ഹുബ്ലി: രഞ്ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്മീർ. കർണാടകയെ തോൽപ്പിച്ച് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടു. മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോറുയർത്തിയ ടീം എതിരാളികളായ കർണാടകയ്ക്കെതിരേ നിർണായക ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ 584 റൺസുയർത്തിയ ജമ്മു, കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. അതോടെ 291 റൺസ് ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്സിൽ 342-4 എന്ന നിലയിൽ ജമ്മു ഡിക്ലയർ ചെയ്തു.
നാല് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മു കശ്മീർ കിരീടം ഉറപ്പിച്ചാണ് ബാറ്റിങ്ങിനിറങ്ങിയത്. കളി കൈവിടാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് ബാറ്റർമാർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ക്രീസിലുണ്ടായിരുന്ന ഖമ്രാൻ ഇഖ്ബാലും സഹിൽ ലോത്രയും കർണാടകയ്ക്ക് പിടികൊടുത്തതേയില്ല. 94 റൺസിൽ ബാറ്റിങ് തുടർന്ന ഇഖ്ബാൽ വൈകാതെ മൂന്നക്കം തൊട്ടു. പിന്നാലെ ലോത്രയുമായി ചേർന്ന് കർണാടകയെ അക്ഷരാർഥത്തിൽ വെള്ളംകുടിപ്പിച്ചു. ബൗളർമാർ മാറിമാറിയെറിഞ്ഞിട്ടും കാര്യമുണ്ടായില്ല. ഇരുവരും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അഞ്ചാം വിക്കറ്റിൽ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കർണാടക കളി കൈവിട്ടു. പിന്നാലെ ലോത്രയും സെഞ്ചുറി തികച്ചു. ഒടുക്കം. 342-4 ന് ടീം ഡിക്ലയർ ചെയ്തു അതോടെ മത്സരം സമനിലയിലായി. ഒന്നാമിന്നിങ്‌സ് ലീഡിൽ ജമ്മു ജേതാക്കളായി.
നേരത്തേ നാലാം ദിനമാണ് ടീം നിർണായക ലീഡെടുത്തത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച കർണാടകയെ ജമ്മു ബൗളർമാർ വരിഞ്ഞുകെട്ടി. 36 റൺസെടുത്ത കൃതിക് കൃഷ്ണയുടെ വിക്കറ്റാണ് കർണാടയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. വിദ്യാദർ പാട്ടീൽ(11), ശിഖർ ഷെട്ടി(0), പ്രസിദ്ധ് കൃഷ്ണ(4) എന്നിവർ നിരാശപ്പെടുത്തി. സെഞ്ചുറി തികച്ചിരുന്ന മായങ്ക് അഗർവാൾ മാത്രമാണ് ടീമിന് പ്രതീക്ഷ നൽകിയത്. 160 റൺസെടുത്താണ് മായങ്ക് മടങ്ങിയത്. ഒടുക്കം 293 റൺസിന് കർണാടകയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. അതോടെ ജമ്മു 291 റൺസിന്റെ കൂറ്റൻ ലീഡും നേടി.
കർണാടകയെ ഫോളോ ഓണിന് വിടാതെ ബാറ്റ് ചെയ്യാനാണ് ജമ്മു തീരുമാനിച്ചത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ടീമിന്റെ സ്‌കോർ 150 കടന്നു. നാല് വിക്കറ്റുകൾ നഷ്ടമായി. യാവർ ഹസ്സൻ(1), ശുഭം പുംദീർ(4), പരസ് ദോഗ്ര(16) എന്നിവരാണ് ആദ്യം പുറത്തായത്. അർധസെഞ്ചുറി തികച്ച ഖമ്രാൻ ഇഖ്ബാൽ ടീമിനെ മുന്നോട്ടുനയിക്കുകയായിരുന്നു.
നേരത്തേ ജമ്മു-കശ്മീരിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടന്ന് നിർണായക ലീഡെന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്ക്ക് ആശിച്ചപോലെ റൺസ് കണ്ടെത്താനായിരുന്നില്ല. കെ.എൽ. രാഹുൽ (13), ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കരുൺ നായർ (പൂജ്യം), രവിചന്ദ്ര സ്മരൺ (പൂജ്യം), ശ്രേയസ് ഗോപാൽ (27) എന്നിവർ പെട്ടെന്ന് പുറത്തായതാണ് കർണാടകയ്ക്ക് തിരിച്ചടിയായത്. സെഞ്ചുറിനേടിയ ഓപ്പണർ മായങ്ക് അഗർവാളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.
Content Highlights: ranji trophy final
Published: 28 Feb 2026, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented