ഒരു ഭൂപ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ വന്യജീവികളെയോ സസ്യജാലങ്ങളെയോ സംരക്ഷിക്കുന്ന പ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങള്‍. ഒരു രാഷ്ട്രത്തിന്റെ സമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ പ്രതീകമാണ് അവ. ഇന്ത്യയിലെ 106 നാഷണല്‍പാര്‍ക്കുകളില്‍ ജൈവവൈവിധ്യം കൊണ്ടും വന്യജീവി സമ്പത്ത് കൊണ്ടും തീര്‍ത്തും വ്യത്യസ്തമാണ് ദക്ഷിണേന്ത്യയിലെ ഉദ്യാനങ്ങള്‍. ഈ വേനല്‍ക്കാലത്ത് മനസ് കുളിര്‍ക്കുന്ന യാത്രകള്‍ക്കായി പോകാന്‍ പറ്റിയ നാല് ദേശീയോദ്യാനങ്ങളെ അടുത്തറിയാം.
വരയാടുകളുടെ സാമ്രാജ്യം- ഇരവികുളം
വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. ആനമുടിയുടെ പ്രഭാവലയത്തിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. നോക്കെത്താത്ത മലമടക്കുകള്‍. സൂര്യന്‍ ഉച്ചയ്ക്ക് ജ്വലിച്ചു നിന്നാലും സുഖകരമായ തണുത്ത കാറ്റ്. വേനലിലും വറ്റാത്ത നീര്‍ച്ചാലുകള്‍. വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ അഗാധ താഴ്‌വരകള്‍, പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി. പര്‍വതനിരകളെ ചുറ്റി നക്ഷത്രങ്ങളെ തൊടാന്‍ ഉയരത്തിലേക്ക് പോകുന്ന ഒറ്റയടിപ്പാതകള്‍, എവിടെ നോക്കണം എന്നറിയാതെ സഞ്ചാരികള്‍ ആശയക്കുഴപ്പത്തിലാകും ഇവിടെയെത്തിയാല്‍. വരയാടുകളുടെ തെക്കെ ഇന്ത്യയിലെ പ്രധാന സംരക്ഷണകേന്ദ്രമാണ് ഈ പാര്‍ക്ക്.

2021ലെ സെന്‍സസ് പ്രകാരം 782 വരയാടുകളാണ് ഇരവികുളത്തുള്ളത്. ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദേശീയോദ്യാനത്തെ 13 ബ്ലോക്കുകളായി തിരിച്ച് അഞ്ച് ഇന്റീരിയര്‍ ക്യാമ്പുഷെഡുകളിലായി ജീവനക്കാരെ നിയമിച്ചാണ് വരയാടുകളെ നിരീക്ഷിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വരയാടുകളെ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമുണ്ട്. ദേശീയോദ്യാനത്തിലെ ടൂറിസം സോണായ രാജമലയിലാണ് ഇതിനുള്ള അവസരമുള്ളത്. പ്രവേശനകവാടമായ അഞ്ചാംമൈലില്‍നിന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ രാജമലയിലെത്തി വരയാടുകളെ സന്ദര്‍ശിച്ച് മടങ്ങാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ജീവികളാണ് നീലഗിരിയുടെ മാത്രം സ്വന്തമായ വരയാടുകള്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞിത്തോട്ടവും ഓര്‍ക്കിഡ് തോട്ടവും ഇവിടെയുണ്ട്. സ്വാഭാവികമായി നീലക്കുറിഞ്ഞി പൂക്കുന്ന മലയാണ് ഇരവികുളത്തുള്ളത്.
നിശബ്ദതയുടെ താഴ്‌വര- സൈലന്റ് വാലി
മഴക്കാട്, ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനി, ഒരു പരിസ്ഥിതി പോരാട്ടത്തിന്റെ നിനവിടം... സൈലന്റ് വാലിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. മഴക്കാടുകളുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിലും മികച്ചൊരു ഇടമില്ല. പാലക്കാട് ജില്ലയുടെ വടക്കുകിഴക്കുഭാഗത്താണ് 89 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സൈലന്റ് വാലി ദേശീയോദ്യാനം. 1984ലാണ് സൈലന്റ് വാലിയെ കേന്ദ്രസര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉത്ഭവം ഇവിടെയാണ്. വടക്ക് നീലഗിരി കുന്നുകള്‍ അതിരിടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. 2012ല്‍ യുനെസ്‌കോ ആണ് ഈ വനമേഖലക്ക് ലോകപൈതൃക പദവി നല്‍കിയത്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്‌ക്വിറല്‍ എന്ന മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണമേഖലയിലെ ജീവജന്തു സമൂഹത്തില്‍ കാണുന്ന എല്ലാ ജീവികളെയും ഇവിടെ കാണാം.

അട്ടപ്പാടിയിലെ മുക്കാലിയാണ് പ്രവേശനകവാടം. മണ്ണാര്‍ക്കാടുനിന്നു അട്ടപ്പാടി ചുരം കയറിയും തമിഴ്നാട് ഭാഗത്തുനിന്ന് കോയമ്പത്തൂര്‍-ആനക്കട്ടി വഴിയും മുക്കാലിയിലെത്താം. സൈലന്റ് വാലി സന്ദര്‍ശിക്കാനെത്തുന്നവരെ കാടിന്റെ കാഴ്ചകളിലേക്ക് എത്തിക്കുന്നത് വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയിലെ 17 ജീപ്പുകളുമാണ്. രാവിലെ എട്ടിന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. കീരിപ്പാറ, കരുവാര ഭാഗങ്ങളിലേക്ക് ട്രക്കിങ് സൗകര്യമുണ്ട്. വാഹനത്തിലെത്തിയശേഷം ഏകദേശം ഒരു കിലോമീറ്ററോളം കാടിന്റെ ഉള്ളിലൂടെ നടക്കാം. ഒരാള്‍ക്ക് 2500 രൂപ മുടക്കിയാല്‍ രണ്ടുദിവസം ദേശീയോദ്യാനം കാണാം. രണ്ടുപേര്‍ക്ക് റിവര്‍ ഹട്ടില്‍ താമസിക്കുകയും ചെയ്യാം. സൈരന്ധ്രിയില്‍ 100 അടി ഉയരമുള്ള കാവല്‍ഗോപുരമാണ് മറ്റൊരു സവിശേഷത. ഇതിന് മുകളില്‍ കയറിയാല്‍ സൈലന്റ് വാലിയുടെ ദൃശ്യം മുഴുവനായും ഒപ്പിയെടുക്കാം. സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയും സന്ദര്‍ശനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുമുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബൊമ്മിയാംപടിയിലും താമസസൗകര്യമുണ്ട്.
കബനിയുടെ തീരത്തെ നാഗര്‍ഹോളെ

കടുവകളുടെയും പുള്ളിപ്പുലികളുടെയും സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ കാടകമാണ് കര്‍ണാടകയിലെ കുടക്, മൈസൂര്‍ ജില്ലകളിലായി സ്ഥിതിചെയ്യുന്ന നാഗര്‍ഹോളെ. ബ്രഹ്മഗിരി താഴ്വരയില്‍ കാവേരിയുടെ കൈവഴിയായ കബനീ നദിയുടെ കരയിലാണ് നാഗര്‍ഹോളെ. ഇരുന്നൂറിനടുത്ത് കടുവകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. കാടിനെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും നാഗര്‍ഹോളയിലെത്തിയേ മതിയാവൂ. സുന്ദരമായ പുല്‍മേടുകളും തടാകങ്ങളും കൊച്ച് അരുവികളുമൊക്കെ നിറഞ്ഞ, അതിശയിപ്പിക്കുന്ന വനമാണിത്. വിവിധ തരത്തിലുള്ള പക്ഷികള്‍, ആനകള്‍, കരടികള്‍, കാട്ടുപോത്ത്, കടുവ, പുലി, വിവിധയിനം മാനുകള്‍ കാട്ടുപന്നി തുടങ്ങി നാനാതരത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ ഉദ്യാനം. 1988-ല്‍ നിലവില്‍ വന്ന ഈ ദേശീയ ഉദ്യാനം രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേരിലും അറിയപ്പെടുന്നു. 643 ചതുരശ്രകിലോമീറ്ററാണ് പാര്‍ക്കിന്റെ വിസ്തൃതി. നിരവധി ജലാശയങ്ങളാല്‍ സമ്പന്നമാണ് നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്. ഇലപൊഴിയും കാടുകളായതുകൊണ്ട് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് മൃഗങ്ങളെ അടുത്ത് കാണാന്‍ ഏറ്റവും ഉചിതമായ സമയം. ഈ പാര്‍ക്കിന് രണ്ട് പ്രവേശന കവാടങ്ങളുണ്ട്. കബനിയിലും (കാരപുര) ഹുന്‍സൂരിന് സമീപത്തുള്ള വീരനഹള്ളിയിലുമാണ് ഈ കവാടങ്ങള്‍. വനം വകുപ്പ് നടത്തുന്ന മിനി ബസ് സഫാരി വീരനഹൊസഹള്ളി ഭാഗത്ത് നിന്നാണ് ആരംഭിക്കുന്നത്. കര്‍ണാടക ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജംഗിള്‍ ലോഡ്ജ് ആന്‍ഡ് റിസോര്‍ട്ട് ജീപ്പ് സഫാരികള്‍ നടത്തുന്നുണ്ട്. കബനി റിവര്‍ ലോഡ്ജിന്റെ പരിസരത്ത് നിന്ന് കബനി നദിയിലൂടെ ബോട്ടിങ്ങും നടത്താം.
ആനകളുടെയും കടുവകളുടെയും ബന്ദിപ്പുര്‍
കടുവകളും ആനകളുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് ആവാസവ്യവസ്ഥയൊരുക്കി അരനൂറ്റാണ്ടോളമായി നിലനിര്‍ക്കുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂര്‍. ഇന്ത്യയിലെത്തന്നെ വലിയ കടുവസങ്കേതങ്ങളിലൊന്നാണിത്. കര്‍ണാടകത്തില്‍ ഡി. ദേവരാജ് അരശ് മുഖ്യമന്ത്രിയായിരുന്നകാലത്ത് ബന്ദിപ്പൂര്‍ ടൈഗര്‍ പ്രോജക്ട് ആയാണ് ഈ വന്യജീവിസങ്കേതത്തിന് തുടക്കംകുറിച്ചത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. 1973-ലാണ് ഈ വനമേഖലയെ ടൈഗര്‍ പ്രോജക്ടിലുള്‍പ്പെടുത്തി അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കടുവകളുടെ സംരക്ഷണമായിരുന്നു ലക്ഷ്യം. പിന്നീട് കടുവസങ്കേതത്തിന്റെ രൂപവും ഭാവവും മാറി.

1985-ല്‍ ബന്ദിപ്പൂര്‍ കടുവസങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകള്‍ പിന്നിട്ടതോടെ ഈ വനമേഖലയില്‍ കടുവകളുടെ എണ്ണവും പെരുകി. കാട്ടാനകളുടെ വിഹാരരംഗം കൂടിയാണ് ഇപ്പോള്‍ ബന്ദിപ്പൂര്‍. 1,500-ഓളം ആനകള്‍ ഇവിടെയുണ്ടെന്നാണ് ഏകദേശകണക്ക്. കടുവകളുടെയും ആനകളുടെയും എണ്ണം ഓരോ കൊല്ലവും കൂടിവരുകയാണ്. ഏഷ്യന്‍ ആനകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവിത പരിസ്ഥിതിയാണ് ബന്ദിപ്പൂര്‍ വനമേഖലയിലേത്. ഓരോ ഏഴ് ചതുരശ്ര കിലോമീറ്റര്‍ വനഭാഗത്തും രണ്ട് കാട്ടാനയും ഒരു കടുവയും ഒരു പുള്ളിപ്പുലിയും വിഹരിക്കുന്നുണ്ടെന്നാണ് കണക്ക്. വനാതിര്‍ത്തിയിലെ ജനവാസമേഖലകളിലേക്കും ചിലപ്പോള്‍ വന്യജീവികളെത്തുന്നു. ഇത് ജനങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുമുണ്ട്. നാഗര്‍ഹോളെ വനമേഖലയോടുചേര്‍ന്നാണ് ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിന്റെ കിടപ്പ്. വയനാട് വന്യജീവിസങ്കേതം ബന്ദിപ്പൂരിന്റെ അതിര്‍ത്തി പങ്കിടുന്നതാണ്. തമിഴ്‌നാട്ടിലെ മുതുമലൈ വന്യജീവിസങ്കേതമാണ് ബന്ദിപ്പൂരിന്റെ മറ്റൊരു അതിര്. കാടിനെയും കാട്ടുമൃഗങ്ങളെയും അടുത്തറിയാനായി എത്തുന്ന സഞ്ചാരികളുടെ ഇഷ്ടസങ്കേതംകൂടിയാണിത്. കടുവകളെ കണ്ട് കാട്ടിലൂടെ യാത്രതരപ്പെടുന്ന ടൈഗര്‍ സഫാരിയും ഇവിടെ വനംവകുപ്പ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
Content Highlights: four national parks to visit in south india
Published: 15 May 2024, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented