തൃശ്ശൂർ: ബി.ജെ.പി.യുടെ തൃശ്ശൂർ വിജയം പെട്ടെന്ന്‌ സംഭവിച്ച ഒരു അദ്‌ഭുതമല്ല. പാർട്ടിക്കിത് അഞ്ചുവർഷത്തെ പ്രവർത്തനത്തിന്റെ ഫലപ്രാപ്തിയാണ്. ചിട്ടയോടെയുള്ള പ്രവർത്തനമാണ് ജയത്തിലേക്ക് എത്തിയത്. 2019 മുതൽ സുരേഷ്‌ഗോപി തൃശ്ശൂരിലുണ്ട്. പലതരത്തിൽ ഇടപെടലുകൾ നടത്തി പലവിഭാഗങ്ങളെ വശത്താക്കാനുള്ള നീക്കങ്ങൾ വളരെക്കാലമായി നടന്നിരുന്നു. എന്നാൽ, എതിർകക്ഷികൾ ഇതൊന്നും വേണ്ടവിധം കണക്കിലെടുത്തതുമില്ല.

To advertise here,

ആളുകളിലേക്ക് ഇറങ്ങിച്ചെല്ലലിന്റെ പ്രധാന മുഖം എസ്.ജി. കോഫി ടൈം ആയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ സുരേഷ്‌ഗോപിയോട്‌ പറയാനും അതിന്റെ പ്രതിവിധി കണ്ടെത്താനുമുള്ള അവസരമായാണ് ഇത്‌ സംഘടിപ്പിച്ചത്. ഹൈവേ വികസനം, കുടിവെള്ളക്ഷാമം തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ഇതിൽ വന്നു. തൃശ്ശൂർ ലോക്‌സഭാമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കാൻ ഇവർക്കായി.

വിഷുക്കോടിയും കൈനീട്ടവുമായി സുരേഷ്‌ഗോപി ആളുകൾക്കിടയിൽ ഇറങ്ങിയിരുന്നു. വിഷുവിന്റെ ഭാഗമായിത്തന്നെ വാദ്യകലാകാരന്മാർക്ക് ആദരം ഒരുക്കി. വാദ്യ-മേളകലാകാരന്മാരുടെ പ്രശ്‌നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കുകയെന്ന ആശയം അദ്ദേഹം ഇതിൽ മുന്നോട്ടുവെച്ചു. ഒരുകോടി രൂപ ഇതിനായി സംഭാവനചെയ്യാമെന്ന് ഏൽക്കുകയും ചെയ്തു. പൂരസമൂഹത്തെ മൊത്തത്തിൽ കൈയിലെടുക്കുന്ന നീക്കമായിരുന്നു ഇത്.

വോട്ടുചേർക്കലിലും ബി.ജെ.പി. ഒരുപടി മുന്നിൽ നിന്നു. തിരഞ്ഞെടുപ്പിന്റെ ഒരുവർഷം മുമ്പുതന്നെ വോട്ടുചേർക്കൽ ആരംഭിച്ചു. വിവിധ ഘട്ടങ്ങളിലായി 80,000 വോട്ടുകൾ ബി.ജെ.പി. ചേർത്തു. ഇതിൽ 75 ശതമാനം വോട്ടുകൾ പോൾ ചെയ്യിക്കാനുമായി. ഈ വോട്ടുചേർക്കൽ എതിർപാർട്ടികൾ തിരിച്ചറിയുന്നത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് മാത്രമാണ്. അധികമായി ചേർത്ത വോട്ട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ബൂത്തുതല പ്രവർത്തനങ്ങളും ബി.ജെ.പി. ശക്തമാക്കിയിരുന്നു. മണ്ഡലത്തിലെ 1215 ബൂത്തുകളിലും ചുമതലക്കാരെ നിശ്ചയിച്ചു. ബി.ജെ.പി.യുടെ തൃശ്ശൂർ തിരഞ്ഞെടുപ്പുചരിത്രത്തിൽ ആദ്യമായാണ് എല്ലാ ബൂത്തുകളിലും ആളുകളെ നിയോഗിക്കാനാകുന്നതെന്ന് ബി.ജെ.പി. പ്രവർത്തകർത്തന്നെ പറയുന്നു. ബൂത്ത് ഏജന്റുമാർക്ക് പരിശീലനവും നൽകി. വീടുകൾ കയറിയിറങ്ങലിലും ബി.ജെ.പി. മേൽക്കൈ നേടിയെടുത്തു. ഏഴും എട്ടും തവണയാണ് ഓരോയിടത്തും വീടുകൾ കയറിയിറങ്ങിയത്.

ഏഴിൽ ആറിലും എൻ.ഡി.എ.

തൃശ്ശൂർ ലോക്‌സഭാമണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും എൻ.ഡി.എ. നടത്തിയത് വൻ വോട്ടുവേട്ട. ആറിടത്തും മുന്നണി ഒന്നാംസ്ഥാനത്തെത്തിയപ്പോൾ ഗുരുവായൂരിൽ മാത്രം മൂന്നാമതായി. 

വോട്ടെണ്ണലിനുമുൻപുള്ള കണക്കുകൂട്ടലിൽ ഗുരുവായൂരിലും ഒല്ലൂരിലും അല്പം പിന്നാക്കം പോകുമെന്നായിരുന്നു മുന്നണിനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കണക്കുകൂട്ടലിലുമധികം വോട്ട് സുരേഷ്ഗോപിയുടെ പെട്ടിയിൽ വീണു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകൾ പരിശോധിക്കുമ്പോൾ യു.ഡി.എഫിനും എൽ.ഡി.എഫിനും ഞെട്ടലുണ്ടാക്കുന്നതാണ് ഓരോ മണ്ഡലത്തിലെയും കണക്കുകൾ.

തൃശ്ശൂർ: എൻ.ഡി.എ.യ്ക്കും എൽ.ഡി.എഫിനും വോട്ടുകൂടി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 3,806 വോട്ടിന് തൃശ്ശൂർ നഷ്ടപ്പെട്ടയാളാണ് സുരേഷ് ഗോപി. എന്നാൽ, മൂന്നുവർഷത്തിനിപ്പുറം ലോക്‌സഭയിലേക്കു നടന്നുകയറുന്നത് ഇതേ മണ്ഡലത്തിൽ നിന്നു ലഭിച്ച 55,057 വോട്ടിന്റെകൂടി പിൻബലത്തിൽ. തൃശ്ശൂർ മണ്ഡലത്തിൽനിന്ന് ഇത്തവണ സുരേഷ് ഗോപിക്ക് ലഭിച്ചത് 17,416 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തായിരുന്നു എൻ.ഡി.എ.

തൃശ്ശൂർ നഗരത്തിലെ സവർണസമുദായങ്ങളുടെ പിന്തുണയോടൊപ്പം യു.ഡി.എഫിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷങ്ങളുടെ വോട്ടുകൂടി ഭിന്നിപ്പിക്കാൻ കൃത്യമായ കരുനീക്കങ്ങളിലൂടെ എൻ.ഡി.എ.യ്ക്കായി. 2019-ൽ 55,668 വോട്ട് നേടിയ യു.ഡി.എഫിന് ഇക്കുറി ലഭിച്ചത് 40,940. അതായത് 14,728 വോട്ടിന്റെ കുറവ്. അതേസമയം തൃശ്ശൂരിലെ മുൻ എം.എൽ.എ.യും മന്ത്രിയുമായിരുന്നിട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് കഴിഞ്ഞതവണത്തെക്കാൾ 3,143 വോട്ട് മാത്രമേ കൂടുതൽ നേടാനായുള്ളൂ. എൽ.ഡി.എഫ്. ഇത്തവണ നേടിയത് 34,253 വോട്ടാണ്. മൂന്നാംസ്ഥാനത്തുനിന്ന് മുന്നേറാനുമായില്ല.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. -44,263, യു.ഡി.എഫ്.- 43,317, എൻ.ഡി.എ.-40,457 എന്നിങ്ങനെയായിരുന്നു തൃശ്ശൂർ നിയോജകമണ്ഡലത്തിലെ വോട്ടുപങ്കിടൽ.

പുതുക്കാട്: ലീഡ് നേടി സുരഷ്ഗോപി

ഇടതു കോട്ടയായ പുതുക്കാട് മണ്ഡലത്തിലും വ്യക്തമായ മുൻതൂക്കം നേടി സുരേഷ് ഗോപി. നിയമസഭയിലേക്ക് സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രൻ കാൽലക്ഷത്തിലേറെ വോട്ടിന് വിജയിച്ച പുതുക്കാട് നിയോജക മണ്ഡലത്തിലെ ബി.ജെ.പി. യുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമായി.

പുതുക്കാട് ആകെ പോൾ ചെയ്ത 10,81,181 വോട്ടിൽ 62,635 വോട്ട് എൻ.ഡി.എ. നേടി. എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് 49,943 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥിയായ കെ. മുരളീധരന് 42,715 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ സുനിൽകുമാറിനെക്കാൾ 12,692 വോട്ടിന്റെ മേൽക്കെയാണ് സുരേഷ്‌ ഗോപിക്ക് പുതുക്കാട്ടുനിന്ന് ലഭിച്ചത്.

2019-ൽ യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപന് 5,842 വോട്ടിന്റെ ലീഡാണ് പുതുക്കാട് മണ്ഡലത്തിൽ ലഭിച്ചത്. ആകെ പോൾചെയ്ത 1,56,126 വോട്ടിൽ 56,848 വോട്ടാണ് അന്ന് യു.ഡി.എഫ്. നേടിയത്. എൽ.ഡി.എഫ്. സ്ഥാനാർഥി രാജാജി മാത്യു തോമസ് 51,006 വോട്ടും സുരേഷ്‌ ഗോപി 46,410 വോട്ടും നേടിയിരുന്നു.

ഇരിങ്ങാലക്കുട: എൻ.ഡി.എ. ഭൂരിപക്ഷം 13,016

നിയോജകമണ്ഡലത്തിൽ വൻ മുന്നേറ്റമുണ്ടാക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞു. 13,016 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. 59,515 വോട്ടാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ 46,499 വോട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ്. സുനിൽകുമാർ 45,022 വോട്ടും നേടി. ഇത്തവണ വലിയതോതിൽ വോട്ടുചോർച്ചയുണ്ടായത് യു.ഡി.എഫിനാണ്. കഴിഞ്ഞ തവണത്തേക്കാൾ 10,982 വോട്ടിന്റെ കുറവാണ് യു.ഡി.എഫിനുണ്ടായത്. യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് വലിയ തോതിൽ വോട്ടുചോർച്ചയുണ്ടായില്ലെന്ന് പറയാം. 1069 വോട്ടുകളാണ് എൽ.ഡി.എഫിന് കുറവുണ്ടായത്.

2019-നേക്കാൾ 16,658 വോട്ടാണ് സുരേഷ്ഗോപി കൂടുതലായി നേടിയത്. 2019-ൽ യു.ഡി.എഫ്. -57,481, എൽ.ഡി.എഫ്. -46,091, എൻ.ഡി.എ -42,857 എന്നിങ്ങനെയായിരുന്നു നേട്ടം.

ഗുരുവായൂർ: മൂന്നാമതെങ്കിലും എൻ.ഡി.എ.ക്ക് വോട്ട് നേട്ടം

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും റെക്കോഡ്‌ വോട്ട് നേടി എൻ.ഡി.എ. നില മെച്ചപ്പെടുത്തി. 45,049 വോട്ടാണ് ഗുരുവായൂർ നിയോജകമണ്ഡലത്തിൽനിന്നു സുരേഷ്ഗോപിക്ക് കിട്ടിയത്. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് 33,967 ആയിരുന്നു. അതായത് 11,082 വോട്ട് കൂടുതൽ എൻ.ഡി.എ.യ്ക്ക് വീണു. ഗുരുവായൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എൻ.ഡി.എ. നേടുന്ന റെക്കോഡ്‌ വോട്ടാണിത്. 

ഇത്തവണ മണ്ഡലത്തിൽ ഒന്നാമതെത്തിയ യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരന് 57,925 വോട്ടാണ് ലഭിച്ചത്. ന്യൂനപക്ഷവോട്ടുകൾ മറ്റിടങ്ങളേക്കാൾ ഗുരുവായൂരിൽ യു.ഡി.എഫ്. നേടി.

കഴിഞ്ഞ തവണ യു.ഡി.എഫിന്റെ ടി.എൻ. പ്രതാപൻ 65,160 വോട്ട് നേടി ഗുരുവായൂരിൽ ഒന്നാമതെത്തിയിരുന്നു. 50,519 വോട്ട് നേടി രണ്ടാമതെത്തിയ വി.എസ്. സുനിൽകുമാർ 2019-നേക്കാൾ 5,824 വോട്ട് കൂടുതൽ നേടി.

മണലൂർ: സുരേഷ്ഗോപിക്ക് നൽകിയത് 61,193 വോട്ട്

തൃശ്ശൂർ സ്വന്തമാക്കാൻ മണലൂർ നിയോജകമണ്ഡലത്തിൽനിന്നു സുരേഷ്ഗോപി നേടിയത് 61,193 വോട്ട്. രണ്ടാംസ്ഥാനത്തെത്തിയ സുനിൽകുമാറിനേക്കാൾ 8010 വോട്ടുകളാണ് സുരേഷ്ഗോപി മണലൂരിൽനിന്ന് നേടിയത്. 2019-ൽ സുരേഷ്ഗോപി മണലൂരിൽനിന്ന് നേടിയത് 44,765 വോട്ടുകളായിരുന്നു. ഇത്തവണ അധികമായി നേടിയത് 16,428.

വി.എസ്. സുനിൽകുമാർ മണലൂരിൽനിന്ന് 53,183 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ രാജാജി മാത്യു തോമസ് നേടിയതിനേക്കാൾ 2701 വോട്ട്‌ മാത്രമേ ഇടതുകോട്ടയായ മണലൂരിൽനിന്നു സുനിൽകുമാറിന് അധികമായി ലഭിച്ചുള്ളൂ.

മൂന്നാംസ്ഥാനത്തെത്തിയ കെ. മുരളീധരൻ 50,897 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ ടി.എൻ. പ്രതാപൻ നേടിയതാകട്ടെ 63,420. 12,523 വോട്ടിന്റെ കുറവാണ് ഇത്തവണ യു.ഡി.എഫിനുണ്ടായത്.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി മുരളി പെരുനെല്ലി 78,337 വോട്ടും, യു.ഡി.എഫ്. സ്ഥാനാർഥി വിജയ് ഹരി 48,461 വോട്ടും, എൻ.ഡി.എ. സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ 36,566 വോട്ടുമാണ് നേടിയത്.

ഒല്ലൂർ: എൻ.ഡി.എ. മുന്നിൽ

യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും മാറിമാറി പിന്തുണച്ചിട്ടുള്ള ഒല്ലൂരിൽ ഇതാദ്യമായി എൻ.ഡി.എ. മുന്നിൽ. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും മുൻതൂക്കം നൽകിയ ഒല്ലൂരിലെ വോട്ടർമാർ ഇത്തവണ രണ്ടുമുന്നണികളെയും കൈവിട്ടു. 58,996 വോട്ട് പിടിച്ച സുരേഷ് ഗോപി 10,363 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒന്നാംസ്ഥാനത്തെത്തി. 48,633 വോട്ടോടെ എൽ.ഡി.എഫ്. രണ്ടാമതെത്തി. 2019-ലെ ഒന്നാംസ്ഥാനക്കാരായ യു.ഡി.എഫ്. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു- 47,639. എൻ.ഡി.എ. ഇത്തവണ അധികമായി നേടിയത് 14,231 വോട്ടാണ്.

മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും സുരേഷ് ഗോപിക്കുതന്നെയാണ് മുൻതൂക്കം. കൃത്യമായ പ്രചാരണവും ഗൃഹസന്ദർശനവും മണ്ഡലത്തിലുടനീളം നടപ്പാക്കി എൻ.ഡി.എ. മുന്നേറ്റത്തിന് കളമൊരുക്കി. പുതിയ വോട്ടുകൾ പരമാവധി ചേർത്തു. മണ്ഡലത്തിലെ ഭൂരിപക്ഷക്കാരായ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കൂടുതൽ സമയം ചെലവഴിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. കുതിരാൻ, ഒല്ലൂർ വികസനം, മലയോര ഹൈവേ തുടങ്ങി മണ്ഡലത്തിലെ പോരായ്മകൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും എൻ.ഡി.എ.യ്ക്ക് ഗുണകരമായെന്നാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.

ചാഞ്ചാടിയാടി മണ്ഡലങ്ങൾ

ഓരോ തിരഞ്ഞെടുപ്പുകളിലും നിറം മാറുകയാണ് തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ഏഴ് മണ്ഡലങ്ങളിലും ലീഡ് യു.ഡി.എഫിനായിരുന്നു.

എന്നാൽ, പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏഴ് മണ്ഡലങ്ങളിലെയും സ്ഥിതി മാറി.

ഏഴ് മണ്ഡലങ്ങളിലും എൽ‍.ഡി.എഫ്. സ്ഥാനാർഥികളാണ് ജയിച്ചത്. ഇപ്പോൾ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി വീണ്ടും മാറി. ഏഴിൽ ആറ് മണ്ഡലങ്ങളിലും ലീഡ് ബി.ജെ.പി.ക്കാണ്. ഗുരുവായൂർ മണ്ഡലത്തിൽ മാത്രമാണ് ബി.ജെ.പി. പിന്നാക്കംേപായത്. ഇവിടെ ബി.ജെ.പി.സ്ഥാനാർഥിയായ സുരേഷ് േഗാപിക്ക് മൂന്നാം സ്ഥാനമാണ്.

ആകാംക്ഷയുടെ മുൾമുനയിൽ

അവധിദിവസത്തിന്റെ പ്രതീതിയായിരുന്നു വോട്ടെണ്ണൽ ദിനത്തിൽ നഗരത്തിൽ. തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുള്ള ആകാംക്ഷ ജനങ്ങളെ പുറത്തിറങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാവരും ടെലിവിഷന് മുൻപിലായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതോടെ ഫലത്തെ ചൊല്ലിയായി ആശങ്ക. പതിവിൽനിന്ന് വ്യത്യസ്തമായി റോഡിൽ സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു.

ഒട്ടേറെപേർ എത്തുന്ന ശക്തൻ മാർക്കറ്റിലടക്കം തിരക്ക് നന്നേ കുറഞ്ഞു. തിരഞ്ഞടുപ്പിന്റെ ആവേശം കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു. സ്വകാര്യ ബസുകളിലും യാത്രക്കാർ കുറവായിരുന്നു. രാവിലെ കളക്ഷൻ പതിവിലും കുറവായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. വൈകീട്ടായതോടെ സ്ഥിതി മാറി.

വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ച ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലും ആളുകൾ കൂടിനിൽക്കുന്നത് കാണാമായിരുന്നു. എങ്ങും തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചർച്ചയും സജീവമായിരുന്നു. വോട്ടെണ്ണലിന്റെ സമയത്ത് മഴ മാറിനിന്നതും ആവേശം ഇരട്ടിച്ചു.

ഇടത് ക്യാമ്പിൽ നിരാശ

വോട്ടെണ്ണൽ തുടങ്ങും മുൻപ് സി.പി.ഐ. ജില്ലാ കമ്മിറ്റി ഓഫീസ് സജീവമായിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ജയിക്കുമെന്ന പ്രതീക്ഷയിൽ പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി. ടെലിവിഷൻ ചാനലുകളുടെ ഒ.ബി. വാനുകൾ അടക്കം വലിയ മാധ്യമപ്പടയും നേരത്തെ സ്ഥാനം പിടിച്ചു.

തുടക്കത്തിൽ ജില്ലാ നേതാക്കളടക്കം സ്ഥലത്തുണ്ടായിരുന്നു. ബാലറ്റ് വോട്ടുകൾ ആദ്യം എണ്ണിത്തുടങ്ങിയപ്പോൾ വി.എസ്. സുനിൽകുമാർ മുന്നിലെത്തിയത് പ്രവർത്തകർക്ക് ആവേശമായി.

ഇ.വി.എം. വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ സാഹചര്യം മാറി. സുരേഷ് ഗോപിയുടെ ലീഡ് ക്രമമായി ഉയർന്നതോടെ ഇടതു ക്യാമ്പിൽ ആശങ്ക. ആദ്യം പിന്നാക്കം പോയെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ പ്രവർത്തർക്ക് ഉണ്ടായിരുന്നു. വിജയപ്രതീക്ഷ കൈവിട്ടതോടെ പ്രവർത്തകരും നേതാക്കളും സ്ഥലം വിട്ടു.