അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ഹല്ലാ ബോൽ (നിങ്ങള്‍ ശബ്ദമുയര്‍ത്തൂ)....

To advertise here,

അത് കേട്ട് നിന്ന് ജനകൂട്ടം ആരവങ്ങൾ പൊഴിച്ചു. നിസഹായരായി നിന്ന ഒരു ജനതയ്ക്കു മുന്നിലേക്ക് ആ ചെറുപ്പക്കാരന്‍ ഇറങ്ങി. അവരെ ഉദ്‌ബോധിപ്പിച്ചു, അവർക്ക് വേണ്ടി സംസാരിച്ചു, അവസാനം അതേ തെരുവില്‍ എതിരാളികളാൽ അദ്ദേഹം ചോര വാര്‍ന്ന് മരണത്തെ പുല്‍കി. ഇത് സഫ്ദര്‍ ഹാഷ്മിയുടെ ജീവിതമാണ്. ഇന്ത്യന്‍ തെരുവീഥികളെ തന്റെ നാടകം കൊണ്ട് പിടിച്ചിരുത്തിയ സഫ്ദര്‍ ഹാഷ്മിയുടെ ജീവിതം ഇന്നും വിപ്ലവകാരികളുടെ മനസില്‍ അണയാത്ത ജ്വാലയാണ്. കലയെ രാഷ്ട്രീയമായ ഉദ്‌ബോധനത്തിനായി മാറ്റിയെടുക്കാമെന്ന് കാണിച്ചുതന്ന വിപ്ലവകാരിയായ നാടകകലാകാരന്‍. അധ്യാപകൻ, മാധ്യമപ്രവർത്തകന്‍, നാടകകലാകാരൻ സർവോപരി ഒരു മനുഷ്യസ്നേഹി... അതാണ് സഫ്ദർ.

1954 ഏപ്രില്‍ 12-ന് ഡല്‍ഹിയിലാണ് സഫ്ദറിന്റെ ജനനം. ഇടതുപക്ഷ ചായ്‌വുള്ള കുടുംബത്തിലാണ് സഫ്ദര്‍ ജനിച്ചത്. അതിനാല്‍ തന്നെ പ്രസ്ഥാനത്തോടൊരു ആഭിമുഖ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ദില്ലിയിലും അലിഗഢിലുമായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. പിന്നീട് ഡല്‍ഹിയില്‍ തന്നെ സ്ഥിരമായി.സെന്റ് സ്റ്റീഫന്‍ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഡല്‍ഹി സര്‍വകലാശാല കാലഘട്ടത്തിലാണ് എസ്എഫ്‌ഐയില്‍ സജീവമാവുന്നത്. അദ്ദേഹമൊരു തീപ്പൊരി നേതാവായിരുന്നു, സഹാനുഭൂതിയുള്ളൊരു മനുഷ്യനും ചുറ്റുമുള്ളവർക്ക് അദ്ദേഹത്തെ കുറിച്ച് പറയാനുള്ളത് ഇത്ര മാത്രമായിരുന്നു..

placeholder
സഹോദരങ്ങൾക്കൊപ്പം, വലത് നിന്ന് ആദ്യത്തേതാണ് സഫ്ദർ

പിന്നീട് ഇടതുപക്ഷ ചായ്​വുള്ള ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ചേരുന്നു. 'ഇപ്റ്റ'യുടെ നിരവധി നാടകങ്ങളിൽ അദ്ദേഹം പങ്കാളിയാവുകയും ചെയ്തു. വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍  ശക്തമായ സാന്നിധ്യം അറിയിച്ചു. പിന്നീട് അധ്യാപനത്തിലേക്കും പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ എഡിറ്ററായും  ജോലി ചെയ്തു. രണ്ടു വര്‍ഷത്തെ എഡിറ്റോറിയല്‍ ജോലി ഉപേക്ഷിച്ച് സഫ്ദർ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിച്ചു. പശ്ചിമ ബംഗാളില്‍ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം വീണ്ടും നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ‍അന്നത്തെ കാലത്ത് നിലനിന്ന് പോന്ന നാടകത്തിന്റെ ഘടന തന്നെ പൊളിച്ചെഴുതി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന തെരുവുനാടകങ്ങളായിരുന്നു അദ്ദേഹം ആവിഷ്കരിച്ചിരുന്നത്. വലിയവനും എളിയവനും ഒരുപോലെ ആസ്വദിക്കാവുന്ന കലാസൃഷ്ടിയായിരുന്നു അതെല്ലാം.

placeholder
.
photo: Mathrubhumi archives

നാടകപ്രവര്‍ത്തനങ്ങള്‍ പുതിയൊരു മാനം അത്യാവശ്യമാണെന്ന് സഫ്ദര്‍ ഉറപ്പിക്കുന്നു. നാടകത്തെ തെരുവിലേക്കിറക്കി സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നതാക്കാന്‍ ആലോചന ആരംഭിച്ചു. അങ്ങനെയാണ് ജന നാട്യമഞ്ച് എന്ന നാടക പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. സംഘടനയുടെ സെക്രട്ടറിയായി ചുമതലയേറ്റ സഫ്ദര്‍ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ ചെലുത്താനായി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു.

ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ചെല്ലുന്ന തെരുവുനാടകങ്ങളായിരുന്നു ജനനാട്യമഞ്ചിന്റെ കലാസൃഷ്ടികള്‍.  ആദ്യകാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനിലായിരുന്നു പ്രവർത്തനം. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനായി. പാർട്ടിയോട് അനുഭാവമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാടകസൃഷ്ടികളിൽ അത്തരം പക്ഷപാതപരമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്നില്ല. ജനങ്ങൾക്ക് വേണ്ടി അവർക്കൊപ്പം നിന്ന് സംസാരിക്കുന്നതായിരുന്നു ആ നാടകങ്ങൾ. ആരംഭിച്ച് ചെറിയ നാളുകൾക്കുള്ളിൽ തന്നെ ജനനാട്യമഞ്ചിന് ജനപിന്തുണ ലഭിച്ചു തുടങ്ങി. ജനമെന്ന് വിളിപ്പേരുള്ള സംഘത്തിന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. നാടകങ്ങൾ കാണാൻ ആയിരങ്ങളെത്തി. ആവേശമുയർത്തുന്ന പാട്ടുകളും ഈ നാടകങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

placeholder

സതി, സ്ത്രീപീഡനം, വിലക്കയറ്റം, അഴിമതി തുടങ്ങി സമകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ സഫ്ദറിന്റെ തെരുവുനാടകങ്ങളില്‍ വിഷയങ്ങളായി..ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നൊരു ആരോപണം ഉയര്‍ന്നിരുന്നു. ഇത് വലിയ രീതിയിൽ ജനവിരുദ്ധ വികാരം ഉയർത്തി. ഇത് പശ്ചാത്തലമാക്കി കുര്‍സി കുര്‍സി കുര്‍സി എന്ന പേരില്‍ തെരുവുനാടകം കളിച്ചിരുന്നു. ഈ നാടകം  വലിയ രീതിയിലുള്ള അലയൊലികള്‍ തീര്‍ത്തു. ജനനാട്യമഞ്ചിന് വലിയൊരു വഴിത്തിരിവ് തന്നെ ഈ നാടകം സമ്മാനിച്ചു.

എന്നാല്‍, അടിയന്തരവസ്ഥയോടെ സ്ഥിതിഗതികള്‍ മാറി. രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ നാടകപ്രവർത്തനങ്ങൾക്ക് നിർബന്ധിതമായി ഇടവേളയെടുക്കേണ്ടി വന്നു. സഫ്ദർ കശ്മീരിലും ഡൽഹിയിലും അധ്യാപനത്തിൽ സജീവമായി .എന്നാൽ, അടിയന്തിരാവസ്ഥയ്ക്കു ശേഷം അധ്യാപനം ഉപേക്ഷിച്ച് അദ്ദേഹം ഡൽഹിയിലേക്ക് തന്നെ തിരിച്ചെത്തി.സഫ്ദറിന്റെ ജനപ്രീതിയേറി. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്ന, മുന്നില്‍ വെളിച്ചമായി നില്‍ക്കുന്ന വ്യക്തിയായി അവര്‍ സഫ്ദറിനെ കണ്ടു. ഇതിനിടെ മോലയശ്രീയെ സഫ്ദര്‍ ജീവിതസഖിയായി കൂടെകൂട്ടി. നാടകത്തിലും പാർട്ടി പ്രവർത്തനങ്ങളിലും മോലയശ്രീ സജീവസാന്നിധ്യമായിരുന്നു.

മെഷീന്‍ ഔരത്ത്, രാജ കാ ബാജ, ഗാവ് സെ ഷെഹര്‍ തക്ക്, എഗ്രിമെന്റ്, ജബ് ചോര്‍ ബനേ കോത്‌വാള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങള്‍.. പ്രശസ്തമായ അദ്ദേഹത്തിന്റെ അവസാനത്തെ നാടകമായ ഹല്ല ബോല്‍ അവതരിപ്പിക്കുമ്പോഴാണ് അക്രമകാരികള്‍ അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

1989-ലെ പുതുവത്സര ദിനത്തിലാണ് ഹല്ലാ ബോല്‍ അരങ്ങേറുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ മുന്‍സിപ്പല്‍ ഇലക്ഷന്‍ കാലമായിരുന്നു. സിഐടിയു നേതാവും സിപിഎം സ്ഥാനാർഥിയമായിരുന്ന രാമനന്ദ് ഝായുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സഫ്ദറും സംഘവും ഗാസിയാബാദിലെ ജന്ദാപൂര്‍ ഗ്രാമത്തിലേക്ക് നാടകവുമായി എത്തിയത്. ഹല്ല ബോല്‍ എന്ന തെരുവുനാടകം കാണാന്‍ നൂറുകണക്കിന് ആളുകള്‍ ഇവിടെ തടിച്ചുകൂടി. ജനജീവിതത്തെ പറ്റിയും അവർ നേരിടുന്ന ചൂഷണവുമായിരുന്നു നാടകത്തിന്റെ കഥാപശ്ചാത്തലം. ഈ സമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണ വണ്ടി അതു വഴി കടന്നു വന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുകേഷ് ശര്‍മ്മയുടെ പ്രചരണവാഹനങ്ങളായിരുന്നു അതെല്ലാം. അവര്‍ ഈ വണ്ടികള്‍ നാടകവേദിയുടെ മുന്നില്‍ നിര്‍ത്തി.

നാടകവേദിയില്‍നിന്ന് സഫ്ദര്‍ അവരോട് വണ്ടി മാറ്റിയിടാമോയെന്ന് വളരെ സൗഹാര്‍ദപരമായി ആവശ്യപ്പെട്ടു. ഇതോടെ രംഗം ആകെ മാറി. അന്തരീക്ഷമാകെ കലുഷിതമാവാന്‍ തുടങ്ങി. വലിയൊരു സംഘര്‍ഷമാണ്‌ പിന്നീട് ആ പ്രദേശമാകെ കണ്ടത് .കണ്ണില്‍ കണ്ടവരെയെല്ലാം സഫ്ദര്‍ സുരക്ഷിത സ്ഥാനത്തേക്ക് നിര്‍ത്തി. പലരേയും അദ്ദേഹം സിഐടിയു ഓഫീസിലേക്ക് കയറ്റി നിർത്തി. കുടെ നില്‍ക്കാന്‍ വാശിപിടിച്ച് പ്രവർത്തകരെ അയാള്‍ തടഞ്ഞു. കുറച്ചു സമയത്തിനുള്ളില്‍ താന്‍ ആ തെരുവില്‍ ചോര വാര്‍ന്നു കിടക്കുമെന്ന് ഒരിക്കലും സഫ്ദര്‍ ചിന്തിച്ചു കാണില്ല. 

മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണ പരമ്പരയില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജനനാട്യ മഞ്ചിന്റെ പ്രവര്‍ത്തകര്‍ക്ക്  അതിക്രൂരമായി പരിക്കേറ്റു. വെടിയേറ്റ് റാം ബഹദൂറെന്ന തൊഴിലാളിയും കൊല്ലപ്പെട്ടു. ആദ്യം ഗാസിയാബാദിലും പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.

Not found

സഫ്ദറിന്റെ മൃതദേഹം കാണാന്‍  ജനസാഗരം തന്നെയുണ്ടായിരുന്നു. നിരവധി പേർ ആ ശവമഞ്ചത്തെ ആഗമിച്ചു. അതിൽ തൂപ്പുകാരനും കൃഷിക്കാരനും ചെറുകിട വ്യാപാരികളും എല്ലാവരുമുണ്ടായിരുന്നു. ജനനാട്യമഞ്ചിലെ പലർക്കും അവരാരൊക്കെയാണെന്നും പോലും അറിയില്ലായിരുന്നുവെന്ന് പറയുന്നു.

placeholder
.

സഫ്ദറിന്റെ മരണത്തോടെ ജനനാട്യമഞ്ചിന്റെ അവസാനമായെന്ന് കരുതിയവർക്ക് തെറ്റി. സഫ്ദറിന്റെ മൃതശരീരം കത്തിയെരിയും മുൻപ് തന്നെ പാതിയിൽ നിർത്തിയ ഹല്ലാബോൽ നാടകം അതേ വേദിയിൽ ആടിത്തീർക്കാൻ അവർ തീരുമാനിച്ചു. അതിന് നേതൃത്വം  കൊടുത്തതാവട്ടെ സഫ്ദറിന്റെ ജീവിതപങ്കാളി മോലയശ്രീയും. അങ്ങനെ ജനുവരി നാലിന് അവര്‍ ആക്രമിക്കപ്പെട്ട അതേ വേദിയിലേക്ക് ജനനാട്യമഞ്ചിന്റെ പ്രവര്‍ത്തകരെത്തി. പരിക്കേറ്റ കെട്ടുകളുമായി, ചോരപ്പാടുകൾ പൂർണമായി മാറാതെ ജനനാട്യമഞ്ചിന്റെ പ്രവർത്തകർ ജംഡാപൂർ ഗ്രാമത്തിലേക്കെത്തി. ജനം അവരെ അമ്പരപ്പോടെ നോക്കി, നിമിഷങ്ങൾക്കുള്ളിൽ തന്നെ നാടകം കാണാൻ നിരവധി പേർ തടിച്ചുകൂടി.സഫ്ഗർ പോയതിനാൽ അതേ വേദിയിൽ ഉറച്ച് നിന്ന് സംഭാഷണങ്ങൾ പറയാനോ അഭിനയിക്കാനോ പ്രവർത്തകർക്ക് കഴിഞ്ഞില്ല. അവർക്കിടിയിലേക്ക് ഞെട്ടിക്കുന്ന ശബ്ദവുമായി മോലയശ്രീ കടന്നുവന്നു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും ചോദിച്ച് വന്ന അവർ പ്രവർത്തകർക്ക് ഊർജമേകി സംസാരിച്ചു. അങ്ങനെ അവർ ഹല്ലാബോൽ എന്ന നാടകം അവതരിപ്പിച്ചു തീർത്തു.

placeholder
1

സഫ്ദറിന്റെ മരണം വെറും കൊലപാതകമല്ലെന്നും രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വാദങ്ങളുയര്‍ന്നിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉടലെടുത്ത ആക്രമമല്ലെന്നും ഇതിന് പിന്നീൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സഫ്ദർ അനുകൂലികൾ പറയുന്നു. ആയിരങ്ങൾ പങ്കെടുത്ത നിരവധി പ്രതിഷേധ റാലികള്‍ നടന്നു. 1989-ല്‍ ദിലിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബ്‌ന ആസ്മി ഈ കൊലപാതകത്തിനെതിരെ പ്രസംഗിച്ചിരുന്നു.  ഇത്തരമൊരു ചടങ്ങിൽ സഫ്ദറിന് വേണ്ടി ശബ്ന ആസ്മി സംസാരിച്ചത് വലിയ രീതിയിൽ തന്നെ വാർത്തയായി. തുടർന്നുണ്ടായ പ്രതിഷേധ റാലിയിൽ ശബ്ന ആസ്മി ഉൾപ്പെടെ നിരവധി സിനിമ പ്രവർത്തകർ പങ്കെടുത്തു.

സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷം ഗാസിയാബാദ് കോടതി പത്ത് പേരെ ശിക്ഷിച്ചു. സഫ്ദര്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1989 ഏപ്രില്‍ 13 ദേശിയ തെരുവുനാടക ദിനമായി ആചരിക്കപ്പെട്ടു. കത്തിജ്വിലിച്ചുകൊണ്ടു നില്‍ക്കുന്ന 34-ാം വയസ്സിലാണ് ഹാഷ്മി കൊല്ലപ്പെടുന്നത്. നിരവധി നാടകങ്ങള്‍ എഴുതാന്‍ ബാക്കിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഇന്നും സമരവേദികളിൽ ഉറക്കെ വിളിക്കുന്ന മുദ്രാവാക്യമാണ് ഹല്ലാ ബോൽ.ഇന്ത്യൻ രാഷ്ട്രീയത്തിന് നഷ്ടപ്പെട്ട ചുവന്ന താരകമാണ് സഫ്ദർ. വിപ്ലവകാരികളുടെ മനസിൽ ഇന്നും സഫ്ദർ ചുവന്ന സൂര്യനായി ജ്വലിക്കുന്നു.