ഐ.പി.എൽ. ക്രിക്കറ്റ് 17-ാം സീസണിലെ മികച്ച ക്യാപ്റ്റനായി ക്രിക്കറ്റ് പ്രേമികൾ തിരഞ്ഞെടുത്തത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെയായിരുന്നു. മാതൃഭൂമി ഡോട്ട് കോമിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത 26,036 പേരിൽ 14,190 പേരും വോട്ടുചെയ്തത് സഞ്ജുവിനായിരുന്നു. പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ഇൻഫോ അടക്കമുള്ളവരും സഞ്ജുവിനെയാണ് അവരുടെ ഐ.പി.എൽ. ഇലവന്റെ ക്യാപ്റ്റനാക്കിയത്.

To advertise here,

മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ ക്യാപ്റ്റൻസിയുടെ പ്രാധാന്യത്തെയും ഉത്തരവാദിത്വത്തെയുംകുറിച്ച്‌ സഞ്ജു ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.

നിസ്വാർഥസേവനം

ക്യാപ്റ്റനായിരിക്കുമ്പോൾ സ്വന്തം പ്രകടനത്തെക്കുറിച്ച് ചെറുതായി മറക്കേണ്ടിവരും. ക്യാപ്റ്റൻസി ഒരു നിസ്വാർഥസേവനമാണ്. ടീമിന് എന്താണ് ആവശ്യമെന്നതാണ് പ്രധാനം. ഏറ്റവും ജൂനിയറെയും ഏറ്റവും സീനിയറെയും പരിഗണിക്കാൻ സമയം കണ്ടെത്തണം.

ക്രിക്കറ്റിനെ അറിയണം

20-ാമത്തെ വയസ്സിൽ കേരള രഞ്ജി ട്രോഫി ക്യാപ്റ്റനായതാണ്. ക്രിക്കറ്റ് എന്താണെന്ന് മനസ്സിലാക്കുകയാണ് ക്യാപ്റ്റന്റെ ആദ്യ ഉത്തരവാദിത്ത്വം. കളി ജയിക്കുന്നതോ തോൽക്കുന്നതോ അവസാനത്തെ പന്തിലല്ല. അതിനുമുമ്പുള്ള ചെറിയ ചെറിയ സന്ദർഭങ്ങളിലാണ്. അത് മനസ്സിലാക്കി ടീമിന്റെ ആവശ്യത്തിനനുസരിച്ചുള്ള തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് ക്യാപ്റ്റനാണ്.

പ്ലാനിങ് പ്രധാനം

പ്ലാനിങ്ങാണ് ഈ തലമുറയിലെ ക്യാപ്റ്റൻസിയിൽ പ്രധാനം. ഒരോ മത്സരത്തിനുംമുമ്പ് രണ്ടുമണിക്കൂർ സമയം പരിശീലകരും മാനേജർമാരുമായി ചർച്ചനടത്തും. എതിരാളികൾ ആരാണെന്നതനുസരിച്ച് നമ്മുടെ പദ്ധതികൾ തയ്യാറാക്കും. നല്ലൊരു ടീം, പരിശീലകൻ, അനലിസ്റ്റ് എന്നിവയും പ്രധാനമാണ്. രാജസ്ഥാൻ റോയൽസ് പോലെ മികച്ച ടീം കൂടെയുണ്ടെന്നുള്ളത് ഭാഗ്യമാണ്.

നേതൃഗുണം

ഗ്രൗണ്ടിനകത്തുള്ളതിനെക്കാൾ പ്രയത്നവും സമയവും ക്യാപ്റ്റൻ ചെലവാക്കേണ്ടത് ഗ്രൗണ്ടിന് പുറത്താണ്. നേതൃഗുണമാണ് ഇതിൽ പ്രധാനം. ടീമംഗങ്ങളെല്ലാം പല മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവരായിരിക്കും. ജീവിതത്തിലും ക്രിക്കറ്റിലും എല്ലാവരും വ്യത്യസ്തരാണ്. അത് അംഗീകരിക്കണം. മറ്റുള്ളവരുടെ രീതികളെ ചലഞ്ച് ചെയ്യരുത്. ഓരോരുത്തരെയും മനസ്സിലാക്കി അവരവരുടെ മികവ് പുറത്തെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം.

ജസ്റ്റ് ബി യുവർസെൽഫ്

ശരിക്കും ഞാൻ എന്താണോ അങ്ങനെ തന്നെയാണ് ടീം മീറ്റിങ്ങിൽ പെരുമാറുന്നത്.

ജസ്റ്റ് ബി യുവർസെൽഫ് എന്നതാണ് ക്യാപ്റ്റനെന്നനിലയിലുള്ള എന്റെ ഏറ്റവും വലിയ ‘മന്ത്രം’. സത്യസന്ധമായിരിക്കുകയെന്നത് പ്രധാനം. ഇതു മാത്രമാണ് ശരി അല്ലെങ്കിൽ തെറ്റ്, ഞാനാണ് വലിയ ആൾ എന്ന പിടിവാശി ക്യാപ്റ്റനു ചേരില്ല.