ര്‍ഷം 1962, ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അന്നൊരത്ഭുതം നടന്നു, മണ്ഡലം ജയ്പൂര്‍, ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 2,46,516. ജയിച്ച സ്ഥാനാര്‍ഥി നേടിയത് 1,92,909 വോട്ട്, പോള്‍ ചെയ്തതിന്റെ 78% വോട്ടും കരസ്ഥമാക്കി ലോക റെക്കോര്‍ഡിട്ട ആ സ്ഥാനാര്‍ഥി ഒരുവനിതയായിരുന്നു. അവര്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിനെ. സ്വതന്ത്ര പാര്‍ട്ടിയുടെ ടിക്കറ്റില്‍ വിജയിച്ച സ്ഥാനാര്‍ഥിയുടെ പേര് ഗായത്രി ദേവി, ജയ്പൂര്‍ രാജവംശത്തിന്റെ അധിപയായ രാജ്ഞി ഗായത്രി ദേവി. രാജകുടുംബത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ജയിച്ച വനിത. എന്തുകൊണ്ടാണ് രാജകുടുംബാംഗമായ സ്ത്രീക്ക് ജനങ്ങള്‍ ഇത്രയും വലിയ ഭൂരിപക്ഷം നല്‍കിയത്...? അന്ന് ഇന്ത്യയും കോണ്‍ഗ്രസും ഇന്ദിരയുമെല്ലാം ഒരുപോലെ ചോദിച്ചു. കലണ്ടറുകള്‍ മറിഞ്ഞു, വര്‍ഷം 1975, അലഹാബാദ് കോടതി വിധി പ്രതികൂലമായതോടെ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധം ഭയന്ന് അന്ന് ജയിലിന്റെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ഇന്ദിര നിര്‍ദ്ദേശിച്ച നേതാക്കളുടെ പട്ടികയില്‍ ആദ്യപേരിലൊന്ന് ഗായത്രി ദേവിയുടേതായിരുന്നു. ആറു മാസം ജയിലിന്റെ ഇരുളില്‍ ആ രാജ്ഞി കഴിഞ്ഞു. എന്തായിരിക്കാം ഗായത്രി ദേവിയെ ഇത്രമേല്‍ ഇന്ദിര ഗാന്ധി ഭയക്കാനുള്ള കാരണം..? ആരായിരുന്നു ഗായത്രി ദേവി..? ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിതകളിലൊരാളുടെ ജീവിതമാണ് ഗായത്രി ദേവിയുടെ നാള്‍ വഴികള്‍ അന്വേഷിക്കുമ്പോള്‍ മുന്നില്‍ തെളിയുക.

To advertise here,
placeholder
ഗായത്രി ദേവി ഭര്‍ത്താവ് മാന്‍ സിങ് രണ്ടാമനൊപ്പം | Photo: Mathrubhumi Archives

ബംഗാള്‍ ടു ലണ്ടന്‍

1919 ഏപ്രില്‍ 13. അന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ ജാലിയന്‍വലാബാഗ് സംഭവം നടന്നത്. ഇതിന് രണ്ട് മാസങ്ങള്‍ക്കപ്പുറം 1919 മെയ് 23-ന് ഇപ്പോഴത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുന്ന കുച്ച് ബെഹാര്‍ രാജവംശത്തിലാണ് ഗായത്രി ദേവിയുടെ ജനനം. കുച്ച് ബെഹാര്‍ രാജാവായ മഹാരാജ ജിതേന്ദ്ര നാരായണന്‍, മറാത്ത രാജ്ഞിയായ ഇന്ദിര രാജെ എന്നിവരുടെ പുത്രി.  ലണ്ടനിലും ബംഗാളിലെ ശാന്തി നികേതനിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി വിഭ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിനാലാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തിയ ജയ്പൂര്‍ രാജാവ് മാന്‍ സിങ് രണ്ടാമന്‍ ഗായത്രിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുകയും മാതാപിതാക്കളെ തന്റെ വിവാഹ താത്പര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ വിവാഹക്കാര്യം പിന്നീടാലോചിക്കാമെന്ന് മറുപടി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മാന്‍സിങ്  ഗായത്രി ദേവിയോട് നേരിട്ട് പ്രണയാഭ്യര്‍ത്ഥന നടത്തി.  ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സവായ് മാന്‍ സിങ് ബഹദൂര്‍ രണ്ടാമന്റെ മൂന്നാം ഭാര്യയായി, ജയ്പൂരിന്റെ മഹാറാണിയായി ഗായത്രി ദേവി കൊട്ടാരങ്ങളുടെ നഗരത്തിലേക്ക് എത്തി.

കൊട്ടാരത്തിനകത്തും പുറത്തും രാജ്ഞിമാര്‍ക്ക് നിരവധി പെരുമാറ്റ ചട്ടക്കൂട്ടുകള്‍ നിലനിന്ന കാലമായിരുന്നു അത്. എന്നാല്‍ ആ ചട്ടക്കൂടുകള്‍ ഓരോന്നും പൊളിച്ചെഴുതികൊണ്ടാണ് ഗായത്രി ദേവി ജയ്പൂരില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയത്. രാജ്ഞിമാര്‍ ധരിക്കുന്ന പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ച ഗായത്രി ദേവിയുടെ തീരുമാനത്തെ മാന്‍ സിങ് രണ്ടാമന്‍ അംഗീകരിച്ചു. വിദേശ വിദ്യാഭ്യാസമടക്കം നേടിയ ഗായത്രി ദേവി ഒരിക്കലും കൊട്ടാരത്തിന്റെ സുഖലോലുപതയില്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്നാല്‍ ആവുന്ന വിധം സാമൂഹ്യ ഇടപെടലുകള്‍ നടത്തണമെന്ന് അവര്‍ ആഗ്രഹിച്ചു. അവിടെ തൊട്ടാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീകളിലൊരാളുടെ വളര്‍ച്ച തുടങ്ങുന്നത്.

ആയിഷ എന്ന ഗായത്രി

ഗായത്രി ദേവിയെ അടുത്ത സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് ആയിഷ എന്നാണ്. ഗായത്രി ദേവിയുടെ മാതാവായ ഇന്ദിര രാജെയാണ് ആയിഷ എന്ന ഓമനപ്പേര് മകള്‍ക്കിട്ടത്. ഇന്ദിര രാജെ മികച്ചൊരു വായനക്കാരിയായിരുന്നു. റൈഡര്‍ ഹഗാര്‍ഡ് എഴുതിയ 'ഷീ' എന്ന പുസ്തകത്തില്‍ ആകൃഷ്ടയായ ഇന്ദിര തനിക്കൊരു മകള്‍ ജനിക്കുകയാണെങ്കിള്‍ അവള്‍ക്ക് ആയിഷ എന്ന് പേരിടും എന്ന് തീരുമാനിച്ചു. അതുപോലെ തന്നെ അവര്‍ തീരുമാനം നടപ്പാക്കുകയും ചെയ്തു. ഹിന്ദു രാജവംശമായതിനാല്‍ ഒരു മുസ്ലീം പേര് ഔദ്യോഗിക നാമമായി സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. അതിനാല്‍ ഗായത്രി ദേവി എന്ന നാമം ഔദ്യോഗിക നാമമായി സ്വീകരിച്ചു. കൊട്ടാരത്തിലും അടുത്ത സുഹൃത്തുക്കള്‍ക്കിടയിലും ആയിഷ എന്ന പേരിലാണ് ഗായത്രി ദേവി അറിയപ്പെട്ടിരുന്നത്.

കൊട്ടാരത്തിലെ വിപ്ലവം

1943 ല്‍ പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മഹാറാണി ഗായത്രി ദേവി പബ്ലിക് സ്‌കൂള്‍ രാജ്ഞിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. രാജസ്ഥാനിലെ തന്നെ ആദ്യ പെണ്‍പള്ളിക്കൂടം ആയിരുന്നു ഇത്. 40 കുട്ടികളും ഒരു ഇംഗ്ലീഷ് അധ്യാപികയുമായിരുന്നു സ്‌കൂളില്‍ തുടക്കകാലത്ത് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഈ സ്‌കൂളിന്റെ സ്ഥാനം. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ മുന്നോട്ടുപോക്കിന് രാഷ്ട്രീയ പ്രവര്‍ത്തനം കൂടി ആവശ്യമാണെന്ന് ഗായത്രി ദേവി തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിലേക്ക് ദേശീയ നേതാക്കള്‍ ഗായത്രി ദേവിയെ ക്ഷണിച്ചെങ്കിലും ആ ക്ഷണം അവര്‍ നിരസിച്ചു. 1959-ല്‍ രാജാജി (സി. രാജഗോപാലചാരി) യുടെ നേതൃത്വത്തില്‍ സ്വതന്ത്ര പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ ഗായത്രി ദേവിയെ അതിലേക്ക് ക്ഷണിച്ചു. ഭര്‍ത്താവായ മാന്‍ സിങിനോട് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ഗായത്രി ദേവി സ്വതന്ത്ര പാര്‍ട്ടി അംഗമായി. പിന്നാലെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള ക്ഷണമാണ് അവരെ കാത്തിരുന്നത്.

placeholder
ഗായത്രി ദേവി | Photo: Mathrubhumi Archives

രാജ്യം ഞെട്ടിയ ഭൂരിപക്ഷം

ജയ്പൂര്‍ മണ്ഡലം പിടിക്കാന്‍ ജയ്പൂരിന്റെ മുന്‍ അധിപതികളേക്കാള്‍ അനുയോജ്യരായി ആരുമില്ലെന്ന് രാജാജിക്ക് അറിയാമായിരുന്നു. കാരണം ജയ്പൂരിലെ ജനങ്ങള്‍ക്ക് രാജാവായ മാന്‍ സിങ്ങിനോടും രാജ്ഞിയായ ഗായത്രി ദേവിയോടുമുള്ള ബഹുമാനവും സ്നേഹവും പകരം വെക്കാനില്ലാത്തതായിരുന്നു. കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ഗായത്രി ദേവിയെ കളത്തിലിറക്കുക എന്ന തന്ത്രം രാജാജി നടപ്പാക്കി. ആദ്യം മത്സരിക്കാന്‍ വിമുഖത കാട്ടിയ ഗായത്രി ദേവി പിന്നീട് സമ്മതം മൂളി. 1962-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയ്പൂര്‍ മണ്ഡലത്തില്‍നിന്ന് ഗായത്രി ദേവി മത്സരിക്കുമ്പോള്‍ എതിര്‍ഭാഗത്ത് ഭരണകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു പ്രധാന എതിരാളി. ജയ്പൂരിലെ ഓരോ തെരുവുകളിലേക്കും എത്തിയ ഗായത്രി ദേവിക്ക് വര്‍ണനാതീതമായ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. കവലകളില്‍ ജനക്കൂട്ടത്തിന് ഇടയില്‍ ഇരുന്നും നിന്നുമെല്ലാം ഗായത്രി ദേവി സംസാരിച്ചു.

ആദ്യ ദിനങ്ങളില്‍ അപരിചിതത്വത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അവരുടെ യഥാര്‍ഥ വാക്ചാതുര്യം ജനങ്ങള്‍ തൊട്ടറിഞ്ഞു. നേരിയ ഭൂരിപക്ഷത്തില്‍ ഗായത്രി ദേവി വിജയിക്കുമെന്ന് വിലയിരുത്തലുകളുണ്ടായി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ രാജ്യം തന്നെ ഞെട്ടി. 1.57 ലക്ഷത്തിന്റെ, ഇന്ത്യ അന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഗായത്രി ദേവി വിജയിച്ചു. ജയ്പൂര്‍ കൊട്ടാരം വിജയാഘോഷത്തില്‍ ജനസാഗരമായി മാറി. ആ വിജയത്തിന്റെ റെക്കോര്‍ഡ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു.  രാജ്യത്തെ വരുംകാല രാഷ്ട്രീയത്തിലെ വന്‍മരമായി ഗായത്രി ദേവി വളരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. കോണ്‍ഗ്രസിന് ഇന്ദിര ഗാന്ധിയെങ്കില്‍ പ്രതിപക്ഷത്തിന് ഗായത്രി ദേവിയെന്ന് മാധ്യമങ്ങളെഴുതി.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയ ഗായത്രി ദേവി അതിവേഗം ശ്രദ്ധാകേന്ദ്രമായി. ഈ വെല്ലുവിളി തിരിച്ചറിഞ്ഞെന്നവണ്ണം 1965-ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരിക്കല്‍കൂടി ഗായത്രി ദേവിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആന്റി കോണ്‍ഗ്രസ് അജണ്ട പറഞ്ഞാണ് താന്‍ ജനങ്ങളില്‍നിന്ന് വോട്ട് വാങ്ങിയതെന്നും അതിനാല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് തന്നെ വിശ്വസിച്ച ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും പറഞ്ഞ് ഗായത്രി ദേവി ആ ക്ഷണവും നിരസിച്ചു. പിന്നീട് രണ്ട് (1967, 1971) തിരഞ്ഞെടുപ്പുകളില്‍ ജയ്പൂര്‍ ഗായത്രി ദേവിയുടെ ഉരുക്കുകോട്ടയായി നിലകൊണ്ടു. ഇതില്‍ 1971-ലെ വിജയം ഗായത്രി ദേവിയെ സംബന്ധിച്ച് അല്‍പം മധുരമേറിയതാണ്. കാരണം 1970-ല്‍ മഹാരാജാവായ മാന്‍ സിങ് രണ്ടാമന്‍ അന്തരിച്ചു.  ഈ മരണം ഗായത്രി ദേവിയെ മാനസികമായി തകര്‍ത്തുകളഞ്ഞു. അതിനാല്‍ അവര്‍ പൊതുപരിപാടികളില്‍ നിന്നും മറ്റും മാറി നിന്നു.

ഈ തക്കം നോക്കി എതിര്‍പക്ഷം ഗായത്രി ദേവി അനുകൂലികളുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തു. 1971 തിരഞ്ഞെടുപ്പില്‍ ഗായത്രി ദേവി മത്സരിച്ചപ്പോള്‍ അവരുടെ ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ അനുയായികള്‍ക്കോ ഒന്നും വോട്ടുചെയ്യാന്‍ സാധിച്ചിരുന്നില്ല. അത്രമേല്‍ പരസ്യമായി വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ നടന്നു. എന്നാല്‍ ആ പ്രതികൂല സാഹചര്യത്തില്‍ അമ്പത്തിനായിരത്തിലധികം ഭൂരിപക്ഷം നേടിയാണ് മൂന്നാംവട്ടവും ഗായത്രി ദേവി പാര്‍ലമെന്റിലേക്കുള്ള ടിക്കറ്റെടുത്തത്. മാന്‍ സിങ് രണ്ടാമന്റെ മരണത്തോടെ മഹാറാണി എന്ന പേരുമാറി ഗായത്രി ദേവി, രാജമാതാ എന്നറിയപ്പെടാന്‍ തുടങ്ങി.

ഇരുണ്ട നാളുകള്‍-1975

1971-ലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട അലഹാബാദ് കോടതിയില്‍ നിലനിന്ന കേസില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരേ കോടതി വിധി ഉണ്ടാകുന്നു. ആറു വര്‍ഷം ഇന്ദിര ഗാന്ധിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കോടതി വിലക്കുന്നു. പിന്നാലെ പ്രധാനമന്ത്രി എന്ന സ്വാധീനം ഉപയോഗിച്ച് ഇന്ദിരാഗാന്ധി രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ഏത് വിധേനയും അധികാരം നിലനിര്‍ത്താനും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും രാജ്യത്തിന്റെ പ്രധാനമന്ത്രി തീരുമാനിച്ചപ്പോള്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടു.  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്യുകയും തടവിലിടാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കുന്നു. അന്ന് ഇന്ദിര ഗാന്ധി ജയിലിടാന്‍ നിര്‍ദ്ദേശം നല്‍കിയവരുടെ പട്ടികയില്‍ ആദ്യ പേരുകളിലൊന്നായി തന്നെ ജയ്പൂരിന്റെ രാജമാതാ ഗായത്രി ദേവിയുടെ പേരുമുണ്ടായിരുന്നു.

അന്നവര്‍ ബോംബെയില്‍ ചികിത്സയിലായതിനാല്‍ ആദ്യ ദിവസങ്ങളില്‍ പൊലീസിന് അവരെ അറസ്റ്റ് ചെയ്യാനായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ഗായത്രി ദേവി നേരെ ചെന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കാണ്. ഗായത്രി ദേവി പാര്‍ലമെന്റിനകത്തെത്തിയപ്പോള്‍ പ്രതിപക്ഷ കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നു, അരുതാതെന്തോ സംഭവിച്ചതെന്ന പോലെ ഭരണപക്ഷ എം.പിമാര്‍ അത്ഭുതത്തോടെ ഗായത്രി ദേവിയെ നോക്കി. ഒരുഭാവവ്യത്യാസവുമില്ലാതെ അവര്‍ ഇരിപ്പിടത്തിലിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ അവര്‍ മനസ്സില്‍ ഒന്നുറപ്പിച്ചിരുന്നു, ഏതുനിമിഷവും താനും അറസ്റ്റ് ചെയ്യപ്പെടാം. തിരികെ വീട്ടിലെത്തിയ ഗായത്രി ദേവിയെ തേടി നിമിഷങ്ങള്‍ക്കകം പോലീസെത്തി. നിയമസഹായമടക്കം ഗായത്രി ദേവി ആവശ്യപ്പെട്ടതൊന്നും സമ്മതിക്കാതെ അറസ്റ്റ് ചെയ്ത് നേരെ തീഹാര്‍ ജയിലിന്റെ ഇരുട്ടിലേക്ക്.

തടവറയിലെ ദിനങ്ങള്‍

തന്റെ അമ്പത്തിയഞ്ചാം വയസ്സിലാണ് ഗായത്രി ദേവി തീഹാര്‍ ജയിലിലേക്ക് പോകുന്നത്. ജയിലിന്റെ ഇരുളറയില്‍ വെറുതേ ഇരിക്കാന്‍ ഗായത്രി ദേവി തയ്യാറായിരുന്നില്ല. ജൂവൈനല്‍ ഹോമിലുള്ള കുട്ടികള്‍ക്ക് പുസ്തകങ്ങളും സ്ലേറ്റുകളും എത്തിച്ച് നല്‍കി, അവരെ പഠിപ്പിക്കാനായി സമയം ചെലവിട്ടു. ജയിലില്‍ കുട്ടികള്‍ക്കായി ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിച്ചുനല്‍കാനും ഗായത്രി ദേവി മുന്‍കൈ എടുത്തു. ജയിലിലെ ദിനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ കൊലപാതകികള്‍ക്കും തട്ടിപ്പുകാര്‍ക്കുമെല്ലാം ഒപ്പം ഞാന്‍ ജയിലില്‍ വച്ച് ബാഡ്മിന്റണ്‍ കളിച്ചെന്ന് ഗായത്രി ദേവി പിന്നീട് ഒരുഅഭിമുഖത്തില്‍ പറഞ്ഞു.
ജയിലിലെ ദിനങ്ങള്‍ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടികളിലേക്ക് ഗായത്രി ദേവിയെ തള്ളിവിട്ടു.

അള്‍സറടക്കുമുള്ള രോഗങ്ങള്‍ അലട്ടിയ അവര്‍ക്ക് വൈദ്യസഹായം പോലും ആദ്യദിനങ്ങളില്‍ നിഷേധിക്കപ്പെട്ടു.  മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് ആവശ്യമായ വൈദ്യ സഹായം ജയിലധികൃതര്‍ നല്‍കിയത്. ആറുമാസങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നിരവധി നിബന്ധനകള്‍ കോടതി അവര്‍ക്ക് മുന്നില്‍ വച്ചിരുന്നു. അതിനാല്‍ അവര്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നില്ല. തന്നെ കൊണ്ട് പാവപ്പെട്ട ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന ആഗ്രഹത്തിലാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും എന്നാല്‍ ആ തീരുമാനം തെറ്റായി പോയെന്നും അവര്‍ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ കുടുംബം, തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു, എന്നാല്‍ താന്‍ പ്രതീക്ഷിച്ചതായിരുന്നില്ല തിരിച്ച് കിട്ടിയതെന്നും അവര്‍ പറഞ്ഞു.

1976 ല്‍ ' എ പ്രിന്‍സസ് റിമമ്പേഴ്സ്' എന്ന പേരില്‍ ആത്മകഥ ഗായത്രി ദേവി പുറത്തിറക്കി.  പിന്നീട് പല രാഷ്ട്രീയപാര്‍ട്ടികളും അവര്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സ്വാഗതം ചെയ്തെങ്കിലും ആ ക്ഷണങ്ങളെല്ലാം ഗായത്രി ദേവി നിരസിച്ചു. ദീര്‍ഘകാലമായി അലട്ടിയിരുന്ന ഉദരരോഗങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും തുടര്‍ന്ന് 2009 ജൂലൈ 29 നാണ് ഗായത്രി ദേവി അന്തരിച്ചത്. അന്ന് രാജകീയമായ യാത്രയപ്പാണ് ജയ്പൂര്‍ നഗരം തങ്ങളുടെ രാജമാതായ്ക്ക് നല്‍കിയത്. 

placeholder
ഗായത്രി ദേവി, ഗായത്രി ദേവിയുടെ ആത്മകഥയുടെ കവര്‍

ഇന്ദിര ഗാന്ധിയുടെ ശത്രു?

സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ഇന്ദിര ഗാന്ധിക്ക് ഗായത്രി ദേവിയെ പരിചയമുണ്ട്. പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ പതഭാവന സ്‌കൂളിലാണ് ഇരുവരും പഠിച്ചിരുന്നത്. രാജകുടുംബാംഗമെന്ന നിലയില്‍ ഗായത്രി ദേവിയ്ക്ക് സ്‌കൂളില്‍ കിട്ടുന്ന പരിഗണനയും അവരുടെ വേഷവിധാനങ്ങളും ആഡംബരത്തോട്‌ കൂടിയുള്ള ജീവിതവുമെല്ലാം അന്നുതൊട്ടേ ഇന്ദിര ഗാന്ധിയെ ചൊടിപ്പിച്ചിരുന്നു. ഈ ദേഷ്യത്തിന്റെ തുടര്‍ച്ചയാകാം അപ്രതീക്ഷിതമായി ഗായത്രി ദേവി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും ഇന്ദിര ഗാന്ധിയിലുണ്ടായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖുശ് വന്ത് സിങ് ഇതേക്കുറിച്ച്‌ എഴുതിയിട്ടുണ്ട്. 'തന്നേക്കാള്‍ സുന്ദരിയും വാക്ചാതുര്യവുമുള്ള ഒരു സ്ത്രീയെ ഒരിക്കലും ഇന്ദിര ഗാന്ധിക്ക്‌ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. പാര്‍ലമെന്റില്‍ തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഗായത്രി ദേവിയെ അതിനാല്‍ ഇന്ദിര തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.'' ഗായത്രി ദേവിയുടെ പാര്‍ലമെന്റിലെ സാന്നിധ്യം പോലും ഇന്ദിര ഗാന്ധിയെ അസ്വസ്ഥയാക്കിയിരുന്നു എന്ന് അക്കാലത്തിറങ്ങിയ പല പത്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അഭിമുഖങ്ങളില്‍ പലപ്പോഴും ഇന്ദിര ഗാന്ധിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഗായത്രി ദേവി ശ്രമിച്ചിരുന്നത്. ' അവര്‍ക്ക് എന്നോട് അത്തരമൊരു ശത്രുതയുണ്ടോ എന്ന് അറിയില്ല, പലരും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്, പക്ഷേ ഞാന്‍ ഒരിക്കലും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല' - ഗായത്രി ദേവി പറയുന്നു.

placeholder
ഗായത്രി ദേവി | Photo: Mathrubhumi Archives

ലോക സുന്ദരി, ഫാഷന്‍ ഐക്കണ്‍

സ്വതന്ത്ര്യാനന്തര ഇന്ത്യ കണ്ട ആദ്യ ഫാഷന്‍ ഐക്കണ്‍ എന്ന് ഗായത്രി ദേവിയെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും സുന്ദരിയായ പത്ത് സ്ത്രീകളില്‍ ഒരാളായി വോഗ് മാഗസിന്‍ ഗായത്രി ദേവിയെ തിരഞ്ഞെടുത്തിരുന്നു. അവര്‍ ധരിച്ച വസ്ത്രങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍ എല്ലാം ആ കാലത്ത് ട്രെന്‍ഡ് സെറ്ററുകളായിരുന്നു.  ഷിഫോണ്‍ സാരികളോടായിരുന്നു ഗായത്രി ദേവിയ്ക്ക് പ്രിയം. സാരിയോടൊപ്പം ആരെയും ആകര്‍ഷിക്കുന്ന ആഭരണങ്ങളും ഹാന്‍ഡ്ബാഗുമൊക്കെയായി ഗായത്രി ദേവി പ്രത്യക്ഷപ്പെട്ട ഇടങ്ങളിലെല്ലാം ഫാഷണ്‍ ഐക്കണായി മാറുകയായിരുന്നു. ആ കാലത്ത് ഗായത്രിയുടെ വസ്ത്ര രീതികള്‍ ഒരുപാട് പേര്‍ അനുകരിച്ചിരുന്നു. ഗായത്രി ദേവിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡിയുടെ പങ്കാളി ജാക്വിലിന്‍ കെന്നഡിയായിരുന്നു. ജാക്വിലിന്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഗായത്രി ദേവിയ്ക്കൊപ്പം സമയം ചെലവിട്ടിട്ടുണ്ട്.

രാഷ്ട്രീയത്തിനപ്പുറം കായിക രംഗത്തും ഗായത്രി ദേവി സജീവമായിരുന്നു. പോളോ, ഷൂട്ടിങ് എന്നിവയില്‍ ചെറുപ്പംതൊട്ടേ അസാമാന്യപാടവം അവര്‍ പ്രകടിപ്പിച്ചിരുന്നു. അതുപോലെ ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും അടങ്ങാത്ത കമ്പം ഗായത്രി ദേവിയ്ക്കുണ്ടായിരുന്നു. ആ കാലത്തുണ്ടായിരുന്നു ആഡംബര കാറുകളെല്ലാം തന്റെ ശേഖരത്തിലേക്ക് എത്തിക്കാന്‍ ഗായത്രി ദേവി ശ്രദ്ധിച്ചിരുന്നു. അവസാനകാലത്ത് ഒരു അഭിമുഖത്തില്‍ ഗായത്രി ദേവിയോട് ജീവിതത്തിന്റെ ഫിലോസഫിയെ കുറിച്ച് ചോദിച്ചു, അവര്‍ ചുരുങ്ങിയവാക്കുകളില്‍ അതിനുള്ള ഉത്തരം പറഞ്ഞു, അതിങ്ങനെയാണ്:

' നമ്മള്‍ ഈ ഭൂമിയിലേക്ക് വന്നത് ഒരു ദിവസം തിരിച്ചുപോകാന്‍ വേണ്ടിയാണ്, അതിനാല്‍ നമ്മള്‍ ജീവിക്കുന്ന ഈ ലോകം കൂടുതല്‍ സുന്ദരമാക്കി മറ്റുള്ളവര്‍ക്ക് കൈമാറാന്‍ ശ്രമിക്കുക.''