പഹൽഗാമിലേക്കാണ് ഇന്നത്തെ യാത്ര. രാവിലെ എട്ടരയ്ക്ക് തന്നെ പുറപ്പെട്ടു. ട്രാവലറിൽ കയറിയാൽ പിന്നെ വേറെ മൂഡാണ്. പാട്ട് മൂഡ്, തമാശമൂഡ്, ചർച്ച മൂഡ്,... ഡാൻസ് മൂഡും പലർക്കും ഉണ്ട്. പക്ഷേ ഇവിടുത്തെ ഡ്രൈവർമാരെ വിശ്വസിച്ചുകൂടാ. അവർ വിട്ടു പറക്കുമ്പോൾ നമ്മൾ നിയന്ത്രണം വിട്ട് എവിടെയെങ്കിലും പോയി വീഴും.

To advertise here,

പോകുന്ന വഴി ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന ഫാക്ടറിയിൽ കയറി. കാശ്മീരിലെ വില്ലോ മരങ്ങൾ കൊണ്ടാണ് ലോകോത്തരങ്ങളായ ബാറ്റുകൾ നിർമിക്കുന്നത്. അതിന്റെ ഉടമസ്ഥൻ നിർമാണ രീതിയെക്കുറിച്ച വിശദമായി പറഞ്ഞുതന്നു. പല പ്രഗത്ഭ ക്രിക്കറ്റർമാരുടെയും ബാറ്റ് വീശുന്ന ഫോട്ടോകൾ അവിടെ ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന നിഷ, മനോരമ തുടങ്ങിയവരൊക്കെ ബാറ്റിംഗിൽ ഒരുകൈ നോക്കി. നമുക്കിപ്പം സ്മൃതി മന്ദാന ഒന്നും ആകാൻ പറ്റില്ല. എങ്കിലും ഫോട്ടോയെങ്കിലും ഇരിക്കട്ടെ. ജസ്റ്റ് ഫോർ എ ഫൺ.

കാശ്മീരിന്റെ തനതായ എന്തെങ്കിലുമൊക്കെ വീട്ടിലേക്ക് കൊണ്ടുപോകണ്ടേ? പോകുന്ന വഴി കടയിൽ കയറി. കുങ്കുമപ്പൂ, വാൽനട്ട്, ബ്ലൂബെറി തുടങ്ങി എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും ഉണ്ട്. കടക്കാരൻ 'കാവ 'തന്ന് ഞങ്ങളെ സ്വീകരിച്ചു. പോയാലൊരു കാവ. കിട്ടിയാൽ പതിനായിരങ്ങൾ. ഒന്നും രണ്ടുമല്ല 35 പേരാണ് വന്നിരിക്കുന്നത്. ഖുശി ഖുശി( നമ്മുടെ 'കൊശി 'തന്നെ. ഊം..) സവിശേഷമായ മറ്റൊന്നു കൂടിയുണ്ട് വിൽപ്പനക്ക്, ശിലാജീത്. വിലയും സവിശേഷമായതുകൊണ്ട് വാങ്ങിയില്ല. ഇത് കഴിച്ചിട്ട് ഒന്നുമല്ലല്ലോ മ്മള് കണ്ണൂർക്കാര് ഇത്രയും സുന്ദരികളും സുന്ദരന്മാരും ആയി ചെറുപ്പക്കാരെപ്പോലെ ജീവിക്കുന്നത്.

എല്ലാവരും കൂടി കുറഞ്ഞതൊരു അമ്പതിനായിരത്തിന്റെ സാധനങ്ങളെങ്കിലും വാങ്ങിയിരിക്കും. ഡ്രൈവർമാർക്ക് ഇതിൽ നിന്നും കമ്മീഷൻ ഉണ്ടാകും തീർച്ച, നടക്കട്ടെ. അവിടെ നിന്നും നേരെ ആപ്പിൾ വാലിയിലേക്കാണ് പോയത്. കൊച്ചുകൊച്ചു ആപ്പിളുകൾ ആയി വരുന്നതേയുള്ളൂ. എന്നാലും കാശ്മീർ വരെ പോയിട്ട് ആപ്പിൾ തോട്ടം കണ്ടില്ലെങ്കിൽ മോശമല്ലേ? ' ഐ ലവ് ആപ്പിൾ വാലി 'യുടെ മുന്നിൽ നിന്ന് സെൽഫി എടുത്തു . നിഷയും സുധർമയും യൂണിഫോമിലാ യിരുന്നു. പഹൽഗാമിൽ യൂണിഫോമിന്റെ ആവശ്യമുണ്ടോ ആവോ!കൂട്ടത്തിലെ മറ്റേ ടീച്ചർ എവിടെ? ഓ ഉണ്ട് ഉണ്ട്, വെള്ള തൊപ്പിയുമിട്ട് എത്തി നോക്കുന്നുണ്ട്യ ആപ്പിൾ അച്ചാർ, ജാം, തുടങ്ങിയവ വിൽക്കുന്ന കൊച്ചു കടയിൽ നിന്ന് ഞങ്ങൾ ആവശ്യമുള്ളവ വാങ്ങി. വിലയുണ്ട്, പക്ഷെ സാധനങ്ങൾക്ക് ഗുണമുണ്ട്.

പഹൽഗാമിലേക്ക് പോകുന്ന വഴിയിൽ രണ്ടു ഭാഗവും മലകളാണ്. സ്തൂപികാഗ്ര വൃക്ഷങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഇവിടുത്തെ മരങ്ങളെല്ലാം ഏകദേശം ഇങ്ങനെ തന്നെയാണ്. മഞ്ഞ് വീഴ്ച്ചയെ പ്രതിരോധിക്കാൻ പ്രകൃതി തന്നെ കവചം ഒരുക്കിയ മനോഹര കാഴ്ച. 'കശ്മീരിസ്ത്രീകളുടെ വസ്ത്രവും ഇതുപോലെ തന്നെ' എന്ന് പറഞ്ഞത് മോളിയാണെന്ന് തോന്നുന്നു. നിത്യഹരിത വൃക്ഷങ്ങൾ!

ഇടക്കുണ്ടായ ചാറ്റൽ മഴ നനഞ്ഞ റോഡിലൂടെ നമ്മുടെ വണ്ടി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. താഴെ ലീഡ്ഡർ നദി ഒഴുകുന്നു. (ഈ നദി പഹൽഗാമിലൂടെ ഒഴുകി ഖനാബൽ എന്ന് സ്ഥലത്ത് ഝലം നദിയിൽ ലയിച്ച് അവസാനിക്കുന്നു . ഝലം നദി ചെനാബിൽ നയിക്കുന്നു, ചെനാബ് സിന്ധു നദിയിലും.

മലമുകളിൽ നിന്നും മഞ്ഞുരുകി പുഴയിലേക്ക്, സുന്ദരമായ കാഴ്ച തന്നെ! ഇടക്ക് വശ്യവും ഇടക്ക് വന്യവുമായി പ്രകൃതി നമ്മെ വിസ്മയിപ്പിക്കുന്നു! പഹൽഗാമിൽ എത്തിയപ്പോൾ ചെറിയ പേടിയും ഒപ്പം വേദനയും തോന്നി. ഒരു യുദ്ധവും ഒരു ആക്രമണവും ലോകത്ത് സന്തോഷമോ സമാധാനമോ നൽകിയിട്ടില്ലെന്നും നിത്യ വേദനകളും ദുരിതങ്ങളും പേറി, ജീവിക്കുന്ന സ്മാരകങ്ങളായ ഒട്ടനേകം ആളുകളുടെ കണ്ണീരോർമകളാണ് അവയുടെ ബാക്കിപത്രവുമെന്നിരിക്കെ നമ്മൾ ശപിച്ചു പോകുന്നു, യുദ്ധ കൊതിയരും ഭീകരരും നശിച്ചു പോകട്ടെ.

കുറച്ചു കടകളും ചില റിസോർട്ടുകളും മാത്രമാണ് പഹൽഗാമിൽ ഉള്ളത്. മഴപെയ്തതുകൊണ്ട് നടന്നു പോകുന്ന വഴി ചെറുതായി വഴുക്കുന്നുണ്ട്. തുറസ്സായ സ്ഥലത്ത് ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നു. പുൽമേടുകൾ, മഞ്ഞുറഞ്ഞു തിളങ്ങുന്ന മലകൾ, പിറകിൽ മഴക്കാർ മൂടിയ മാനം ഇവ അതിസുന്ദരമായ ദൃശ്യാനുഭവം ഒരുക്കി. ചാറ്റൽ മഴ ഇടയ്ക്കിടെ ഞങ്ങളെ കുളിർ കോരിച്ചു കൊണ്ടിരുന്നു. ചെലവഴിക്കാനുള്ള സമയം വളരെ കുറച്ചേ ഉള്ളൂ നമുക്ക് ഇനി ബേത്താബ് വാലിയിൽ കൂടി പോകേണ്ടതുണ്ട്. അവിടവിടെ പട്ടാളക്കാർ തോക്കും പിടിച്ച് നിൽക്കുന്നുണ്ട്. എപ്പോഴാണ് ആക്രമണം ഉണ്ടാവുക എന്നറിയില്ലല്ലോ. ഭീകരർക്ക് ഒളിക്കാൻ പറ്റിയ സ്ഥലങ്ങളാണ് ചുറ്റും. പട്ടാളക്കാരെ ഞങ്ങൾ മനസ്സാ നമിച്ചു. അവരോട് ഒന്ന് നന്ദി അറിയിച്ചാലോ എന്ന് കുറച്ചു നേരമായി ഞാനും മോളിയും ആലോചിക്കുന്നു. രണ്ടും കൽപ്പിച്ച് അവരുടെ മുമ്പിൽ പോയി കൈകൂപ്പി ശുക്‌രിയ പറഞ്ഞു. കണ്ടം മുണ്ടം ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു. ഒരു ഫോട്ടോ കൂടി എടുക്കണം എന്നുണ്ടായിരുന്നു. അത് അനുവദിക്കപ്പെടാൻ സാധ്യതയില്ല എന്ന് തോന്നിയതിനാൽ ചോദിച്ചില്ല. എങ്കിലും ഞങ്ങൾ അതീവ സന്തുഷ്ടരായി.

ഇപ്പോൾ ഞങ്ങൾ ബേത്താബ് വാലിയിലെത്തി. വളരെ സുന്ദരമായ താഴ്‌വര! നിറയെ വൃക്ഷങ്ങൾ. അവക്കിടയിലൂടെ നടവഴികൾ, വിൽപ്പനശാലകൾ, ഇടയിലൂടെ സ്വച്ഛന്ദം സ്ഫടിക സമാനം ഒഴുകുന്ന ലീഡ്ഡർ നദി താഴ്വരയുടെ ഭംഗി കൂട്ടി. ഹാജൻ വാലി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ബേതാബ് എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ബേത്താബ് വാലിയായി മാറിയത് . ' ജബ് ഹം ജഹാ ഹോംഗേ..... പാടിക്കൊണ്ട് അമൃത സിംഗും സണ്ണി ഡി യോളും അവിടെയൊക്കെ ഓടി നടന്നിട്ടുണ്ടാവം. ' പുഴകൾ മലകൾ പൂവനങ്ങൾ, ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ സന്ധ്യകൾ മന്ദാര ചാമരം വീശുന്ന ചന്ദന ശീതള മണപ്പുറങ്ങൾ 'എന്ന പാട്ട് ഞാനൊന്നവിടെ സങ്കൽപ്പിച്ചു നോക്കി . നന്നായി ചേരുന്നുണ്ട്.

നിറയെ വേരുകൾ ഉള്ളതിനാൽ മരം ചുറ്റി പ്രേമത്തിന് പറ്റാത്ത നിർഭാഗ്യവതിയായ മരത്തിന്റെ ഇരുഭാഗത്തുനിന്ന് ഞാനും ഡോക്ടരും ഫോട്ടോ എടുത്തു തിരിച്ചു പോന്നു. നാളെ ഗുൽമാർഗിലേക്കാണ്. മലമുകളിൽ നമ്മളെ കാത്ത് എന്തൊക്കെ അത്ഭുതങ്ങൾ ഉണ്ടോ ആവോ. ഗോൾഡൻ ലീഫിലെ വെള്ള പുതപ്പിനടിയിൽ കിടന്ന് ഞാൻ ഓർത്തു.

(തുടരും )