തിരുവനന്തപുരം: സ്വകാര്യ ഓൺലൈൻ വൈദ്യുതി വിൽപ്പന ഫ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉയർത്തിയ വാദങ്ങളും കെ.എസ്.ഇ.ബി.യുടെ നിലപാടും പരസ്പരവിരുദ്ധം. ജി.എൻ.എ.യിൽനിന്ന് വാങ്ങുന്നതാണ് ലാഭകരമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് എന്തുകൊണ്ട് അധികബാധ്യതയും നിയമപ്രശ്നവും ഉണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. കൊമേഴ്‌സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനിയർ തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു. ഈ കുറിപ്പാണ് സർക്കാരിന് അന്നത്തെ ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം കൈമാറിയത്. തുടർന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമാറ്റം.

To advertise here,

പുതിയ കരാർ വിവാദം

സെപ്റ്റംബറിൽ വൈദ്യുതിനിയന്ത്രണം വേണ്ടിവന്നത് വലിയ പ്രശ്നമായതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി എത്തിക്കാൻ നീക്കംനടത്തി. യൂണിറ്റിന് 20 രൂപയായിരുന്നു വില. വൈദ്യുതി ആവശ്യമില്ലാത്ത പകലും വലിയവിലയ്ക്ക് വാങ്ങേണ്ടിവരുമെന്നതിനാൽ ശരിക്കുള്ള ബാധ്യത 30 രൂപയിൽ കൂടുതലാകുമെന്നുകണ്ട് വേണ്ടെന്നുവെച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, വൈദ്യുതി കിട്ടാനില്ലാതെ സംസ്ഥാനം കറങ്ങിത്തിരിഞ്ഞ് ഹിമാചലിൽത്തന്നെ എത്തി. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഹിമാചൽ പവർ കോർപ്പറേഷനുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഒക്ടോബറിൽ അവിടെനിന്ന് യൂണിറ്റിന് 14.5 രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചു. ഇങ്ങനെ നിയന്ത്രണം ഒഴിവാക്കാനായി. പവർ ട്രേഡിങ് കോർപ്പറേഷന്റെ ഇടനിലയിലാണ് വാങ്ങിയത്. മേയ്‌വരെ നൽകാൻ ഹിമാചൽ തയ്യാറായിരുന്നു. അപ്പോഴാണ് ജി.എൻ.എ. എനർജി എന്ന സ്വകാര്യ ഓവർ ദ കൗണ്ടർ ഫ്ലാറ്റ്ഫോം കമ്പനി 8.63 രൂപയ്ക്ക് മാർച്ചുവരെ പകലും രാത്രിയിലും 500 മെഗാവാട്ട് നൽകാമെന്ന വാഗ്ദാനവുമായെത്തിയത്.

എന്താണ് പ്രശ്നം?

ജി.എൻ.എ. എനർജി വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. വിവിധ ഉത്പാദന കമ്പനികളുടെ വൈദ്യുതി വിൽക്കാനുള്ള പ്ളാറ്റ്ഫോമാണത്. ഇപ്പോഴത്തെ കരാറിൽ യൂണിറ്റിന് 15 പൈസ പ്ലാറ്റ്ഫോം ഫീസ് നൽകണം. കെ.എസ്.ഇ.ബി. പോലുള്ള വിതരണ ഏജൻസികൾക്ക് ഇവരിൽനിന്ന് നേരിട്ട് വൈദ്യുതി വാങ്ങാൻ കേന്ദ്ര റെഗുലേറ്ററി കമ്മിഷനിൽനിന്ന് നിയമപരമായ അനുമതിയില്ലെന്നാണ് ബോർഡ് സർക്കാരിനെ അറിയിച്ചത്.

കെ.എസ്.ഇ.ബി.ക്ക് വൈദ്യുതി വാങ്ങണമെങ്കിൽ ടെൻഡർ വിളിക്കണം. അല്ലെങ്കിൽ റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച വിലയ്ക്ക് ഉഭയകക്ഷി കരാർ വെക്കണം. അടിയന്തരഘട്ടങ്ങളിൽ കേന്ദ്ര നിയന്ത്രണമുള്ള പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വാങ്ങാം. അല്ലാതെ ഒരു ഏജൻസിയും ബോർഡും തമ്മിലുള്ള വാങ്ങൽ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കമ്മിഷന്റെ അനുമതി കിട്ടില്ലെന്നുമാണ് ബോർഡ് അറിയിച്ചത്. ഇതിനുപുറമേയാണ് ഇവരിൽനിന്ന് പകലും വാങ്ങേണ്ടിവരുന്നതിലെ അധികബാധ്യതയുടെ പ്രശ്നം. ഹിമാചലിൽനിന്ന് കിട്ടുന്നത് 88.41 കോടി യൂണിറ്റ് വൈദ്യുതിയാണ്. ജി.എൻ.എയിൽനിന്ന് 181.2 കോടി യൂണിറ്റും. എന്നാൽ, ജി.എൻ.എ.യിൽനിന്ന് ഈ വിലയ്ക്ക് പകൽ അനാവശ്യമായി കൂടുതൽ വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബി. നിലപാട്.