ഡല്‍ഹിയിലെ ചേരിയില്‍ നിന്ന് പുസ്തകവും കയ്യിലേന്തി സഫീന ഹുസൈന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്ര തുടങ്ങിയപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഈ പുസ്തകങ്ങളിലൂടെ താന്‍ വെളിച്ചം വീശാന്‍ പോവുന്നത് എല്ലാം നഷ്ടപ്പെട്ട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പോവേണ്ടിയിരുന്ന ഒരു കൂട്ടം പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ജീവിതത്തിലേക്ക് കൂടിയായിരുന്നുവെന്ന്. പെണ്‍കുട്ടികളെന്നാല്‍ വിവാഹിതരാവേണ്ടവരാണെന്നും ഭര്‍ത്താവിനെയും കുഞ്ഞിനെയും നോക്കേണ്ടത് മാത്രമാണ് അവളുടെ ഉത്തരവാദിത്തമെന്നും കരുതിയിരുന്ന ഒരു സമൂഹത്തെ, തന്റെ അറിവിന്റെ പൊടിക്കൈകളിലൂടെ, അവള്‍ അപ്പാടെ മാറ്റിമറിച്ചു കളഞ്ഞു.

To advertise here,

വര്‍ഷങ്ങള്‍ക്കിപ്പുറം എജ്യുക്കേറ്റ് ഗേള്‍സ് എന്ന സന്നദ്ധ സംഘടന മാഗ്‌സസെ പുരസ്‌കാരത്തിന്റെ നിറവിലേക്കെത്തുമ്പോള്‍ അതിന്റെ സ്ഥാപക കൂടിയായ സഫീന ഹുസൈന്‍ കൂടിയാണ് പ്രശസ്തിയുടെ ഉന്നതയിലെത്തുന്നത്. വിവാഹമല്ല ദാരിദ്ര്യത്തിന്റെ ചങ്ങലപ്പൂട്ടുകള്‍ പൊട്ടിച്ചെറിയാനുള്ള ഏക മാര്‍ഗം നിങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കലാണെന്ന് സഫീന കിട്ടാവുന്ന വേദികളെല്ലാം പ്രസംഗിച്ചപ്പോള്‍ അധിക്ഷേപിച്ചവരും പുച്ഛിച്ചു തള്ളിയവരും  ഏറെയായിരുന്നു. പക്ഷേ, അതിനെയെല്ലാം അവര്‍ മറികടന്നു. എജ്യുക്കേറ്റ് ഗേള്‍സിലൂടെ രാജ്യത്തെ വിവിധ ഗ്രാമങ്ങളിലെ ഇരുപത് പെണ്‍കുട്ടികളെ സഫീന അറിവിന്റെ പാതയിലേക്കിറക്കിവിട്ടു. ഇതോടെ മാഗ്‌സസെ പുരസ്‌കാരം തേടിയെത്തുകയും ചെയ്തു. രാജ്യത്ത് മാഗ്‌സസെ പുരസ്‌കാരം നേടുന്ന ആദ്യ സന്നദ്ധ സംഘടനയായി എജ്യുക്കേറ്റ് ഗേള്‍സ് മാറുകയും ചെയ്തു.

ഡല്‍ഹിയിലെ ചേരിയില്‍ നിന്ന് തുടങ്ങിയ യാത്ര

വിദ്യാഭ്യാസം എന്നത് കുടുംബത്തിന്റെ ചെലവ് കൂട്ടുന്ന കാര്യമാണെന്ന് കരുതിയിരുന്ന ഒരു സമൂഹത്തിലായിരുന്നു സഫീന ഹുസൈനിന്റെ കുട്ടിക്കാലം. അന്നന്നത്തെ വിശപ്പടക്കുന്നതിനപ്പുറമുള്ള എല്ലാം ആര്‍ഭാടമെന്ന് കരുതിയ അവര്‍ക്കിടയില്‍ പക്ഷേ, പഠിക്കണമെന്ന തന്റെ ആഗ്രഹത്തിന് ആദ്യകാലത്ത് ആരും ഒരു വിലയും നല്‍കിയിരുന്നില്ലെന്ന് പിന്നീട് പലപ്രാവശ്യം സഫീന പറഞ്ഞിട്ടുണ്ട്. കൗമാരപ്രായമായാൽ ഇനി വിവാഹിതയാവുക എന്ന പരമ്പരാഗത വഴിയിലേക്കാണ് തന്റെ വിധിയുമെന്ന് വിശ്വസിച്ചിരുന്ന സഫീനയ്ക്ക്  മുന്നിലും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അതിനുള്ള സമ്മര്‍ദവും ഏറിയിരുന്നു. അങ്ങനെ പത്താം ക്ലാസ് പഠനത്തിനുശേഷം മൂന്ന് വര്‍ഷമാണ് തന്റെ വിദ്യാഭ്യാസത്തെ അവര്‍ക്ക് മാറ്റിനിര്‍ത്തേണ്ടി വന്നത്. ഉന്നത പഠനമെന്നത് സ്വപ്‌നത്തിലേ ഇല്ലാതിരുന്ന കാലം. അവിടെ സഫീനയുടെ അമ്മായി രക്ഷയ്‌ക്കെത്തി. ഇവര്‍ സഫീനയെ വിദ്യാഭ്യാസം തുടരാന്‍ മാത്രമല്ല ലണ്ടൻ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ (എല്‍.എസ്.ഇ) ഉന്നത പഠനത്തിനുള്ള വഴിയൊരുക്കുകയും ചെയ്തതോടെ ആ പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. സഫീന അങ്ങനെ തന്റെ കുടുംബത്തിലെ ആദ്യ ബിരുദധാരിയുമായി. 

വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയോട് സമൂഹം എങ്ങനെ പെരുമാറുന്നുവെന്നും അവര്‍ എത്രത്തോളം അനുഗ്രഹീതരാണമെന്നുമുള്ള തിരിച്ചറിവാണ് ലണ്ടൻ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പഠനം സഫീനയിലുണ്ടാക്കിയത്. ഇതോടെ ഇതേ വിദ്യാഭ്യാസം തന്റെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും ലഭിക്കണമെന്ന ആഗ്രഹം സഫീനയില്‍ വന്നുചേരുകയും ചെയ്തു. അങ്ങനെ അജ്ഞതയിലേക്ക് തള്ളിവിടുന്ന പെണ്‍കുട്ടികള്‍ക്കായി സഫീന തന്റെ ശിഷ്ടജീവിതം മാറ്റിവെക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 

എന്റെ കുട്ടിക്കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിട്ട ആളായിരുന്നു ഞാന്‍. വിദ്യാഭ്യാസം പോലും തടസ്സപ്പെട്ടു. പഠിക്കാന്‍ അതിയായ ആഗ്രഹമുള്ള ഒരു പെണ്‍കുട്ടിക്ക് അതിന് കഴിയാതെ വന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ ബാഗും പുസ്തകവുമെടുത്ത് പഠിക്കാന്‍ പോവുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു ആത്മവിശ്വാസവും ഇല്ലാത്തവളായി നിസ്സഹായതയുടെ പടുകുഴിയില്‍ വീണ അവസ്ഥയാണത്. ആ അവസ്ഥയില്‍ നിന്നാണ് ഇന്ന് മാഗ്‌സസെയുടെ അരികിലേക്കെത്തിയത്-ഏറെ സന്തോഷമുണ്ട്. പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം സഫീന പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.  

placeholder
എജ്യുക്കേറ്റ് ഗേള്‍സ് അംഗം രാജസ്ഥാനിലെ കുട്ടികളോടും വീട്ടുകാരോടും സംസാരിക്കുന്നു| ഫോട്ടോ: എ.പി

2007-ല്‍ തുടങ്ങിയ എജ്യുക്കേറ്റ് ഗേള്‍സ്

അമേരിക്കിയിലെ പഠനത്തിനുശേഷം കുറച്ചുകാലം അവിടെത്തന്നെയായിരുന്നു സഫീനയുടെ ജീവിതം. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പല രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2005-ല്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2007-ല്‍ ആണ് സഫീന രാജസ്ഥാന്‍ കേന്ദ്രമായി എജ്യുക്കേറ്റ് ഗേള്‍സ് ആരംഭിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അധികച്ചെലവാണെന്ന് കരുതിയ ഒരു സമൂഹത്തെ ബോധവത്കരിക്കുക എന്നതായിരുന്നു സംഘടനയുടെ ആദ്യ ലക്ഷ്യം. തുടക്കത്തില്‍ രാജസ്ഥാനിലെ രണ്ട് വില്ലേജുകളില്‍ മാത്രം ആരംഭിച്ച പദ്ധതി പിന്നീട് ഇതിന്റെ പ്രവര്‍ത്തനം രാജ്യത്തെമ്പാടുമുള്ള 30,000 ഗ്രാമത്തിലേക്കും വ്യാപിപ്പിച്ചു. സഫീന അടക്കം രണ്ട് ജീവനക്കാരും ഒരു മുറിയും കമ്പ്യൂട്ടറുമായിരുന്നു എജ്യുക്കേറ്റഡ് ഗേള്‍സിന്റെ ആദ്യ ഓഫീസ്. 

സംഘടനാ പ്രവര്‍ത്തനം തുടങ്ങി ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ ഇരുപത് ലക്ഷം പെണ്‍കുട്ടികളുടെ ജീവിതമാണ് ഏജ്യുക്കേറ്റ് ഗേള്‍സും സഫീനയും മാറ്റിമറിച്ചത്. മനുഷ്യവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ലഭിച്ച പട്ടിക പ്രകാരമാണ് വിദ്യാഭ്യാസത്തില്‍ ലിംഗാടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പാലി, ജലോര്‍ ഗ്രാമങ്ങളിലായി എജ്യുക്കേറ്റ് ഗേള്‍സ് ആദ്യം തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇതോടെ  സ്‌കൂള്‍ കാലം നഷ്ടപ്പെട്ട പെണ്‍കുട്ടികളെ മാത്രമല്ല അവരുടെ പിന്തുണയോടെ മറ്റ് നിരവധി പേരേയും വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കെത്തിക്കാന്‍ സംഘടനയ്ക്ക് സാധിച്ചു. പ്രാദേശികമായി വലിയ പിന്തുണയും ഇതുവഴി ലഭിക്കുകയുണ്ടായി. വിദ്യാഭ്യാസം ലഭിച്ച് കുട്ടികള്‍ സ്വയം വളണ്ടിയറായി പ്രവര്‍ത്തിച്ചായിരുന്നു തുടര്‍ പ്രവര്‍ത്തനങ്ങള്‍. ഇതിനായി ടീം ബാലിക എന്ന ഗ്രൂപ്പിനെ തന്നെ പ്രത്യേകമായി നിയോഗിക്കുകയും ചെയ്തു. 

placeholder
എജ്യുക്കേറ്റ് ഗേള്‍സിലെ കുട്ടികള്‍| ഫോട്ടോ: എ.പി

രാജസ്ഥാനിലെ ടീം ബാലിക മോഡല്‍ 

ടീം ബാലിക വളണ്ടിയര്‍ പ്രവര്‍ത്തനം വിദ്യാഭ്യാസ മേഖലയിലെ രാജസ്ഥാനിലെ പ്രധാന മോഡല്‍ തന്നെയായി മാറുന്ന കാഴ്ചയാണ് കാണാന്‍ പിന്നീട് കഴിഞ്ഞത്. ലിംഗ വ്യത്യാസമില്ലാതെ യുവ വളണ്ടിയര്‍മാര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധന്യം ചൂണ്ടിക്കാട്ടി വീടുകള്‍ തോറും കയറിയിറങ്ങി. ഓരോ കുടുംബത്തിലും നിലനിന്നിരുന്ന ആണ്‍-പെണ്‍ വേര്‍തിരിവിനെ ഈ വളണ്ടിയര്‍മാർക്ക് ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചു. ഇതിന് പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചു. നിലവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലായി 13000 മുതല്‍ 21000 വരെ വളണ്ടിയര്‍മാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള വലിയ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 

സന്നദ്ധസേവന മേഖലയിലെ നൂതന ആശയങ്ങളുടെ മുന്‍നിരയിലും എജ്യുക്കേറ്റ് ഗേള്‍സ് ഉണ്ട്. സ്‌കൂളില്‍ പോകാത്ത പെണ്‍കുട്ടികള്‍ കൂടുതലുള്ള 'ഹോട്ട്സ്പോട്ടുകള്‍' കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാതൃകയുടെ വികസനമാണ് ഇവരുടെ സമീപകാല മുന്നേറ്റം. ഇത് പ്രദേശങ്ങളില്‍ കൃത്യമായി ഇടപെടലും വിഭവ വിനിയോഗവും സാധ്യമാക്കുന്നുണ്ട്.

എജ്യുക്കേറ്റ് ഗേള്‍സിന്റെ വലിയ വിജയങ്ങള്‍ക്കിടയിലും വിദ്യാഭ്യാസത്തോടുള്ള സാമൂഹിക മനോഭാവങ്ങള്‍ ഒരു വലിയ തടസ്സമായി തുടരുന്നുവെന്നുണ്ടെന്നാണ് ഹുസൈന്‍ ഊന്നിപ്പറയുന്നത്. ''ദാരിദ്ര്യം  ഒരു പ്രശ്‌നം മാത്രമാണ്. എന്നാല്‍ പുരുഷാധിപത്യം അതിനേക്കാള്‍ ആഴത്തിലുള്ള വെല്ലുവിളിയാണ്. ഇത് മാറ്റുന്നതിന് സമൂഹത്തിന്റെ വലിയ പങ്കാളിത്തം ആവശ്യമാണെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തീരേ ലഭിക്കാത്ത സമൂഹങ്ങളെ തിരിച്ചറിഞ്ഞ് അവിടെ നിന്നുള്ള പെണ്‍കുട്ടികളെ ക്ലാസ്മുറികളിലെത്തിക്കുക മാത്രമല്ല എജ്യുക്കേറ്റ് ഗേള്‍സിന്റ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിനുശേഷം തൊഴിലിന് പ്രാപ്തരാകുന്നതുവരെ അവരെ പിന്തുണച്ചു.

50 ഗ്രാമങ്ങളില്‍ തുടങ്ങിയ പദ്ധതി 30,000 ഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ. 20 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സംഘടനയ്ക്കായി. അതും 90 ശതമാനത്തിലേറെയും കൊഴിഞ്ഞുപോക്കില്ലാതെ. 

2015-ല്‍ ലോകത്താദ്യമായി വിദ്യാഭ്യാസമേഖലയില്‍ ഡെവലപ്മെന്റ് ഇംപാക്ട് ബോണ്ടിന് (ഡിഐബി) തുടക്കം കുറിച്ചതും എജുക്കേറ്റ് ഗേള്‍സാണ്. പദ്ധതിയുടെ തുടക്കത്തിലേ ഫണ്ട് വാങ്ങാതെ ഫലപ്രാപ്തിയിലെത്തിയശേഷം മുഴുവന്‍ സഹായധനവും സ്വീകരിക്കുന്ന രീതിയാണിത്. എജുക്കേറ്റ് ഗേള്‍സ് ആരംഭിച്ച ഓപ്പണ്‍ സ്‌കൂളിങ് പദ്ധതിയായ 'പ്രഗതി'യിലൂടെ 15 മുതല്‍ 29 വയസ്സുവരെയുള്ള 31,500-ലേറെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചു.