ഹൈദരാബാദ്: ഐപിഎല്ലിൽ വിരാട് കോലിയും ട്രാവിസ് ഹെഡും തമ്മിലുള്ള വാഗ്വാദത്തിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബറാക്രമണം നടക്കുന്നതായി ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസിക്ക. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപ കമന്റുകളാണുള്ളതെന്നും തന്റെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പോസ്റ്റിന് താഴേയും ഇത്തരത്തിൽ മോശം കമന്റുകളുണ്ടെന്നും ജെസിക്ക ഒരു ഓസ്‌ട്രേലിയൻ മാധ്യമത്തോട് പ്രതികരിച്ചു.

To advertise here,

'2023 ലോകകപ്പിന് ശേഷമുണ്ടായ അധിക്ഷേപത്തിന്റെ ആവർത്തനമായിട്ടാണ് തോന്നുന്നത്. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയെ മോശം കമന്റുകളാണ്. ഞങ്ങൾ സുരക്ഷിതരാണ്. പക്ഷേ അവർ എന്റെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സോഷ്യൽ മീഡിയയിലും മോശം കമന്റുകളുമായെത്തുന്നു.'-ജെസിക്ക വ്യക്തമാക്കി.

എല്ലാ കായിക വിനോദങ്ങളിലും മാനസികാരോഗ്യത്തേയും നമ്മൾ പരസ്പരം സംസാരിക്കുന്ന രീതിയേയും കുറിച്ച് ഒരു ചർച്ച ആവശ്യമാണെന്നും ഓരോ കളിക്കാരന്റേയും പിന്നിലും മനുഷ്യരും കുടുംബവും ഉണ്ടെന്ന് ഓർക്കുന്നതും അതുപോലെ പ്രധാനമാണെന്നും ജെസിക്ക വ്യക്തമാക്കി. ഇത് പരസ്പരം ദയയും പിന്തുണയും നൽകാൻ പ്രത്സാഹിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മെയ് 22-ന് നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും തമ്മിലുള്ള മത്സരത്തിലാണ് കോലിയും ഹെഡും കൊമ്പുകോർത്തത്. മത്സരത്തിൽ 55 റൺസിന് ഹൈദരാബാദ് ബെംഗളൂരുവിനെ തോൽപ്പിച്ചിരുന്നു. തുടർന്ന് മത്സരശേഷമുള്ള പതിവ് ഹസ്തദാന ചടങ്ങിനിടെ ട്രാവിസ് ഹെഡിനെ കണ്ടില്ലെന്ന് നടിച്ച് കോലി നടന്നുപോകുകയായിരുന്നു. ഇതാണ് വിവാദമായത്. മത്സരത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ തുടർച്ചയായിരുന്നു ഈ സംഭവം.

മത്സരത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് കോലിയെ പ്രകോപിപ്പിച്ചത്. ആർസിബി ഇന്നിങ്‌സിനിടെ കോലി ഹെഡിനെ സ്ലഡ്ജ് ചെയ്തിരുന്നു. ഹെഡ് ഈ സീസണിൽ എപ്പോഴും ഇംപാക്ട് പ്ലെയർ ആവുന്നതിനെ പരിഹസിച്ച കോലി കുറച്ച് പന്തുകൾ തനിക്ക് എറിഞ്ഞു തരാൻ ഹെഡിനെ ക്ഷണിക്കുകയും ചെയ്തു. 15 റൺസ് മാത്രമെടുത്ത് കോലി പുറത്തായി. തിരിച്ചടിക്കാൻ അവസരം നോക്കിയിരുന്ന ഹെഡ് 'ഞാൻ ബൗൾ ചെയ്യാൻ എത്തുന്നതിന് മുമ്പേ നിങ്ങൾ ഔട്ടായല്ലോ സുഹൃത്തേ' എന്ന് പരിഹസിച്ചു. ഇതാണ് കോലിയെ കൂടുതൽ ചൊടിപ്പിച്ചത്.