എവിടെനോക്കിയാലും തെങ്ങുകള്‍. ഒറ്റനോട്ടത്തില്‍ കേരളത്തിന്റെ 'മുഖച്ഛായ'. എന്നാല്‍ ദ്വീപിന്റെ സ്വഭാവം ഒന്നു വേറെത്തന്നെ. റോഡരികുകളിലുള്ള തെങ്ങുകള്‍ക്ക് വെള്ളയും കാവിയും പെയിന്റടിച്ചതുകണ്ടാല്‍ പാവാടയും ബ്ലൗസുമണിഞ്ഞു നില്‍ക്കുകയാണെന്ന് തോന്നും. അവയെല്ലാം പണ്ടാരവകയാണ്, അതായത് സര്‍ക്കാര്‍ വക. എന്നാലും വിളവെല്ലാം അതതിടത്തെ വീട്ടുകാര്‍ക്കെടുക്കാം. ഒറ്റ തെങ്ങിനുപോലും ഒരുപരിചരണവുമില്ല. ഇക്കാര്യത്തില്‍ ഒരുരൂപപോലും ഇവര്‍ക്ക് ചെലവുമില്ല.
ഏറ്റവും രസകരമായ വസ്തുത ദ്വീപുകളിലൊന്നിലും ഒരു പട്ടിപോലുമില്ലെന്നതാണ്. അതുകൊണ്ട് ആടുകളെ ഏതു പാതിരാത്രിയിലും അഴിച്ചുവിടും. ഉപദ്രവിക്കുന്ന ഒരു ജീവികളും ഇവിടെയില്ല. പാമ്പിനേയും കാണാനാവില്ല. ഒരുമാതിരി ലോകത്തെല്ലായിടത്തും കാണുന്ന കാക്കപോലും ഇവിടെയില്ലെന്നു പറഞ്ഞത് അഗത്തിയിലെ തെങ്ങുകയറ്റത്തൊഴിലാളിയായ ഉമര്‍ കാക്കയാണ്.
കപ്പലേറിവരണം പച്ചക്കറി
ദ്വീപുകാര്‍ വെട്ടിലാവുന്നത് ഇവിടെയാണ്. നല്ലൊരു ചക്ക തിന്നാന്‍, മാങ്ങതിന്നാന്‍, എന്തിന് പച്ചക്കറി കൂട്ടിയൊന്നു ചോറുണ്ണാന്‍ കേരളം കനിയണം. എല്ലാം കൊച്ചിയില്‍നിന്ന് കപ്പലേറിവരണം. ഇതൊന്നും ഇവിടത്തെ പുളിമണലില്‍ വളരില്ല.
ദ്വീപില്‍ ധാരാളം കാണുന്ന മരങ്ങള്‍, ആല്‍, പൂവരശ്, കാറ്റാടി, ആര്യവേപ്പ്, കടച്ചക്ക, പ്രത്യേകതരം വട്ടയില ഒക്കെയാണ്. ചെറിയതോതില്‍ പുളി, പപ്പായ, മുരിങ്ങ എന്നിവയും കാണും. ചീരയും മാവുമൊക്കെ കേരളത്തില്‍നിന്ന് കൊണ്ടുപോയി വളര്‍ത്തിനോക്കിയെങ്കിലും പരാജയമായിരുന്നൂവെന്നാണ് ഡ്രൈവറായ അനീസുദ്ദീന്‍ പറഞ്ഞത്. വാഴയില്ലാത്തതുകൊണ്ട് ഇലയടയുണ്ടാക്കാന്‍ ഇവര്‍ മറ്റുചില ഇലകളെടുക്കും. അഗത്തിയില്‍ പാട്ടിയിലയും കവരത്തിയില്‍ കാണ്ടലവുമൊക്കെ ഇതിനുപയോഗിക്കും.
കടച്ചക്കയോടും പൂവരശിനോടുമൊക്കെ ദ്വീപുകാര്‍ക്കുള്ളത് ഒരു വൈകാരികമായ ബന്ധമാണ്. ഇതൊന്നും ഇപ്പോള്‍ അവര്‍ കാര്യമായി ഉപയോഗിക്കുന്നില്ല. എങ്കിലും പട്ടിണിക്കാലത്ത് ധാരാളം ഉപയോഗിച്ചിരുന്നതായിരുന്നു കടച്ചക്ക. രാവിലേയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ഇതുകൊണ്ടുള്ള വിഭവങ്ങളായിരുന്നു. ഇപ്പോള്‍ നില ഭേദപ്പെട്ടപ്പോഴും കടച്ചക്കയുടെ മരങ്ങള്‍ അവര്‍ നിലനിര്‍ത്തി. പുരയ്ക്ക് ചാഞ്ഞാല്‍പ്പോലും വെട്ടിമാറ്റാതെ അവര്‍ ഹൃദയത്തോടുചേര്‍ത്തു. പൂവരശിന്റേയും കഥയിതുതന്നെ. ഒരുകാലത്ത് വള്ളങ്ങളും ബോട്ടുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. ഇപ്പോള്‍ ഇവരൊക്കെ വിരമിച്ചെങ്കിലും ആരും വെട്ടിക്കളയാറില്ല.
നമ്മുടെ നീര, അവരുടെ മീര
2022, 2023 വര്‍ഷങ്ങളിലെ നാഷണല്‍ ക്രൈം റെക്കോഡ് പ്രകാരം ഒറ്റ കൊലപാതകങ്ങളും നടന്നിട്ടില്ലാത്ത ഇടമാണ് ദ്വീപ്. ക്രിമിനല്‍ക്കേസുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. പോലീസും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുമില്ല. മോഷണമില്ല, മോഷ്ടിച്ചാല്‍ത്തന്നെ തൊണ്ടി എങ്ങോട്ടും കടത്താനാവില്ല. എവിടെപ്പോയാലും കടലല്ലേ. ഇവിടെ ഓരോ വ്യക്തിക്കും പരസ്പരം അറിയാം. 69,000-ല്‍ താഴെയാണ് ജനസംഖ്യ.
മദ്യനിരോധന മേഖലയാണ് ഇപ്പോള്‍ ലക്ഷദ്വീപ്. എന്നാല്‍ നമ്മള്‍ നീര എന്നുവിളിക്കുന്ന കള്ള് ലഭ്യമാണ്. നീര അവര്‍ക്ക് മീരയാണ്. മീര ഒരു ലഘുപാനീയമായി ഉപയോഗിക്കും. അത് കുറുക്കി ശര്‍ക്കരയും നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ചില വിരുതന്‍മാര്‍ മീരകൊണ്ടുപോയി വീട്ടില്‍ സൂക്ഷിച്ച് അടുത്ത ദിവസം കള്ളായി ഉപയോഗിക്കുന്നുണ്ടെന്ന് ചെത്തുകാരനായ ഉമ്മര്‍ക്ക പറഞ്ഞു. മുസ്ലിങ്ങളിലെത്തന്നെ മേലാച്ചേരി വിഭാഗക്കാരാണ് ഇവിടെ തെങ്ങുകയറ്റവും ചെത്തുമൊക്കെ നടത്തുന്നത്.
സിനിമകാണാന്‍ ഒറ്റ തിേയറ്റര്‍പോലും ഇവിടെയില്ല. ടി.വി.കള്‍ ഡിഷ് ആന്റിന ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പത്രങ്ങളൊന്നുമില്ല. നേരത്തേ 'മാതൃഭൂമി'യടക്കമുള്ള പത്രങ്ങള്‍ വന്നിരുന്നൂവെന്ന് റിട്ട.അധ്യാപകനായ മുഹമ്മദാലി പറഞ്ഞു. ഇപ്പോള്‍ പുറംലോകവുമായുള്ള ദ്വീപുകാരുടെ ബന്ധം വാട്സാപ് വഴിയാണ്. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ സിമ്മുകള്‍ മാത്രമേ ഇവിടെ പ്രവര്‍ത്തിക്കൂ. അതില്‍ത്തന്നെ ബി. എസ്.എന്‍.എല്ലിന്റെ കാര്യം മഹാകഷ്ടം.
അറിയാം, ലക്ഷദ്വീപിനെ
അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ 36 ദ്വീപുകളടങ്ങുന്ന സമൂഹമാണ് ലക്ഷദ്വീപ്. തലസ്ഥാനം കവരത്തി. കവരത്തി, അഗത്തി, കല്‍ പേനി, ആന്ത്രോത്ത്, കില്‍ത്താന്‍, കടമത്ത്, അമിനി, ബിത്ര, ചെത്തിലാത്ത്, മിനിക്കോയ് എന്നീ പത്തെണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ. ഇതില്‍ ഏറ്റവും ചെറിയ ബിത്ര ദ്വീപിന് 0.105 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 2011-ലെ സെന്‍സസ് പ്രകാരം ഇവിടെ 271 പേരാണുള്ളത്. കൊച്ചിയില്‍നിന്ന് 483 കിലോയിറ്റര്‍ കടല്‍ദൂരമുണ്ട് ബിത്രയിലേക്ക്. അടുത്തകാലത്ത് ബംഗാരം ദ്വീപിലും താമസം തുടങ്ങിയിട്ടുണ്ട്. ആന്ത്രോത്ത്, കവരത്തി ദ്വീപുകളില്‍ 11,000-ന് മുകളില്‍ ജനസംഖ്യയുണ്ട്. ഇന്ന് ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമാണ് ദ്വീപ്. 97 ശതമാനത്തോളം ഇസ്ലാംമത വിശ്വാസികളും രണ്ടരശതമാനത്തോളം ഹിന്ദുമതവിശ്വാസികളും വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികളുമാണ് ഇവിടെയുള്ളത്.
Content Highlights: lakshadweep, travelogue, travel, destination
Published: 22 May 2024, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented