
താമരശ്ശേരി ചുരത്തില്‍ ലോറിയുടെ ടയറൊന്ന് പൊട്ടിയാല്‍ നാലും അഞ്ചും മണിക്കൂറുകള്‍ വിജനമായ കാനന പതയില്‍ കുടുങ്ങി നരകിച്ച് വീട് പിടിക്കേണ്ട വയനാട്ടുകാരുടെ കാലങ്ങളായുള്ള നിസ്സഹായാവസ്ഥയുടെ ഏറ്റവും ഗതികെട്ട അവസ്ഥയ്ക്കാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി വയനാട് സാക്ഷിയായത്. മഴയൊന്ന് ചാറിയാല്‍ കാഴ്ചയുടെ വിസ്മയങ്ങള്‍ സമ്മാനിക്കുന്ന താമരശ്ശേരി ചുരം ഇന്ന് ജനങ്ങളുടെ ശാപവാക്കും സങ്കടവും കണ്ണീരും കൊണ്ട് നിറയുമ്പോള്‍ ഇനിയെത്രനാള്‍ അധികാരികള്‍ക്ക് കണ്ടില്ലെന്ന നടിക്കാനാവുമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇവിടെ ഒരിക്കല്‍ കൂടെ ബദല്‍ പാതയെന്ന ചര്‍ച്ചയും സജീവമാവുകയുമാണ്.
വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുമ്പോഴൊക്കെ സ്ഥല ലഭ്യതയുടെ വലിയ തടസ്സമാണ് നമുക്ക് എപ്പോഴും മുന്നോട്ട് വെക്കാനുള്ളതെങ്കിലും ബദല്‍ പാത സ്വപ്നം കണ്ട് സൗജന്യമായി ഭൂമി നല്‍കിയിട്ട് പോലും പാത വരാത്ത കഥയാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാതയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്നും പറയാനുള്ളത്. ഒരിക്കല്‍ ഫലഭൂയിഷ്ടമായിരുന്ന കൃഷി ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം വാങ്ങാതെ വിട്ടുകൊടുത്തുവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നുകില്‍ പാത അല്ലെങ്കില്‍ ഭൂമി എന്ന ആവശ്യം ഉന്നയിച്ച് സമരങ്ങള്‍ക്കും തുടക്കം കുറിക്കാനൊരുങ്ങുകയാണ്.
സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാവുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം ആഗസ്ത് 31-ാം തീയതി നടക്കാനിരിക്കെ മുപ്പതാം തീയതി സമരത്തിനൊരുങ്ങുകയാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിനായി സ്ഥലം വിട്ടുകൊടുത്തവര്‍. ഇതിനായി കര്‍മസമിതിയും രൂപവത്കരിച്ച് കഴിഞ്ഞു. പ്രതിഷേധങ്ങള്‍ ഉയരുമ്പോഴെല്ലാം പേരിനൊരു സര്‍വേ നടത്തി അധികൃതര്‍ മഞ്ഞുരുക്കലിന് ശ്രമം നടത്തുമെങ്കിലും ചര്‍ച്ചകളുടെ ചൂട് നിലയ്ക്കുന്നതോടെ എല്ലാം അവസാനിക്കും.
52 ഏക്കര്‍ വനഭൂമിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. ഇതിന് പകരം 104 ഏക്കര്‍ ഭൂമി വനവത്കരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ 184 കുടുംബങ്ങളാണ് ഒരു രൂപ പോലും നഷ്ടപരിഹാരം വാങ്ങാതെ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തിരുന്നത്. ഇതില്‍ കൃഷിഭൂമിയും വീടും എല്ലാം ഉള്‍പ്പെടും. ഈ കുടുംബങ്ങളാണ് ശനിയാഴ്ച പടിഞ്ഞാറത്തറയില്‍ സമരം നടത്താനിരിക്കുന്നത്.
- ഒട്ടും ബദലാവാത്ത കുറ്റ്യാടിച്ചുരം
താമരശ്ശേരി ചുരത്തില്‍ വണ്ടിയൊന്ന് കുടുങ്ങിയാല്‍ അധികൃതര്‍ ആദ്യം സ്വീകരിക്കുന്ന വഴി കുറ്റ്യാടി ചുരം വഴി വാഹനം തിരിച്ചുവിടുക എന്നതാണ്. പക്ഷെ ഒട്ടും സുരക്ഷിതവും ഒരു ദീര്‍ഘകാല പരിഹരവുമല്ല കുറ്റ്യാടി ചുരം വഴിയുള്ള വാഹന ഗതാഗതം. വീതി കുറഞ്ഞ് അപകടങ്ങള്‍ ഏറെ നിറഞ്ഞ പാത തുടര്‍ച്ചയായെത്തുന്ന ചരക്കു വാഹനങ്ങള്‍ക്കോ ബസ്സുകള്‍ക്കോ ഒരാഴ്ചയില്‍ അധികം സ്ഥിരമായി യാത്രയ്ക്ക് പറ്റിയ വഴിയേ അല്ല. അത്രയും വാഹന ബാഹുല്യത്തെ താങ്ങാനുള്ള ശേഷിയും ഈ ചുരം പാതയ്ക്കില്ല. കഴിഞ്ഞ മൂന്ന് ദിവസത്തെ ഇതിലൂടെയുള്ള വാഹന ക്രമീകരണം കൊണ്ട് മാത്രം ചുരത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ വീഴുകയും റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറാവുകയും ചെയ്തിട്ടുണ്ട്. ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നതുമാണ്.
കഴിഞ്ഞ ദിവസം മുതല്‍ ഇതുവഴി വാഹനങ്ങളുടെ യാത്ര തിരിച്ചു വിട്ടതോടെ ദുരിതങ്ങളുടെ പേമാരി തന്നെയായിരുന്നു. കിലോമീറ്ററുകള്‍ നീളുന്ന വാഹനത്തിരക്ക് യാത്രക്കാരെ മാത്രമല്ല സമീപ പ്രദേശത്തെയാകെ ദുരിതക്കയത്തിലേക്ക് തള്ളുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ തന്നെ ഗതാഗതക്കുരുക്കിനെ അതിജീവിച്ച് സര്‍വീസ് നടത്തുന്ന ഇവിടങ്ങളിലെ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സര്‍വീസിനെയെല്ലാം ഈ ബദല്‍ ഗതാഗത ക്രമീകരണം അപ്പാടെ താളം തെറ്റിച്ചും കളഞ്ഞു.
കുറ്റ്യാടി ചുരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അപ്പുറമുള്ള ഉള്ള്യേരി മുതല്‍ ഇഴഞ്ഞ് നീങ്ങുന്ന വാഹനപ്പെരുപ്പത്തിനാണ് ഈ ഗതാഗതക്കുരുക്ക് ഇപ്പോള്‍ സാക്ഷിയാവുന്നത്. ആംബുലന്‍സിന് പോലും പോവാന്‍ പറ്റാത്ത അവസ്ഥ. മുന്‍പൊക്കെ ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് കോഴിക്കോട് നിന്ന് കുറ്റ്യാടി എത്തുമായിരുന്നെങ്കില്‍, അടുത്ത കാലത്തായി സാധാരണ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ പോലും ബ്ലോക്കുകള്‍ താണ്ടി കുറ്റ്യാടിയെത്തുന്നത് രണ്ട് മണിക്കൂറുകളിലധികം സമയമെടുത്താണ്. അല്ലെങ്കില്‍ തന്നെ ദുസ്സഹമായിരുന്ന യാത്ര വയനാട് നിന്നുള്ള വാഹനങ്ങള്‍ കൂടി ഈ വഴിയിലേക്കെത്തിയതോടെ നരകതുല്യമായി. ഇപ്പോള്‍ ഇതേ ദൂരം കടക്കാന്‍ മൂന്നു മണിക്കൂര്‍ വരെ എടുക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.
ഗതാഗതം കുറ്റ്യാടി വഴി തിരിച്ചുവിട്ടതോടെ വയനാട്ടില്‍ നിന്ന് കുറ്റ്യാടി വഴി കോഴിക്കോട്ടേക്ക് എത്താന്‍ ശ്രമിച്ചവര്‍ മാത്രമല്ല കോഴിക്കോടിന്റെ മലയോര മേഖലയില്‍ നിന്ന് നഗരത്തിലേക്കെത്തേണ്ടവര്‍ പോലും വഴിയില്‍ കിടക്കുന്ന അവസ്ഥയിലായി. ഫലത്തില്‍ ഈ വഴിയുള്ള ഗതാഗത ക്രമീകരണം വയനാട്ടുകാരെ മാത്രമല്ല കോഴിക്കോട്ടുകാരുടെയും യാത്രാപദ്ധതികളെ അപ്പാടെ തകിടം മറിച്ചു കളഞ്ഞു.
പൊതുവെ ഗതാഗതക്കുരുക്കേറിയ നഗര ജംഗ്ഷനുകള്‍ ഏറെയുള്ളതാണ് കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാത. ചെറിയൊരു അപകടമുണ്ടായാല്‍ പോലും ബസ്സുകളുടെയടക്കം സര്‍വീസിനെ പൂര്‍ണമായും തകിടം മറിക്കുന്ന ഇതുവഴി വയനാട് ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ കൂടി എത്തുമ്പോഴുള്ള അവസ്ഥ ആലോചിക്കാവുന്നതേയുള്ളു. ഇവിടെ താല്‍ക്കാലിക പ്രശ്ന പരിഹാരമല്ല ഇനിയെങ്കിലും വേണ്ടതെന്ന് അധികൃതര്‍ ആലോചിക്കണം. മാത്രമല്ല കുറ്റ്യാടി പാത ഒരു തരത്തിലും സ്ഥിര ബദല്‍ പാതയുമല്ല. പകരം നേരത്തെ മുന്നിലുള്ള ബദല്‍ പാതയില്‍ അടിയന്തര നടപടിയുണ്ടാവണം.

- 32 വര്‍ഷത്തെ അനാസ്ഥയ്ക്ക് ആര് ഉത്തരം നല്‍കും
ബദല്‍ പാതകളില്‍ ചെലവ് കുറഞ്ഞതും പ്രായോഗികമായതുമാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത. ഇതിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത് ജനങ്ങള്‍ റോഡിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 32 വര്‍ഷത്തിലേറെയായിട്ടും ചുരത്തിലൂടേയുള്ള ദുരന്തയാത്രയുടെ ഫലമനുഭവിക്കുകയാണ് ഇന്നുമിവര്‍. പകരം ബാക്കിയായത് റോഡെന്ന സ്വപ്നത്തിനായി കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണുനീരും ആര്‍ക്കുമെല്ലാതായി പോവുന്ന 184 കുടുംബങ്ങളുടെ ഏക്കറ് കണക്കിന് ഭൂമിയും മാത്രമാണ്. ഭൂമി വിട്ടുകൊടുത്തവരൊക്കെ ഇന്നും ചോദിക്കുന്നത് തങ്ങളുടെ കണ്ണടയുന്നതിന് മുമ്പേയെങ്കിലും ഈ റോഡ് യാഥാര്‍ഥ്യമാവുമോയെന്ന ഒറ്റ ചോദ്യമാണ്.
കോഴിക്കോട്ട് നിന്നും 58 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പൂഴിത്തോടെത്താം. ജാനകിക്കാടും കക്കയം ഡാം പരിസരവും പെരുവണ്ണാംമൂഴിയും കടന്നുള്ള മനോഹരമായ പ്രദേശം. പൂഴിത്തോട് അങ്ങാടിയില്‍ നിന്ന് ഒമ്പത് കിലോമീറ്ററില്‍ മാത്രമാണ് വയനാട് അതിര്‍ത്തിയിലേക്കുള്ളത്. ബാക്കിയുള്ള 18 കിലോമീറ്റര്‍ വയനാട് ജില്ലയിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കപ്പയും ചേനയും കൊക്കോയും തേങ്ങയും അടയ്ക്കയും കാപ്പിയുമെല്ലാമായി പൊന്നു വിളയുന്നയിടമായിരുന്നു പൂഴിത്തോട് പ്രദേശം. ഇതിനിടെയാണ് റോഡിനായുള്ള നിര്‍ദേശം വരുന്നതും നാടിന്റെ വികസനമോര്‍ത്ത് 200-ല്‍ അധികം കുടുംബങ്ങള്‍ 54 ഏക്കറോളം ഭൂമി സര്‍ക്കാരിന് സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തത്.
സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് കുറുകെ റോഡ് വന്നെങ്കിലും വനഭൂമിയുടെ അടുത്തെത്തിയതോടെ പ്രശ്നങ്ങള്‍ തുടങ്ങി. വനം വകുപ്പ് നല്‍കിയ തെറ്റായ റിപ്പോര്‍ട്ട് ബദല്‍ പാതയ്ക്ക് അകാല ചരമം വിധിക്കുകയും ചെയ്തു. എഴുപത് ശതമാനത്തോളം പണി പൂര്‍ത്തിയാക്കിയ റോഡാണ് പാതിവഴിയില്‍ നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം. റോഡിനായി ഭൂമി വിട്ടുകൊടുത്തതോടെ വീടും സ്ഥലവും വിട്ട് ഇവിടെയുള്ളവര്‍ക്ക് കുടിയിറങ്ങേണ്ടിയും വന്നു.
- സ്മാരകമായി വീടുകള്‍
ആളുകള്‍ കുടിയൊഴിഞ്ഞ ഭൂമിയില്‍ ഇന്നുമുണ്ട് സ്മാരകം പോലെ പല വീടുകളുടേയും അവശിഷ്ടങ്ങള്‍. ചിലത് ഭാഗികമായി തകര്‍ന്നിരിക്കുന്നു. മറ്റ് ചിലത് പ്രതീക്ഷയോടെ ഇപ്പോഴും തലയുയര്‍ത്തി നില്‍പ്പുണ്ട്. കാപ്പിയും തെങ്ങും കൊക്കോയും നാരകവുമെല്ലാം സജീവ കൃഷിയുടെ ശേഷിപ്പുകളായിമാറി. കുടിയേറിയവരില്‍ ചിലര്‍ താഴ്വാരത്തേക്ക് താമസം മാറ്റിയെങ്കിലും മറ്റ് ചിലര്‍ നാട് തന്നെ വിട്ടുപോയി. കൃഷി ഭൂമികള്‍ കാടെടുത്തതോടെ ഇവിടേക്കുള്ള യാത്ര പോലും ദുഷ്‌കരമായി. റോഡ് വരുമെന്ന പ്രതീക്ഷയില്‍ സ്ഥലം വിട്ടുകൊടുത്തവര്‍ അങ്ങനെ എല്ലാം ഉപേക്ഷിച്ച് മലയിറങ്ങി. വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭൂമിയേറ്റെടുക്കല്‍ വലിയ തിരിച്ചടിയാകുമ്പോഴും സൗജന്യമായി ഭൂമി ലഭിച്ചിട്ടും കഴിഞ്ഞ 32 വര്‍ഷത്തിലധികമായി പെട്ടിയിലൊതുങ്ങിപ്പോയ വയനാടിന്റെ സ്വപ്ന പദ്ധതിയായി അങ്ങനെ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത മാറുകയും ചെയ്തു. ബാണാസുരമലയ്ക്കും തരിയോട് മലയ്ക്കും ഇടയിലൂടെ വലിയ കയറ്റങ്ങളും വളവുകളുമില്ലാതെ ഒരു പാത എന്നതിലേക്കാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത പരിഗണിക്കപ്പെട്ടത്. അതിന് പ്രഥമപരിഗണനയും ലഭിച്ചു.
1988-ല്‍ കോഴിക്കോട് ജില്ലയില്‍നിന്നും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പാതയുടെ സാക്ഷാത്കാരത്തിനായി ഇതുവഴി പദയാത്ര നടത്തി പടിഞ്ഞാറത്തറയിലെത്തിയതോടെയാണ് അതുവരെ ചര്‍ച്ചയിലുണ്ടായിരുന്ന പദ്ധതി സജീവമായത്. 1991-ല്‍ പൊതുമരാമത്ത് വകുപ്പ് ഈ പാതയുടെ സാക്ഷാത്കാരത്തിനായി ഇടപെടുകയും ചെയ്തു. മാസങ്ങള്‍ക്കകം റോഡിന്റെ സര്‍വേ പൂര്‍ത്തിയാക്കി. 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 ഏക്കര്‍ സ്ഥലം വനംവകുപ്പിന് വിട്ടുകൊടുക്കാന്‍ ധാരണയായി. 1993-ല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണത്തിനായി ഡിവിഷന്‍ ഓഫീസ് വടകരയില്‍ തുടങ്ങി. 1994-ല്‍ ഈ റോഡിന് ഭരണാനുമതിയും ലഭിച്ചു.
പടിഞ്ഞാറത്തറയില്‍നിന്ന് പൂഴിത്തോടുവരെയുള്ള ബദല്‍ പാതയുടെ ചര്‍ച്ചകള്‍ 1979-ല്‍ തുടങ്ങിയതാണെങ്കിലും 1994 സെപ്റ്റംബര്‍ 24-ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ആദ്യത്തെ ചുരമില്ലാ ബദല്‍ പാതയുടെ പ്രവൃത്തി പടിഞ്ഞാറത്തറയില്‍ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് ജില്ലയുടെ പ്രവൃത്തിയുടെ ഉദ്ഘാടനം അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ ബാവയും നിര്‍വഹിച്ചു.

27.225 കിലോമീറ്റര്‍ വരുന്ന ബദല്‍ പാതയില്‍ വയനാട് ജില്ലയിലെ കാപ്പിക്കളം വരെയും കോഴിക്കോട് ജില്ലയില്‍ പൂഴിത്തോട് വരെയുമാണ് 14.285 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. ബാക്കി 12.940 കിലോമീറ്റര്‍ വനഭൂമിയിലൂടെയാണ് കടന്നുപോവേണ്ടത്. വനംവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതോടെ തുടര്‍ന്നിങ്ങോട്ട് ബദല്‍ പാതയെന്ന സ്വപ്നവും വഴിമുടങ്ങി.
മഹാരാഷ്ട്രയിലെ പനവേലില്‍ തുടങ്ങി കന്യാകുമാരിവരെ നീണ്ടു നില്‍ക്കുന്ന ദേശീയപാത 66 ന്റെ 1611 കിലോമീറ്ററില്‍ 643.295 കിലോമീറ്റര്‍ കടന്നുപോവുന്ന കേരളത്തിന് ഭൂമി ഏറ്റെടുക്കലിന് മാത്രം ചെലവായി കണക്കാക്കിയിരിക്കുന്നത് 5748 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കേരളം വഹിച്ചതെങ്കിലും ഭൂമിയേറ്റെടുക്കല്‍ നീങ്ങിയത് വലിയ സമരത്തിലേക്കും വിവാദത്തിലേക്കുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഭൂമിയേറ്റെടുക്കലിന് പണം പോലും മുടക്കാതെയുള്ള ഒരു പദ്ധതി പാതിവഴിയിലായിരിക്കുന്നത് എന്നതാണ് ഏറെ സങ്കടകരം.
- വനം വകുപ്പിന്റെ 52 ഏക്കറിന് പകരം വനല്‍വത്കരണത്തിന് നല്‍കിയത് 104 ഏക്കര്‍ ഭൂമി
റോഡിനായി സ്വകാര്യ വ്യക്തികളുടെ 54 ഏക്കറോളം ഭൂമി സൗജന്യമായി വിട്ടുകൊടുത്തിട്ടും വനംവകുപ്പിന്റെ കീഴിലുള്ള ഭൂമിക്ക് പകരം ഇരട്ടി ഭൂമി വനവത്കരണത്തിന് വിട്ടുകൊടുത്തിട്ടും അന്നത്തെ വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടായിരുന്നു പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തിരിച്ചടിയുണ്ടായത്. 20.995 ഏക്കര്‍ വനഭൂമി നഷ്ടപ്പെടുമെന്നാണ് ആദ്യ ഘട്ടത്തില്‍ കണക്കാക്കിയിരുന്നത്. ഇതിന് പകരം വയനാട് കാഞ്ഞിരങ്ങാട് വില്ലേജിലും തരിയാട് വില്ലേജിലും പടിഞ്ഞാറത്തറ പഞ്ചായത്തിലുമായിട്ടാണ് വനവത്കരണത്തിന് വനം വകുപ്പിന് വിട്ടുകൊടുത്തത്. എന്നാല്‍ തെറ്റായ റിപ്പോര്‍ട്ട് തിരിച്ചടിയായി.
സ്ഥലത്ത് അപൂര്‍വയിനം ഞണ്ടുകളും സസ്യങ്ങളും ആനത്താരകളുമുണ്ടെന്ന റിപ്പോര്‍ട്ട് വിലങ്ങുതടിയായി. എന്നാല്‍ പിന്നീട് നടന്ന സംയുക്ത സര്‍വേയില്‍ അപൂര്‍വയിനം ഞണ്ടുപോയിട്ട് അവയുടെ മാളം പോലും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു കര്‍മസമിതിക്കാര്‍. മാത്രമല്ല ആനത്താരയും അപൂര്‍വ മരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടും തെറ്റായിരുന്നു. കോഴിക്കോട് ജില്ലയില്‍ പൂഴിത്തോട് നിന്ന് വനാതിര്‍ത്തിവരെയുള്ള ഒമ്പത് കിലോമീറ്ററില്‍ അഞ്ചുകിലോമീറ്ററോളമാണ് ഇപ്പോള്‍ നിര്‍മാണ പ്രവൃത്തി നടത്തിയിരിക്കുന്നത്.
വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മുതല്‍ കാപ്പിക്കളം വരെ എട്ടുകിലോമീറ്ററിലും നിര്‍മാണ പ്രവൃത്തി നടന്നിട്ടുണ്ട്. വയനാട് ജില്ലയില്‍ റോഡ് പോകുന്ന ഭാഗത്ത് വനം, പരിസ്ഥിതി, പൊതമരാമത്ത്, കെ.എസി.ഇ.ബി-യുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഇതേ രീതിയിലുള്ള പരിശോധന കോഴിക്കോട് ജില്ലയിലും നടത്തണമെന്ന സമരസമിതിയുടെ ആവശ്യത്തില്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഒന്നരകോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍ പി.ഡബ്ള്യു.ഡി. വകുപ്പ് സര്‍വേ നടത്താന്‍ തയ്യാറാവുന്നില്ലെന്ന് സമരസമിതിക്കാരും ചൂണ്ടിക്കാട്ടുന്നു.

- ജീവന്‍ വെക്കുന്നത് 1972-ല്‍
1972 -ലാണ് ബാണാസുരഡാം നിര്‍മാണത്തിനുള്ള സര്‍വേ തുടങ്ങുന്നത്. ഇതോടെ വയനാട്ടിലെ നിലവില്‍ ഉണ്ടായിരുന്ന നാലു ടൗണുകളില്‍ ഒന്നായ തരിയോട് ടൗണ്‍ പദ്ധതി പ്രദേശങ്ങള്‍ക്കുള്ളിലാവുകയും ചെയ്തു. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ എണ്‍പതുകളില്‍ പൂര്‍ത്തിയാക്കി പണി തുടങ്ങിയതോടെ അന്നു വരെ പൂഴിത്തോട് മുതല്‍, കരിങ്കണ്ണി, താണ്ടിയോട് ഭാഗങ്ങളില്‍ ഉണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെയും, താമസക്കാരുടെയും തരിയോടുമായുള്ള ബന്ധം അവസാനിക്കുകയും ചെയ്തു. ഇതോടെ റോഡ് ഗതാഗതവും നിലച്ചു. തരിയോട് ടൗണ്‍ ഇല്ലാതായതോടെ എസ്റ്റേറ്റ് ജോലികള്‍ നഷ്ടത്തിലുമായി. ഇതിനുശേഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വനം വകുപ്പ് ഈ എസ്റ്റേറ്റുകള്‍ മിച്ചഭൂമിയായി പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ തരിയോട് ടൗണ്‍ ഉണ്ടായിരുന്ന കാലത്തെ തരിയോട്-പൂഴിത്തോട് റോഡ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡായി മാറി. ഇതിനു ശേഷമാണ് ചുരമില്ലാ ബദല്‍ റോഡെന്ന ആശയത്തിന് ജീവന്‍ വയ്ക്കുന്നത്.
മിച്ചഭൂമിയായി പിടിച്ചെടുത്ത എസ്റ്റേറ്റുകളുടെ നിലവില്‍ ഉണ്ടായിരുന്ന റോഡ് മാര്‍ഗം ആണ് ഈ റോഡിന്റെ അലൈന്‍മെന്‍റ് . ബദല്‍ റോഡ് വന്നാല്‍ കല്‍പറ്റയടക്കമുള്ള നഗരങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് കണ്ടതിനാലാണ് വനം വകുപ്പിനെ സ്വാധീനം ചെലുത്തി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഈ റോഡ് ഗാതാഗതം മുടക്കിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 1995-ലാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത സംബന്ധിച്ച റിപ്പോര്‍ട്ട് വനംവകുപ്പ് പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. അവരാണ് അനുമതി നിഷേധിച്ചത്. കേരളത്തിലെ സര്‍ക്കാരിനും വനംവകുപ്പിനും ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടില്ലെന്നാണ് നേരത്തെ മന്ത്രി എ.കെ ശശീന്ദ്രനടക്കം പ്രതികരിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ആരാണ് ഈ ബദല്‍ പാതയ്ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
Content Highlights: Traffic woes on Thamarassery Churam worsen, reviving calls for Poozhithode-Padinjarathara Road
Published: 29 Aug 2025, 10:51 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented