ന്യൂഡൽഹി: 2008-ലാണ് വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടുന്നത്. ക്വലാലംപുരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഫൈനലിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 12 റൺസിനായിരുന്നു അന്ന് ഇന്ത്യയുടെ ജയം. കോലി ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പുതിയ താരമായി ഉദിച്ചുയരുന്നതും ആ ടൂർണമെന്റോടെയായിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളുടെ നിരയിലേക്ക് വളർന്നു. 18 വർഷങ്ങൾക്കിപ്പുറം കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. എന്നാൽ അന്നത്തെ ഫൈനലിലെ താരമായത് അജിതേഷ് അർഗൽ എന്ന മീഡിയം പേസറായിരുന്നു. ഫൈനലിൽ വെറും ഏറ് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അജിതേഷിനെ അന്ന് കളിയിലെ താരമാക്കിയത്.
18 വർഷങ്ങൾക്കു മുമ്പ് കോലിയുടെ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന അജിതേഷിന് ഇന്ന് അതേ കോലിയുടെ കളി മൈതാനത്തു നിന്ന് തൊട്ടടുത്ത് കാണാം. 2008-ൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിലെടുത്തിട്ടും പക്ഷേ ക്രിക്കറ്റ് മൈതാനത്ത് തിളങ്ങാൻ സാധിക്കാതെ പോയ അജിതേഷ് ഇന്ന് ഐപിഎല്ലിലെ അമ്പയറാണ്. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഡൽഹി ക്യാപ്പിറ്റൽസിനെതിരേ കോലി തകർത്ത് കളിച്ചപ്പോൾ ആ മത്സരം നിയന്ത്രിക്കാനുണ്ടായിരുന്നത് അജിതേഷായിരുന്നു.
മത്സര ശേഷം കോലിയുമായി സംസാരിക്കുന്ന അജിതേഷിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതിരുന്ന അജിതേഷ് പിന്നീട് ആദായനികുതി വകുപ്പിൽ ജോലിക്ക് പ്രവേശിച്ചു. പിന്നീട് ബിസിസിഐയുടെ അമ്പയറിങ് പരീക്ഷ പാസായ ശേഷമാണ് ഇത്തവണത്തെ ഐപിഎല്ലിൽ അമ്പയറാകുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഐപിഎൽ ടൂർണമെന്റാണിത്. വർഷങ്ങൾക്കു ശേഷം ഇരുവരും മൈതാനത്ത് അങ്ങനെ രണ്ട് വ്യത്യസ്ത റോളുകളിൽ ഒന്നിച്ചു.
ഈ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിൽ 9,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം വിരാട് കോലി സ്വന്തമാക്കുകയും ചെയ്തു. ഐപിഎല്ലിൽ 275 മത്സരങ്ങളിൽ നിന്നായി ഇപ്പോൾ 9,012 റൺസ് കോലിയുടെ അക്കൗണ്ടിലുണ്ട്. എട്ട് സെഞ്ചുറികളും 66 അർധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. ഈ സീസണിലും മികച്ച ഫോമിലുള്ള കോലി, എട്ട് മത്സരങ്ങളിൽ നിന്നായി 351 റൺസുമായി റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ്.
Content Highlights: Reunion of 2008 U19 World Cup teammates Virat Kohli and Ajitesh Argal., Ajitesh Argal transitions from a former medium-pacer to an IPL umpire., Virat Kohli achieves the historic milestone of 9,000 IPL runs., Highlights the diverse career paths of former U19 stars.
Published: 28 Apr 2026, 05:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented