സ്രായേല്‍-പാലസ്തീൻ യുദ്ധം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച് മുന്നോട്ട് പോവുമ്പോൾ  രണ്ട് പതിറ്റാണ്ട് മുമ്പ് ഇസ്രായേലി പടയ്ക്ക് മുന്നില്‍ വീറോടെ നിന്ന് വീരമൃത്യൂ വരിച്ച റേച്ചല്‍  കോറിയെ  ഈ സമയം  ഓർക്കാതിരിക്കാനാവില്ല. പലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ റേച്ചല്‍ 2003ൽ തന്റെ 23ാം വയസിലാണ് ഇസ്രായേല്‍ സേനയുടെ ബുള്‍ഡോസര്‍ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞത്. 2003 ഫെബ്രുവരിയില്‍ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷകാലത്താണ് റേച്ചല്‍  കോറി കൊല്ലപ്പെടുന്നത്. പലസ്തീന്‍ ജനതയുടെ വീടുകളും സ്ഥാപനങ്ങളും ഇസ്രായേല്‍ സേന തകര്‍ക്കുന്നതിന്റെ ഇടയിലേക്കാണ് റേച്ചല്‍ പാഞ്ഞെത്തിയത്. ചെയ്യുന്നത് അനീതിയാണെന്ന് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ അതിനുപകരമായി അവർ ഏറ്റുവാങ്ങിയത് അതിദാരുണമായ മരണമായിരുന്നു.

To advertise here,

യുഎസിലെ ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവായ ക്രെയ്​ഗ് കോറി, സിന്‍ഡി കോറി എന്നിവരുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു റേച്ചല്‍. പുരോഗമന രാഷ്ട്രീയ നിലപാടുള്ള മധ്യവർഗ കുടുംബമായിരുന്നു. അതിനാല്‍ തന്നെ റേച്ചലിന്റെ രാഷ്ട്രീയ നിലപാടുകളോട് കുടുംബത്തില്‍ നിന്ന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. ഒളിമ്പ്യയിലെ എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജിലാണ് ബിരുദം പൂര്‍ത്തിയാക്കുന്നത്. കോളേജിലെ ഒളിമ്പ്യന്‍സ് ഫോര്‍ പീസ് ആന്‍ഡ് സോളിഡാരിറ്റിയെന്ന സംഘടനയില്‍ അംഗമാവുകയും ചെയ്തു. ഈ സംഘടനയിലെ സജീവ പ്രവര്‍ത്തകയായി സമാധാന പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഏറ്റെടുത്ത് നടത്തി. ഇസ്രായേലി പട്ടാളത്തിന്റെ ക്രൂരമായ നീക്കങ്ങളെ സമാധാനപരമായി എതിര്‍ക്കാനായി രൂപികരിച്ചതായിരുന്നു ഈ സംഘടന

പഠനത്തിന് ശേഷം ഇസ്രായേലിന്റെ പലസ്തീൻ വിരുദ്ധ നയത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റില്‍ അംഗമായി. കത്തുകളിലൂടെ ഒളിമ്പ്യയിലെയും പലസ്തീന്‍ നഗരമായ റഫയിലെയും കുട്ടികള്‍ തമ്മില്‍ സംവദിക്കാനുള്ള പെന്‍ പാല്‍ സംവിധാനം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഗാസയില്‍ പോയി താമസിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. റാഫയിലെ അഭയാര്‍ഥി ക്യാമ്പിനെ തകര്‍ക്കുന്ന ഇസ്രായേല്‍ നീക്കത്തിനെതിരേ സംഘടനയിലെ എട്ടു പോരോടൊപ്പം റേച്ചല്‍ എത്തി..വന്ന നാള്‍ മുതല്‍ തന്നെ ഐഎസ്എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ റേച്ചല്‍ ആരംഭിച്ചു. രണ്ട് ദിവസത്തെ ട്രെയിനിങ്ങ് വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ശേഷം തെക്കന്‍ ഗാസയിലെ റാഫയില്‍ എത്തി. വന്ന നാള്‍ മുതല്‍ തന്നെ ഐഎസ്എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ റേച്ചല്‍ ആരംഭിച്ചു.

placeholder
റേച്ചല്‍ കോറി/Getty images

ഇസ്രായേലി സേനയും ആയുധമേന്തിയ അവരുടെ വാഹനങ്ങളും റാഫയില്‍ അന്ന് സ്ഥിരം കാഴ്ച്ചയായിരുന്നു. ഡോക്യൂമെന്ററികളിലും വാര്‍ത്തകളിലും കണ്ട പലസ്തീനല്ല ഇതെന്നും കൊടിയ ക്രൂരതകളാണ് ഇവിടെ അരങ്ങേറുന്നതെന്ന് റേച്ചല്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ച കത്തുകളില്‍ പറയുന്നു.

അതിഭീകരമായ വംശഹത്യയ്ക്ക് ഞാനിവിടെ സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ഇതെന്നെ വളരെയധികം പേടിപ്പിക്കുന്നു. മനുഷ്യരിലും ദൈവത്തിലുമുള്ള എന്റെ വിശ്വാസത്തെയാണ് ഇത് ചോദ്യം ചെയ്യുന്നു. ഇത് അവസാനിക്കണം, അതിനായി നമ്മളെല്ലാവരും ഇതിനായി ഒത്തൊരുമിച്ച് പൊരുതണം.... അമ്മ സിന്‍ഡിക്ക് അയച്ച് ഇമെയിലില്‍ റേച്ചല്‍ കുറിച്ചു.

റേച്ചലും ഐഎസ്എം സംഘവും റാഫയിലെ വീടുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.. റാഫയിലെ വീടുകളില്‍ തീവ്രവാദികളുണ്ടെന്നും ഈജിപ്തിലേക്ക് തുരങ്കം നിര്‍മിച്ച് ആയുധം കടത്തുന്നുണ്ടെന്നുമായിരുന്നു ഇസ്രായേല്‍ സേനയുടെ ആരോപണം. ഇതിനെതിരെയാണ് വീടുകള്‍ പൊളിച്ചുമാറ്റുന്നതെന്നായിരുന്നു ഇസ്രായേലിന്റെ ന്യായീകരണം.

ഇക്കാലത്ത് ഇസ്രായേല്‍-പലസ്തീന്‍ ഉരസല്‍ രൂക്ഷമായിരുന്നു. ഇസ്രായേല്‍ സേനയുടെ കൂറ്റന്‍ ബുള്‍ഡോസറുകള്‍ പലസ്തീന്‍ തെരുവുകളില്‍ സംഹാര താണ്ഡവമാടിയിരുന്ന കാലം. ഗാസയിലെ റാഫയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വമ്പന്‍ ബുള്‍ഡോസറുകള്‍ പലസ്തീനുകാരുടെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുകയായിരുന്നു. ഇതെല്ലാം നോക്കിനില്‍ക്കാന്‍ മാത്രമേ ചുറ്റുമുള്ളവര്‍ക്ക് പറ്റിയുള്ളു.

ഈ ബുള്‍ഡോസറിന് മുന്നിലേക്ക് ഫ്ളൂറസെന്റ് വസ്ത്രങ്ങള്‍ ധരിച്ച് കൈയിലൊരു മെഗാഫോണുമായി റേച്ചല്‍ പാഞ്ഞെത്തി. നിങ്ങള്‍ ഈ കാണിക്കുന്നത് നീതി കേടാണെന്നും ഈ ക്രൂരതയില്‍ നിന്ന് പിന്മാറണമെന്നും മെഗാഫോണിലൂടെ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ വെറിപൂണ്ട് നില്‍ക്കുന്ന ഇസ്രായേല്‍ സൈന്യത്തിന് റേച്ചലിന്റെ സംസാരം ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ക്രൂദ്ധരാവുകയും ചെയ്തു. അമേരിക്കന്‍ നിര്‍മിത ഡി- 9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ റേച്ചലിനെ നേരെ പാഞ്ഞെടുത്തു. മരണം മൂക്കിന്‍ തുമ്പിലെത്തിയിട്ടും റേച്ചല്‍ ഒരടിപോലും പിന്നോട്ട് പോയില്ല. അവളെ ചതച്ചരച്ചു കൊണ്ട് അവളുടെ ശരീരത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ രണ്ടു വട്ടം പാഞ്ഞുപോയി. വെറും ചവറു പോലെ റേച്ചല്‍ മണ്ണില്‍ പുതഞ്ഞുപോയി.

placeholder
റേച്ചല്‍ കോറി ഇസ്രായേല്‍ സൈന്യത്തിന് ബുള്‍ഡോസറിന് മുന്നില്‍ നിന്ന് സംസാരിക്കുന്ന ദൃശ്യം/Getty images

കൂടെയുണ്ടായിരുന്നര്‍ മണ്ണില്‍ പുതഞ്ഞ ആ ശരീരവും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയിയിലെത്തിയ ശേഷമാണ് റേച്ചല്‍ ജീവന്‍ വെടിഞ്ഞത്. അവസാന നിമിഷത്തിലും പതിഞ്ഞ സ്വരത്തില്‍ പലസ്തിന് വേണ്ടിയാണ് അവള്‍ വിതുമ്പിയെന്നത് അവളുടെ സുഹൃത്തുകള്‍ പറയുന്നത്.

റേച്ചലിന്റേത് അപകടമരണമായിരുന്നുവെന്നാണ് ഇസ്രായേല്‍ സേന നടത്തിയ അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട്. ബുള്‍ഡോസറിന്റെ ഡ്രൈവര്‍ റേച്ചലിനെ കണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റേച്ചലിന്റെ മരണത്തിന് യാതൊരു വിലയും നല്‍കാത്ത ഈ റിപ്പോര്‍ട്ടിനെതിരെ ആംനെസ്റ്റി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.

2005ല്‍ റേച്ചല്‍  കോറിയുടെ കൊലപാതകത്തില്‍ നീതി നേടി റേച്ചലിന്റെ മാതാപിതാക്കള്‍ നിയമപോരാട്ടത്തിനിറങ്ങി. റേച്ചലിന്റെ മരണത്തില്‍ വിശ്വാസ്യകരമായ അന്വേഷണം നടത്തിയില്ല, മനപൂര്‍വ്വമുള്ള നരഹത്യ തുടങ്ങിയ കാരണങ്ങള്‍ ചേര്‍ത്തായിരുന്നു കേസ് കൊടുത്തത്. ഒരു ഡോളര്‍ മാത്രം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അവര്‍ കേസ് നല്‍കിയത്. ഇസ്രായേല്‍ ഭരണകൂടത്തിന് തെറ്റുപറ്റിയെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനായിട്ടായിരുന്നു പ്രതീകാത്മകമായി ഒരു ഡോളര്‍ ആവശ്യപ്പെട്ടത്

placeholder
റേച്ചല്‍ കോറിയുടെ മാതാപിതാക്കളായ ക്രെയിഗ് കോറി, സിന്‍ഡി കോറി/Getty images

വലിച്ചു നീട്ടി നടത്തിയ കേസ് 18 മാസത്തോളം നടന്നു. ബുള്‍ഡോസര്‍ ഓടിച്ചിരുന്നു ഡ്രൈവര്‍ ആരാണെന്ന വിവരം പുറത്ത് വിട്ടിരുന്നില്ല. മണ്ണില്‍ പുതഞ്ഞ റേച്ചലിനെ പുറത്തെടുക്കുമ്പോള്‍ മാത്രമാണ് താന്‍ കണ്ടെതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.2012ല്‍ ഈ കേസ് ഇസ്രായേലി കോടതി തള്ളി. കോറിയുടെ മരണത്തിന് ഇസ്രായേലി സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് വിധി വന്നു. ഒഴിവാക്കാമായിരുന്നു മരണത്തെ ഇര വിളിച്ചുവരുത്തിയെന്നും വിധിയില്‍ പറയുന്നു

റേച്ചലിനെ കാണാതെയാണ് ബുള്‍ഡോസര്‍ മുന്നോട്ടെടെുത്തത് എന്ന വാദം നുണയാണെന്ന് റേച്ചലിനോടൊപ്പം അന്നുണ്ടായിരുന്ന സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റേച്ചലിനെ കണ്ടില്ലെന്ന് പറയുന്നത് തെറ്റാണ്. ഡ്രൈവറുടെ കാബിന്‍ നോക്കിയാണ് അവള്‍ സംസാരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ബുള്‍ഡോസര്‍ അവളുടെ നേരേക്ക് തിരിഞ്ഞ് വരികയാണുണ്ടായത്. ബുള്‍ഡോസറിന്റെ മുന്‍ഭാഗം തട്ടി അവള്‍ മണ്ണില്ലേക്ക് വീഴുകയും അവളെയും വലിച്ചു കൊണ്ട്  15 മീറ്ററോളം മുന്നോട്ട് പോവുകയും ചെയ്തു. ഞങ്ങളെല്ലൊവരും അലറി കരഞ്ഞു കൊണ്ട് ബുള്‍ഡോസറിനടുത്തേക്ക് പാഞ്ഞെടുത്തു. ലൗഡ്‌സ്പീക്കറിലൂടെ അരുതെന്ന് വിളിച്ചുപറഞ്ഞു. എന്നാല്‍ അയാള്‍ നിര്‍ത്തിയില്ല. - കോറിയുടെ മരണത്തിന് ദൃക്‌സാക്ഷിയായ ഹാരേട്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

placeholder
പരിക്കേറ്റ റേച്ചലിനെ സുഹൃത്തുകള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു/ Getty images

റേച്ചലിന്റെ മരണവും ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിരുത്തവാദിത്ത്വപരമായ പെരുമാറ്റവും അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഗാസയിലെ ദുരവസ്ഥയെ കുറിച്ച് അമ്മയ്ക്ക് റേച്ചല്‍ അയച്ച് ഇമെയിലുകള്‍ പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.യാസര്‍ അറാഫത്ത് ഉള്‍പ്പെടെയുള്ള പ്രമുഖ പലസ്തീന്‍ നേതാക്കള്‍ അനുശോചനം അറിയിച്ചു. റേച്ചല്‍ പലസ്തീനിന്റെ പുത്രിയാണെന്ന് അവര്‍ പറഞ്ഞു. 

റേച്ചലിന്റെ ഡയറിക്കുറിപ്പുകളും കത്തുകളും സമാഹരിച്ച് പുറത്തിറക്കിയ Let Me Stand Alone  എന്ന പുസ്തകം ജനപ്രീതി നേടിയിരുന്നു.റേച്ചലിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച റേച്ചല്‍ കോറി ഫൗണ്ടേഷന്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന് സംഘടന യുദ്ധത്തിനും അധിനിവേശത്തിനും എതിരായി പ്രവര്‍ത്തിക്കുന്നു.

നിസ്വാര്‍ത്ഥമായ സേവനത്തിന്റെ ഉദാത്ത മാതൃകയായി റേച്ചല്‍ ഇന്നും നിലനില്‍ക്കുന്നു. റേച്ചലിന്റെ ചോരപുരണ്ട പലസ്തീന്റെ മണ്ണില്‍ അവര്‍ ഇന്നും ജീവിക്കുന്നു.