ഹുബ്ലി: രഞ്ജി ക്രിക്കറ്റിൽ കന്നിഫൈനൽ കളിക്കുന്ന ജമ്മു-കശ്മീർ കിരീടത്തിലേക്കടുക്കുന്നു. ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോറുയർത്തിയ ടീം എതിരാളികളായ കർണാടകയ്ക്കെതിരേ നിർണായക ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 584 റൺസുയർത്തിയ ജമ്മു, കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. അതോടെ 291 റൺസ് ലീഡ് സ്വന്തമായി. മത്സരം സമനിലയിൽ അവസാനിച്ചാൽ ഈ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ജമ്മുവിന് കിരീടം ലഭിക്കും. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ് ജമ്മു.

To advertise here,

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച കർണാടകയെ ജമ്മു ബൗളർമാർ വരിഞ്ഞുകെട്ടി. 36 റൺസെടുത്ത കൃതിക് കൃഷ്ണയുടെ വിക്കറ്റാണ് കർണാടയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. വിദ്യാദർ പാട്ടീൽ(11), ശിഖർ ഷെട്ടി(0), പ്രസിദ്ധ് കൃഷ്ണ(4) എന്നിവർ നിരാശപ്പെടുത്തി. സെഞ്ചുറി തികച്ചിരുന്ന മായങ്ക് അഗർവാൾ മാത്രമാണ് ടീമിന് പ്രതീക്ഷ നൽകിയത്. 160 റൺസെടുത്താണ് മായങ്ക് മടങ്ങിയത്. ഒടുക്കം 293 റൺസിന് കർണാടകയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. അതോടെ ജമ്മു 291 റൺസിന്റെ കൂറ്റൻ ലീഡും നേടി.

കർണാടകയെ ഫോളോ ഓണിന് വിടാതെ ബാറ്റ് ചെയ്യാനാണ് ജമ്മു തീരുമാനിച്ചത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ടീമിന്റെ സ്‌കോർ 150 കടന്നു. നാല് വിക്കറ്റുകൾ നഷ്ടമായി. യാവർ ഹസ്സൻ(1), ശുഭം പുംദീർ(4), പരസ് ദോഗ്ര(16) എന്നിവരാണ് ആദ്യം പുറത്തായത്. അർധസെഞ്ചുറി തികച്ച ഖമ്രാൻ ഇഖ്ബാലാണ് ജമ്മുവിന് കരുത്തായത്. അബ്ദുൽ സമദ് 32 റൺസെടുത്തു.

നേരത്തേ ജമ്മു-കശ്മീരിന്റെ കൂറ്റൻ ഒന്നാമിന്നിങ്‌സ് സ്‌കോർ മറികടന്ന് നിർണായക ലീഡെന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്ക്ക് ആശിച്ചപോലെ റൺസ് കണ്ടെത്താനായിരുന്നില്ല. കെ.എൽ. രാഹുൽ (13), ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കരുൺ നായർ (പൂജ്യം), രവിചന്ദ്ര സ്മരൺ (പൂജ്യം), ശ്രേയസ് ഗോപാൽ (27) എന്നിവർ പെട്ടെന്ന് പുറത്തായതാണ് കർണാടകയ്ക്ക് തിരിച്ചടിയായത്. സെഞ്ചുറിനേടിയ ഓപ്പണർ മായങ്ക് അഗർവാളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.