ഹിരോഷിമയിലെ ഹോട്ടലിനുമുന്നിൽ നന്നായി മൊരിഞ്ഞ ബീഫ് കുഷിയാക്കി (Kushiage) കഴിച്ചുനിൽക്കുകയായിരുന്നു. അസ്ഥിയിൽ പിടിക്കുന്ന ചുളുചുളാ തണുത്ത കാറ്റടിക്കുന്നു. തെല്ലകലെ കളിച്ച് ചിരിച്ചുല്ലസിക്കുന്ന യുവാവും യുവതിയും. സായാഹ്നം ചെലവിടാനെത്തിയതായിരിക്കണം. അവരും വഴിയോരരുചി ആസ്വദിക്കുകയാണ്. അതിലെ ഇളംമുറക്കാരി എന്റെ ചുമലിലേക്ക് കൈചൂണ്ടി. എനിക്കൊന്നും മനസ്സിലായില്ല. അത് അവൾക്ക് മനസ്സിലായി. അവൾ വേഗത്തിൽ അടുത്തുവന്നു. ടീഷർട്ടിനുമീതെ പുള്ളോവർ ആണ് എന്റെ വേഷം. അവൾ എന്റെ പുള്ളോവറിന്റെ സ്ഥാനംതെറ്റിക്കിടന്ന കോളർതലപ്പ് നേരെയാക്കി. ചുമലിൽ ചെറുതായൊന്ന് തട്ടി, പൂപ്പുഞ്ചിരി തന്ന് അവൾ നടന്നുപോയി. ഞാൻ അത്ഭുതലോകത്തായിരുന്നു. അപരനിൽ എത്ര ശ്രദ്ധ! നന്ദി പറയാൻപോലും മറന്നുപോയി.

To advertise here,

തീർത്തും അപരിചിതയായ പെൺകുട്ടി, ഏതോ പരദേശിയുടെ വസ്ത്രത്തിലെ ചെറിയ അപാകത ശ്രദ്ധിക്കുന്നു, ചൂണ്ടിക്കാട്ടുന്നു, ഭാഷ തോറ്റുപോയ നിമിഷം അടുത്തുവന്ന് അത് ഭംഗിയായി ശരിയാക്കിത്തരുന്നു, ദേഹത്തു തൊട്ട് ചിരിക്കുന്നു. മനുഷ്യന് സന്തോഷിക്കാൻ വലിയ കാര്യങ്ങൾ വേണമെന്ന് ആരുപറഞ്ഞു? ജപ്പാൻ മനുഷ്യപ്പറ്റുള്ളവരുടെ, സ്‌നേഹമുള്ളവരുടെ രാജ്യമായി ഞാൻ ഹൃദയത്തിൽ കുറിച്ചിട്ടു.

സ്ഥലം ഹിരോഷിമ തന്നെ. അല്പം ഷോപ്പിംഗ് നടത്തണമെന്നുണ്ട്; ഒപ്പം തണുപ്പിനെ കുടഞ്ഞുകളഞ്ഞ് ചോര ചൂടാക്കിനിർത്താൻ രണ്ടുകുപ്പി സാക്കെയും വാങ്ങണം. അരിയിൽനിന്നു വാറ്റിയെടുക്കുന്ന വീര്യംകുറഞ്ഞ ജാപ്പനീസ് മദ്യമാണ് സാക്കെ. രാത്രിയാണ്, ഒരേപോലിരിക്കുന്ന നിരവധി തെരുവുകൾ. അവയെ കൃത്യമായി പകുത്തുമാറ്റുന്ന വെടിപ്പായ വഴികൾ. ഇരുളിനെ തീർത്തും തുടച്ചുമാറ്റി തെളിഞ്ഞുകത്തുന്ന വഴിയോരവിളക്കുകൾ. തിരിച്ചുവരുമ്പോൾ വഴിതെറ്റാതിരിക്കാൻ ചില കെട്ടിടങ്ങളും പരസ്യപ്പലകകളും മനസ്സിൽ കുറിച്ചുവെച്ചു.

കുറേ നടന്നിട്ടും ഉദ്ദേശിച്ച വലിയ കടകളൊന്നും കണ്ടില്ല. ഇടയ്ക്ക് ജംഗ്ഷനിൽ സൈക്കിളുമായി സിഗ്‌നൽ കാത്തുനിൽക്കുന്ന ഒരാളെ കണ്ടു; കറുത്ത കോട്ടിട്ട മെലിഞ്ഞ യുവാവ്. ആവശ്യം പല രീതിയിൽ ആംഗ്യത്തിലൂടെ പ്രകടിപ്പിച്ചു. കുപ്പിയുടെ ആംഗ്യം കാണിച്ചു. അയാൾ നിന്നു ചിരിച്ചു. വാഹനങ്ങൾ പലതും കടന്നുപോയിട്ടും അയാളുടെ ചിരി മായുന്നില്ല. ഒടുവിൽ മിന്നൽപോലെ അയാൾക്ക് കാര്യം മനസ്സിലായി. നീണ്ട തെരുവിലൂടെ എന്നെയും കൂട്ടി സൈക്കിൾ തള്ളി ഒപ്പം നടന്നു. സംസാരമൊന്നുമില്ല, വിടർന്ന ചിരി മാത്രം. സംസാരിക്കാൻ ഭാഷ വേണമെന്ന് ആരു പറഞ്ഞു?

'യുവേഴ്‌സ് ലിവി' എന്ന വലിയ സൂപ്പർമാർക്കറ്റിനുമുന്നിലെത്തി. അയാൾ എന്നെയും കൂട്ടി അകത്തേക്ക് കയറി. പലതരം ഉൽപ്പന്നങ്ങൾ നിരത്തിയ തട്ടുകൾ പിന്നിട്ട് മദ്യക്കുപ്പികൾ ഇരിക്കുന്ന ഇടം അയാൾ കാട്ടിത്തന്നു. സാക്കെയും ജാപ്പനീസ് ബ്രാൻഡായ സന്റൂറിയും (Suntory) ഒപ്പം ധാരാളം വിദേശബ്രാൻഡുകളും നിരന്നിരിക്കുന്നു. കണ്ണീർപരുവമുള്ള തെളിഞ്ഞ മദ്യമുണ്ട്, കണ്ണ് ചുമപ്പിക്കുന്ന വീര്യമുള്ളതുമുണ്ട്. ജപ്പാൻകാർ സമയത്തിന് അതീവപ്രാധാന്യം നൽകുന്നവരാണെന്ന് കേട്ടിട്ടുണ്ട്; എന്നിട്ടും അപരനായി സ്വന്തം സമയം മാറ്റിവെച്ച് സഹായത്തിന്റെ കൈ നീട്ടിയ ആ ചെറുപ്പക്കാരന്റെ പേര് ഞാൻ ചോദിച്ചു-ഇനാമിയ. ഫുഡ് ചെയിൻ കമ്പനിയിലാണ് ജോലി. ഇളംപിങ്ക് നിറമുള്ള മോണ കാട്ടിയുള്ള നിഷ്‌കളങ്കമായ ചിരി സമ്മാനിച്ച്, ഇനാമിയ ഹിരോഷിമയിലെ വെളിച്ചം പന്തലിച്ച വഴിയിലൂടെ സൈക്കിളിൽ മറഞ്ഞു. ഇനി ഇനാമിയയെ ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് കാണുമോ? ആ ചിരി ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ മധുരം നിറയുന്നു. ഒക്ടോബർ അവസാന ആഴ്ചയിലാണ് ജപ്പാനിലെത്തിയത്. ശാന്തമായ ശരത്കാലം . ജപ്പാന്റെ ഭൂപടം കാണുമ്പോൾ കടൽക്കുതിരയെപ്പോലെ തോന്നും. തലയുയർത്തി നിൽക്കുന്ന ഡ്രാഗണോടും സാമ്യമുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളും കുറിയ മനുഷ്യരുമെന്ന മുൻവിധി ജപ്പാനിൽ കാലുകുത്തിയപ്പോൾത്തന്നെ മാറി. ടോക്കിയോ വിട്ട് മറ്റിടങ്ങളിലേക്ക് യാത്രയായപ്പോൾ പച്ചപ്പുനിറഞ്ഞ മലകളും വനപ്രദേശങ്ങളും ധാരാളമായി കണ്ടു. അടുത്തടുത്തായി തുരങ്കങ്ങളുടെ നിരകൾ. വഴിയോരങ്ങളിലെ ഇലകൾ കടുംപച്ചപ്പിൽനിന്ന് ഇളംമഞ്ഞയിലേക്കും കടുംചുവപ്പിലേക്കും വേഷംമാറുന്നു-നിറങ്ങളുടെ വസന്തം! സക്കൂറ, മേപ്പിൾ, പൈൻ, ഓക്ക്, ദേവദാരു തുടങ്ങിയ മരങ്ങൾ ശരത്കാലമുദ്രകളണിഞ്ഞ് ബസ്സിന്റെ ജനലിലൂടെ പിന്നിലേക്ക് ഓടിമറഞ്ഞു.

ബഹുമാനത്തോടെ തലതാഴ്ത്തി അഭിവാദ്യം ചെയ്യുന്ന ദ്വീപുജനതയെ ഇവിടെ കണ്ടു. വിചിത്രരുചിയുള്ള സുഷി രുചിച്ചു. കൂനിക്കൂടിയാണെങ്കിലും പരാശ്രയമില്ലാതെ ട്രോളിബാഗും തള്ളി സീബ്രാക്രോസിംഗ് കടക്കുന്ന വയോധികർ; ഒരു തരി പൊടിപോലുമില്ലാതെ വെട്ടിത്തിളങ്ങുന്ന വാഹനങ്ങൾ; എവിടെയും ശീതളപാനീയങ്ങളും ഭക്ഷണങ്ങളും നിരത്തിയ വെൻഡിംഗ് മെഷീനുകൾ. അതിവേഗമോടുന്ന 'ഷിൻകാൻസെൻ' (Shinkansen) ബുള്ളറ്റ് ട്രെയിനിനകത്തെ ശാന്തമായ നിശ്ശബ്ദത ആസ്വദിച്ചു. പൊതുവിടങ്ങളിൽ ജാപ്പനീസ് ജനത പുലർത്തുന്ന വിസ്മയിപ്പിക്കുന്ന അച്ചടക്കവും ശ്രദ്ധേയമാണ്. നമ്മുടെ നാട്ടിലെ ആറ്റുവഞ്ചിയെ ഓർമിപ്പിക്കുന്ന ചെടികളും വലിയ കാക്കകളും പലയിടത്തും കാണാം. വഴിയരികിലെ മരച്ചുവട്ടിൽ കല്ലിൽ കൊത്തിയ കുഞ്ഞു ധ്യാനബുദ്ധൻ-ചെറുതിന് എന്തുഭംഗി!

ഷിറക്കാവ-ഗോ

ഉച്ചതിരിഞ്ഞാണ് ഓഗിമാച്ചി (Ogimachi) എന്ന മലയോരഗ്രാമത്തിൽ എത്തിയത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഗ്രാമമാണിത്. ഓനോ ജില്ലയിൽ, ഷൊ നദിയുടെ തീരത്ത്. വാസ്തുശിൽപ്പകൗതുകങ്ങൾ പേറുന്ന, 250-ലേറെ വർഷം പഴക്കമുള്ള വീടുകൾ ഇവിടെ സംരക്ഷിച്ചുപോരുന്നു. ഈറ്റയും പുല്ലും കൊണ്ടുണ്ടാക്കിയ ചരിഞ്ഞ മേൽക്കൂരകളുള്ള വീടുകൾ-'ഗാഷോ സുകുരി' (Gassho-zukuri) ശൈലിയിലുള്ള വാഡാ ഹൗസ് (Wada House) ഇതിൽ പ്രധാനമാണ്.

ഗ്രാമത്തിനിടയിൽ ചെറിയ നെൽപ്പാടങ്ങൾ, തണുത്ത വെള്ളമൊഴുകുന്ന ചെറുതോടുകൾ, അതിൽ നീന്തിത്തുടിക്കുന്ന മീനുകൾ... കാറ്റിൽ തലയാട്ടുന്ന മരങ്ങളുടെ ഇലകളിൽത്തന്നെ എത്രയെത്ര പച്ചകൾ! 152 പരമ്പരാഗത വീടുകളുണ്ട് ഇവിടെ. പഴയ ഭവനത്തിൽ കയറിനോക്കി; അതൊരു ഡോക്ടറുടെ വീടായിരുന്നു. പുരാതന ഉപകരണങ്ങളെല്ലാം മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു. വ്യൂപോയിന്റിലെ കുന്നിൻമുകളിൽ കയറിനിന്നപ്പോൾ താഴെ തെളിമയാർന്ന ഗ്രാമഭംഗി കൺമുന്നിൽ വിരിഞ്ഞു. മരങ്ങളുടെ ഔഷധസമ്പുഷ്ടമായ സുഗന്ധം വഹിച്ചെത്തിയ കാറ്റ് മനസ്സിനെയും ശരീരത്തെയും ഉന്മേഷഭരിതമാക്കി.

ടോക്കിയോ സ്‌കൈട്രീ

634 മീറ്റർ ഉയരത്തിൽ ലോകത്തെ കാത്തുനിൽക്കുന്ന ഏറ്റവും ഉയരമുള്ള സ്വതന്ത്ര ബ്രോഡ്കാസ്റ്റിംഗ് ടവർ! ഇതിന്റെ ഒബ്‌സർവേഷൻ ഡെക്കിൽ നിന്നാൽ ടോക്കിയോ നഗരത്തിന്റെ 360 ഡിഗ്രി ദൃശ്യം വിസ്മയമൊരുക്കും. താഴെയുള്ള ബഹുനിലക്കെട്ടിടങ്ങൾ വലിയൊരു സർക്യൂട്ട് ബോർഡിൽ ഉറപ്പിച്ച ചെറിയ കമ്പ്യൂട്ടർ ചിപ്പുകളെപ്പോലെ തോന്നിപ്പിച്ചു. നഗരത്തിലൂടെ വലിയ പാമ്പുപോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നീല സുമിഡാ നദി. ഡെക്കിൽ സുതാര്യമായ ചില്ല് വിരിച്ച തറയുണ്ട്; ഭയത്തോടെ സഞ്ചാരികൾ അതിൽ കയറിനിൽക്കുന്നു. ഞാനും അതിൽ കാലുവെച്ചു-പേടിപ്പിച്ചും ചിരിപ്പിച്ചുമുള്ള കാഴ്ചാനുഭവം!

മൗണ്ട് ഫ്യൂജി

ആഷി തടാകത്തിൽ ബോട്ടിംഗ് നടത്തുമ്പോഴും പാർക്കിൽ നടക്കുമ്പോഴുമെല്ലാം അകലെയായി ഒരാൾ നോക്കിനിൽപ്പുണ്ടായിരുന്നു; ഫ്യൂജി പർവ്വതം. ജപ്പാനിലെത്തുന്ന ആരുംതന്നെ ഫ്യൂജിയെ കാണാതെ മടങ്ങില്ല. ഹക്കുസൻ, തത്തേയാമ എന്നിവയ്‌ക്കൊപ്പം ജപ്പാൻകാർ പവിത്രമായി കരുതുന്ന കൊടുമുടി. ചില യാത്രകളിൽ ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരം അങ്ങോട്ടേക്കുള്ള വഴികളായിരിക്കും; ഇലപൊഴിക്കാൻ നിൽക്കുന്ന പലവർണ മരങ്ങൾക്കിടയിലൂടെയുള്ള ആ യാത്ര അത്തരമൊന്നായിരുന്നു.

ബസ് ഫ്യൂജിയുടെ അഞ്ചാം സ്റ്റേഷൻ വരെ പോകും. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഫ്യൂജിയുടെ പൂർണരൂപം തെളിഞ്ഞുകാണൂ എന്നാണ് പറയുന്നത്. ഞങ്ങൾ എത്തുമ്പോൾ ഫ്യൂജി കോടമഞ്ഞിന്റെ മറവിലായിരുന്നു. അല്പം ക്ഷമയോടെ കാത്തിരുന്നപ്പോൾ മൂടുപടം നീക്കി ഫ്യൂജി മുഖം കാട്ടി. ഒക്ടോബറിലെ ഫ്യൂജിക്ക് മഞ്ഞുതൊപ്പിയില്ലെങ്കിലും അതിന്റെ ചെറിയ അടയാളങ്ങൾ ബാക്കിയുണ്ട്. തലയുയർത്തിനിൽക്കുന്ന ആ ഭാവം ആരെയും വിസ്മയിപ്പിക്കും. അഞ്ചാം സ്റ്റേഷന് പിന്നിൽ നല്ല മരങ്ങളും ഇരിപ്പിടങ്ങളുമുണ്ട്. അവിടെയിരുന്ന് ശാന്തമായി നോക്കിനിന്നു. സ്വന്തം ഇഷ്ടത്തിന് വന്നുപോകുന്ന കോടമഞ്ഞിനും ഒട്ടും ധൃതിയില്ല. ഇടയ്ക്ക് ഫ്യൂജിയെ മറനീക്കിക്കാണിക്കും, തൊട്ടുപിന്നാലെ മൂടിപ്പൊതിഞ്ഞ് അപ്രത്യക്ഷമാക്കും. ഒടുവിൽ കോടയൊഴിഞ്ഞപ്പോൾ ഉയർന്ന കൊടുമുടിയിൽ ധ്യാനത്തിലിരിക്കുന്ന ബുദ്ധനെപ്പോലെ ഫ്യൂജിയുടെ ശാന്തമുഖം തെളിഞ്ഞു.

നബാന നോ സാറ്റോ / നഗോയ

നഗോയയിലെ ദീപവിസ്മയം കണ്ടുനടക്കുകയായിരുന്നു. നീളൻ വെളിച്ചക്കൂടാരങ്ങൾ; വെള്ളിവെളിച്ചം ഓരോ നിമിഷവും പല വർണ്ണങ്ങളായി മാറുന്നു. ഓരോ സീസണിലും ഓരോ തീമിലാണ് ഈ ലൈറ്റ് ഷോ ഒരുക്കുന്നത്. അന്ന് 'പിരമിഡ്' ആയിരുന്നു പ്രമേയം; പ്രകാശത്തിൽ വരച്ചിട്ട ഒട്ടകങ്ങൾ വരിവരിയായി നടന്നുനീങ്ങുന്നു. പെട്ടെന്നാണ് വേഗത്തിൽ കാറ്റടിച്ചതും ദൂരെ ഇടിമുഴങ്ങിയതും; അധികം വൈകാതെ മഴയും പെയ്തു. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഈ ദീപാലങ്കാരം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കായിരിക്കും. ഒക്ടോബർ അവസാനമായതിനാൽ പ്ലം, ചെറി ബ്ലോസം, ട്യൂലിപ് തുടങ്ങിയ പൂക്കളുടെ വസന്തഭംഗി പൂർണ്ണമായി കാണാൻ കഴിഞ്ഞില്ല.

അരാഷിയാമ മുളങ്കാട്

ക്യോട്ടോയിലെ അരാഷിയാമ മുളങ്കാട് വലിയ കൗതുകമൊന്നും തോന്നിപ്പിച്ചില്ല. നൂറടിയിലധികം ഉയരത്തിൽ തിങ്ങിനിൽക്കുന്ന മുളങ്കൂട്ടങ്ങൾക്കിടയിലൂടെ നടക്കാം. സഞ്ചാരികളുടെ തിരക്ക് ആസ്വാദനത്തെ അല്പം മടുപ്പിച്ചു. മടങ്ങുമ്പോൾ കത്സുറഗാവ നദിക്കു കുറുകെയുള്ള നീളൻ തോഗെത്സുകിയോ പാലം (Togetsukyo Bridge) കണ്ടു. നദിയുടെ ഓരങ്ങളിൽ ചുവപ്പും മഞ്ഞയും കലർന്ന മരങ്ങൾ തിങ്ങിയ മലനിരകൾ, തടാകത്തിൽ ബോട്ടുകൾ... പാലത്തിന്റെ കൈവരിയോടുചേർന്ന് ജാപ്പനീസ് പരമ്പരാഗത വേഷമണിഞ്ഞ് സമയം ചെലവിടുന്ന കമിതാക്കൾ.

ഹക്കോനെ / ആഷി തടാകം / ഒവാകുഡാനി

തടാകത്തിലെ ബോട്ട് സവാരിക്കിടെ ഫ്യൂജി പർവ്വതത്തെ വീണ്ടും കണ്ട്, അവിടെനിന്ന് റോപ്വേ വഴി ഒവാകുഡാനിയിലെത്തി. ഹക്കോനെയിലെ പ്രധാന ആകർഷണമാണിത്. നിറംമാറുന്ന കാടുകൾക്ക് മുകളിലൂടെയുള്ള കേബിൾ കാർ യാത്ര. മുകളിലെത്തുമ്പോൾ ഗന്ധകത്തിന്റെ (സൾഫർ) രൂക്ഷഗന്ധം മൂക്കിലടിക്കും; പുകയുന്ന മലയിടുക്കുകൾ. അവിടുത്തെ കടകളിൽ കറുത്ത പുഴുങ്ങിയ മുട്ടകൾ (Kuro-tamago) വിൽക്കുന്നുണ്ട്; ധാതുസമ്പുഷ്ടമായ ചൂടുനീരുറവകളിൽ പുഴുങ്ങിയെടുത്തവയാണിവ. ഒരെണ്ണം കഴിച്ചാൽ ആയുസ്സ് ഏഴുവർഷം കൂടുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം.

ചൂടുനീരുറവ (Onsen)

യാസുനാരി കവാബത്തയുടെ 'ഹിമഭൂമി' (Snow Country) വായിച്ചതുമുതൽ ജപ്പാനിലെ ചൂടുനീരുറവകൾ മനസ്സിലുണ്ട്. അതിലൊരു കുളി സാധ്യമാകുമെന്ന് കരുതിയിരുന്നില്ല; ഫ്യൂജി കണ്ടുമടങ്ങുമ്പോൾ അതിനവസരമൊരുങ്ങി. തതേഷിനയിൽ താമസിച്ച ഹോട്ടലിലായിരുന്നു ആ സൗഭാഗ്യം. 'ഓൻസെൻ' എന്നാണ് ഇത്തരം പ്രകൃതിദത്ത ചൂടുനീരുറവകൾ അറിയപ്പെടുന്നത്.

മുറിയിൽനിന്ന് തന്ന കിമോണയും ചെറിയ തോർത്തുമെടുത്ത് അങ്ങോട്ടു നടന്നു. പൂർണ്ണനഗ്‌നനായി വേണം അകത്തു കടക്കാൻ. അവിടെയുള്ള ടാപ്പിനു താഴെ ശരീരം ഉരച്ചുകഴുകി വൃത്തിയാക്കിയ ശേഷം വേണം തുറസ്സായ നീരുറവയിലേക്ക് ഇറങ്ങാൻ. എത്രനേരം അതിൽ കിടന്നെന്നറിയില്ല; മുകളിൽ ആകാശത്ത് ചിരിക്കുന്ന നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കിക്കിടന്നു. ശരീരചിന്തകളെല്ലാം അഴിഞ്ഞുപോയി; ആരും ആരെയും ശ്രദ്ധിക്കുന്നില്ല, നഗ്‌നത ഇവിടെ പാപവുമല്ല. ആവി പറക്കുന്ന ഇളംചൂടുള്ള ജലശയ്യയിൽ കിടക്കുമ്പോൾ മനസ്സും ശരീരവും ഒരുപോലെ ശാന്തമായി.

തത്തേയാമ കുരോബെ ആൽപൈൻ റൂട്ട്

ചെന്നിറങ്ങിയ ഇടം മുഴുവൻ കണ്ണെത്താദൂരത്തോളം മഞ്ഞുമൂടിക്കിടക്കുന്നു. അതിനുനടുവിലൂടെ തെന്നിനടന്നപ്പോൾ വലിയ നീല ജലാശയം കണ്ടു. വെൺമയ്ക്ക് നടുവിൽ കടുംനീല. തണുപ്പിനെ ആസ്വദിക്കാൻ തയ്യാറെടുത്താണ് എത്തിയതെങ്കിലും കൊടുംതണുപ്പ് ഞങ്ങളെ പൊതിഞ്ഞു. മടക്കയാത്രയിൽ മഞ്ഞയും പച്ചയും കലർന്ന ഇലപ്പടർപ്പുകൾക്കിടയിലൂടെയായിരുന്നു വഴി.

കേബിൾ കാർ, തുരങ്കത്തിലൂടെയുള്ള ട്രോളി ബസ്, സ്വിച്ച്-ബാക്ക് ട്രെയിൻ തുടങ്ങി എട്ടോളം വ്യത്യസ്ത യാത്രാമാർഗ്ഗങ്ങളിലൂടെ പൂർത്തിയാക്കേണ്ട അവിസ്മരണീയമായ യാത്രയാണിത്. പച്ചപ്പാർന്ന പർവ്വതനിരകൾ, താഴ്വരകൾ, കുറോബെ ഡാം... ജപ്പാന്റെ മേൽക്കൂരയിലേക്കുള്ള പ്രവേശനമാണത്. ഷിനാനോ-ഒമാച്ചി സ്റ്റേഷനിൽനിന്ന് ടൊയാമ സ്റ്റേഷൻ വരെ 90 കിലോമീറ്ററാണ് ദൂരം. 3015 മീറ്ററാണ് തത്തേയാമയുടെ ഉയരം. ഏപ്രിൽ 15 മുതൽ നവംബർ 30 വരെ മാത്രമാണ് ഈ പാത തുറന്നുകൊടുക്കുന്നത്; ചുരുങ്ങിയത് ഏഴ് മണിക്കൂർ വേണം ഈ യാത്ര പൂർത്തിയാക്കാൻ.

ഷിനാനോ-ഒമാച്ചിയിൽനിന്ന് ഒഗിസാവയിലേക്ക് ബസിൽ 40 മിനിറ്റ്. ഒഗിസാവയിൽനിന്ന് ട്രോളി ബസിൽ ജപ്പാനിലെ ഏറ്റവും ഉയരത്തിലുള്ള കുരോബെ ഡാമിലേക്ക് 16 മിനിറ്റ് യാത്ര. ഒബ്‌സർവേഷൻ ഡെക്കിലേക്ക് 220 പടികളുണ്ട്. പടികൾ കയറിയെത്തുമ്പോൾ മലഞ്ചെരിവുകൾക്കിടയിലെ പ്രശാന്തമായ നീലത്തടാകം തെളിയും. പിന്നെ കുരോബെ ഡാമിൽനിന്ന് 15 മിനിറ്റ് നടന്ന് കുരോബെക്കോ കേബിൾ കാർ സ്റ്റേഷനിലേക്കെത്തി. കേബിൾ കാറിൽ കുരോബെ-ഡൈറയിലേക്ക് അഞ്ചു മിനിറ്റ് സമയമെടുക്കും. അവിടെനിന്ന് റോപ്വേ വഴി ഡൈക്കാൻബോയിലേക്ക് ഏഴ് മിനിറ്റ്. ഡൈക്കാൻബോയിൽനിന്ന് സമുദ്രനിരപ്പിൽനിന്ന് 2450 മീറ്റർ ഉയരത്തിലുള്ള മുറോഡോയിലേക്ക് ട്രോളി ബസിൽ 10 മിനിറ്റ്. മുറോഡോയിൽനിന്ന് ബസിൽ ബിജോഡൈറയിലേക്ക്.

ബിജോഡൈറയിൽനിന്ന് വീണ്ടും കേബിൾ കാറിൽ തത്തേയാമ സ്റ്റേഷനിലേക്ക് (7 മിനിറ്റ്). തത്തേയാമയിൽ മുഴുവനും മഞ്ഞുമൂടി കിടക്കുന്നു. കല്ലുപാകിയ തറയുടെ വിളുമ്പ് ചിലയിടങ്ങളിൽ പുറത്ത് കാണാം. നീലതടാകത്തിനരികിലേക്ക് വീണുകിടക്കുന്ന മഞ്ഞിന്റെ കൂടാരം! മഞ്ഞിൽ താഴ്ന്നുപോകുന്ന ഷൂസ്. അവിടം വിട്ടുപോരാൻ തോന്നില്ല. അത്രയും സുന്ദരം. തത്തേയാമയിൽനിന്ന് ട്രെയിൻമാർഗ്ഗം ടൊയാമ സ്റ്റേഷനിലേക്ക് ഒരു മണിക്കൂർ യാത്രയിൽ മനസ്സ് നിറയെ മഞ്ഞുമാത്രം!

ഫ്യൂജിക്കും ഹക്കുസനുമൊപ്പം പവിത്രമായി കരുതുന്ന കൊടുമുടിയാണ് തത്തേയാമ. ഇവിടെ കയറിയാൽ മരണശേഷം ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് അവിടുത്തുകാരുടെ വിശ്വാസം. മടക്കം ബിജോഡൈറയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവദാരു മരങ്ങൾക്കിടയിലൂടെ നടക്കാൻ അവസരം കിട്ടി. കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മ ദേവദാരു' (Nursing Mother Cedar), പ്രായമേറാത്ത 'ഏജ്ലെസ്സ് ദേവദാരു' തുടങ്ങിയ പ്രകൃതിവിസ്മയങ്ങൾ അടുത്തടുത്തു കാണാം.

സെൻസോ-ജി ക്ഷേത്രം

ടോക്കിയോയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രമായ സെൻസോ-ജിയിലെത്തി. മുന്നിൽ ചരിഞ്ഞ മേൽക്കൂരയോടുകൂടിയ കടുംചുവപ്പ് പടിപ്പുര-'തണ്ടർ ഗേറ്റ്' (Kaminarimon). കവാടത്തിന് നടുവിലായി തൂക്കിയിട്ടിരിക്കുന്ന കൂറ്റൻ ചുവന്ന റാന്തൽവിളക്ക് (ചോച്ചിൻ) കൗതുകമുണർത്തുന്നു. കിഴക്ക് കാറ്റിന്റെ ദൈവമായ ഫൂജിനും (Fujin) പടിഞ്ഞാറ് ഇടിമിന്നലിന്റെ ദൈവമായ റൈജിനും (Raijin) കാവലിരിക്കുന്ന കവാടം.

കരുണയുടെ ദേവത കുടികൊള്ളുന്ന പ്രധാനക്ഷേത്രത്തിലേക്ക് നകാമിസെ-ഡോറി (Nakamise-dori) എന്ന ഷോപ്പിംഗ് തെരുവിലൂടെ വേണം നടക്കാൻ. വഴിയുടെ ഇരുവശത്തും സുവനീർ കടകളും ലഘുഭക്ഷണശാലകളും. പരമ്പരാഗത കിമോണയണിഞ്ഞ ജാപ്പനീസ് പെൺകുട്ടികൾ പുഞ്ചിരിയോടെ നടന്നുനീങ്ങുന്നു. ഡ്രാഗൺ ജലധാരയിൽനിന്ന് വെള്ളമെടുത്ത് കൈകഴുകി ശുദ്ധിയായി ആളുകൾ ക്ഷേത്രത്തിലേക്ക് കടക്കുന്നു; ധൂപക്കൂട്ടിൽനിന്നുയരുന്ന പുക ഇരു കൈകളാലും ശരീരത്തിലേക്ക് ആവാഹിക്കുന്ന ഭക്തർ. പ്രധാന ഹാളിൽ വലിയ പ്രതിമകളൊന്നുമില്ല; തങ്കവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പ്രധാനവേദിക്കു മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്ന മനുഷ്യർ മാത്രം. തൊട്ടടുത്തുതന്നെ തട്ടുതട്ടുകളായുള്ള മനോഹരമായ അഞ്ചുനില പഗോഡ ക്ഷേത്രത്തിനരികിൽ സൗജന്യമായി ലഭിക്കുന്ന ജാപ്പനീസ് ഗ്രീൻ ടീയായ മാച്ച ഒരു കപ്പ് കുടിച്ചപ്പോൾ യാത്രയുടെ എല്ലാ ക്ഷീണവും മാഞ്ഞുപോയി.