
നാൽപത്തിയെട്ടാം വയസിലാണ് തന്റെ നേര്‍ക്ക് പാഞ്ഞുവന്ന വെടിയുണ്ടകളെ ധീരമായി നേരിട്ട് ശങ്കര്‍ ഗുഹ നിയോഗിയെന്ന വിപ്ലവകാരി മരണത്തെ പുല്‍കിയത്. ചത്തീസ്ഗഢിലെ വെറുമൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല നിയോഗി, കല്‍ക്കരി ഖനികളില്‍ ജീവിതം വെന്തു തീര്‍ത്ത നിരവധി തൊഴിലാളികളുടെ ജീവിതത്തിലെ വെളിച്ചവുമായിരുന്നു. ആ ജീവന്‍ നിലച്ചപ്പോള്‍ അവര്‍ക്കറ്റു പോയത് ജീവിതത്തിന്റെ തന്നെ പ്രതീക്ഷയായിരുന്നു. എഴുപതുകളില്‍ ചത്തിസ്ഗഢിലെ ഖനി തൊഴിലാളികളെ രാഷ്ട്രീയമായി ബോധവത്കരിച്ചത് നിയോഗിയുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളായിരുന്നു.തൊഴിലാളികളെ ഉത്ബോധിപ്പിച്ചു കൊണ്ട് നിയോഗി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. നിയോഗിയുടെ നേതൃത്ത്വത്തില്‍ ആരംഭിച്ച ചത്തിസ്ഗഢ് മുക്തി മോര്‍ച്ച എന്ന തൊഴിലാളി സംഘടനയുടെ ഇടപെടലുകള്‍ ഖനി മാഫിയയുടെ അടിത്തറ നോക്കിയുള്ള തീവ്ര പ്രഹരങ്ങളായിരുന്നു.
1943ല്‍ ഫെബ്രുവരി 14നാണ് നിയോഗി ജനിച്ചത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു നിയോഗി തന്റെ ജീവിതം ആരംഭിച്ചത്. ഇവിടെ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ ചേര്‍ന്നു. ശേഷം സംഘടനയുടെ ലോക്കല്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. അറുപതുകളുടെ തുടക്കത്തിലാണ് ചത്തീസ്ഗഢിലെ ഭിലായിലേക്ക് താമസം മാറുന്നത്. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ തൊഴിലാളിയായി. ഇവിടെ ജോലി ചെയ്തു കൊണ്ടിരിക്കെ അദ്ദേഹം തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്.
65 കാലഘട്ടത്തിലാണ് തൊഴിലാളി സംഘടന കേന്ദ്രികരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നത്. സംഘടന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി. എന്നാല്‍, മുഖ്യധാരാ യൂണിയന്‍ നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് യോജിപ്പുണ്ടായിരുന്നില്ല. വസന്തത്തിന്റെ ഇടിമുഴക്കമെന്നറിയപ്പെട്ട 1967-ലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ വിപ്ലവത്തോടെ അദ്ദേഹം ആ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവലൂഷനറിയില്‍ പങ്കാളിയായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇക്കാലയളവില്‍ ഭിലായി സ്റ്റീല്‍ പ്ലാന്റിലെ അദ്ദേഹത്തിന്റെ ജോലി നഷ്ടമാവുകയും ചെയ്തു. രാഷ്ട്രീയപരമായ തന്റെ നയങ്ങള്‍ വ്യക്തമാക്കാന്‍ പിന്നീട് സ്ഫൂലിങ്ങ് എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരണം ആരംഭിച്ചു. ഇക്കാലയളവില്‍ തന്നെ അദ്ദേഹം ആദ്യമായി അറസ്റ്റിലാവുന്നു.
പിന്നീട് മഹാരാഷ്ട്രയിലെ ബസ്തറില്‍ വനമേഖലയില്‍ കോ-ഓർഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവലൂഷണറിയുടെ (cpiml) പ്രവര്‍ത്തനങ്ങളില്‍ സജിവമായി. പോലീസില്‍ നിന്ന് ഒളിവിലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ പ്രവര്‍ത്തനങ്ങളെല്ലാം. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ സജീവമാവാന്‍ ഈ കാലഘട്ടം അദ്ദേഹത്തെ സഹായിച്ചു. എഴുപതുകളില്‍ സംഘടന വിട്ട് സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ബസ്തറിലെ എല്ലാ തരം തൊഴിലാളികളെയും നേരില്‍ കണ്ട് അവരോട് ഇടപഴകി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ബസ്തറിലെ ആദിവാസി സമരം, ദൈഹാന്തിലെ ജനങ്ങളുടെ വെള്ളത്തിന് വേണ്ടിയുള്ള സമരം തുടങ്ങി സാധാരണക്കാരന്റെ എല്ലാത്തരം പ്രശ്‌നങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായി.
പിന്നീട് അദ്ദേഹം ക്വാര്‍ട്ട്‌സെറ്റ് കമ്പനിയിലെ ഖനിയില്‍ തൊഴിലാളിയായി.കമ്പനികളില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തെ പറ്റി ആധികാരികമായി തന്നെ നിയോഗി മനസിലാക്കി. ഈ തൊഴിലെടുക്കുന്നവര്‍ ദളിത്/ ആദിവാസി വിഭാഗത്തിലെ ഗ്രാമീണരായിരുന്നു. ദള്ളി രാജ്ഹാര കേന്ദ്രികരിച്ചുള്ള ഇരുമ്പ് അയിര്‍ ഖനികളിലായിരുന്നു ഈ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ നേരിടുന്ന ചൂഷണത്തിനെതിരെ തൊഴിലാളികളെ സംഘടിപ്പിക്കുവാനും പ്രതിരോധം തീര്‍ക്കാനും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ പിന്നീട് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു.ഇക്കാലയളവില്‍ അദ്ദേഹം ജയിലാവുകയും 13 മാസത്തോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 32 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹം പാതിവഴിയില്‍ നിര്‍ത്തിയത് പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം ചത്തിസ്ഗഢ് മൈന്‍സ് ശ്രമിക്ക് സംഘ് എന്ന പാര്‍ട്ടി രൂപികരിച്ചു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് തൊഴിലാളികള്‍ക്കിടയില്‍ ശക്തമായൊരു സംഘടനയായി മാറി. സമരപരിപാടികളും തൊഴിലാളി റാലികളും സംഘടപ്പിച്ചു കൊണ്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ സംഘടന ശക്തി തെളിയിച്ചു കൊണ്ടേയിരുന്നു. അധികാരവൃന്ദത്തേയും മുഖ്യധാര തൊഴിലാളി സംഘടനാ നേതാക്കളുടെയും മുന്നില്‍ അവരൊരു പടുകൂറ്റന്‍ വൃക്ഷമായി മാറി. ഇതോടെ നിയോഗി അവരുടെ ശത്രുവായി മാറി. നിയോഗിയുടെ നേതൃത്ത്വത്തിലുള്ള സംഘടനയുടെ നിരന്തര ഇടപെടലുകള്‍ കൊണ്ട് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി സാധിച്ചു. രാജ്യത്തെ മറ്റു ഖനികളിലും നിയോഗിയുടെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം അറിഞ്ഞുതുടങ്ങി. അവിടെങ്ങളിലെല്ലാം യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
1977 ല്‍ സിഎംഎസ്എസിന്റെ നേതൃത്ത്വത്തില്‍ വലിയൊരു ബഹുജന പ്രക്ഷോഭം നടന്നു. വേതന വര്‍ദ്ധനവിലും തൊഴിലാളി അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരമായിരുന്നു ഇത്. 16 മണിക്കൂറോളം ജോലി ചെയ്താല്‍ തൊഴിലാളി ലഭിക്കുന്നത് നാല് രൂപയായിരുന്നു ഇതിനെതിരെയായിരുന്നു സമരം. ഈ ഘട്ടത്തിലാണ് ഖനികളില്‍ തൊഴിലെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന ചൂഷണങ്ങള്‍ ചര്‍ച്ചായാവുന്നത്. കരാര്‍ തൊഴില്‍ അവസാനിപ്പിച്ച് കൊണ്ടു കമ്പനി പ്രവര്‍ത്തിക്കാനായി അധികാരികള്‍ നിര്‍ബന്ധിതരായി. ഇതിന് പ്രതികാരമെന്നോണം കരാറുകാരെ ഒഴിവാക്കി യന്ത്രവത്കരണത്തിന്റെ പിന്നാലെ പോവാനായി കമ്പനികള്‍ തയ്യാറെടുത്തു. എണ്‍പതുകളുടെ ആരംഭത്തോടെ യന്ത്രവത്കരണത്തിനെതിരായി യൂണിയന്‍ ആരംഭിച്ചു. ഇത് വര്‍ഷങ്ങളോളം നീണ്ടു നിന്നു.
സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനായി സെന്റട്രല്‍ ഇന്‍ഡസ്ട്രിയില്‍ ഫോഴ്‌സിനെ ഉപയോഗിച്ച് തൊഴിലാളികളെ അടിച്ചു നിരത്തി. ഈ ആക്രമണത്തില്‍ തൊഴിലാളികളുടെ കൂട്ടത്തിലെ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് പ്രശ്‌നത്തെ വീണ്ടും കലുഷിതമാക്കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍ നീതിപൂര്‍വമുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിനായില്ല.എന്നാല്‍ ഈ സംഭവങ്ങളെല്ലാം തന്നെ തൊഴിലാളികളെ വര്‍ഗബോധത്തോടെ പോരാടാനാണ് സഹായിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങാതെ പറ്റില്ലായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള കരാര്‍ കമ്പനികള്‍ക്ക് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ യന്ത്രവത്കരണത്തിന്റെ ഭീഷണി അവര്‍ക്ക് മുകളില്‍ നില്‍ക്കുകയും ചെയ്തു.
പിന്നീട് 1989-ല്‍ സ്ത്രീകളുടെ എണ്ണം കുറയ്ക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെയും മാറ്റാനായി സംഘടന നടത്തിയ സമരത്തിനായി. 34 വയസ്സായപ്പോഴേക്കും നിയോഗിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശിയ തലത്തിലും ശ്രദ്ധ നേടാനായി ആരംഭിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ദേഷ്യമുണ്ടായിരുന്ന കമ്പനി മുതലാളിമാരും എതിര്‍പാര്‍ട്ടിക്കാരും നിയോഗിയെ പരമാവധി ഉപദ്രവിച്ചു
തൊഴിലാളികളുടെ തൊഴില്‍ ചൂഷണത്തിന് പുറമേ അവരെ എല്ലാ മേഖലയിലും ഉന്നമനം നേടുവാനായിരുന്നു നിയോഗിയുടെ അടുത്ത ശ്രമം. വേതനത്തില്‍ പാതിയും മദ്യത്തിന് വേണ്ടി ചിലവാക്കുന്നത് പതിവായിരുന്നു. കരാറുകാര്‍ വലിയ തോതില്‍ തന്നെ പുരുഷ തൊഴിലാളികള്‍ക്കിടയില്‍ മദ്യവില്‍പ്പന നടത്തിയിരുന്നു. ഇതിനെതിരെ നിയോഗി ചത്തിസ്ഗഢില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ പ്രവര്‍ത്തനത്തിനായി ഇവരുടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും കൈകോര്‍ത്തുവൈകുന്നേരങ്ങളില്‍ മദ്യഷോപ്പുകളില്‍ പോവാതെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനായി നിയോഗി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ഈ പദ്ധതി വിജയം കാണുകയും ചെയ്തു.
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സിഎംഎസ്എസ് സംഘടന 80 കിടക്കകളുള്ള ആശുപത്രി ആരംഭിച്ചു. 1977-ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഷഹീദ് ഹോസ്പ്പിറ്റലെന്നു പേരും നല്‍കി.ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഷഹിദ് ജനങ്ങള്‍ക്ക് അത്താണിയായി നിലകൊള്ളുന്നു
മാർക്‌സിസ്റ്റ് ആയിട്ടാണ് തുടക്കമെങ്കിലും പിന്നീട് അദ്ദേഹം വിശ്വസിച്ചത് ഗാന്ധിയന്‍ ആദര്‍ശങ്ങളിലായിരുന്നു. മാർക്‌സിസ്റ്റായ ഗാന്ധിയനെന്നായിരുന്നു ഏവരും അദ്ദേഹത്തെ
വിശേഷിപ്പിച്ചിരുന്നത്.ഇതോടൊപ്പം തന്നെ കര്‍ഷകര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികള്‍ ചത്തിസ്ഗഢിലെ കര്‍ഷകരെ അതിഭീകരമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അനധികൃതമായി കാര്‍ഷിക ഭൂമി കൈയേറുക, കര്‍ഷകരെ കുടിയൊഴിപ്പിക്കുക എന്നിവ തകൃതിയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ചത്തീസ്ഗഢ് മുക്തി മോര്‍ച്ച ഇടപെടലല്‍ നടത്തി. പോരാട്ടങ്ങള്‍ക്കൊടുവില്‍ കര്‍ഷകര്‍ക്ക്
അനുകൂലമായി സുപ്രീം കോടതിയുടെ ഉത്തരവ് വന്നു. ഇതേ തുടര്‍ന്ന് പല ഗ്രാമങ്ങളിലെയും തൊഴിലാളികളുടെ പുനരധിവാസത്തിന് ചത്തീസ്ഗഢ് മുക്തി മോര്‍ച്ച പിന്തുണ നല്‍കി.
തുടര്‍ച്ചയായുള്ള അപായപ്പെടുത്തലുകളില്‍ നിന്ന് നിയോഗി രക്ഷപ്പെട്ടു കൊണ്ടേയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, ഒരു യുക്തിയുമില്ലാതെ നിയോഗിക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ഇതിനെതിരേ നിയോഗി കോടതിയെ സമീപിച്ചാണ് കേസുകളില്‍ നിന്ന് മുക്തനായത്. എന്നാല്‍ സെപ്റ്റംബര്‍ 28-ന് പുലര്‍ച്ച അദ്ദേഹം വെടിയേറ്റു മരിച്ചു. ഉറങ്ങി കിടക്കുന്ന അദ്ദേഹത്തിന് നേരെ വീടിന്റെ ജനലിലൂടെ ആറ് വെടിയുണ്ടകള്‍ ഉതിര്‍ക്കുകയായിരുന്നു. പോലീസിന് കൊലയെ പറ്റി അറിയാമായിരുന്നുവെന്നുമാണ് നിയോഗിയുടെ അനുയായികള്‍ ആരോപിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചെങ്കിലും കടുത്ത അനീതിയാണ് നിയോഗി നേരിട്ടതെന്ന് ഇവര്‍ പറയുന്നത്.കോര്‍പ്പറേറ്റും എതിര്‍പാര്‍ട്ടിയും ഏര്‍പ്പെടുത്തിയ വാടകഗുണ്ടയായ പല്‍ത്താന്‍ മല്ലയാണ് നിയോഗിയെ വധിച്ചത്.സിബിഐ അന്വേഷണത്തില്‍ 9 പേരെ പ്രതികളാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു എന്നാല്‍, തെളിവില്ലാത്തതിന്റെ പേരില്‍ മൂന്ന് പേരെ വെറുതെ വിട്ടു. മുഖ്യ പ്രതി പല്‍ത്താന്‍ മല്ലയെ കോടതി ശിക്ഷിച്ചു.
Content Highlights: Shankar Guha Niyogi
Published: 11 Nov 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented