വാഷിങ്ടൺ: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വിമർശനം കടുപ്പിച്ച് ടെസ്ല- സ്പേസ് എക്സ്- സ്റ്റാർലിങ്ക് തലവൻ ഇലോൺ മസ്‌ക്. ഇന്ത്യയിലെ 'യഥാർഥ ബോസ്' അംബാനിയാണെന്ന് മസ്‌ക് എക്സിലൂടെ പരിഹസിച്ചു. കുത്തകാവകാശം നിലനിർത്താനാണ് അംബാനി ശ്രമിക്കുന്നതെന്നും മസ്‌ക് ആരോപിച്ചു.

To advertise here,

'പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസ് എന്ന് തിരിച്ചറിയാൻ വൈകിയതിൽ ഞാൻ വിനീതമായി ക്ഷമ ചോദിക്കുന്നു,' മസ്‌ക് പരിഹസിച്ചു. ഇന്ത്യൻ ജനതയ്ക്ക് മേൽ ചൂഷണത്തിനുള്ള കുത്തക തുടരാനാണ് അംബാനി ആഗ്രഹിക്കുന്നതെന്നും മസ്‌ക് വിമർശിച്ചു.

മറ്റ് രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ചെറുകിട വ്യവസായികളുടെ ആഗോള വിപണി സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്നു. സ്റ്റാർലിങ്കിന് ഇവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്ന് മസ്‌ക് അവകാശപ്പെട്ടു.

ചില കുത്തകമുതലാളിമാർ കാരണം ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി നിഷേധിക്കപ്പെടുകയാണെന്ന് ബുധനാഴ്ച മസ്‌ക് ആരോപിച്ചിരുന്നു. നിയമങ്ങളും നിബന്ധനകളും പാലിച്ചിട്ടും വാണിജ്യസേവനം ആരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

'165-ലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും സർക്കാരിന്റെ ആവശ്യകതകളും പാലിച്ച് അഞ്ചുവർഷം പ്രവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും ലൈസൻസ് ലഭിക്കാത്തത്' എന്നായിരുന്നു മസ്‌കിന്റെ ചോദ്യം. തുടർന്ന് 'അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്ന പരിഹാസവും അദ്ദേഹം എക്സിലൂടെ തൊടുത്തു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉപഗ്രഹ ആശയവിനിമയ മേഖലയിൽ എല്ലാ കമ്പനികൾക്കും തുല്യവും സുതാര്യവുമായ നയമാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.