തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.എം.എസുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഓർമകളും പങ്കുവെച്ച് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിന്റെ എഴുപതാം പിറന്നാളിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്കോമിന്റെ അഭിമുഖ പരിപാടിയിലാണ് തിരുവഞ്ചൂർ തന്റെ കലാലയ രാഷ്ട്രീയത്തെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രി എടുത്ത നിലപാടിനെക്കുറിച്ചും കല്ല്യാശ്ശേരി എംഎൽഎ എം.വിജിനുമായി സംസാരിച്ചത്.

To advertise here,

ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ വെച്ചുണ്ടായ സംഭവമാണ് അദ്ദേഹം വിവരിച്ചത്. യൂത്ത് ഫെസ്റ്റിവലിന്റെ തലേദിവസം അഞ്ചൽ കോളേജിൽ വെടിവെപ്പുണ്ടായിരുന്നു. തുടർന്ന് അന്നത്തെ ജില്ലാ കെ.എസ്.യു. പ്രസിഡന്റായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകർ ചേർന്ന്, യൂത്ത് ഫെസ്റ്റിവലിൽ ഇ.എം.എസ്. പ്രസംഗം ആരംഭിച്ചപ്പോൾ അപ്രതീക്ഷിതമായി പ്രതിഷേധം നടത്തുകയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രിക്ക് പ്രസംഗം അവസാനിപ്പിച്ച് വേദി വിടേണ്ടിവന്നു.

പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെടുകയും തിരുവഞ്ചൂർ ഉൾപ്പെടെയുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ യാതൊരു കേസും എടുക്കരുതെന്നും അവരെ എല്ലാവരെയും ഉടൻ വിട്ടയക്കണമെന്നും ഇ.എം.എസ്. പോലീസിന് നിർദേശം നൽകുകയായിരുന്നു. കൂടാതെ, വിദ്യാർഥികളുയർത്തിയ വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനായി പി.എസ്. ശ്രീനിവാസനെ ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹം കെ.എസ്.യു. നേതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഇത്തരം ഒരു പ്രതിഷേധമുണ്ടാകുമ്പോൾ പ്രതീക്ഷിക്കുന്ന പ്രതികരണങ്ങൾക്ക് വിപരീതമായി ഇ.എം.എസ്. കാണിച്ച ഈ സമീപനം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.