കൊൽക്കത്ത: രഞ്ജി ട്രോഫി സെമിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജമ്മു കശ്മീരിനെതിരേ ബംഗാളിനായി എട്ടുവിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സിൽ ഷമി പിഴുതെടുത്തത്. അതോടെ ആദ്യ ഇന്നിങ്‌സിൽ 26 റൺസിന്റെ ലീഡ് സ്വന്തമാക്കാനും ബംഗാളിനായി. ആദ്യ ഇന്നിങസിൽ ബംഗാൾ 328 റൺസെടുത്തപ്പോൾ ജമ്മു 302 റൺസിന് പുറത്തായി.
മത്സരത്തിന്റെ മൂന്നാം ദിനം അഞ്ചുവിക്കറ്റുകൾ സ്വന്തമാക്കിയ ഷമി, ജമ്മു ബാറ്റിങ് നിരയെ ലീഡെടുക്കാൻ അനുവദിച്ചില്ല. രണ്ടാം ദിനം മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിൽ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ജമ്മുവിന്റെ ശേഷിക്കുന്ന അഞ്ചുവിക്കറ്റുകളും ഇന്ത്യൻ പേസർ പിഴുതെടുത്തു. അതോടെ ടീം 302 റൺസിന് കൂടാരം കയറി. ഇന്നിങ്‌സിൽ 22.1 ഓവർ എറിഞ്ഞ താരം 90 റൺസ് വിട്ടുകൊടുത്താണ് എട്ടുവിക്കറ്റെടുത്തത്. സമീപകാലത്ത് ആഭ്യന്തരക്രിക്കറ്റിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
2023 ഏകദിന ലോകകപ്പിനുശേഷം പരിക്കേറ്റ ഷമി, ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലാണ് താരം ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ടൂർണമെന്റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ താരവും ഷമിയായിരുന്നു.പിന്നീട് ടീമിലേക്ക് താരം പരിഗണിക്കപ്പെട്ടില്ല.
അടുത്തിടെ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ഷമിയും ചീഫ് സെലക്ടർ അജിത്ത് അഗാർക്കറും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഓസീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഷമി സെലക്ടർമാരെ വിമർശിച്ചിരുന്നു. ഫിറ്റായിരുന്നെങ്കിൽ ഷമി ടീമിലുണ്ടാകുമായിരുന്നുവെന്നാണ് പിന്നീട് അഗാർക്കർ പ്രതികരിച്ചത്. അദ്ദേഹം എന്തുവേണമെങ്കിലും പറയട്ടേയെന്നാണ് അഗാർക്കറുടെ പ്രതികരണത്തിന് ഷമി മറുപടി നൽകിയത്. ടീമിലെടുക്കാത്തതിലുള്ള അതൃപ്തി വെളിവാക്കുന്ന ഒട്ടേറെ പ്രതികരണങ്ങൾ ഷമിയുടെ ഭാഗത്തുനിന്നുണ്ടായി.
Content Highlights: mohammed shami bowling ranji trophy
Published: 17 Feb 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented