ദേശീയ പ്രാദേശിക ഭരണമാറ്റങ്ങളും പ്രാദേശിക പാർട്ടികളുടെ സ്വാധീനവും ചേർന്നതാണ് കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമിക. സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയാണ് സംസ്ഥാനം 2024-ൽ കടന്നുപോയത്. 2024-ലെ കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

To advertise here,

യുഡിഎഫ് കുതിപ്പ്, അക്കൗണ്ട് തുറന്ന് ബി.ജെ.പി.

ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ൽ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലത്തിനാണ് 2024-ലെ ലോക്സഭാ  തിരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്. 2019-ലെ ദയനീയ പരാജയത്തിന്റെ ആവർത്തനമായിരുന്നു എൽ.ഡി.എഫിന് ഇത്തവണയും. വോട്ട് വിഹിതത്തിൽ കുറവുണ്ടായെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാംവട്ടവും മികച്ച പ്രകടനം കാഴ്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞു.

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന ലോക്സഭാ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. തൃശ്ശൂരിൽ നിന്ന് ജനവിധി തേടിയ ബിജെപി സ്ഥാനാർഥി സുരേഷ് ​ഗോപി വിജയിച്ച് കേന്ദ്രമന്ത്രിസഭയിൽ ഇടം പിടിച്ചു. സുരേഷ്​ഗോപിയെ കൂടാതെ കേരളത്തിൽ നിന്ന് ബിജെപി നേതാവ് ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലെത്തി.

placeholder
George Kurian, Suresh Gopi | Photo: മാതൃഭൂമി
ജോർജ് കുര്യൻ, സുരേഷ് ഗോപി | Photo: മാതൃഭൂമി

കാഫിർ സ്ക്രീൻഷോട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കിയാണ് കാഫിർ വാട്‌സാപ്പ് സന്ദേശവിവാദം കത്തിപ്പടർന്നത്. എം.എസ്.എഫ്. ജില്ലാസെക്രട്ടറി പി.കെ. മുഹമ്മദ് കാസിമാണ് കാഫിർ സന്ദേശം പങ്കുവച്ചതെന്നായിരുന്നു സിപിഎം വാദം. സന്ദേശം പുറത്തുവന്നതുമുതൽ യു.ഡി.എഫിനെതിരേ വ്യാപകമായ പ്രചാരണമായിരുന്നു നടന്നത്. 

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ മുഹമ്മദ് കാസിം പോസ്റ്റ് ചെയ്ത സന്ദേശമെന്ന പേരിലാണ് വ്യാജസന്ദേശം ഏപ്രിൽ 25-ന് പ്രചരിച്ചത്. എന്നാൽ, കാസിമിന്റെ ഫോണിൽനിന്ന് ഇത്തരമൊരു സന്ദേശം പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് കണ്ടെത്തുകയും കോടതിയെ അറിയിക്കുകയും ചെയ്തു. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് വന്നതെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. പോരാളി ഷാജി പേജിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്ന് പോലീസ് റിപ്പോർട്ട് നൽകി. വ്യാജ ആരോപണം കത്തിപ്പടർന്നിട്ടും വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചു. അതും കെ.കെ.ഷൈലജയെ തോൽപിച്ച്.

ഒ.ആർ. കേളു മന്ത്രിസഭയിലേക്ക്

ആലത്തൂരിൽനിന്ന് കെ. രാധാകൃഷ്ണൻ ലോക്സഭയിലെത്തിയതോടെ ഒഴിവുവന്ന മന്ത്രിസ്ഥാനം തേടിയെത്തിയത് മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളുവിനായിരുന്നു. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ്

placeholder
ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു | Photo: ANI

വയനാട് ജില്ലയിൽനിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവർഗ നേതാവ് കൂടിയാണ് ഒ.ആർ. കേളു. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ് അദ്ദേഹം.

പ്രിയങ്കയുടെ വയനാടൻ വിജയം

വയനാട് ലോക്സഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയോജകമണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകൾ വിവാദങ്ങൾക്കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

റായ്ബറേലിയിൽ വിജയിച്ചതോടെ രാഹുൽ ​ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാൻ തയ്യാറായതോടെയാണ് മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത്. പ്രിയങ്കാ ​ഗാന്ധി തിരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയതോടെ കോൺ​ഗ്രസ് വിജയം ഉറപ്പിച്ചെങ്കിലും വോട്ട് നിലയിൽ കാര്യമായ നേട്ടം കൈവരിക്കുകയെന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. സത്യൻ മോകേരിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോഴും വലിയ പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. എന്നാൽ, വോട്ടിങ് ശതമാനം കുറഞ്ഞത് വയനാട്ടിൽ കോൺ​ഗ്രസിനെ തെല്ലൊന്ന് ആശങ്കയിലാഴ്ത്തിയെങ്കിലും ഇതെല്ലാം അസ്ഥാനത്താക്കുന്നതായി പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയം. 404619 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രിയങ്കയുടെ വിജയം. ഇതോടെ രാഹുലിന്റെ 2024 ലെ ഭൂരിപക്ഷത്തെപ്പോലും പ്രിയങ്ക മറികടന്നു. വയനാട് ലോക്‌സഭാമണ്ഡലത്തിൽ വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും പരാജയത്തിനുമപ്പുറം വോട്ടുചോർന്ന് ബലംകുറയുന്ന മുന്നണിയായി വയനാട്ടിൽ എൽ.ഡി.എഫ്. മാറിയത് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്.

placeholder
പ്രിയങ്ക ​ഗാന്ധി: Photo: Sansad TV

ചേലക്കര എംഎൽഎയായിരുന്ന കെ. രാധകൃഷ്ണനും പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരു നിയോജകമണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത്. 

പാലക്കാട് നിയോജകമണ്ഡലത്തിൽ ഷാഫിക്ക് പിൻ​ഗാമിയായി കോൺ​ഗ്രസ് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തലിനെ പ്രഖ്യാപിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട പി. സരിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സി. കൃഷ്ണകുമാറായിരുന്നു എൻഡിഎ സ്ഥാനാർഥി. രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം തന്നെയായിരുന്നു പാലക്കാട്.

സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും സോഷ്യൽ മീഡിയയിൽ നിർത്തിപ്പൊരിച്ച ഡോ. പി. സരിൻ ഒറ്റനിമിഷം കൊണ്ട് കളംമാറി മുന്നണിലെത്തിയത് ​ഗുണം ചെയ്യുമെന്ന എൽഡിഎഫ് പ്രതീക്ഷിയും ബിജെപി അനുകൂല പ്രദേശങ്ങളിലെ പിന്തുണയും യുഡിഎഫ് എൽഡിഎഫ് വിരുദ്ധവികാരങ്ങളും പിന്തുണക്കുമെന്ന എൻഡിഎ കണക്കുക്കൂട്ടലകളും കാറ്റിൽ പറത്തുന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് ഫലം. പാലക്കാട് ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തെ കടത്തിവെട്ടിയാണ് രാഹുൽ പാലക്കാട്ട് വിജയക്കൊടി പാറിച്ചത്. 

placeholder
From the swearing in ceremony of Rahul Mamkootathil and UR Pradeep
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യുന്നു

സർക്കാരിനും ഇടതുപക്ഷത്തിനും രാഷ്ട്രീയമായി പിടിച്ചുനിൽക്കാനാകുന്ന ആശ്വാസവിധിയായിരുന്നു ചേലക്കര നൽകിയത്. തുടർച്ചയായ ഏഴാം തവണയും മണ്ഡലം ചുവപ്പണിഞ്ഞത് വയനാട്ടിലെയും പാലക്കാട്ടെയും കനത്ത തിരിച്ചടിയിലും പാർട്ടിക്ക് പിടിവള്ളിയായി. സർക്കാർ വിരുദ്ധവികാരം തുണയ്ക്കുമെന്ന് കരുതിയ കോൺ​ഗ്രസിന് കനത്ത തിരിച്ചടി നൽകിയ വിജയം. എതിർ സ്ഥാനാർഥിയായ രമ്യ ഹരിദാസിനെതിരെ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടുകളിലും വൻ മുന്നേറ്റം കാഴിചവെച്ചാണ് യു.ആർ പ്രദീപ് വിജയപടികൾ കയറിയത്. മണ്ഡലത്തിൽ വോട്ടുവർധിപ്പാക്കാനായത് ബി.ജെ.പിക്കും നേട്ടമായി മാറി. മണ്ഡലചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കെ.ബാലകൃഷ്ണനിലൂടെ ബി.ജെ.പി ചേലക്കരയിൽ കാഴ്ചവെച്ചത്. 

അൻവറിന്റെ വെളിപ്പെടുത്തലുകൾ

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്ന വിഷയമായിരുന്നു നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ വെളിപ്പെടുത്തലുകൾ. മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി.  അൻവർ മുഖ്യമന്ത്രിയെ അടക്കം പ്രതിരോധത്തിലാക്കി. മകളുമായി ബന്ധപ്പെട്ട കേസുകൾ പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രി എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരായ ആരോപണങ്ങളിൽ മൗനംപാലിക്കുന്നതെന്നടക്കമുള്ള ആരോ​പണങ്ങളാണ് പി.വി.  അൻവർ ഉന്നയിച്ചത്. പിന്നാലെ അൻവറുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി സി.പി.എം. സംസ്ഥന സെക്രട്ടറി എംവി ​ഗോവിന്ദന്റെ പ്രഖ്യാപനവും അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പാർട്ടി പ്രഖ്യാപനവും വലിയ രാഷ്ട്രീയ ചർച്ചകൾ വഴി തുറന്നിരുന്നു.

placeholder
പി.വി. അൻവർ, എം.ആർ അജിത്കുമാർ | Photo: Mathrubhumi

എ.ഡി.ജി.പി. എം.ആർ. അജിത്കുമാറും വിവാദങ്ങളും

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിക്കെതിരേ ഉയർന്ന ​ഗുരുതര ആരോപണങ്ങൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും രാം മാധവിനെയും കണ്ടത് തൃശ്ശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ശക്തമായത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാത്തത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായി. പിന്നാലെ ഡി.ജി.പി. പദവിയിലേക്ക് അജിത്കുമാറിനെ ശുപാർശ ചെയ്തതും വിവാദങ്ങൾക്ക് വഴി തുറന്നു.

തൃശ്ശൂർ പൂരം കലക്കൽ

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപടർന്നതും ഈ വർഷമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടായിരുന്നു ഇത്തവണ തൃശ്ശൂർ പൂരം. തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ ആസൂത്രിതമായി നടന്ന അട്ടിമറി പ്രവർത്തനമാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നാണ് ആരോപണം.

പൂരം അലങ്കോലപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യുമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സുരേഷ്‌ഗോപിയും മറ്റുനേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി സ്ഥലത്തെത്തിയത്  ആസൂത്രിത അജണ്ടയുടെ ഭാഗമാണെന്നാണ് ഉയർന്ന ആരോപണം. പൂരം അലങ്കോലപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മാസങ്ങളോളം വൈകിയതും വിവാദങ്ങൾക്ക് വഴി തുറന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പൂരം കലക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണെന്നും ഇതിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്നുമുള്ള ആരോപണങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി.

ചുവടുമാറ്റി നേതാക്കൾ

2024 വിവിധ നേതാക്കളുടെ പാർട്ടിമാറ്റംകൊണ്ടും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിച്ച വർഷമായിരുന്നു. കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതും അവ​ഗണന ആരോപിച്ച് സന്ദീപ് വാര്യർ ബി.ജെ.പി. വിട്ട് കോൺ​ഗ്രസിൽ ചേക്കേറിയതും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടി പി സരിൻ എൽ.ഡി.എഫിലെത്തിയതും വലിയ വാർത്തകളായിരുന്നു. സി.പി.എം. മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബി.ജെ.പിയിൽ ചേർന്നതും ബി.ജെ.പി. മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നതും ഇക്കാലയളവിലാണ്. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസിന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന സെബിൻ എബ്രഹാം സി.പി.എം. അം​ഗത്വം സ്വീകരിച്ചതും വാർത്തകളായിരുന്നു. പ്രമുഖ മുന്നണികളിൽ നിന്ന് യുവ നേതാക്കളുൾപ്പെടെ മറ്റു പാർട്ടികളിലേക്ക് ചേക്കേറിയത് പാർട്ടികളെ പ്രതിരോധത്തിലാക്കിയിരുന്നു. 

placeholder
പത്മജ വേണുഗോപാൽ, സന്ദീപ് വാര്യർ | Photo: Mathrubhumi

സമസ്ത - ലീഗ് വിഷയം 

സി.ഐ.സി. (കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ്) സംവിധാനത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സമസ്തയിലെ പ്രശ്‌നങ്ങളുടെ ആരംഭം. സി.ഐ.സി.യുടെ പ്രവർത്തനം സമസ്തയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാകണമെന്ന് സംഘടന നിലപാടെടുത്തപ്പോൾ സി.ഐ.സി. ഇത് ഉൾക്കൊണ്ടില്ല. അതോടെ, സി.ഐ.സി. ചെയർമാൻകൂടിയായ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേ ഒരു വിഭാ​ഗം തിരിഞ്ഞു. 

ലീഗിനോടുള്ള സമീപനത്തെച്ചൊല്ലിയും സമസ്തയിൽ ചേരിതിരിവുണ്ടായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗിനെതിരേ വിമർശനമുയർത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരേയും വിമർശനമുയർന്നു. ഇതോടെയാണ് വിഷയം ലീഗ്-സമസ്ത പ്രശ്‌നമായി മാറിയത്. സാദിഖലി തങ്ങളെയടക്കം അധിക്ഷേപിക്കുന്ന തലത്തിലേക്ക് ഉമർ ഫൈസി കടന്നതോടെ സമസ്തയിലെ ആഭ്യന്തര തർക്കം മറനീക്കി പുറത്തുവന്നു. കോഴിക്കോട്ടുനടന്ന മുശാവറ യോഗത്തിലെ പൊട്ടിത്തെറിയും ജിഫ്രി തങ്ങളുടെ ഇറങ്ങിപ്പോക്കും പ്രശ്നങ്ങളുടെ ആക്കം കൂട്ടി.

എൻ.സി.പി. മന്ത്രിമാറ്റം

രണ്ടാം പിണറായി മന്ത്രിസഭയിലെ എൻസിപി മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയമായി മാറിയിരുന്നു. എൻ.സി.പിയിലെ രണ്ട് എം.എൽ.എമാരും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. പി.സി. ചാക്കോ എൻ.സി.പി. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റപ്പോൾ മന്ത്രിസ്ഥാനം പങ്കുവെക്കാൻ ധാരണയില്ലെന്നാണ് ആദ്യം നിലപാട് സ്വീകരിച്ചതെങ്കിലും പിന്നീട് പി.സി ചാക്കോയും തോമസ് കെ. തോമസിന്റെ ആവശ്യത്തെ പിന്തുണച്ചു. ഇതോടെ മന്ത്രിമാറ്റ ചർച്ചകൾ സജീവമായി.

placeholder
AK Saseendran, Thomas K Thomas | Photo: C Sunil Kumar, C Biju \ Mathrubhumi
എ.കെ.ശശീന്ദ്രൻ, തോമസ്.കെ.തോമസ് | Photo: Mathrubhumi

സംസ്ഥാന നേതൃത്വത്തിന് വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെ ദേശീയ നേതൃത്വത്തെ സമീപിച്ചു. എന്നാൽ, എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടികാഴ്ചയിലും സമവായത്തിലെത്താൻ സാധിക്കാതെവന്നതോടെ  മുഖ്യമന്ത്രിയെ കാണാൻ നിർദേശിച്ചു. എന്നാൽ, പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിയമസഭാ സമ്മേളനം കഴിഞ്ഞ് മന്ത്രിമാറ്റം ആലോചിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ചർച്ചകൾക്ക് താത്കാലിക വിരാമമായെങ്കിലും ഇപ്പോൾ വീണ്ടും എൻസിപിയിലെ മന്ത്രിമാറ്റം വീണ്ടും സജീവമായിട്ടുണ്ട്. 

എ. ജയതിലക് - എൻ. പ്രശാന്ത് പോര്

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിച്ചതിന് എൻ. പ്രശാന്ത് ഐഎഎസ് സസ്പെൻഷനിലായ സംഭവം രാഷ്ട്രീയ ചർച്ചകളിൽ ഇടംനേടിയിരുന്നു. പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടായിരുന്നു ഉദ്യോ​ഗസ്ഥ പോരിലേക്ക് നയിച്ചത്.  

പട്ടികജാതി-വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഉന്നതി സി.ഇ.ഒ. ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്. ഉന്നതിയുടെ പ്രവർത്തനം തന്നെ സ്തംഭിച്ച അവസ്ഥയിലാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെ ജയതിലകിനെതിരെ പ്രശാന്ത് രം​ഗത്തെത്തി. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയാണ് ജയതിലകെന്ന് ഫെയ്സ്ബുക്കിൽ കുറിച്ച പ്രശാന്ത് അദ്ദേഹത്തെ മാടമ്പള്ളിയിലെ മനോരോ​ഗിയെന്നും വിശേഷിപ്പിച്ചത് ചർച്ചയാകുകയും പിന്നാലെ അച്ചടക്ക നടപടികളുടെ ഭാ​ഗമായി പ്രശാന്ത് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. 

placeholder
Kerala's Additional Chief Secretary A. Jayathilak and Special Secretary (Agriculture) N. Prasanth | Photos: Screen grab / Mathrubhumi News, Mathrubhumi Library
എൻ. പ്രശാന്ത്, ഡോ. എ. ജയതിലക്

എ.ഡി.എം. നവീൻ ബാബുവിന്റെ മരണം

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പി.പി ദിവ്യയുടെ ആരോപണം.

പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ എ.ഡി.എം. വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു. 

ഇ.പി.ജയരാജൻ-പ്രകാശ് ജാവഡേക്കർ വിവാദം

വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കിയായിരുന്നു ഇ.പി. ജയരാജൻ വിവാദം പുറത്തുവന്നത്. ബി.ജെ.പി.-സി.പി.എം. രഹസ്യബന്ധമെന്ന യു.ഡി.എഫ്. ആരോപണം നിലനിൽക്കേ ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജൻതന്നെ തുറന്നുപറഞ്ഞത് സിപിഎമ്മിനെ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. പ്രഭാരി പ്രകാശ് ജാവഡേക്കറിനെ കണ്ടിരുന്നുവെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകളും സി.പി.എമ്മിനെയും ജയരാജനെയും വെട്ടിലാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് ദിവസം ഉടലെടുത്ത ആത്മകഥാ വിവാദവും വലിയ വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. 

placeholder
EP Jayarajan, Prakash Javadekar| Photo: PTI, Mathrubhumi
ഇപി ജയരാജൻ, പ്രകാശ് ജാവദേക്കർ| Photo: PTI, Mathrubhumi

മെക് സെവൻ

ആരോഗ്യ സംരക്ഷണത്തിന് 21 മിനിറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലബാറിൽ ഏറെ ശ്രദ്ധ നേടിയ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വിവാദങ്ങളും ഉടലെടുത്തതും ഈ വർഷമാണ്. മലപ്പുറം തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദ്ദീനാണ് മെക് സെവൻ സ്ഥാപകൻ. 2022-ൽ തുടങ്ങിയ മെക് സെവൻ മലബാറിൽ രണ്ട് വർഷത്തിനുള്ളിൽ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. ഒരു വ്യായാമ പദ്ധതിയെന്ന നിലയിൽ വലിയ സ്വീകാര്യത കിട്ടിയെങ്കിലും ഇതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിക്കും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനും കയ്യുണ്ടെന്നാണ് ഉയർന്ന ആരോപണം. 

കേരളാ ​ഗവർണർക്ക് മാറ്റം

സംസ്ഥാന സർക്കാരും ​ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിൽ  ഡിസംബർ 24-നാണ് ആരിഫ് മുഹമ്മദ് ഖാന് ​ബിഹാർ ​ഗവർണറായി സ്ഥാനമാറ്റം നൽകിയത്. ബിഹാർ ​ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പുതിയ കേരളാ ​ഗവർണർ.  കാലവധി അവസാനിച്ചതിനെ തുടർന്നുള്ള സ്വഭാവികമായ നടപടി മാത്രമായിരുന്നു ഇത്.

തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും രാഷ്ട്രീയ ചേരിതിരിവുകളുമൊക്കെയായി ഏറെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷംകൂടിയാണ് 2024. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങളും അതുപോലെ വിവിധ വിഷയങ്ങളിൽ ഉടലെടുത്ത വിദ്യാർഥി പ്രക്ഷോഭങ്ങളും 2024-ന്‍റെ അവസാന ദിനങ്ങളിലും രാഷ്ട്രീയ കേരളത്തിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്.