
ആലപ്പുഴ: യു.ഡി.എഫ്. സർക്കാരിന്റെ ഭരണം ആറാംമാസത്തിലേക്കു കടന്നിട്ടും വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ഭാരവാഹികളെ നിശ്ചയിക്കാനായില്ല.
യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതിഷേധത്തിന്റെ പേരിലാണ് ഇപ്പോൾ ഭാരവാഹികളെ നിശ്ചയിക്കാത്തതെന്നു പറയുന്നു. യു.ഡി.എഫ്. യോഗവും ചേരുന്നില്ല.
ഭരണം കിട്ടിയശേഷം ഒരുതവണ മാത്രമാണു യു.ഡി.എഫ്. യോഗം ചേർന്നത്. അന്ന്, ഘടകകക്ഷികൾ ആഗ്രഹിക്കുന്ന നിയമനങ്ങളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അവർ പട്ടിക കൈമാറി. ഡി.സി.സി. പ്രസിഡന്റുമാർ മുഖാന്തരം പട്ടിക, കെ.പി.സി.സി.യെ ഏൽപ്പിക്കുകയും ചെയ്തു.
എന്നാൽ, യു.ഡി.എഫ്. യോഗം ചേരാത്തതിനാൽ പട്ടിക പരിശോധിച്ച് തീരുമാനമെടുക്കാനായിട്ടില്ല.
യു.ഡി.എഫ്. ചെയർമാൻ കൂടിയായ മുഖ്യമന്ത്രി മുൻകൈയെടുക്കാത്തതിനാലാണു യോഗം വിളിക്കാത്തതെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തിയിരുന്നു.
യോഗം കൃത്യമായി നടത്താതെയും നേതാക്കളുമായി കാര്യങ്ങൾ ചർച്ചചെയ്യാതെയും മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നു. എ.ഐ.സി.സി.ക്കു പരാതിയും നൽകി.
ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻസ്ഥാനം എം.കെ. മുനീറിനു നൽകിയതും വിവിധ അക്കാദമി ഭാരവാഹികളെ നിശ്ചയിച്ചതും അറിയിക്കാത്തതും അടൂർ പ്രകാശിനെ ചൊടിപ്പിച്ചിരുന്നു.
പ്രധാന നേതാക്കൾ മന്ത്രിസഭാ യോഗത്തിലുള്ളതിനാൽ മുന്നണിയോഗം പ്രത്യേകമായി വിളിക്കേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയെന്നു പറയുന്നു.
അക്കാദമികളിലും മറ്റും ചെയർമാൻ, സെക്രട്ടറി നിയമനങ്ങളാണു നടത്തിയത്. നിർവാഹകസമിതിയിലും ജനറൽ കൗൺസിലിലും അംഗങ്ങളായിട്ടില്ല.
Content Highlights: UDF government struggles to appoint members to various boards and corporations in its sixth month.
Published: 02 Nov 2026, 07:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented