2023-ലെ സമാധാന നോബേല്‍ നർഗേസ് മൊഹമ്മദിയെ തേടിയെത്തുമ്പോള്‍ അവര്‍ കടന്നുപോവുന്നത് കലുഷിതമായ ജീവിത ചുറ്റുപാടുകളിലൂടെയാണ്. ഇറാനിയന്‍ മനുഷ്യവകാശ പ്രവര്‍ത്തകയായ നർഗേസ് തന്റെ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പോരാട്ടം നടത്തിയതിന് ജയിലിലാണ്‌. 13 തവണയാണ് നർഗേസിനെ ഇറാനിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തത്‌. അഞ്ചു തവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ  അവര്‍ക്ക് 31 വര്‍ഷത്തെ ജയില്‍വാസവും 154 ചാട്ടവാറടികളുമാണ് ലഭിച്ച ശിക്ഷ. അമ്പത്തൊന്നുകാരികാരിയായ  അവര്‍ ടെഹ്‌റാനിലെ ഇവിന്‍ ജയിലിലാണ്‌. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 12 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുയാണ് ഇപ്പോള്‍. അഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു ഇവരുടെ വിചാരണയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതില്‍നിന്ന് തന്നെ അവരോട് ഭരണകൂടം കാണിക്കുന്ന നീതികേട് വ്യക്തമാണ്.

To advertise here,

നീതിക്ക് വേണ്ടി പോരാടിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് മികച്ച ജോലി, കൂടുംബം, ആരോഗ്യം തുടങ്ങി വിലപ്പെട്ട സ്വകാര്യ ജീവിതമാണ്. സ്വന്തം മക്കളുടെ ശബ്ദം പോലും കേട്ടിട്ട് നാളുകളേറെയായി. ഇരട്ട സന്തതികളായ കിയാനയ്ക്കും അലിക്കും എട്ട് വയസുള്ളപ്പോളാണ് നർഗേസ് അവരെ അവസാനമായി കാണുന്നത്. അതിന് ശേഷം നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. നർഗേസിന്റെ ഭര്‍ത്താവിനൊപ്പം പാരിസിലാണ് അവരിപ്പോഴുള്ളത്. ഇടയ്ക്ക് മാത്രം വീഡിയോ കോളില്‍ കണ്ടിരുന്നെങ്കിലും വിലക്കുകളുടെ പേരില്‍ ആ സാധ്യതയും അടഞ്ഞു.

ഇറാനിലെ സന്‍ജാനിലെ ഒരു സാധാരണ കുടുബത്തിലാണ് നർഗേസ് മൊഹമ്മദി ജനിച്ചത്. കര്‍ഷകനും പാചകക്കാരനുമായിരുന്നു പിതാവ്. ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നായിരുന്നു മാതാവ് നർഗേസിന് നല്‍കിയ ഉപദേശം. എന്നാല്‍, അത്രയധികം രാഷ്ട്രീയ കലുഷിതമായി നില്‍ക്കുന്ന ഇടത്ത് പോരാട്ടം നടത്താതെയിരിക്കാന്‍ നർഗേസിന് കഴിഞ്ഞില്ല. രാഷ്ട്രീയപരമായി ഏറെ മുന്നോട്ട് നിന്നിരുന്ന മാതാവിന്റെ കുടുംബമാണ് നർഗേസിന് പോരാടാനുള്ള കരുത്തിന്റെ ആദ്യ തിരിനാളം നല്‍കിയത്. മാതാവിന്റെ സഹോദരനും അവരുടെ മക്കളും 1979-ല്‍ നടന്ന ഇസ്ലാമിക്ക് റെവല്യൂഷനില്‍ പങ്കാളികളാവുകയും അറസ്റ്റ് ചെയ്യപ്പെട്ടവരുമായിരുന്നു. ചെറുപ്പകാലത്ത് അവരെ ജയില്‍ കാണാന്‍ പോയതെല്ലാം വ്യക്തമായി ഓര്‍ക്കുന്നുണ്ടെന്ന് നർഗേസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

1990ക-ളിലായിരുന്നു ബിരുദപഠനം. ഖസ്വിനിലെ കോളേജില്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ബിരുദത്തിന് ചേര്‍ന്നു. ഇക്കാലയളവില്‍ കോളേജില്‍ സ്ത്രീ സംഘടനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ അവര്‍ കോളേജില്‍ വനിതകളുടെ ഹൈക്കിങ്ങ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിനെ സജീവമാക്കുകയും ചെയ്തു. സ്ത്രീ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു

ഇതോടൊപ്പം തന്നെ സ്ത്രീ സ്വാതന്ത്രത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളിലും അവര്‍ പങ്കാളിയായി. സര്‍വകലാശാല കാലഘട്ടത്തിലാണ് ഇറാനിലെ സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനകളെ കുറിച്ച് സജീവമായി എഴുതുന്നത്. ഈ ലേഖനകള്‍ക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നർഗേസിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. പിന്നീട് പുറത്തിറങ്ങിയെങ്കിലും നിരവധി വിലക്കുകള്‍ അവര്‍ നേരിട്ടു.

കോളേജ് കാലഘട്ടത്തിലാണ് പങ്കാളിയായ  ടാഗി റഹ്‌മാനിയെ കണ്ടുമുട്ടുന്നത്. ഇറാനിലെ പോരാട്ട രാഷ്ട്രിയത്തിലെ സജീവ മുഖമായിരുന്നു റഹ്‌മാനി. പോരാട്ടങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ റഹ്‌മാനിയും പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ഇവര്‍ ടെഹ്‌റാനിലേക്ക് താമസം മാറി. അവിടെനിന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി സംഘടന സ്ഥാപിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്തു.

സ്ത്രീകളുടെ അവകാശങ്ങളെകുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും നിരന്തരം എഴുതാന്‍ തുടങ്ങി. നിരവധി പത്രങ്ങളില്‍ നർഗേസിന്റെ കോളങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. നിരന്തരമായ ഈ എഴുത്തുകളെല്ലാം തന്നെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വരുമാനമാര്‍ഗത്തിനായി നർഗേസ് ആശ്രയിച്ചിരുന്ന എന്‍ജിനീയറിങ്ങ് ജോലിയില്‍നിന്ന് ഭരണകൂടം ഇടപ്പെട്ട് അവരെ പുറത്താക്കി. അതോടെ നർഗേസിനെ സാമ്പത്തികമായും ഭരണകൂടം തകർത്തു.

13 തവണയാണ് നർഗേസിനെ അവര്‍ അറസ്റ്റ് ചെയ്തത്. 31 വര്‍ഷത്തെ തടവും 154 ചാട്ടവാറടിയുമായിരുന്നു ശിക്ഷ വിധിച്ചത്. ഇതിന് പുറമേ അവര്‍ക്ക് മീതെ ചുമത്തിയ കേസിന്റെ വിധി വരാനിരിക്കുന്നതേയുള്ളു. അതായത് ജീവിതക്കാലം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കി അവരുടെ ശബ്ദത്തെ ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം.

undefined
നർഗേസ് മൊഹമ്മദി | https://commons.wikimedia.org/w/index.php?curid=138544185

2011-ല്‍ ഇറാന്‍ തടവിലാക്കിയ മനുഷ്യാവകശ പ്രവര്‍ത്തരെയും കുടുംബങ്ങളെയും സഹായിച്ചുവെന്നതിന്റെ പേരിലായിരുന്നു ആദ്യ അറസ്‌ററ്. രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി ഇറാന്റെ കുപ്രസിദ്ധമായ വധശിക്ഷ നയത്തിനെതിരെ അവര്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തി. ഇതിനെ തുടര്‍ന്ന് 2015-ല്‍ വീണ്ടും തടവിലായി. ഇതിന് ശേഷവും അവര്‍ നടത്തിയ നിരവധി മനുഷ്യവാകാശ പോരാട്ടങ്ങളുടെ നിരന്തരം അറസ്റ്റ് ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു

ജയിലിനുള്ളിലും നർഗേസ് തന്റെ പ്രവര്‍ത്തനങ്ങള്‍ പറ്റാവുന്നത് പോലെ ചെയ്തു. സഹതടവുകാര്‍ക്ക് പൗരവകാശങ്ങളെ കുറിച്ചു പറഞ്ഞു കൊടുത്തും ഉത്‌ബോധിപ്പിച്ചും അവര്‍ സജീവമായി. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകാന്ത തടവിന്റെ മാനസിക വൈഷമ്യങ്ങളും, ഇറാന്‍ ജയിലുകളുടെ ദയനീയമായ അവസ്ഥയും വിവരിക്കുന്ന പുസ്തകവും അവര്‍ രചിച്ചു. ജയിലുകളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമണങ്ങളെ കുറിച്ചും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ജയിലിനെ സഹതടവുകാരോട് നിരന്തരം സംവദിച്ച് വിവരം ശേഖരിച്ചായിരുന്നു പുസ്തകം പൂര്‍ത്തിയാക്കിയത്‌. വൈറ്റ് ടോര്‍ച്ചര്‍ ഇന്റര്‍വ്യൂസ് വിത്ത് വിമെന്‍ പ്രിസണേര്‍സ് എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. പുസ്തകം ലോകം മുഴുവന്‍ ചര്‍ച്ചയായി. ജയിലിലെ ക്രൂരമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധങ്ങളുയര്‍ന്നു. ഇതും നർഗേസിന്റെ ജയില്‍ജീവിതത്തെ വീണ്ടും പ്രതികൂല അവസ്ഥയിലേക്ക് തള്ളി വിട്ടു..ഇതോടെ കുടുംബവുമായി സംസാരിക്കുന്നതിന് വിലക്ക് നേരിട്ടു.

മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട വിപ്ലവത്തെ കുറിച്ച് തടവിലിരുന്നു കൊണ്ടും നർഗേസ് സംസാരിച്ചിരുന്നു.നർഗേസിന്റെ പ്രശസ്മായ മുദ്രാവാക്യം സാന്‍സിന്ദഗി ആസാദി(Women Life Freedom) ഇറാനിയന്‍ തെരുവകളിലെ യുവത്വം ഏറ്റെടുത്തു. മഹ്‌സ അമിനി കൊല്ലപ്പെട്ട വാര്‍ഷികത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ഈ വിഷയത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ജയിലധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഈ ലേഖനം പുറത്തുവന്നത്. എത്രത്തോളം അവര്‍ നമ്മളെ അടച്ചിടും അത്രത്തോളം നമ്മള്‍ കരുത്താര്‍ജിക്കുമെന്നായിരുന്നു ലേഖനത്തില്‍ അവർ കുറിച്ചത്. തെരുവില്‍ പ്രക്ഷോഭം നയിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആ വാക്കുകള്‍ കരുത്ത് പകര്‍ന്നു

placeholder
മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍നിന്ന്‌
| Photo: AP

ഇറാനിലെ വനിതകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് നേരെയും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് വേണ്ടിയും അവര്‍ നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്‌ക്കാരമെന്ന് നേബേല്‍ പുരസ്‌ക്കാര നേതൃത്ത്വം വ്യക്തമാക്കി. ഈ പോരാട്ടജീവിതം അവര്‍ക്ക് വ്യക്തിപരമായ നഷ്ടങ്ങളുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. ഷിറിന്‍ എബാദിക്ക് ശേഷം സമാധനത്തിനുള്ള നേബേല്‍ നേടുന്ന രണ്ടാമത്തെ ഇറാനിയന്‍ വനിതയാണ് നർഗേസ്‌. ഷിറിന്‍ ഇബാദിയുടെ ഡിഫന്‍ഡേര്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്ററില്‍ ഡെപ്യൂട്ടി ഹെഡ് കൂടിയാണ് നർഗേസ്‌

placeholder
ഷിറിന്‍ എബാദി | Photo: AP

ഈ അംഗീകാരം നിശ്ചയദാര്‍ഢ്യത്തോടെയും ഉത്തരവാദിത്ത്വത്തോടെയും പെരുമാറാനും മാറ്റത്തിനായി പോരാടുന്ന ഇറാന്‍ സമൂഹത്തിന് കരുത്തു പകരാനും സഹായിക്കുമെന്നു നൊബേൽ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് നർഗേസ് ജയിലില്‍നിന്ന് അയച്ച സന്ദേശത്തില്‍ പറയുന്നു. 2009-ല്‍ അലക്‌സാണ്ടര്‍ ലാംഗര്‍ അവാര്‍ഡ്, 2023-ലെ യുസെസ്‌കോ ഗില്ലര്‍മോ കാനോ പ്രസ് ഫ്രീഡം പ്രൈസും ഒലോഫ് പാം പ്രൈസും ലഭിച്ചിട്ടുണ്ട്. 2022-ല്‍ ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം നേടിയ മൂന്ന് പേരില്‍ ഒരാളാണ് നർഗേസ്. ഇതിന് പുറമേ നിരവധി പുരസ്‌ക്കാരങ്ങളും ആദരങ്ങളും നർഗേസിനെ തേടിയെത്തിയിട്ടുണ്ട്‌. ഇറാനിയന്‍ തെരുവീഥികളില്‍ നർഗേസ് ഉയര്‍ത്തിയ "സാന്‍സിന്ദഗി ആസാദി"(women, life, freedom) എന്ന മുദ്രാവാക്യം ഇന്നും മുഴങ്ങുന്നുണ്ട്. ഇറാനിയന്‍ സ്ത്രീസമൂഹത്തിന് അതൊരു ഊര്‍ജമാണ്. പോരാട്ടവീര്യം പകര്‍ന്നു ഇറാനിന്റെ ഇരുട്ടറയില്‍ നർഗേസുമുണ്ട്.