രാജ്‌കോട്ട്: അണ്ടർ-19 ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴ് റൺസ് വിജയം. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അൻവയ് ദ്രാവിഡും ആര്യവീർ സെവാഗും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 175 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അരങ്ങേറ്റ മത്സരം കളിച്ച ആര്യവീർ 28 പന്തിൽ 26 റൺസാണ് അടിച്ചെടുത്തത്. ക്യാപ്റ്റൻ ലക്ഷ്യ റൈചന്ദനിക്കൊപ്പം ഓപ്പണറായെത്തിയ വലംകൈയ്യൻ ബാറ്റർ അഞ്ച് ബൗണ്ടറികൾ നേടി. പവർപ്ലേയിൽ 14 പന്തിൽ 16 റൺസെടുത്ത താരം ഇന്ത്യക്ക് വേഗത്തിലുള്ള തുടക്കം നൽകി.
പവർപ്ലേ കഴിഞ്ഞയുടൻ സ്‌പെൻസർ ഗ്രീൻ ആര്യവീറിനെ പുറത്താക്കി. പിന്നാലെ റൈചന്ദനി 15 റൺസിനും കുശാഗ്ര ഒഷവമ 14 പന്തിൽ 16 റൺസിനും പുറത്തായതോടെ ഇന്ത്യ 65/3 എന്ന നിലയിലായി. അർജുൻ രജ്പുത് എട്ട് പന്തിൽ 15 റൺസടിച്ചെങ്കിലും 11.5 ഓവറിൽ ഇന്ത്യ നാല് വിക്കറ്റിന് 88 റൺസ് എന്ന അവസ്ഥയിലായി. പിന്നീടാണ് അൻവയ് ദ്രാവിഡ് ക്രീസിലെത്തിയത്. വിക്കറ്റ് കീപ്പർ ബാറ്ററായ താരം ക്രീസിലെത്തിയ ഉടനെ വലിയ അടികൾക്ക് മുതിർന്നില്ല. യശ്വർധൻ ചൗഹാൻ മറുവശത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കുമ്പോൾ, ഒരു സിംഗിളിലൂടെയാണ് അൻവയ് അക്കൗണ്ട് തുറന്നത്.
എന്നാൽ ക്രീസിൽ ഉറച്ചു കഴിഞ്ഞതോടെ അൻവയ് റൺസ് കണ്ടെത്താൻ തുടങ്ങി. 18 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 38 റൺസടിച്ചാണ് പുറത്തായത്. 211.11 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
13-ാം ഓവറിൽ അൻവയ് തന്റെ ആദ്യ ബൗണ്ടറി നേടിയപ്പോൾ ഇന്ത്യ 100 കടന്നു. അടുത്ത ഓവറിലാണ് മത്സരത്തിലെ ആദ്യ വലിയ വെടിക്കെട്ട് കണ്ടത്. സ്‌പെൻസർ ഗ്രീനെതിരെ സിക്‌സടിച്ചാണ് യശ്വർധൻ തുടങ്ങിയത്. സ്‌ട്രൈക്ക് കൈമാറിയതിന് പിന്നാലെ അൻവയും തന്റെ ആദ്യ സിക്‌സ് നേടി. പിന്നീട് യശ്വർധൻ രണ്ട് ഫോറുകൾ കൂടി നേടിയതോടെ ആ ഓവറിൽ നിന്ന് ഇന്ത്യ 22 റൺസ് എടുത്തു.
തുടർന്നും അൻവയ് ബൗണ്ടറികൾ കണ്ടെത്തിക്കൊണ്ടിരുന്നു. 15-ാം ഓവറിൽ എലി ബ്രെയ്‌നെതിരെ വീണ്ടും സിക്‌സ് നേടിയ താരം, അടുത്ത ഓവറിൽ ഒരു ഫോറും കൂടി നേടി. അൻവയ് പുറത്താകുന്നതിന് മുമ്പ് യശ്വർധനുമായി ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. 34 പന്തിൽ 54 റൺസാണ് യശ്വർധൻ അടിച്ചെടുത്തത്.
ഓസ്‌ട്രേലിയ ശക്തമായ തിരിച്ചടിയാണ് നൽകിയത്. നീൽ പട്ടേൽ 31 പന്തിൽ 45 റൺസും, ഹെയ്ഡൻ ബാർബുലോവിച്ച് 24 പന്തിൽ 40 റൺസും, ക്യാപ്റ്റൻ ജാക്ക് ചോസ്‌നെക് 27 പന്തിൽ 55 റൺസും നേടി. എങ്കിലും പതറാതെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 20 ഓവറിൽ ഓസ്‌ട്രേലിയയെ 175/7 എന്ന നിലയിൽ ഒതുക്കി വിജയം പിടിച്ചെടുത്തു. ബൗളിങ്ങിലും തിളങ്ങിയ യശ്വർധൻ രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlights: Aaryavir Sehwag scored 28 on his India U19 debut., Anvay Dravid smashed 38 off 18 balls to boost India's total., India U19 defeated Australia U19 by 7 runs in a rain-shortened 20-over match., The match took place at the Niranjan Shah Stadium in Rajkot.
Published: 19 Sept 2026, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented