തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ്. കര്‍ണാടകയുടെ 5 വിക്കറ്റിന് 586 എന്ന ഡിക്ലയേഡ് സ്‌കോറിന് മറുപടിയായി കേരളം 238 റണ്‍സിന് പുറത്തായി. ഇതോടെ കര്‍ണാടക കേരളത്തെ ഫോളോഓണിനയച്ചു. രണ്ടാം ഇന്നിങ്‌സില്‍ കേരളം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 10 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളി ശേഷിക്കെ,കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാന്‍ ഇനിയും 338 റണ്‍സ് വേണം. ഇന്നിംഗ്‌സ് വിജയം ഉറപ്പിക്കാന്‍ കര്‍ണാടകയ്ക്ക് 10 വിക്കറ്റുകള്‍ കൂടി മതി.

To advertise here,

മൂന്നിന് 21 എന്ന നിലയില്‍ മൂന്നാം ദിവസം ഇന്നിംഗ്‌സ് പുനരാരംഭിച്ച കേരളത്തിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുകയും 217 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താകുകയും ചെയ്തു. വിദ്വത് കാവരപ്പയും (4/42) വിജയകുമാര്‍ വൈശാഖും (3/62) ചേര്‍ന്നാണ് ഇന്ന് കേരളത്തിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

എട്ട് ബൗണ്ടറികളുടെയും നാല് സിക്‌സറുകളുടെയും സഹായത്തോടെ 159 പന്തില്‍ നിന്ന് 88 റണ്‍സ് നേടിയ ബാബ അപരാജിത്തിന്റെ പ്രകടനമായിരുന്നു കേരളത്തിന്റെ ഏക ആശ്വാസം.

നായകന്‍ സച്ചിന്‍ ബേബിയോടൊപ്പം (82 പന്തില്‍ 31) അഞ്ചാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത അപരാജിത് കേരളത്തെ 200 റണ്‍സ് കടത്തി.