വന്യമൃഗങ്ങളല്ലേ, എന്തുമാവാം എന്നു കരുതി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. ഭയം വേണ്ട, ജാഗ്രത മതി.

പ്രതീകാത്മകചിത്രം
സംഗതി സത്യമാണ്. വന്യമൃഗശല്യം കാരണം നാട്ടില്‍ പലയിടത്തും ആളുകള്‍ വിഷമിക്കുകയാണ്. നാട്ടില്‍ ഭീതി പരത്തി കാട്ടാനയിറങ്ങി, കാട്ടുപന്നി ശല്യം മൂലം കൃഷിനാശം എന്നൊക്കെയുള്ള വാര്‍ത്തകള്‍ നിത്യസംഭവങ്ങളായി മാറിയിട്ട് കാലമൊരുപാടായി.
ഇനിയിപ്പോള്‍ വന്യമൃഗശല്യമില്ലാത്ത സ്ഥലങ്ങളുണ്ടല്ലോ എന്ന് ആശ്വസിക്കാനാണ് പരിപാടിയെങ്കില്‍, അവിടെയും രക്ഷയില്ല. ആനയും കടുവയും പന്നിയുമൊന്നും ഇറങ്ങി ബുദ്ധിമുട്ടിക്കാത്ത നഗരകാന്താരങ്ങളില്‍ ജനങ്ങളെ ശരിപ്പെടുത്താനായി തെരുവുനായകളുണ്ട്. സ്കൂള്‍ കുട്ടികളാണ് പ്രധാന ഇരകളെങ്കിലും തഞ്ചത്തിന് ഒത്തുകിട്ടുന്ന മുതിര്‍ന്നവരെയും നായ്ക്കള്‍ ശരിപ്പെടുത്താറുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോള്‍ ജനം എന്തു ചെയ്യും? പൊതുവെ എളുപ്പവും ഫലപ്രദവും ജനശ്രദ്ധ കിട്ടുന്നതുമായ പ്രതികരണമാര്‍ഗം പ്രതിഷേധ പരിപാടികളാണ്. പ്രതിഷേധിക്കുന്നതാവട്ടെ, ആനയെയോ കടുവയെയോ പന്നിയെയോ തെരുവുനായയെയോ ഭയപ്പെടുത്താനല്ല, മറിച്ച് നാടു ഭരിക്കുന്ന തമ്പുരാക്കന്‍മാരുടെ ഉറക്കം കെടുത്തുന്നതിനു വേണ്ടിയാണ്.
പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോവുന്നതുപോലെയാണ്. പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുന്നതു നന്നായിരിക്കും. കാര്യങ്ങള്‍ എവിടെയൊക്കെയോ ചോര്‍ന്ന് ശത്രുസങ്കേതങ്ങളില്‍ എത്തുന്നുണ്ട്. ശത്രു എന്നാല്‍, മൃഗങ്ങള്‍ തന്നെ. പ്രതിഷേധ പരിപാടികളുടെ വിവരങ്ങള്‍ ചോരുന്നുണ്ടോ എന്നു ന്യായമായും സംശയിക്കാം. കാരണം, പ്രതികാര നടപടികളും ഉടനടി നടപ്പിലാക്കുന്നുണ്ട്.
അതുകൊണ്ടായിരിക്കും കാട്ടാന ശല്യത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടി അട്ടിമറിക്കാന്‍ കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന തന്നെ രംഗത്തിറങ്ങിയത്. പ്രതിഷേധം കത്തിക്കയറി വന്നപ്പോഴാണ് ഒരു കുട്ടിയാന ഓടിക്കയറി വന്നത്. ആനയെ കണ്ടതോടെ പ്രതിഷേധിക്കുന്ന കാര്യമൊക്കെ മറന്ന് ആള്‍ക്കൂട്ടം സ്വന്തം നിലയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് തടി കയിച്ചിലായി. സംഭവം ജൂലായിലായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മയ്യിലില്‍ ആയിരുന്നു മറ്റൊരു സംഭവം. തെരുവുനായ ശല്യത്തിനെതിരെ ഏകാംഗ നാടകപ്രതിഷേധം നടത്തിയ ഒരു കലാകാരനെ തെരുവു നായ വേദിയിലേക്ക് കയറി ആക്രമിച്ചു. നായയുടെ കടിയേറ്റ തെരുവുനാടക കലാകാരന്‍ കണ്ടക്കൈയിലെ പി. രാധാകൃഷ്ണനെ (56) പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധാകൃഷ്ണനെ വേദിയില്‍ കയറി നായ ആക്രമിക്കുമ്പോള്‍ കണ്ടു നിന്ന ജനം കരുതിയത് അതും നാടകത്തിന്‍റെ ഭാഗമാണെന്നായിരുന്നു. നായയുടെ തന്മയത്വമാര്‍ന്ന സ്വാഭാവികമായ അഭിനയം കണ്ട കാണികള്‍ അദ്ഭുതം കൂറുകയും ചെയ്തു. നാടകം കണ്ടു നിന്ന രണ്ട് വായനശാലാ പ്രവര്‍ത്തകര്‍ക്ക് നായയുടെ അമിതാഭിനയത്തില്‍ സംശയം തോന്നിയതു കാരണം രാധാകൃഷ്ണന്‍ രക്ഷപ്പെട്ടു എന്നു പറയാം.
കോഴിക്കോട് ജില്ലയിലെ മുക്കത്തായിരുന്നു പന്നികളുടെ പരാക്രമം. കാട്ടുപന്നി ശല്യത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക കൂട്ടായ്മ റിലേ നിരാഹാര സമരപരിപാടി സംഘടിപ്പിക്കുന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് മണാശ്ശേരി പൈറ്റൂളി ഭാസ്കരന്‍ നായര്‍ എന്ന കര്‍ഷകനായിരുന്നു.
സിനിമയിലെ അധോലോക നായകന്‍മാരുടെ ഓപ്പറേഷന്‍സ് പോലെയാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത് വീട്ടിലെത്തിയപ്പോഴേക്കും ഭാസ്കരന്‍ നായരുടെ വാഴത്തോട്ടം വളരെ ‘സിസ്റ്റമാറ്റിക് ’ ആയി പന്നികള്‍ കുത്തിക്കിളച്ച് നശിപ്പിച്ചു.
ഇതേ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പുല്‍പറമ്പില്‍ എടോളി സഫിയയുടെ കൃഷിയിടം ഒഴിവാക്കി സഫിയയെ നേരിട്ട് ആക്രമിക്കാനാണ് ഒരു പന്നി തീരുമാനിച്ചത്.
ഇതൊക്കെ പുറത്തു വന്ന വാര്‍ത്തകളാണ്. നാണക്കേടും ഭയവും മൂലം പുറത്തു വരാത്ത വാര്‍ത്തകളുമുണ്ടാവാം. ഏതായാലും വന്യമൃഗങ്ങളല്ലേ, എന്തുമാവാം എന്നു കരുതി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. ഭയം വേണ്ട, ജാഗ്രത മതി.
Published: 06 Oct 2025, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented