ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 17-ാം സീസണിലെ മികച്ച ക്യാപ്റ്റനായി ക്രിക്കറ്റ് പ്രേമികൾ തിരഞ്ഞെടുത്തത് രാജസ്ഥാൻ റോയൽസ് നായകനും മലയാളിയുമായ സഞ്ജു സാംസണിനെ. ‘മാതൃഭൂമി ഡോട്ട് കോം’ സംഘടിപ്പിച്ച ഐ.പി.എലിലെ സൂപ്പർ ക്യാപ്റ്റൻ ആര് വോട്ടെടുപ്പിലാണ് സഞ്ജു എതിരാളികളെ ബഹുദൂരം പിന്നിലാക്കിയത്.

To advertise here,

മേയ് 21 മുതൽ 25 വരെ നടന്ന വോട്ടെടുപ്പിൽ 26,036 പേരാണ് പങ്കെടുത്തത്. 14,190 വോട്ടുകൾ (54 ശതമാനം) നേടിയാണ് സഞ്ജു ഒന്നാമതെത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യർ (4369), റണ്ണറപ്പായ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (4044), സീസണിൽ രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി പ്ലേ ഓഫിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫാഫ് ഡുപ്ലെസി (2176), ചെന്നൈ സൂപ്പർ കിങ്സിന്റെ ഋതുരാജ് ഗെയ്ക്‌വാദ് (1257) എന്നിവരെയാണ് സഞ്ജു പിന്നിലാക്കിയത്.

സീസണിൽ രാജസ്ഥാനെ മികച്ചരീതിയിൽ നയിച്ച സഞ്ജു ടീമിനെ ക്വാളിഫെയർ രണ്ടുവരെ എത്തിച്ചിരുന്നു. നായകനായും ബാറ്ററായും മികച്ച പ്രകടനമാണ് താരം നടത്തിയത്. ഉത്തരവാദിത്വത്തോടെ ബാറ്റുചെയ്ത് ടീമിനെ മുന്നിൽനിന്നു നയിക്കുന്ന സഞ്ജുവിനെയാണ് ഇത്തവണ കണ്ടത്. അതാണ് ക്രിക്കറ്റ് പ്രേമികളുടെ വോട്ടിങ്ങിലും പ്രതിഫലിച്ചത്.

സഞ്ജുവിനു കീഴിൽ 16 കളികളിൽ ടീം ഒമ്പത് ജയം നേടി. ബാറ്റിങ്ങിൽ 531 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

സഞ്ജുവിന് വോട്ടുചെയ്ത 14,190 പേരിൽനിന്ന് 10 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. സ്മാർട്ട് വാച്ചുകളാണ് സമ്മാനമായി നൽകുന്നത്.

സഞ്ജുവിന്റെ സീസണിലെ പ്രകടനം

കളി 16

റൺസ് 531

അർധസെഞ്ചുറി 5

ഉയർന്ന സ്‌കോർ 86

പ്രഹരശേഷി 153.46