പകലിന്റെ ഒടുക്കം ആയ സന്ധ്യയുടെ ഏതെങ്കിലും കൈവഴികളിൽ, എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതസായാഹ്നത്തിൽ എവിടെയെങ്കിലുംവെച്ച് ഒന്നുകൂടെ കാണാമെന്നാണോ? അഞ്ചെട്ട് ടീച്ചർമാരില്ലേ ഇവിടെ. മറുപടി തന്നേ തീരൂ. വിടമാട്ടേൻ.
(അവസാനിച്ചു)
Published: 06 Oct 2026, 12:21 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented