'ദൈവങ്ങളുടെ ദ്വീപ്' എന്ന് അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ബാലി, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രദേശമാണ്. അതിമനോഹരമായ കടല്‍ത്തീരങ്ങള്‍, സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍, നോക്കെത്താദൂരത്തോളം തട്ടുതട്ടുകളായുള്ള വയലുകള്‍, കുന്നുകള്‍, താഴ്വരകള്‍ അങ്ങനെ എല്ലാത്തരം ഭൂപ്രകൃതിയാലും സമ്പന്നമായ നാട്. കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണവും, വ്യത്യസ്തമായ സംസ്‌കാരവുമൊക്കെയാണ് ബാലിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നായിരുന്നു ഞങ്ങളുടെ ബാലി യാത്ര. ബാലി സഞ്ചാരത്തിന്റെ രണ്ടാം ദിവസം പ്രകൃതിരമണീയമായ നുസ പെനിഡ എന്ന ദ്വീപിലേക്ക് നടത്തിയ യാത്രയാണിത്
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് കുടുംബമായി ബാലിയില്‍ എത്തിയിരിക്കുന്നത്. ബാലി ശരിക്കും ഇന്തോനേഷ്യയിലെ കേരളമാണ് എന്ന് തോന്നിപ്പോകും. നമ്മുടെ നാടിന് സമാനമായ ഭൂപ്രകൃതിയും നിറയെ അമ്പലങ്ങളമുള്ള ബാലിയിലെ ജനങ്ങളുടെ മുഖ്യ ജീവിതമാര്‍ഗ്ഗം കൃഷിയും ടൂറിസവുമാണ്. ഗൈഡായ വെയാന്‍ അര്‍ഡിയന്‍ ഇന്ന് ഞങ്ങളെ കൊണ്ടുപോകുന്നത് ബാലിയുടെ തെക്കുകിഴക്കായി, ബടുങ് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപായ നുസ പെനിഡയിലേക്കാണ്. ബാലിയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. നുസ പെനിഡയ്ക്ക് സമീപമായി നുസ ലെംബോംഗന്‍, നുസ സെനിംഗന്‍ എന്നിങ്ങനെ രണ്ട് ചെറിയ ദ്വീപുകളുണ്ട്, ഇവ മൂന്നും ചേര്‍ന്ന് 'നുസ' ദ്വീപുകള്‍ എന്നാണറിയപ്പെടുന്നത്. നുസ പെനിഡ എന്നാല്‍ ബാലിനീസ് ഭാഷയില്‍ 'പുരോഹിതരുടെ ദ്വീപ്' എന്നാണ് അര്‍ത്ഥം. എന്നാല്‍ ഇവിടം മന്ത്രവാദത്തിന്റെ അഥവാ ബ്ലാക്ക് മാജിക്കിന്റെ ദ്വീപായാണ് അറിയപ്പെടുന്നത്.
ചരിത്രപരമായി നുസ പെനിഡ 'ക്ലുങ്കുങ് രാജ്യത്തിന്റെ ശിക്ഷാ കോളനി' ആയിരുന്നു. ബാലി മേഖലയിലെ സുപ്രധാന ശക്തിയായിരുന്ന ക്ലുങ്കുങ്ങ് രാജ്യം കുറ്റവാളികളെയും രാഷ്ട്രീയമായി അനഭിമതരായ വ്യക്തികളെയും നാടുകടത്തുന്നതിനുള്ള ഒരു സ്ഥലമായി പണ്ടുകാലത്ത് ഈ ദ്വീപിനെ ഉപയോഗിച്ചു. ദ്വീപിന്റെ വന്യവും പരുക്കനുമായ ഭൂപ്രദേശം ഇതിന് ഒരു കാരണമായിരുന്നു. കുത്തനെയുള്ള പാറക്കെട്ടുകളും പരിമിതമായ വിഭവങ്ങളും ഫലഭൂയിഷ്ഠമായതോ സമൃദ്ധമായതോ അല്ലാത്ത പ്രദേശവും, ഇവിടുത്തെ അതിജീവനം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കിയിരുന്നു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ മൂലം നാടുകടത്തപ്പെട്ടവര്‍ രക്ഷപ്പെടുന്നത് ദുഷ്‌കരമാവുകയും ഒറ്റപ്പെടല്‍ ഉറപ്പാക്കുകയും ചെയ്ത് ദ്വീപിനെ ഒരു സ്വാഭാവിക തടവറയാക്കി. നുസ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടവര്‍ കൊല്ലപ്പെട്ട് ഇരുണ്ട ആത്മാക്കളായി ഇവിടെ വസിക്കുന്നതായി പ്രദേശവാസികള്‍ വിശ്വസിച്ചിരുന്നു.
വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിന് വളരെ മുമ്പുതന്നെ നുസ പെനിഡ ഒരു പ്രധാന മത കേന്ദ്രമായിരുന്നു. അത് ഇന്നും തുടരുന്നു. കാരണം, ബാലിയുടെ ആത്മീയ വിശ്വാസം, പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നന്മയും തിന്മയും ആവശ്യമാണ് എന്നതാണ്. മനം മയക്കുന്ന പ്രകൃതിസൗന്ദര്യം കൊണ്ട് ടൂറിസം വളര്‍ന്നിട്ടും ഇവിടം ഇപ്പോഴും തികച്ചും പ്രകൃതിദത്തമായി തന്നെ നിലനിര്‍ത്തിയിരിക്കുന്നു. പ്രകൃതിരമണീയമായ മലഞ്ചെരിവുകളും തീരക്കാഴ്ചകളും അതിശയകരമായ ബീച്ചുകളും ഗുഹകളും സഞ്ചാരികള്‍ക്കായി നിരവധി റിസോര്‍ട്ടുകളുമുള്ള നുസ പെനിഡ ലോക സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. ലോകത്തിലെ തന്നെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നായി അറിയപ്പെടുന്ന 'കേലിംഗ്കിങ്' ബീച്ച് ഇവിടെയാണുള്ളത്. ദ്വീപില്‍ എല്ലായിടവും മികച്ച ഫോട്ടോസ്‌പോട്ടുകളാണ്. ഇന്‍ഡൊനേഷ്യയിലെ മറ്റ് തീരങ്ങള്‍ പോലെ നുസ പെനിഡയ്ക്ക് ചുറ്റും സജീവമായ ഡൈവിംഗ്, സ്‌നോര്‍ക്കെലിംഗ് കമ്മ്യൂണിറ്റിയുണ്ട്. നുസ പെനിഡയും സമീപ ദ്വീപുകളും ഒരു സംരക്ഷിത പക്ഷി സങ്കേതം കൂടിയാണ്.
ഞങ്ങള്‍ നുസ പെനിഡയിലേക്ക് ഫുള്‍ ഡേ പാക്കേജാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പകല്‍ മുഴുവന്‍ ദ്വീപിലെ കാഴ്ചകള്‍ കണ്ട് വൈകുന്നേരം മടക്കം. രാവിലെ അഞ്ചുമണിക്ക് ഉബുദില്‍ ഞങ്ങള്‍ താമസിച്ചിരുന്ന എവിറ്റല്‍ ഹോട്ടലില്‍ ഗൈഡ് അര്‍ഡിയന്‍ എത്തി. രാത്രി പറഞ്ഞിരുന്നതനുസരിച്ച് ലോബി റിസപ്ഷനില്‍ ഞങ്ങള്‍ക്കായുള്ള ബ്രേക്ക്ഫാസ്റ്റ് പാഴ്‌സല്‍ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. ഉബുദില്‍നിന്ന് രണ്ടു മണിക്കൂര്‍ യാത്രയുണ്ട് ബോട്ട് ഹാര്‍ബറായ സനൂരില്‍ എത്താന്‍. 7 മണിയോടെ അവിടെയെത്തി. നല്ല തിരക്കുണ്ടായിരുന്നു. വിവിധ ടൂര്‍ ഏജന്‍സികളാണ് നുസ പെനിഡ ടൂറുകള്‍ അറേഞ്ച് ചെയ്യുന്നത്. ഞങ്ങളുടെ ടിക്കറ്റ് അര്‍ഡിയന്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. വാഹനം പാര്‍ക്ക് ചെയ്ത് ബോട്ട് ജെട്ടിയിലേക്ക് നടന്നു. അരമണിക്കൂറോളം ക്യൂ നിന്ന് ബോട്ടില്‍ പ്രവേശിച്ചു. രണ്ട് നിലകളായുള്ള ബോട്ടില്‍ നിറയെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍. സനൂരില്‍ നിന്നും 40 മിനിറ്റ് യാത്രയായിരുന്നു ദ്വീപിലേക്കുള്ളത്. ബോട്ട് ജെട്ടിയില്‍ തന്നെ നിരവധി ടൂര്‍ ഡ്രൈവര്‍മാരെയും, മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്നവരെയും കാണാം. ഇവിടെയുള്ള ഭൂരിപക്ഷം ആള്‍ക്കാരും ടൂറിസം കൊണ്ട് ഉപജീവനം നടത്തുന്നവരാണ്.
ദ്വീപിലെ ക്രിസ്റ്റല്‍ ബീച്ച്, ബ്രോക്കണ്‍ ബീച്ച്, ഡയമണ്ട് ബീച്ച്, കേലിംഗ്കിങ് ബീച്ച്, അടുഹ് ബീച്ച് തുടങ്ങിയ ബീച്ചുകളും റുമഹ പോഹോന്‍ ട്രീഹൗസ്, തൗസന്റ് ഐലന്റ് വ്യൂപോയിന്റ്, പെഗ്യങ്ങാന്‍ വാട്ടര്‍ഫാള്‍ തുടങ്ങിയവയുമാണ് പ്രധാന കാഴ്ചകള്‍. ഹാര്‍ബറിനടുത്തുള്ള പാര്‍ക്കിങ്ങില്‍ അര്‍ഡിയന്റെ സുഹൃത്ത് വാഹനവുമായി ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ഇടുങ്ങിയ റോഡുകള്‍, കയറ്റിറക്കങ്ങളിലൂടെ വാഹനം ദ്വീപിന്റെ തെക്കുഭാഗത്തേക്ക് നീങ്ങി. ഇവിടുത്തെ ബീച്ചുകളുടെ അതിശയിപ്പിക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളും ഞങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ട്, അതില്‍ പ്രധാനപ്പെട്ട ഒന്നായ ബ്രോക്കണ്‍ ബീച്ചിന് (Broken beach) സമീപം ഞങ്ങള്‍ എത്തിയിരിക്കുന്നു. ഒരു ആര്‍ച്ച് രൂപത്തില്‍ പാറ തകര്‍ത്ത് കടല്‍ ഉള്ളിലേക്ക് കയറി വരുന്നതിനാലാണ് ഈ പേര് വന്നത്. പാറകളില്‍ രൂപംകൊണ്ട വൃത്താകൃതിയിലുള്ള ഒരു കമാനം. ഫോട്ടോകള്‍ എടുത്തതിനുശേഷം ബ്രോക്കണ്‍ ബീച്ചിന് തൊട്ടടുത്തായുള്ള ഏയ്ഞ്ചല്‍സ് ബില്ലബോങ് (Angel's Billabong) ലേക്ക് ഞങ്ങള്‍ നടന്നു.
മാലാഖമാര്‍ കുളിക്കാന്‍ എത്തുന്ന സ്ഥലമാണിതെന്നാണ് വിശ്വാസം എന്ന് അര്‍ഡിയാന്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന ബ്രേക്ക്ഫാസ്റ്റ് അവിടെ ഒരു തണലില്‍ ഇരുന്ന് കഴിച്ചതിനു ശേഷം അടുത്തതായി ഞങ്ങള്‍ പോയത് ദ്വീപിന്റെ ഐക്കണായി മാറിയ സ്ഥലമായ കേലിംഗ്കിങ് (Kelingking) ബീച്ചിലേക്കാണ്. ബീച്ചിന്റെ ക്ലിഫില്‍ നിന്നുള്ള വ്യൂ വളരെ മനോഹരമാണ്. ഇത് അവിശ്വസനീയമായ 'ടി-റെക്‌സ്' ആകൃതിയിലുള്ള ഒരു പാറയാണ്, ചുറ്റും ടര്‍ക്കോയ്‌സ് നിറത്തില്‍ വെള്ളം. ശരിക്കും സുന്ദരമാണ് ഇവിടം! ഇവിടെ മുകളില്‍ നിന്ന് താഴേക്ക് മുന്‍പ് പ്രവേശനമില്ലായിരുന്നു. എന്നാല്‍ താഴെ ബീച്ചിലേക്ക് പോകാന്‍ സാധിക്കുന്ന ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ അത് കുറച്ച് അപകടസാധ്യത ഉള്ളതിനാല്‍ കുട്ടികളുമായി പോകേണ്ടയെന്ന് അര്‍ഡിയാന്‍ നിര്‍ദ്ദേശം നല്‍കി. താഴെ സന്ദര്‍ശിച്ചില്ലെങ്കില്‍ പോലും ഈ കുന്നിന്‍ പുറത്തു നിന്നുള്ള കാഴ്ച മാത്രം മതിയായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തെ സാര്‍ത്ഥകമാക്കാന്‍. ഇതുകൂടാതെ സമീപമായുള്ള ഡയമണ്ട് ബീച്ചും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
സമയം ഉച്ച കഴിഞ്ഞിരുന്നു അപ്പോഴേക്കും, ചൂടിന്റെ കാഠിന്യം കാരണം ഞങ്ങള്‍ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. അവിടുത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് രുചികരമായ ബാലിനീസ് ഉച്ചഭക്ഷണത്തിനുശേഷം നുസ പെനിഡയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രശസ്തമായ ക്രിസ്റ്റല്‍ ബേ ബീച്ചിലേക്കാണ് (Crystal bay) ഞങ്ങള്‍ പിന്നീട് പോയത്. നല്ല തിരക്കുണ്ടായിരുന്നു അവിടെ. തെളിഞ്ഞ വെള്ളവും പഞ്ചാരമണലുമുള്ള സുന്ദരമായ ഒരു ബീച്ച്. ഞാനും നീലും നേവയും വസ്ത്രമൊക്കെ മാറി ബീച്ചിലേക്ക് ഇറങ്ങി തിരമാലകളില്‍ കുളിച്ചുല്ലസിച്ചു. ടവ്വലും സണ്‍ബെഡും വാടകയ്ക്ക് എടുത്തിരുന്നു. അനു അവിടുത്തെ കുടക്കീഴില്‍ കരിക്കും കുടിച്ചിരുന്ന് വിശ്രമിച്ചു. രണ്ടുമണിക്കൂറോളം അവിടെ ചെലവഴിച്ച് സമയം പോയത് അറിഞ്ഞില്ല. നീലിനും നേവയ്ക്കും കടലില്‍ നിന്ന് കയറാന്‍ താല്പര്യമില്ലായിരുന്നു. ഞങ്ങള്‍ക്ക് തിരികെ പോകാന്‍ സമയമായിരിക്കുന്നു എന്ന് അര്‍ഡിയന്‍ വന്ന് ഓര്‍മ്മിപ്പിച്ചു. വസ്ത്രമൊക്കെ മാറി, ഞങ്ങളെ കൂട്ടി അര്‍ഡിയാന്‍ തിരികെ ബോട്ട് ജെട്ടിയിലേക്ക് യാത്ര തിരിച്ചു. നിരവധി കാഴ്ചകള്‍ ഇവിടെ ഇനിയും ബാക്കിയുണ്ടെങ്കിലും തിരികെ പോകാതിരിക്കാന്‍ തരമില്ല. ആറുമണിയോടെ ഞങ്ങള്‍ നുസ പെനിഡയോട് യാത്ര പറഞ്ഞ് സനൂരിലേക്കുള്ള ബോട്ടില്‍ യാത്രയായി.
ബോട്ട് വഴി മാത്രമേ ഈ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നതിനാല്‍ ഇവിടെ പൊതുവെ വലിയ തിരക്കില്ല, എങ്കിലും ഓസ്‌ട്രേലിയയുടെ സമീപമായതിനാല്‍ അവിടുത്തുകാരും മറ്റ് ധാരാളം വിദേശികളും ഇവിടെ എത്തുന്നുണ്ട്. ഇടുങ്ങിയ റോഡുകളും, പാതക്കിരുവശവും തിങ്ങി വളരുന്ന മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും, നീല വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ച അതിശയിപ്പിക്കുന്ന ബീച്ചുകളുമുള്ള നുസ പെനിഡ എന്നും ഓര്‍മ്മയിലുണ്ടാവും.
Content Highlights: nusa penida island travel bali indonesia
Published: 18 May 2024, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented