
കഴിഞ്ഞ കുറേ ദിവസമായി ഒറ്റപ്പെട്ടൊരു തുരുത്താണ് വയനാട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതോടെ വഴിയടഞ്ഞുപോയി പലവഴികള്‍തേടി ഒടുക്കം മണിക്കൂറുകള്‍ റോഡില്‍ കുരുങ്ങിക്കിടക്കുന്ന വയനാട്ടുകാര്‍ക്ക് തുരങ്കപാത കേവലം ഒരു വികസനപദ്ധതിയല്ല. വൈകാരികമായി നോക്കിക്കാണുന്ന പ്രതീക്ഷയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജും അത്യാധുനിക സ്വകാര്യാശുപത്രികളുംതന്നെയാണ് ഇന്നും വിദഗ്ധചികിത്സയ്ക്ക് വയനാട്ടുകാര്‍ക്ക് ആശ്രയം.
റെയില്‍വേ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും ഉന്നതപഠനത്തിനും ജോലിയാവശ്യങ്ങള്‍ക്കും നിരന്തരം ചുരമിറങ്ങുന്നവരാണ് വയനാട്ടുകാര്‍. ബദല്‍പ്പാതയെന്ന ഈ നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലകുറി തട്ടിത്തടഞ്ഞുവീണ പല പദ്ധതികള്‍ക്കുമുന്‍പില്‍ മേപ്പാടി തുരങ്കപാത ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ തുറക്കുന്നത് വികസനസ്വപ്നങ്ങളുടെ കവാടംകൂടിയാണ്.
യാത്രാവശ്യങ്ങള്‍ക്കുതന്നെയാണ് മുന്‍തൂക്കം. തുരങ്കപാത വരുന്നതോടെ ഇരു ജില്ലകള്‍ക്കുമിടയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ യാത്രചെയ്യാനാകുമെന്നാണ് പ്രതീക്ഷ. താമരശ്ശേരി ചുരത്തിനപ്പുറം മറ്റൊരു യാത്രാപാത ഒരുങ്ങുന്നതോടെ വയനാട് ഇന്ന് നേരിടുന്ന ഗതാഗത അസൗകര്യങ്ങള്‍ക്ക് വലിയ പരിഹാരമാകും. ഗതാഗതസൗകര്യങ്ങളിലെ ഈ കുതിപ്പ് കേവലം വയനാടിനും കോഴിക്കോടിനുമിടയില്‍ ഒതുങ്ങുന്നില്ലെന്നതാണ് പ്രധാനം. ചരക്കുഗതാഗതത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കാന്‍ തുരങ്കപാതയ്ക്കാകും. വിഴിഞ്ഞം, വല്ലാര്‍പാടം തുറമുഖങ്ങളെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനപാതയായി ഇതുമാറും.
അനുബന്ധപാതകള്‍കൂടി വികസിച്ചാല്‍ ഉത്തരേന്ത്യയിലേക്കുള്ള ചരക്കുഗതാഗതത്തില്‍ ദൈര്‍ഘ്യക്കുറവുള്ള നിര്‍ണായകപാതയായി മാറാനാവും. വയനാട്ടിലെയും കോഴിക്കോടിന്റെ മലയോരമേഖലകളിലെയും കാര്‍ഷികവിളകള്‍ പ്രധാനമായും കാപ്പി, തേയില, വാഴ, കുരുമുളക്, ഏലം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ചരക്കുനീക്കത്തിലും വാണിജ്യതാത്പര്യങ്ങള്‍ക്കും പാത മുതല്‍ക്കൂട്ടാകും. ബെംഗളൂരു-മൈസൂരു-കൊച്ചി വ്യവസായ ഇടനാഴിയിലെ സുപ്രധാനമായ വഴിത്തിരിവാകും തുരങ്കപാത.

രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള അടല്‍ ടണല്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ മുന്‍ ചീഫ് എന്‍ജിനിയര്‍ കെ.പി പുരുഷോത്തമന്‍ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയെക്കുറിച്ച് സംസാരിക്കുന്നു.
വയനാടിന്റെ ഭൂപ്രകൃതിയും പാറയും തുരങ്കത്തിന് ഏറ്റവും അനുയോജ്യമാണ്. വളരെ കടുപ്പമുള്ള ചാര്‍ണോക്കൈറ്റ് പാറയാണ് വയനാട്ടിലേത്. അതുകൊണ്ട് സുരക്ഷിതമാണ്. നിര്‍മാണം നടക്കുമ്പോഴുണ്ടാവുന്ന വൈബ്രേഷന്‍ മണ്ണിടിച്ചിലിന് കാരണമാവും എന്ന ആശങ്കയും വേണ്ട. ഏറ്റവും ദുര്‍ഘടമായ ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലാണ് അടല്‍ ടണല്‍ നിര്‍മിച്ചത്.
ഹിമാലയവുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമഘട്ടം വളരെ സുരക്ഷിതമാണ്. മാത്രമല്ല താമരശ്ശേരി ചുരം വീതികൂട്ടുന്നതിലും സുരക്ഷിതം തുരങ്കപാതയുണ്ടാക്കുന്നതാണ്. യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ചുരം നാലുവരിപ്പാതയെങ്കിലുമാക്കണം. നാലുവരിപ്പാതയ്ക്ക് വേണ്ടി അത്രയധികം ചുരം കട്ട് ചെയ്യേണ്ടിവരും. ചുരത്തില്‍ ഇപ്പോള്‍ തന്നെ മണ്ണിടിച്ചിലുണ്ട്. വീതികൂട്ടുമ്പോള്‍ കട്ടിങ്ങിന്റെ ഉയരം കൂടുകയും മണ്ണിടിച്ചില്‍ സാധ്യത കൂടുകയും ചെയ്യും.
ആദ്യം ഡ്രില്ല് (തുളയ്ക്കുക) ചെയ്ത ശേഷം പാറപൊട്ടിക്കുന്ന (ബ്‌ളാസ്റ്റിങ്) ഏറ്റവും ആധുനികമായ ന്യൂ ആസ്ട്രിയന്‍ ടണലിങ് രീതിയിലാണ് തുരങ്കം നിര്‍മിക്കുന്നത്. ഈ രീതി വളരെ സുരക്ഷിതമാണ്. രണ്ടോ മൂന്നോ മീറ്റര്‍ ദൂരം തുളച്ചശേഷമാണ് പാറപൊട്ടിച്ചെടുക്കുക. പാറകള്‍ തമ്മില്‍ ബന്ധിപ്പിക്കുയും കോണ്‍ഗ്രീറ്റ് ലൈനിങ് ഇടുകയും ചെയ്യും.
അടല്‍ ടണല്‍ നിര്‍മിച്ചപ്പോള്‍ അതീവ ദുഷ്‌കരമായിരുന്നു. ടണലിന് മുകളിലൂടെ നദി ഒഴുകുന്നുണ്ട്. നീരുറവയുള്ള സ്ഥലമാണ്. അവിടുത്തെ ഭൂപ്രകൃതി മോശമായതിനാല്‍ 25 വലിയ അപകടങ്ങളാണ് ഉണ്ടായത്. നാനൂറ് മീറ്റര്‍ ദൂരത്തില്‍വരെ ചെളിയും വെള്ളവും ഒഴുകിയെത്തി ടണല്‍ മൂടിപ്പോയിട്ടുണ്ട്. പലതവണ നിര്‍മാണം നിര്‍ത്തിവെക്കേണ്ടിവന്നു. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയ്ക്ക് വേണ്ടി ഡിപിആര്‍ തയാറാക്കുന്ന സമയത്ത് ഉള്‍പ്പെടെ രണ്ടുതവണ പ്രദേശത്ത് പോയിരുന്നു. ഇവിടെ അങ്ങനെ ഒരു പ്രതിസന്ധി നേരിടേണ്ടിവരില്ല. നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ മികച്ചതാണ്. പാറയുടെ ഘടനയും ഉറപ്പും കൃത്യമായി പരിശോധച്ച ശേഷമേ നിര്‍മാണം തുടങ്ങുകയുള്ളു.
സിസിടിവി ടെലിഫോണ്‍...എല്ലാം ഓട്ടോമാറ്റഡ്
രണ്ട് ടണലായി നിര്‍മിക്കുമ്പോള്‍ തന്നെ ഓരോ മുന്നൂറ് മീറ്ററിലും രണ്ട് തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കും. തീപ്പിടിത്തം പോലുള്ള എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഒരു ടണലിനെ എസ്‌കേപ്പ് ടണലാക്കി മാറ്റാന്‍ കഴിയും. ടണലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സംവിധാനം അടച്ചിടുമെങ്കിലും ഓട്ടോമാറ്റഡ് സംവിധാനമായതിനാല്‍ ഏത് അടിയന്തര ഘട്ടത്തിലും തുറക്കാന്‍ കഴിയും. സിസിടിവി ക്യാമറകള്‍, ടെലിഫോണ്‍, ഫയര്‍ ഹൈഡ്രന്റ് ഉള്‍പ്പെടെയുള്ള അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടാവും. സിസിടിവി ക്യാമറകള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 24 മണിക്കൂറും തത്സമയം നിരീക്ഷിക്കും.ടെലഫോണുകളും കണ്‍ ട്രോള്‍ റൂമുമായാണ് ബന്ധിപ്പിക്കുക. യാത്രക്കാര്‍ ടണലില്‍ കുടുങ്ങിയാലോ, അപകടത്തില്‍പ്പെട്ടാലോ സഹായം തേടാനും അതിനനുസരിച്ച് കാര്യക്ഷമമായി ഇടപെടാനും കഴിയും.

തുരങ്കപാതയിലൂടെ കുതിക്കാന്‍ മലബാര്‍- പി.എ മുഹമ്മദ് റിയാസ്
വയനാട്ടിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് മാത്രമല്ല ടൂറിസം കാര്‍ഷിക മേഖല തുടങ്ങി സമഗ്ര മേഖലകളിലും തുരങ്കപാത വളര്‍ച്ചയ്ക്ക് കാരണമാവും. മലബാറിന്റെ സ്വപ്‌ന പദ്ധതിയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു.
- തുരങ്കപാത മലബാറിന് മുന്നില്‍ തുറക്കുന്ന സാധ്യതകള്‍ എന്തൊക്കെ. വയനാട്ടിലേക്കുള്ള യാത്രാപ്രശ്‌നം എത്രമാത്രം പരിഹരിക്കപ്പെടും.?
തുരങ്കപാത കേരളത്തിന്റെ പശ്ചാത്തലവികസനമേഖലയിലെ ഒരു സുപ്രധാനമായ ഏടാണ്. കേരളം സ്വന്തംനിലയില്‍ പശ്ചാത്തല വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കണക്ടിവിറ്റി വയനാടിന്റെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. അതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് തുരങ്കപാത. വയനാടിന് മാത്രമല്ല കേരളത്തിന്റെയാകെ പ്രത്യേകിച്ച്, മലബാറില്‍ വലിയ വികസനക്കുതിപ്പിന് ഇത് വഴിതെളിയിക്കും. മലബാറില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര കുറേക്കൂടി എളുപ്പമാകും.
- പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നു എന്നതിന് പുറമെ ടൂറിസം വളര്‍ച്ചകൂടി ലക്ഷ്യം വെക്കുന്നുണ്ടോ?
ടണല്‍റോഡ് തന്നെ ഒരു ടൂറിസം ആകര്‍ഷണമായി മാറും. കേരളത്തിലെയും സമീപപ്രദേശങ്ങളിലെയും സഞ്ചാരികള്‍ ടണല്‍ റോഡിലൂടെ സഞ്ചരിക്കാനായി മാത്രം ഈ മേഖലയിലെത്തും. ബെംഗളൂരു ഐടി മേഖലയുടെ ടൂറിസം ആക്ടിവിറ്റി ഹബ്ബായി വയനാട് ഇതിനോടകം വികസിച്ചിട്ടുണ്ട്. മലയോര ഹൈവേ വന്നപ്പോള്‍ ഈ മേഖലയിലേക്ക് ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. അത് വര്‍ധിക്കും.വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം കോറിഡോര്‍ മലബാറിലാകെ രൂപപ്പെടും. ടണല്‍റോഡ് കൂടി മുന്നില്‍ കണ്ടുകൊണ്ട് ഈ മേഖലയിലെ ടൂറിസം വികസനത്തിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
- മലബാറിന്റെ വാണിജ്യ-കാര്‍ഷിക രംഗത്തെ വളര്‍ച്ചയ്ക്ക് ഇത് എത്രമാത്രം പ്രയോജനം ചെയ്യും.?
കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരം വേഗത്തിലാക്കാന്‍ സഹായമാകും. ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിക്കുന്നതിന് ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് സാധിക്കും. കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങള്‍ ഈ മേഖലയില്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു സാധ്യത ഫാം ടൂറിസമാണ്. അഗ്രി ടൂറിസത്തിന്റെ കേന്ദ്രമായി മാറാന്‍ ഈ മേഖലയ്ക്ക് സാധിക്കും
- എത്ര കാലയളവിനുള്ളില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും.?
48 മാസമാണ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി. തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഈ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

തുരക്കാന്‍ സിലിന്‍ഡര്‍ ആകൃതിയിലുള്ള കൂറ്റന്‍മെഷീന്‍
സിലിന്‍ഡര്‍ ആകൃതിയിലുള്ള ഭീമാകാരമായ ബോറിങ് മെഷീന്‍ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുക. നിര്‍മാണസമയത്തുണ്ടാവുന്ന പ്രകമ്പനത്തെ ലഘൂകരിക്കാനുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഓസ്ട്രിയന്‍ സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്സ് ആന്‍ഡ് ആര്‍ക്കിടെക്‌ചേഴ്‌സിലെ വിദഗ്ധരുടെ പിന്തുണയും നിര്‍മാണത്തിനുണ്ടാവും.
ഈ രംഗത്ത് വൈദഗ്ധ്യമുള്ള കൊങ്കണ്‍റെയില്‍വേ കോര്‍പ്പറേഷനിലെ വിദഗ്ധരുടെ മേല്‍നോട്ടവുമുണ്ടാകും. പദ്ധതിയുടെ കരാറുകാരായ ദിലിപ് ബില്‍ഡ്‌കോണ്‍ പ്രോജക്ടിന് ടണല്‍, റോഡ്, റെയില്‍ നിര്‍മാണ രംഗങ്ങളിലെല്ലാം പ്രവൃത്തി പരിചയമുണ്ട്. രാജസ്ഥാനിലെ കോട്ട ടണലാണ് പ്രധാനപദ്ധതി, സൂറത്ത്, അഹമ്മദാബാദ്, ഭോപാല്‍, ഇന്‍ഡോര്‍ എന്നിവയുടെ നിര്‍മാണ ചുമതല ഈ കരാര്‍ കമ്പനിക്കാണ്. ഹിമാചല്‍പ്രദേശില്‍ ബിലാസ്പുര്‍ റെയില്‍വേ ടണലും ഈ കമ്പനിയാണ്.
കാത്തിരിക്കുന്നു, ടൂറിസംരംഗത്തെ കുതിപ്പിന്
കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം വികസനത്തിനും തുരങ്കപാത നിര്‍ണായകമാവും. ഇപ്പോള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ നാലുവര്‍ഷത്തിനുള്ളില്‍ തുരങ്കപാത പൂര്‍ത്തിയായാല്‍ ടൂറിസം രംഗത്ത് കുതിച്ചുചാട്ടംതന്നെയുണ്ടാകും. തുരങ്കപാതയുടെ ഇരുവശങ്ങളും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയാല്‍ ആകര്‍ഷകമാണ്. ചെറുനീര്‍ച്ചാലുകളും പച്ചവിരിഞ്ഞ മലനിരകളും ഏക്കറുകണക്കിന് തേയിലത്തോട്ടങ്ങളുമുള്ള പ്രദേശം. വയനാട്ടിലെയും കോഴിക്കോടിന്റെ മലയോരത്തെയും പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യം. ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷണമേറിയ തുരങ്കപാത എന്ന രീതിയില്‍ത്തന്നെ സന്ദര്‍ശകരെത്തും.
ടൂറിസം രംഗത്ത് വന്‍നിക്ഷേപ തേടി സംരഭകര്‍
തുരങ്കപാത പ്രഖ്യാപനത്തിനുപിന്നാലെ വയനാട്ടില്‍ ടൂറിസം രംഗത്തെ മൂന്ന് രാജ്യാന്തര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ഗ്രൂപ്പുകള്‍ നിക്ഷേപകസാധ്യതകള്‍ ആരായുന്നുണ്ട്. 3000-ത്തിലധികം റിസോര്‍ട്ട്, ഹോട്ടലുകള്‍ സംരംഭങ്ങള്‍ വയനാട്ടിലുണ്ട്. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിനുപിന്നാലെ നിര്‍ജീവമായ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്.
തുരങ്കപാതയുടെ നിര്‍മാണത്തിനുതന്നെ നാലുവര്‍ഷമെടുക്കും. പിന്നീട് ഒരുക്കേണ്ട അനുബന്ധ റോഡ് വികസനവുംകൂടി പരിഗണിച്ചാല്‍ നിര്‍മാണമേഖലയില്‍ വലിയതോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മലയോര ഹൈവേ യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് കൂടരഞ്ഞിയില്‍ 50 ഏക്കറില്‍ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് യാഥാര്‍ഥ്യമായിട്ടുണ്ട്.
കോഴിക്കോട്ടെ ആദ്യ സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റാണിത്. സമാനസംരംഭങ്ങള്‍ക്കും സാധ്യതകളുണ്ട്. വയനാട്ടിലെ തേയിലവ്യവസായത്തില്‍ നിര്‍ണായകസ്ഥാനമുള്ള പ്രദേശത്തിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. തേയിലയുടെ വിപണനത്തിന് പാത സൗകര്യമാകും.
തുരങ്കപാതയെ അറിയാം
- കോഴിക്കോട് വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉള്‍പ്പെടെ 8.73 ലോമീറ്റര്‍ നീളത്തില്‍ നാലുവരിയായാണ് നിര്‍ദിഷ്ട തുരങ്കപാത വിഭാവനംചെയ്യുന്നത്
- വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് യില്‍ 3.15 കിലോമീറ്ററും നീളം
- 8.11 കിലോമീറ്റര്‍ ദൂരത്തില്‍ ഇരട്ടത്തുരങ്കങ്ങള്‍. ആറു വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ടത്തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാത (ക്രോസ് പാസേജ്)
- തുരങ്കപാതയ്ക്ക് പത്തുമീറ്റര്‍ വീതി,തുരങ്കങ്ങള്‍ തമ്മില്‍ 15 മീറ്റര്‍ അകലം
- ഇരുവഞ്ഞിപ്പുഴയ്ക്കു കുറുകെ രണ്ടു പ്രധാന പാലങ്ങള്‍
- ആവശ്യമുള്ള ഭൂമി: 33 ഹെക്ടര്‍. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്. പദ്ധതിക്കാവശ്യമായ വനഭൂമി പൂര്‍ണമായും ഏറ്റെടുത്തു നിര്‍മാണത്തിനാവശ്യമായ സ്വകാര്യഭൂമിയും ഏറ്റെടുത്തു. മൊത്തം സ്വകാര്യഭൂമിയുടെ 90 ശതമാനം ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.
- നിര്‍മാണച്ചുമതല: കേരള പൊതുമരാമത്ത് വകുപ്പ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.
- പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്.
- ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. ടെന്‍ഡര്‍ നടപടികള്‍ നേരത്തേ പൂര്‍ത്തീകരിച്ചു.
- ചെലവ്: 2134 കോടി രൂപ
- പൂര്‍ത്തിയാക്കാന്‍ വേണ്ട സമയം നാലുവര്‍ഷം
- വയനാട്ടില്‍ മേപ്പാടി-കള്ളാടി- ചൂരല്‍മല റോഡുമായാണ് (എസ്.എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്.
- മറിപ്പുഴ മുത്തപ്പന്‍പുഴ ആനക്കാംപൊയില്‍ റോഡുമായാണ് കോഴിക്കോട് ജില്ലയില്‍ ബന്ധിപ്പിക്കുന്നത്
- തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയില്‍നിന്ന് പത്തുകിലോമീറ്റര്‍മാത്രമാണ് ദൂരം
Content Highlights: The Wayanad tunnel road promises to revolutionize connectivity, boost tourism
Published: 30 Aug 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented