ബെംഗളൂരു: ഇന്ത്യൻ ടീമിന് പുറത്തുള്ള തന്റെ ജീവിതവുമായി താൻ പൊരുത്തപ്പെട്ടുവെന്നും ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്നും ഭുവനേശ്വർ കുമാർ. താനിപ്പോൾ സമാധാനമുള്ള ജീവിതമാണ് നയിക്കുന്നതെന്നും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടുമാത്രമാണ് ഇപ്പോഴും കളിക്കുന്നതെന്നും ഭുവനേശ്വർ വ്യക്തമാക്കി. ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ഭുവനേശ്വർ.
ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന തന്റെ സ്വപ്‌നം ഇതിനകം സാക്ഷാത്കരിച്ചു. ഇനി സ്വയം തെളിയിക്കേണ്ട യാതൊരു സമ്മർദ്ദവും തനിക്കില്ലെന്നും ഭുവനേശ്വർ കൂട്ടിച്ചേർത്തു. ‘ഇപ്പോൾ ഐപിഎല്ലും ആഭ്യന്തര മത്സരങ്ങളും കളിക്കുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. ഞാൻ ഇന്ത്യൻ ജെഴ്സി അണിഞ്ഞുകഴിഞ്ഞു. എനിക്ക് മറ്റൊരു അവസരം കൂടി ലഭിക്കുകയാണെങ്കിൽ അത് വലിയൊരു കാര്യമായി കാണും. യുപി ട്വന്റി 20 ലീഗും ആഭ്യന്തര ക്രിക്കറ്റും കളിക്കുമ്പോൾ തന്നെ ഞാൻ എനിക്കായി സമയം മാറ്റിവെയ്ക്കുന്നുണ്ട്. വിശ്രമത്തിനും സമയം കണ്ടെത്താറുണ്ട്.'-ഭുവനേശ്വർ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ യാതൊരുവിധ നിരാശയോ ഖേദമോ ഇല്ലാതെ മുന്നോട്ടുപോകാൻ തന്റെ കുടുംബം സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. 'ഞാൻ സമാധാനത്തോടെ മുന്നോട്ടുപോകുന്നതിനുള്ള ക്രെഡിറ്റ് എന്റെ കുടുംബത്തിനാണ് നൽകുന്നത്. വീട്ടിൽ ഞങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. ഞാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമോ, എവിടെയാണ് എനിക്ക് പിഴച്ചത്, എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തില്ല തുടങ്ങിയ കാര്യങ്ങളൊന്നും വീട്ടിൽ സംസാരിക്കാറില്ല'-ഭുവനേശ്വർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളാണ് ഭുവനേശ്വർ നേടിയത്. ഇത് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ടത്തിലും നിർണായകമായി. ഇന്ത്യക്കായി അവസാനമായി കളിച്ചത് 2022-ലാണ്. 21 ടെസ്റ്റുകളും 121 ഏകദിനങ്ങളും 87 ട്വന്റി 20 മത്സരങ്ങളും ഇന്ത്യൻ ജെഴ്‌സിയിൽ കളിച്ചു.
Content Highlights: Bhuvneshwar Kumar expresses contentment with his life outside international cricket., He continues to play for the love of the game and passion., Family support helps him maintain a balanced life without cricket-related pressure., He performed exceptionally well in the recent IPL season with 28 wickets
Published: 02 Aug 2026, 08:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented