പതിനേഴാം ഐ.പി.എല്‍. സീസണിന് തിരശ്ശീല വീണു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്മാരായി. കൊല്‍ക്കത്തയുടെ മൂന്നാം ഐ.പി.എല്‍. കിരീടം. ഹൈദരാബാദ് ഫൈനലില്‍ 113 റണ്‍സിന് പുറത്തായപ്പോള്‍, കൊല്‍ക്കത്ത 10.3 ഓവറില്‍ ജയിച്ചുകയറി. സീസണിലെ ചില മികച്ച താരങ്ങളെ പരിചയപ്പെടാം.
പണ്ഡിതനാണ് പണ്ഡിറ്റ്
തൊട്ടതെല്ലാം പൊന്നാകുന്ന പതിവ് കൊൽക്കത്തയിലും ചന്ദ്രകാന്ത് പണ്ഡിറ്റ് ആവർത്തിച്ചു. രഞ്ജി ക്രിക്കറ്റിൽ പരിശീലകനെന്ന നിലയിൽ ആറ് കിരീടങ്ങളുള്ള പണ്ഡിറ്റാണ് ഇത്തവണത്തെ ഐ.പി.എൽ. കിരീടം ചൂടിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുഖ്യപരിശീലകൻ. 2022-ലാണ് കൊൽക്കത്ത പണ്ഡിറ്റിനെ കൊണ്ടുവരുന്നത്.
മുംബൈക്കൊപ്പം മൂന്നും വിദർഭയ്ക്കൊപ്പം രണ്ടും രഞ്ജി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ പണ്ഡിറ്റ് മധ്യപ്രദേശിനെയും കിരീടത്തിലേക്ക് നയിച്ചു. കേരള ക്രിക്കറ്റ് ടീമിന്റെയും പരിശീലകനായിട്ടുണ്ട്.
എന്തൊരു കോലി
ഇത്തവണത്തെ ഐ.പി.എലിനെത്തുമ്പോൾ വിരാട് കോലി ടോപ് സ്കോററാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. എന്നാൽ, ടൂർണമെന്റ് കഴിഞ്ഞപ്പോൾ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് കോലിക്ക് സ്വന്തം. 15 കളിയിൽനിന്ന് 741 റൺസാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും താരത്തിനുണ്ട്. 154.69 ആണ് പ്രഹരശേഷി. 38 സിക്സും നേടി.
രണ്ടാംതവണയാണ് കോലി ടോപ് സ്കോററാകുന്നത്. 2016-ൽ 16 കളിയിൽനിന്ന് 973 റൺസ് നേടിയാണ് ആദ്യമായി ഓറഞ്ച് ക്യാപ് നേടിയത്.
ഹർഷോന്മാദം
രണ്ടാം തവണയാണ് പേസർ ഹർഷൽ പട്ടേൽ വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് നേടുന്നത്. പഞ്ചാബ് കിങ്‌സ് താരം 14 കളിയിൽനിന്ന് 24 വിക്കറ്റാണ് നേടിയത്. 477 റൺസാണ് വിട്ടുകൊടുത്തത്. 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
2021-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായിരിക്കെ 15 കളിയിൽനിന്ന് 32 വിക്കറ്റ് വീഴ്ത്തിയാണ് ആദ്യമായി പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്.
ശരിക്കും നിധി
ഇത്തവണത്തെ എമേർജിങ് പ്ലെയർക്കുള്ള പുരസ്കാരം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നിധീഷ് കുമാർ റെഡ്ഡിക്കാണ്. ഹൈദരാബാദിന്റെ വിസ്ഫോടനാത്മകമായ ബാറ്റിങ്ങിന് ചുക്കാൻ പിടിച്ച നിധീഷ് 303 റൺസാണ് നേടിയത്. 21-കാരനായ താരത്തിന്റെ ശരാശരി 33.67 ആണ്. പ്രഹരശേഷി 142.92. രണ്ട് അർധസെഞ്ചുറികളുമുണ്ട്. പുറത്താകാതെ നേടിയ 76 റൺസാണ് ഉയർന്ന സ്കോർ. മൂന്ന് വിക്കറ്റും ക്രെഡിറ്റിലുണ്ട്.
നല്ല നരെയ്ൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീടത്തിലേക്കുള്ള കുതിപ്പിന് ബാറ്റുകൊണ്ടും പന്തുകൊണ്ടും സുനിൽ നരെയ്ൻ നൽകിയ പിന്തുണ വളരെ വലുതാണ്. വിൻഡീസ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങും റൺപിശുക്കുള്ള ബൗളിങ്ങും ടൂർണമെന്റിൽ പലതവണ കണ്ടു. അതുകൊണ്ടാണ് മികച്ച താരത്തിനുള്ള പുരസ്കാരം ഓൾറൗണ്ടറെ തേടിയെത്തിയത്.
15 കളിയിൽനിന്ന് 488 റൺസാണ് താരം നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടി. 33 സിക്സും പറത്തി. ബൗളിങ്ങിൽ 17 വിക്കറ്റാണ് വീഴ്ത്തിയത്.
Content Highlights: ipl 2024 some of best players
Published: 28 May 2024, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented