
'നിങ്ങള്‍ക്ക് ഒരു ശതമാനം അവസരമേയുള്ളൂ. ചിലപ്പോള്‍ ആ അവസരം മതിയാകും. എന്നാല്‍ ആ ഒരു ശതമാനത്തെക്കുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം. നിങ്ങള്‍ക്കത് പത്ത് പത്ത് ചേര്‍ത്ത് മുപ്പതാക്കി വളര്‍ത്തിയെടുക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ തയ്യാറാണോ? ആത്യന്തികമായി എന്തെങ്കിലും മാന്ത്രികത സൃഷ്ടിച്ചേക്കാം' ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി ഒരു കൂട്ടം ചെറുപ്പാക്കാരോട് മുമ്പ് പറഞ്ഞതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ ഉജ്ജ്വല വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍ കടന്നതോടെ കോലിയുടെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഈ സീസണില്‍ ആര്‍സിബിയുടെ പ്ലേഓഫിലേക്കുള്ള വഴിയും കോലിയുടെ ആ വാക്കുകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ചര്‍ച്ച. ഐ.പി.എല്‍. ചരിത്രത്തിലെ ഉജ്ജ്വലമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയില്‍ ഏറ്റവും പ്രധാന കഥാപാത്രമാണ് വിരാട് കോലിയെന്നതും ആകസ്മികം.
2024 ഐപിഎല്‍ സീസണിലെ ആദ്യ എട്ട് മത്സരത്തില്‍ ഏഴിലും തോറ്റ് പോയിന്റെ പട്ടികയില്‍ താഴെ നില്‍ക്കുന്ന ആര്‍സിബിയെ പലരും എഴുതി തള്ളി. പിന്നീടുള്ളത് കോലി മുമ്പ് പറഞ്ഞതുപോലെ ഒരു ശതമാനം അവസരം മാത്രമാണ് പ്ലേ ഓഫിലേക്ക് ആര്‍സിബിക്ക് മുമ്പിലുണ്ടായിരുന്നത്. തുടര്‍ന്നുള്ള ആറ് മത്സരങ്ങളിലും ജയിച്ച ആര്‍സിബി അവസാന മത്സരത്തില്‍ റണ്‍റേറ്റ് ഭീഷണിയും മറികടന്നാണ് ഒരു ശതമാനത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയിരിക്കുന്നത്.
പ്ലേ ഓഫിലേക്കെത്താനുള്ള അവസാന വഴിയായ ചെന്നൈക്കെതിരായ മത്സരത്തില്‍ ബെംഗളൂരുവിന് ജയിച്ചാല്‍ മാത്രം പോരായിരുന്നു, ഉയര്‍ന്ന റണ്‍റേറ്റും വേണമായിരുന്നു. 18 റണ്‍സിന് ജയിച്ചാല്‍ മുന്നേറാമായിരുന്ന ടീം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ലക്ഷ്യം നേടിയത്. ഇതിനിടെ മഴവന്ന് കളി അല്‍പ്പനേരം മുടങ്ങിയതും ആര്‍സിബിയുടെ നിശ്ചയദാര്‍ഢ്യത്തെ കീഴടക്കിയില്ല.
കൊല്‍ക്കത്ത, രാജസ്ഥാന്‍ റോയല്‍സ്, ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പം ആദ്യ നാലിലെത്തിയ ആര്‍സിബി ഇനി കിരീടംതൊട്ടാല്‍ അത് മറ്റൊരു ചരിത്രം.
വിരാട് കോലി ഏറെക്കുറെ കരയുകയായിരുന്നു. ഫാഫ് ഡു പ്ലെസിസിക്ക് സന്തോഷം അടക്കാനായിരുന്നില്ല. കളി കഴിഞ്ഞ് എംഎസ് ധോണിയെ കാണാനില്ലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുറത്താക്കി ആര്‍സിബി പ്ലേ ഓഫ് കടന്ന ശനിയാഴ്ച രാത്രി അതിനാടകീയമാണ് കടന്നുപോയത്. സ്‌റ്റേഡിയത്തിനകത്തും പുറത്തും ആഹ്ലാദാരവം. പുലര്‍ച്ചവരെയും ബെംഗളൂരു നഗരത്തില്‍ ആരാധകര്‍ ആനന്ദനൃത്തം ചവിട്ടിയും പടക്കംപൊട്ടിച്ചും ആഘോഷിച്ചു.
മുമ്പും പലതവണ ആര്‍സിബി ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. 2023-ലെ അവസാന ലീഗ് മത്സരത്തിലും ഇതേവേദിയില്‍ സമാനമായ പുറത്താകല്‍ ഭീഷണിയിലായിരുന്നു ആര്‍സിബി. ആദ്യ നാലിലെത്താന്‍ ജയം നിര്‍ബന്ധമായ മത്സരത്തില്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഗുജറാത്തിനെതിരെ ആര്‍സിബി 197 റണ്‍സടിച്ചെടുത്തു. ശുഭ്മാന്‍ ഗില്ലാണ് അന്ന് ആര്‍സിബിയുടെ മോഹം കെടുത്തിയത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഗില്‍ ബെംഗളൂരുവിനെ പ്ലേ ഓഫ് മോഹത്തില്‍ നിന്ന് പുറത്ത് കടത്തി.
ഇത്തവണ പ്ലേഓഫിലേക്ക് വേണ്ട നാല് ടീമുകളില്‍ മൂന്നെണ്ണം സീറ്റുറപ്പിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ആദ്യംതന്നെ ഇടംപിടിച്ചെങ്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്തിനെതിരായ മത്സരത്തില്‍ പെയ്ത മഴയിലാണ് കയറിക്കൂടിയത്. ഈ മൂന്ന് ടീമുകള്‍ക്കും ഇനി ഓരോ മത്സരവും ബാക്കിയുണ്ട്.
ശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിനായുള്ള മൂന്നു ടീമുകളുടെ പോരാട്ടത്തിലാണ് ആര്‍സിബി ലക്ഷ്യംകണ്ടത്. ചെന്നൈ, ലഖ്‌നൗ ടീമുകളായിരുന്നു മറ്റു രണ്ട് ടീമുകള്‍. അവസാന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചെങ്കിലും റണ്‍റേറ്റില്‍ ഏറെ പിറകിലായതുകൊണ്ട് അവരുടെ സാധ്യതയും അടഞ്ഞു. പിന്നീട് സാധ്യതയുള്ള രണ്ട് ടീമുകളുടെ നേരിട്ടുള്ള പോരാട്ടമാണ് ശനിയാഴ്ച നടന്നത്. രണ്ടു ടീമുകളുടേയും അവസാന മത്സരം. ചെന്നൈക്ക് പ്ലേഓഫ് ഉറപ്പിക്കാന്‍ ജയമോ സമനിലയോ മതിയായിരുന്നു. മഴ പെയ്ത് കളിയുപേക്ഷിച്ചാല്‍പ്പോലും ചെന്നൈ അകത്താണ്. ഇനി തോറ്റാലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫിലേക്ക് കടക്കാനും ചെന്നൈക്ക് അവസരമുണ്ടായിരുന്നു. ബെംഗളൂരുവിനാകട്ടെ ജയിച്ചാല്‍ മാത്രം മതിയായിരുന്നില്ല. ചുരുങ്ങിയത് 18 റണ്‍സിനെങ്കിലും ജയിക്കണമായിരുന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് ആര്‍സിബി ചെന്നൈ പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 218 റണ്‍സടിച്ചു.വിരാട് കോലി (29 പന്തില്‍ 47), ഫാഫ് ഡുപ്ലസി (39 പന്തില്‍ 54), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ 38*) രജത് പടിദാര്‍ (23 പന്തില്‍ 41), ദിനേഷ് കാര്‍ത്തിക് (ആറുപന്തില്‍ 14), ഗ്ലെന്‍ മാക്‌സ്വെല്‍ (അഞ്ചു പന്തില്‍ 16) എന്നിങ്ങനെ, ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും ഉജ്ജ്വലമായി പൊരുതി. അവസാന അഞ്ച് ഓവറില്‍ 80 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങും ആവേശകരമായിരുന്നു. ചെന്നൈയുടെ വിശ്വസ്തനായ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (0) ആദ്യ പന്തില്‍ പുറത്തായി. പിന്നാലെ ഡാരില്‍ മിച്ചലും (4) മടങ്ങിയതോടെ ടീം പ്രതിസന്ധിയിലായെങ്കിലും മറ്റൊരു ഓപ്പണര്‍ രചിന്‍ രവീന്ദ്രയും (37 പന്തില്‍ 61) അജിന്‍ക്യ രഹാനെയും (22 പന്തില്‍ 33) ചേര്‍ന്ന് 85 റണ്‍സിലെത്തിച്ചപ്പോള്‍ ടീം പ്രതീക്ഷയിലായിരുന്നു. രചിന്‍ റണ്‍ഔട്ടായതിനുപിന്നാലെ ശിവം ദുബെ (7), മിച്ചല്‍ സാന്റ്‌നര്‍ (3) എന്നിവര്‍ മടങ്ങിയത് തിരിച്ചടിയായി. പിന്നീട് എല്ലാ പ്രതീക്ഷയും ധോനി-രവീന്ദ്ര ജഡേജ സഖ്യത്തിലായിരുന്നു. 18 റണ്‍സിന് ജയിക്കാന്‍ ബെംഗളൂരുവിനെ അനുവദിക്കാതിരിക്കുക എന്നതായി പിന്നീടുള്ള ലക്ഷ്യം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന നാല് ഓവറില്‍ 63 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയെ ഈ സഖ്യം ലക്ഷ്യത്തിന് സമീപമെത്തിച്ചു. അവസാന ഏഴ് ബോളില്‍ 23 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ 19-ാം ഓവറിലെ അവസാന പന്തില്‍ ജഡേജയും 20-ാം ഓവറിലെ ആദ്യപന്ത് ധോനിയും സിക്‌സടിച്ചതോടെ ബെംഗളൂരു താരങ്ങളുടെ മുഖംവാടി. അടുത്ത പന്തില്‍ ധോനിയെ പുറത്താക്കിയ യാഷ് ദയാല്‍ കളി ആവേശകരമാക്കി. മൂന്നാംപന്തില്‍ റണ്‍ ഇല്ല. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തിലും റണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ, ബെംഗളൂരു ആഘോഷം തുടങ്ങി.
Content Highlights: CSK knocked out as RCB win six in a row to make playoffs
Published: 19 May 2024, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented