ഹുബ്ലിയിലെ ക്രിക്കറ്റ് മൈതാനത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർചെയ്യുമ്പോൾ പരാസ് ദോഗ്രയെന്ന 41 കാരൻ ചരിത്രം കുറിക്കുകയായിരുന്നു. എനിക്ക് വാക്കുകൾ കിട്ടുന്നില്ല ദോഗ്ര പറഞ്ഞുവെച്ചു. ആഖിബ് നബിയും അബ്ദുൾ സമദും മൈതാനത്തിറങ്ങി ആരവം മുഴക്കി. ഗാലറിയിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കയ്യടികളോടെ താരങ്ങളെ വരവേറ്റു. ആദ്യ രഞ്ജി കിരീടമെന്ന സ്വപ്‌നനേട്ടം കൈയ്യെത്തിപ്പിടിച്ച ആ പതിനൊന്നുപേർ ഹിമാലയം കീഴടക്കിയവരെപ്പോലെ തലയുയർത്തി നിന്നു. ഒരു പക്ഷേ അതിനേക്കാൾ ഉയരത്തിലാണവരുടെ നിൽപ്പ്. വമ്പന്മാർ കൊമ്പുകോർക്കുന്ന ആഭ്യന്തരക്രിക്കറ്റിൽ അത്ര കരുത്തൊന്നുമില്ലാത്ത ഒരു ടീമിന് എന്തുചെയ്യാനാകും? അതിന് ദോഗ്രയും സംഘത്തിന്റെയും കിരീടനേട്ടത്തോടെ മറുപടി. രഞ്ജിയിലെ കശ്മീർ സ്‌റ്റോറി.
ഫൈനലിൽ കർണാടകയെ തകർത്താണ് ജമ്മു കശ്മീർ ചരിത്രമെഴുതിയത്. രഞ്ജിയിലെ ജമ്മുവിന്റെ കന്നിക്കിരീടം. മത്സരം സമനിലയിലായെങ്കിലും ഒന്നാമിന്നിങ്സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോറുയർത്തിയ ടീം എതിരാളികളായ കർണാടകയ്‌ക്കെതിരെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ 584 റൺസുയർത്തിയ ജമ്മു, കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. അതോടെ 291 റൺസ് ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്സിൽ 342-4 എന്ന നിലയിൽ ജമ്മു ഡിക്ലയർ ചെയ്തു. മത്സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡ് ടീമിന് കിരീടവും സമ്മാനിച്ചു. മുൻ ജേതാക്കളെയെല്ലാം വീഴ്ത്തി ചരിത്രക്കുതിപ്പ് നടത്തിയാണ് ടീമിന്റെ മുന്നേറ്റം.
എലൈറ്റ് വിഭാഗത്തിലെ ഗ്രൂപ്പ് ഡിയിൽ ജമ്മു കശ്മീരിന്റെ തുടക്കം തോറ്റുകൊണ്ടായിരുന്നു. ആദ്യ മത്സരത്തിൽ മുംബൈയാണ് ജമ്മുവിനെ കീഴടക്കിയത്. 35 റൺസിനായിരുന്നു മുംബൈയുടെ ജയം. ആദ്യ ഇന്നിങ്‌സിൽ മുംബൈ 386 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു 325 റൺസെടുത്തു. രണ്ടാം ഇന്നിങ്‌സിൽ മുംബൈയെ 181 റൺസിന് എറിഞ്ഞിട്ടെങ്കിലും 243 റൺസ് വിജയലക്ഷ്യത്തിലെത്താൻ ജമ്മുവിന് സാധിച്ചില്ല. 207 റൺസിന് ജമ്മുവിനെ പുറത്താക്കി മുംബൈ ജയം പിടിച്ചെടുത്തു. ആദ്യ ഇന്നിങ്‌സിൽ അഞ്ചുവിക്കറ്റെടുത്ത യുദ്ധ്‌വീർ സിങ്ങും രണ്ടാം ഇന്നിങ്‌സിൽ അഞ്ചുവിക്കറ്റെടുത്ത ആഖിബ് നബിയും ടീമിനായി തിളങ്ങി.
എന്നാൽ രണ്ടാം മത്സരത്തിൽ ജമ്മുവിന്റെ ഉഗ്രൻ തിരിച്ചുവരവാണ് കണ്ടത്. രാജസ്ഥാനെ അക്ഷരാർഥത്തിൽ തകർത്തെറിഞ്ഞു. ഇന്നിങ്‌സിനും 41 റൺസിനുമാണ് പരസ് ദോഗ്രയും സംഘവും ജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സിൽ 152 റൺസിന് രാജസ്ഥാനെ പുറത്താക്കിയ ജമ്മു ഒന്നാമിന്നിങ്‌സിൽ 282 റൺസോടെ ലീഡെടുത്തു. രണ്ടാമിന്നിങ്‌സിലാകട്ടെ ജമ്മു ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പോലും രാജസ്ഥാനായില്ല. ആഖിബ് നബി ഏഴുവിക്കറ്റോടെ തിളങ്ങിയതോടെ രാജസ്ഥാൻ 89 റൺസിന് കൂടാരം കയറി. രണ്ട് ഇന്നിങ്‌സുകളിലുമായി ആഖിബ് പത്ത് വിക്കറ്റെടുത്തു.
ഛത്തീസ്ഗഢുമായുള്ള അടുത്ത മത്സരം സമനിലയിൽ കലാശിച്ചു. ഒന്നാമിന്നിങ്‌സിൽ ലീഡ് നേടിയതും ഛത്തീസ്ഗഢായിരുന്നു. അതിനാൽ ഒരു പോയന്റ് മാത്രമാണ് ടീമിന് ലഭിച്ചത്. എന്നാൽ ഡൽഹിക്കെതിരേയും ഹൈദരാബാദിനെതിരേയും ജയിച്ചുകയറി നോക്കൗട്ട് പ്രതീക്ഷകൾ ജമ്മു സജീവമാക്കി. ഡൽഹിക്കെതിരേ എഴുവിക്കറ്റിനാണ് ജമ്മു വിജയിച്ചത്. മത്സരത്തിൽ എട്ടുവിക്കറ്റുകളുമായി വൻഷാജ് ശർമയും അഞ്ചുവിക്കറ്റുമായി ആഖിബ് നബിയുമാണ് ഡൽഹി ബാറ്റർമാരെ വിറപ്പിച്ചത്. ഹൈദരാബാദിനെതിരേ 281 റൺസിന്റെ കൂറ്റൻ ജയവും പരസ് ദോഗ്രയും സംഘവും സ്വന്തമാക്കി.
പിന്നീടുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും സമനിലയിൽ കലാശിച്ചെങ്കിലും ജമ്മു അടുത്ത റൗണ്ടിലേക്ക് മുന്നേറി. പുതുച്ചേരി, ഹിമാചൽ പ്രദേശ് ടീമുകൾക്കെതിരേയായിരുന്നു മത്സരങ്ങൾ. വിജയിക്കാനായില്ലെങ്കിലും ടീമിന്റെ ബാറ്റിങ് നിരയുടെയും ബാളിങ് നിരയുടെയും കരുത്ത് വെളിവാക്കുന്നതായിരുന്നു മത്സരങ്ങൾ. പുതുച്ചേരിയുടെ പത്ത് വിക്കറ്റുകളും ബൗളർമാർ പിഴുതെറിഞ്ഞെങ്കിൽ ഹിമാചലിനെ ആദ്യ ഇന്നിങ്‌സിൽ ഓൾഔട്ടാക്കുകയും മറുപടി ബാറ്റിങ്ങിൽ 771 റൺസെന്ന വലിയ സ്‌കോർ പടുത്തുയർത്തുകയും ചെയ്തു. ശുഭം പുംദീർ(165), അബിദ് മുഷ്താഖ്(177), കൻഹയ വധവൻ(110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഒടുക്കം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ടീം ക്വാർട്ടർ ടിക്കറ്റെടുത്തത്.
ക്വാർട്ടറിൽ മധ്യപ്രദേശായിരുന്നു എതിരാളികൾ. എന്നാൽ പരാസിന്റെയും സംഘത്തിന്റെയും കുതിപ്പ് തടയാൻ മധ്യപ്രദേശിനുമായില്ല. 56 റൺസ് ജയത്തോടെയാണ് ജമ്മു മധ്യപ്രദേശ് കടമ്പ മറികടന്നത്. ആദ്യ ഇന്നിങ്‌സിൽ 194 റൺസിന് കൂടാരം കയറിയെങ്കിലും അതേനാണയത്തിൽ ജമ്മു മറുപടി നൽകി. ആഖിബ് നബി ഏഴുവിക്കറ്റോടെ കത്തിക്കയറിയപ്പോൾ 152 റൺസിന് മധ്യപ്രദേശ് ഇന്നിങ്‌സ് അവസാനിച്ചു. രണ്ടാമിന്നിങ്‌സിലാകട്ടെ 248 റൺസാണ് കശ്മീർ അടിച്ചെടുത്തത്. 290 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ ഒന്നാമിന്നിങ്‌സിന് സമാനമായി ആഖിബ് നബി അഞ്ചുവിക്കറ്റുമായി ജമ്മുവിന്റെ രക്ഷക്കെത്തി. 234 റൺസെടുക്കാനേ മധ്യപ്രദേശിനായുള്ളൂ. അതോടെ സെമിയിലേക്ക്.
സൂപ്പർ താരം മുഹമ്മദ് ഷമിയും ആകാശ്ദീപും അഭിമന്യു ഈശ്വരനും അടങ്ങുന്ന കരുത്തുറ്റ ബംഗാൾ നിരയായിരുന്നു സെമിയിൽ ജമ്മുവിനെ കാത്തിരുന്നത്. ആഖിബ് അഞ്ചുവിക്കറ്റെടുത്തെങ്കിലും ഒന്നാമിന്നിങ്‌സിൽ ബംഗാൾ 328 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിനെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടെ കിടിലൻ സ്‌പെല്ലുകളായിരുന്നു. ഷമി എട്ടുവിക്കറ്റോടെ ഉജ്ജ്വല ബൗളിങ് കാഴ്ചവെച്ചതോടെ ജമ്മു പ്രതിരോധത്തിലായി. ക്യാപ്റ്റൻ പരസ് ദോഗ്രയുടെയും(58) അബ്ദുൾ സമദിന്റേയും(82) ഇന്നിങ്‌സ് ഒടുക്കം ടീമിനെ 302 ലെത്തിച്ചു. എന്നാൽ നിർണായകമായ ഒന്നാമിന്നിങ്‌സ് ലീഡ് ജമ്മുവിന് നഷ്ടമായി. ഷമിയുടെ പ്രകടനത്തിൽ 26 റൺസിന്റെ ലീഡാണ് ബംഗാൾ സ്വന്തമാക്കിയത്. മത്സരം സമനിലയിലായാൽ ബംഗാൾ ഫൈനലിൽ കടക്കുമെന്ന സ്ഥിതി. പക്ഷേ രണ്ടാമിന്നിങ്‌സിൽ കളി മാറി. ആഖിബും സുനിൽ കുമാറുമടക്കം ജമ്മു ബൗളർമാർ ബംഗാളിനെ വിറപ്പിച്ചപ്പോൾ വെറും 99 റൺസിന് ടീം ഓൾഔട്ടായി. ബംഗാൾ ഉയർത്തിയ 126 റൺസ് ലക്ഷ്യം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജമ്മു മറികടന്നു. അതോടെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായി ജമ്മു കശ്മീർ ഫൈനലിൽ പ്രവേശിച്ചു.
രഞ്ജി ക്രിക്കറ്റിൽ ഫൈനലിലെത്തുന്ന 17-ാമത്തെ ടീമായിരുന്നു കശ്മീർ. മുൻ ജേതാക്കളെയുൾപ്പെടെ തകർത്താണ് ജമ്മു കലാശപ്പോരിലേക്ക് കുതിച്ചത്. സെമിയിൽ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയതിന് ശേഷം ഫൈനലിലെത്തുന്ന ചരിത്രത്തിലെ നാലാമത്തെ ടീം മാത്രമാണ് ദോഗ്രയും സംഘവും. മാത്രമല്ല, ഹിമാലയൻ മേഖലയിൽ നിന്ന് ഫൈനൽ ടിക്കറ്റെടുക്കുന്ന ആദ്യ ടീമും. അങ്ങനെ റെക്കോഡുകൾ കടപുഴക്കിയാണ് കശ്മീർ കെഎസ്‌സിഎ ഹുബ്ലി ക്രിക്കറ്റ് മൈതാനത്ത് കിരീടപ്പോരിനിറങ്ങിയത്. കിരീടപ്പോരിലും ആധിപത്യം ആവർത്തിച്ച ജമ്മു കർണാടകയ്ക്ക് ഒരവസരവും നൽകിയില്ല. 291 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ജമ്മു ആ ലീഡിൻരെ ബലത്തിലാണ് ജയിച്ചുകയറിയത്.
ക്യാപ്റ്റൻ പരാസ് ദോഗ്രയുടെയും പേസർ ആഖിബ് നബിയുടെയും പ്രകടനങ്ങളാണ് ജമ്മുവിന്റെ മുന്നേറ്റങ്ങൾക്ക് പിന്നിൽ. ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ജമ്മുവിനെ പല മത്സരങ്ങളിലും തകർച്ചയിൽ നിന്ന് കരകയറ്റിയത്. രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടവും ദോഗ്ര സ്വന്തമാക്കി. 147 ഇന്നിങ്‌സുകളിൽ നിന്നാണ് ജമ്മു ക്യാപ്റ്റൻ പതിനായിരം റൺസിലേക്കെത്തിയത്. വസിം ജാഫറിന്റെ റെക്കോഡാണ് താരം മറികടന്നത്. വസിം ജാഫർ 196 ഇന്നിങ്‌സുകളിൽ നിന്നാണ് 10,000 റൺസെടുത്തത്. ഒരു സീസണിൽ അമ്പതിലധികം വിക്കറ്റുകൾ നേടുന്ന ആദ്യ ജമ്മു ബൗളറായി ആഖിബ് നബിയും മാറി. സെമിയിലെ ഒൻപത് വിക്കറ്റ് പ്രകടനത്തോടെയാണ് അമ്പത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഫൈനലിലെ പ്രകടനം നേട്ടം അറുപതാക്കി മാറ്റി. 2026ലെ ഒരു താരത്തിന്റെ ഉയർന്ന വിക്കറ്റ് നേട്ടവുമാണിത്.
Content Highlights: jammu kashmir clinch maiden ranji title
Published: 28 Feb 2026, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented