
നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കുക പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്‌സിൻ നഖ്‌വിയാണ്. ഇത് ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ നിലവിലെ ജേതാക്കൾ. ഇത്തവണയും ഇരു ടീമുകളും മെഡൽ സാധ്യതയിൽ മുന്നിലാണ്.
കഴിഞ്ഞ വർഷം നഖ്‌വിയിൽ നിന്ന് ഏഷ്യ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വിസമ്മതിച്ചിരുന്നു. ഇത്തവണ കിരീടമണിഞ്ഞ വനിതാ ടീമും നഖ്‌വിയിൽ ട്രോഫി സ്വീകരിക്കാൻ തയ്യാറായില്ല. എന്നാൽ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയാണെങ്കിൽ നഖ്വിയിൽ നിന്ന് ഇന്ത്യൻ ടീമുകൾക്ക് മെഡലുകൾ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഖത്തറിലെ ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി, നഖ്വിയെ മെഡൽ ദാനത്തിനായി ഔദ്യോഗികമായി ചുമതലപ്പെടുത്തിയാൽ ഇന്ത്യൻ കായികതാരങ്ങൾ മെഡലുകൾ സ്വീകരിക്കേണ്ടിവരുമെന്ന് ഒസിഎ ചട്ടങ്ങളും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഉന്നത വൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് നിരസിക്കുന്നത് ഗെയിംസിനെയും ഒസിഎയെയും അവരുടെ ഔദ്യോഗിക പ്രതിനിധിയെയും അപമാനിക്കുന്നതായി കണക്കാക്കുമെന്നും, താരങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൂടാതെ, ഗെയിംസിന്റെ വിജയച്ചടങ്ങുകളിൽ രാഷ്ട്രീയമോ, വാണിജ്യപരമോ, മതപരമോ, വംശീയമോ ആയ യാതൊരുവിധ പ്രചാരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും അനുമതിയില്ല എന്നും ഒസിഎ ചട്ടങ്ങളിൽ പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്.
Content Highlights: Pakistan interior minister Mohsin Naqvi is set to present medals at the Asian Games., Indian men's and women's cricket teams face a dilemma due to previous boycotts of Naqvi., Refusing medals from an officially appointed OCA representative could lead to disciplinary action., OCA rules strictly prohibit political, religious, or racial protests during the Games' victory ceremonies.
Published: 19 Sept 2026, 05:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented