ന്യൂഡൽഹി: നായരായതുകൊണ്ട് കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്ന നിലപാടിൽ ഉറച്ച് മുതിർന്ന നേതാവും എം.പി.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞത് വസ്തുതയാണ്. പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

അതേസമയം ഉണ്ണിത്താൻ പറഞ്ഞത് അദ്ദേഹത്തിന്റെ വിഷമമാണെന്ന് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. പരിഗണിക്കാതിരിക്കുന്നതിൽ ഒരു കാരണമാകുന്നത് അതാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. തന്നെക്കാൾ സീനിയറായ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതായി കണക്കാക്കിയാൽ മതിയെന്നും വാഴയ്ക്കൻ പറഞ്ഞു.

നായരായതുകൊണ്ടാണ് തനിക്ക് കെ.പി.സി.സി. അധ്യക്ഷപദവി നൽകാത്തതെന്നും പ്രധാന സ്ഥാനങ്ങളിലുള്ളവരെല്ലാം ഈ സമുദായത്തിൽനിന്നാണെന്ന കാരണമാണ് പറയുന്നതെന്നും കഴിഞ്ഞദിവസം ഉണ്ണിത്താൻ പറഞ്ഞിരുന്നു. സമുദായം നോക്കി സ്ഥാനങ്ങൾ നൽകിയിട്ട് കോൺഗ്രസിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. കെ.പി.സി.സി. അധ്യക്ഷനാവാൻ താൻ പൂർണ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു.