ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ X പോസ്റ്റിൽ KPCC പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്. സിവിലായും, ക്രിമിനലായും കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപെടുത്താൻ KPCC ഭാരവാഹികളോട് സുപ്രീം കോടതി നിർദേശിച്ചു. KPCC-ക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി അമിക്കസ് ക്യുറിയെ നിയമിച്ചു. കേസിൽ ഹാജരാകാൻ അറ്റോർണി ജനറലിനോടും സുപ്രീം കോടതി നിർദേശിച്ചു.

To advertise here,

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരെ അപകീർത്തികരമായ പരാമർശം KPCC-യുടെ ഔദ്യോഗിക X പേജിൽ വന്നതിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. ‘ഭരണഘടനയാണ് പരമോന്നതം. ഒരു വ്യക്തിക്കോ രാഷ്ട്രീയ സംഘടനയ്ക്കോ അതിന് മുകളിലാകാനാവില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട വിഷയമല്ല’ എന്നും കോടതി വ്യക്തമാക്കി.

‘കോടതിവിധികളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി നീതിനിർവഹണത്തെ ഭീഷണിപ്പെടുത്തുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ ആർക്കും അധികാരം ഇല്ല്ല’ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

‘കോടതിയുടെ അധികാരം നിയമവാഴ്ചയിൽ അധിഷ്ഠിതമാണ്; രാഷ്ട്രീയ അംഗീകാരത്തിന്റെ ആവശ്യമില്ല. കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമവും കർശനമായി നേരിടേണ്ടിവരും’ എന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ സംയമനത്തെ ദൗർബല്യമായി തെറ്റിദ്ധരിക്കരുതെന്നും ജസ്റ്റിസ് മാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോളി എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് KPCCയുടെ അഭിഭാഷകൻ, ഖേദപ്രകടനം ഹൃദയത്തിൽ നിന്നാണോയെന്ന് കോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ X പോസ്റ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് നീക്കിയെന്ന് KPCC-ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എം.ആർ. രമേശ് ബാബു കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ പാർട്ടി അധ്യക്ഷൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

നിർവ്യാജം ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാമെന്ന് രമേശ് ബാബു കോടതിയെ അറിയിച്ചു. എന്നാൽ ഖേദ പ്രകടനം ഹൃദയത്തിൽ നിന്നാണോയെന്ന് കോടതി ചോദിച്ചു. X പോസ്റ്റിൽ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ വിനീത് ജിൻഡാൽ, ശ്രീജേഷ് എസ്.ആർ. എന്നിവർ സുപ്രീം കോടതിക്ക് കത്ത് അയച്ചിരുന്നു. ഈ കത്ത് റിട്ട് ഹർജിയായി മാറ്റിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

കേസിൽ KPCC പ്രസിഡന്റിന് വേണ്ടി നോട്ടീസ് സ്വീകരിക്കാമെന്നും എല്ലാ ഭാരവാഹികൾക്കും നോട്ടീസ് അയക്കരുത് എന്നും സീനിയർ അഭിഭാഷകൻ രമേശ് ബാബു അഭ്യർത്ഥിച്ചു. എന്നാൽ എല്ലാ ഭാരവാഹികൾക്കും കോടതി നോട്ടീസ് അയച്ചു