
തിരുപ്പൂര്‍, രാജ്യത്തിന്റെ ഡോളര്‍ സിറ്റി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടുസ്സുമുറികളിലിരുന്ന് ഒരു ജനത നിറമുള്ള വസ്ത്രങ്ങള്‍ തുന്നിക്കൂട്ടി അവിടെ ജീവിതം കരുപ്പിടിപ്പിച്ചപ്പോള്‍ ഈ കുഞ്ഞു നഗരത്തിന്റെ ഖ്യാതി തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങിയില്ല, ലോകമൊന്നാകെയെത്തി. നമ്മൾ ഉടുത്ത വസ്ത്രങ്ങൾ അവരുടെ പട്ടിണിമാറ്റി. മെച്ചപ്പെട്ട ജീവിതം നല്‍കി. ഡോളറുകളും യൂറോകളുമെല്ലാം സാധാരണക്കാരന് പോലും പരിചിതമായി. തിരുപ്പൂര്‍ അങ്ങനെ ഡോളര്‍ സിറ്റിയായി.
ഇക്കാലമത്രയും വസ്ത്രങ്ങളുടെ കയറ്റുമതിയായിരുന്നു തിരുപ്പൂരിന്റെ നട്ടെല്ല്. അതില്‍ ഏറ്റവും നിര്‍ണായകമായിരുന്നു അമേരിക്കൻ വിപണി. വീടുകള്‍ക്കുള്ളിലിരുന്ന് നൂലുകള്‍ വെട്ടിയുള്ള കുഞ്ഞുജോലി ചെയ്തു വരെ അവര്‍ വസ്ത്രനിര്‍മാണത്തിന്റെ ഭാഗമായി. ഈ നട്ടെല്ലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക തീരുവ ഇപ്പോള്‍ ക്ഷതമേല്‍പ്പിച്ചിരിക്കുന്നത്. കയറ്റുമതി നിലച്ചു, പലര്‍ക്കും ജോലിയില്ലാതായി. മുന്നിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നറിയാത്ത ആശങ്കയില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് ഒരു ജനത

തിരുപ്പൂരിന്റെ നട്ടെല്ലായ അമേരിക്ക
സാധാരണ വെള്ള ബനിയന്‍ മാത്രം നിര്‍മിച്ച് വസ്ത്ര നിര്‍മാണത്തിലേക്ക് ഒരു കൈ നോക്കിയതാണ് കാലങ്ങള്‍ക്ക് മുമ്പെ തിരുപ്പൂര്‍. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടിവസ്ത്രങ്ങളും ടീഷര്‍ട്ടുകളുമെല്ലാമായി കൈ അകലത്തില്‍ കുഞ്ഞു കുഞ്ഞു കടകള്‍ ഉയര്‍ന്നു പിന്നെ അമേരിക്കയുടെയും യുറോപ്പിന്‍റെയുമെല്ലാം വസ്ത്രാവശ്യത്തിന്റെ പ്രധാന ഇടമായും ഇന്ന് തിരുപ്പൂര്‍ മാറി. നോക്കുന്നിടത്തെല്ലാം ഫാക്ടറികളും തൊഴില്‍ശാലകളും. അങ്ങനെ തിരുപ്പൂര്‍ തൊഴിലവസരങ്ങളുടെ ചാകര തീര്‍ത്തു. 45 കോടിയുടെ കയറ്റുമതിയാണ് ഇന്ന് ഇവിടെ നിന്നും പലയിടങ്ങളിലേക്ക് പോകുന്നത്. അതില്‍ തന്നെ 25 കോടിയിലേറെയാണ് അമേരിക്കന്‍ ബിസിനസ് മാത്രം നല്‍കുന്ന സംഭാവന. ബാക്കി മാത്രമാണ് ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്നത്. ആ നിര്‍ണായകമായ 25 കോടിയുടെ വരുമാനമാണ് ട്രംപ്രിന്റെ പുതിയ പകരച്ചുങ്ക നയത്തില്‍ നിന്നുപോയിരിക്കുന്നതെന്ന് പറയുന്നു കോറല്‍ ഇന്റര്‍നാഷണല്‍ എം.ഡി കോറല്‍ വിശ്വനാഥന്‍.

അമേരിക്കന്‍ വ്യാപാരം മുടങ്ങിയതോടെ അമ്പത് ശതമാനത്തോളം ആളുകള്‍ക്ക് ഇന്ന് ജോലിയില്ലാതായി തീര്‍ന്നിട്ടുണ്ട്. ഇത് ഈ ജോലിയെ മാത്രം ആശ്രയിച്ച് കാലങ്ങളായി ഫാക്ടറികളിലെത്തുന്ന കുടുംബത്തിന്റെ സകല പ്രതീക്ഷകളെയുമാണ് തല്ലിക്കെടുത്തിയത്. ലോണുകളും സ്‌കൂള്‍ ഫീസുകളും മുടങ്ങി. അമേരിക്കയിലേക്കുള്ള ആവശ്യത്തിനായി നിര്‍മിച്ച വസ്ത്രങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ സാധിക്കില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ആഭ്യന്തര വിപണിയിലേക്കാണെങ്കില്‍ വിലകുറച്ച് കൊടുക്കേണ്ടിയും വരും. ഇത് കമ്പനികളുടെ മാത്രമല്ല സാധാരണ തൊഴിലാളിയുടെ വരെ ജീവിതത്തെ മാറ്റിമറിക്കുമെന്നും പറയുന്നു ഇതുമായി ബന്ധപ്പെട്ടവര്‍.
യന്ത്രങ്ങളുടെ സഹായമുണ്ടെങ്കിലും വസ്ത്രനിര്‍മാണത്തിന്റെ ആണിക്കല്ലാണ് തൊഴിലാളികള്‍. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാടിന് അകത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി തൊഴിലാളികള്‍ ഇവിടേക്ക് കുടിയേറിയത്. തിരുപ്പൂര്‍ അവരെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടെ എത്തിയവര്‍ പലരും ഉടമകളായി അങ്ങനെ പലയിടങ്ങളില്‍ നിന്നായി ആളുകള്‍ ഇവിടേക്ക് തൊഴിലെടുക്കാനെത്തി. ഒരു വീട്ടിലെ തന്നെ മൂന്നും നാലും പേര്‍ ഒരു തൊഴില്‍ശാലയിലെ തൊഴിലാളികളും പിന്തുടര്‍ച്ചക്കാരുമായി. ഇവരുടെയെല്ലാം ജീവിതമാണ് ഒട്ടും പ്രതീക്ഷിക്കാത്തെ നിന്നുപോയതെന്ന് പറയുന്നു ഉടമകളും നടത്തിപ്പുകാരും.

കെട്ടിക്കിടക്കുന്ന ചരക്കുകള്‍
തിരുപ്പൂര്‍ വസ്ത്ര കയറ്റുമതിയുടെ അമ്പത് മുതല്‍ അറുപത് ശതമാനം വരെയാണ് അമേരിക്കന്‍ ബിസിനസ്. ബാക്കി നാല്‍പത് ശതമാനത്തോളമേ വരൂ മറ്റ് രാജ്യങ്ങളിലേത്. ഒരു ഓര്‍ഡര്‍ എടുത്താല്‍ 90 അല്ലെങ്കില്‍ 100 ദിവസമാവും അതിന്റെ നിര്‍മാണം കഴിഞ്ഞ് ആവശ്യക്കാരിലേക്ക് കയറ്റി അയക്കാന്‍. ഇപ്പോള്‍ സീസണ്‍ സമയവുമായിരുന്നു. ഇതിനിടയ്ക്ക് താരിഫ് പ്രതിസന്ധിയെത്തിയതോടെ ഫാക്ടറികള്‍ക്ക് ചരക്കുകള്‍ കയറ്റി അയക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു കോറല്‍ ഇന്റര്‍നാഷണല്‍ സി.ഇ.ഒ അനൂപ് വിശ്വനാഥന്‍. ചെയ്തുവെച്ച ചരക്കുകള്‍ പൂര്‍ണമായും കെട്ടിക്കിടക്കുന്ന അവസ്ഥയിലുമായി. ഏകദേശം 3000 കോടി 4000 കോടി രൂപയോളമുള്ള ചരക്കുകളാണ് കെട്ടിക്കിടക്കുന്നത്.

ഓരോ ആഴ്ചാവസാനവും ഒരുമിച്ച് കൂലി വാങ്ങി ജീവിതച്ചെലവുകള്‍ നടത്തുന്നതായിരുന്നു കമ്പനികളിലെ തൊഴിലാളികളുടെ പതിവ്. ഇത് മാത്രമായിരുന്നു അവരുടെ വരുമാനവും. ഒരു വീട്ടിലെ തന്നെ രണ്ടോ മൂന്നോ ആളുകള്‍ പണിക്കെത്തിയാല്‍ തന്നെ സുഖമമായി ജീവിതം മുന്നോട്ടുകൊണ്ടുപോവാനാവുന്ന സാഹചര്യം. പി.എഫും ബോണസും ഇന്‍ഷൂറന്‍സുമൊക്കെയായി ഫാക്ടറികളും തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ തിരുപ്പൂരിലെ ഫാക്ടറികളിലെ ജോലി സര്‍ക്കാര്‍ ജോലിക്ക് സമാനവുമായി. ഇതിനെയെല്ലാമാണ് ഒട്ടും പ്രതീക്ഷിക്കാതെ ട്രംപന്‍ തീരുവ പിടിച്ചുകുലുക്കിക്കളഞ്ഞത്. ഇനി എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ഇവര്‍ക്കറിയില്ല.

ഒറ്റ ടീഷര്‍ട്ട് പലതരം ഫാക്ടറികള്‍
ടീഷര്‍ട്ടുകളാണ് ഇന്ന് തിരുപ്പൂരിലെ പ്രധാന ഉൽപ്പന്നം. വിദേശ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കും അവരുടെ കാലാവസ്ഥയ്ക്കും അനുസരിച്ച് പ്രത്യേകം തയ്യാറാക്കുന്ന ടീഷര്‍ട്ടുകളുടെ ഗുണമേന്‍മയും ഉത്തരവാദിത്തവുമായിരുന്നു തിരുപ്പൂരിനെ ഫെയ്മസാക്കിയത്. ഒറ്റ ടീഷര്‍ട്ടില്‍ തന്നെ പല കമ്പനികളുടെ പലതരം ജോലിക്കാരുടെ കൈവഴക്കമുണ്ട്. ആവശ്യാനുസരണമുള്ള നൂലുകള്‍ മാത്രമാണ് ഫാക്ടറികള്‍ നല്‍കുക. ബാക്കിയെല്ലാം അവിടങ്ങളുടെ പല തരം കമ്പനികളുടെ ജോലിയാണ്.
കോളര്‍ നിര്‍മാണം, ബട്ടണ്‍, സ്റ്റിച്ചിങ്, നിറ്റിംഗ്, എംബ്രോയ്ഡറി, കളറിംഗ്, അയേണിംഗ്, രാജാപട്ട് തുടങ്ങി എണ്ണമില്ലാത്ത തൊഴിലാളികളും അവരുടെ ഫാക്ടറികളും ഒരു വസ്ത്രത്തില്‍ കൈവെയ്ക്കുന്നു. ഈ പലതരം ഫാക്ടറികളാണ് തിരുപ്പൂരിന്റെ തൊഴില്‍ക്ഷാമവും തീര്‍ത്തത്. തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അല്‍പ്പം നടന്നാല്‍ തന്നെ ചെറുതും വലതുമായ കുടുസ്സുമുറുകളിലെല്ലാമായുള്ള ഇത്തരം പലതരം തൊഴില്‍ശാലകള്‍ കാണാം. ഇവരുടെയെല്ലാം ജോലിയാണ് ട്രംപിന്റെ ഒറ്റ പ്രഖ്യാപനം കൊണ്ട് പ്രതിസന്ധിയിലൂടെ കടന്നുപോവുന്നത്.

അമേരിക്കന്‍ വ്യാപാരത്തെ മാത്രം ആശ്രയിച്ച് കാലങ്ങളായി കഴിയുന്ന വമ്പന്‍ കമ്പനികളാണ് പ്രധാനമായും ഒറ്റ നിമിഷം കൊണ്ട് സ്തംഭിച്ച് നിന്നുപോയതെന്ന് പറയുന്നു വിസ്ഡം ഗ്ലോറി ഇന്ത്യയുടെ ജി.എം സുന്ദര്‍. ടീഷര്‍ട്ടുകളുടേയും ഇന്നര്‍വെയറുകളുടേയും 40 ലക്ഷത്തോളം ഓര്‍ഡറുകളായിരുന്നു ഒരു വര്‍ഷം വിസ്ഡം ഗ്ലോറി ചെയ്തിരുന്നത്. ഓരോ ഫാക്ടറികളിലും ആയിരത്തോളം പലതരം യന്ത്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. അമ്പത് ശതമാനം താരിഫും മറ്റ് താരിഫുകളും കൂടി ചേരുമ്പോള്‍ ഏകദേശം 60 ശതമാനത്തിന്റെ മുഴുവന്‍ താരിഫായി അത് മാറുമെന്ന് പറയുന്നു സുന്ദര്‍. 25 വര്‍ഷത്തോളമായി തിരുപ്പൂരില്‍ ബിസിനസ് നടത്തുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു വെല്ലുവിളിയെ നേരിടേണ്ടി വന്നിരിക്കുന്നതന്നും ചരക്കുകള്‍ കെട്ടിക്കിടന്ന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണന്നും സുന്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ആറ് ലക്ഷത്തിലധികം തൊഴിലാളികളാണ് തിരുപ്പൂരിലെ വസ്ത്രവ്യവസായത്തെ മാത്രം ആശ്രയിച്ചുപോരുന്നത്. അങ്ങനെ ഇന്ത്യയുടെ മൊത്തം കോട്ടണ്‍ വസ്ത്ര കയറ്റുമതിയുടെ നെടുംതൂണായും ഈ നഗരം മാറി. ഗുണമേന്മ, പരിസ്ഥിതി സൗഹൃദം, കാര്യക്ഷമമായ ഉത്പ്പാദനം എന്നിവയെല്ലാം തിരുപ്പൂരിന്റെ വിജയത്തിന്റെ മാറ്റുകൂട്ടി
അപ്രതീക്ഷിത തിരിച്ചടിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും തലയ്ക്ക് മുകളില്‍ തൂങ്ങിയിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് പൂര്‍ണ അറിവുള്ളവരല്ല ഇവിടെയുള്ള തൊഴിലാളികള്‍. പലരും ഉച്ചയൂണുമെടുത്ത് എന്നും രാവിലെ കുടുംബത്തോടെ ജോലിക്കെത്തും. ഇവരെ വിഷയങ്ങളെ കുറിച്ച് എങ്ങനെ അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ക്കുമറിയില്ല.
തൊഴിലാളികള്‍ ബോധവാന്‍മാര്‍
കഴിഞ്ഞ 35 വര്‍ഷത്തോളമായി തിരുപ്പൂരിലെ ഒരു പ്രധാന വസ്ത്ര നിര്‍മാണശാലയില്‍ തയ്യല്‍ തൊഴിലെടുക്കാനെത്തുന്നുണ്ട് വാസന്തി. ഫാക്ടറിയിലെ ജോലിയെടുത്ത് മകളുടെ വിവാഹമെല്ലാം നടത്തി. ശേഷം മകളേയും ജോലിക്ക് കൂട്ടി. ഇവരുടെ വരുമാനം മാത്രമാണ് വീട്ടുച്ചെലവും കുട്ടികളുടെ പഠിത്തവുമെല്ലാം മൂന്നോട്ട് കൊണ്ടുപോവുന്നത്. പി.എഫും ഇന്‍ഷൂറന്‍സും ബോണസുമെല്ലാം ലഭിക്കുന്നത് കൊണ്ട് ഇക്കാലമത്രയും സുരക്ഷിത ഇടമെന്ന് കരുതിപ്പോന്നു. എന്നാല്‍, ടെലിവിഷനില്‍ കാണുന്ന താരിഫ് വാര്‍ത്തകള്‍ വലിയ രീതിയിലാണ് ഇവരെ ആശങ്കയിലാക്കിയിരിക്കുന്നത്. കയറ്റുമതി പ്രശ്‌നമുണ്ടെന്ന് ഫാക്ടറി അധികൃതര്‍ അറിയിച്ചതോടെ ഇനി തങ്ങള്‍ക്കിവിടെ ജോലിയിണ്ടാവില്ലേ എന്ന് എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുകായാണ് ഇവരെന്ന് ഉടമയും മലയാളിയുമായ അശോകന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു ഫാക്ടറിയിലെ മാത്രം അവസ്ഥയല്ല. അമേരിക്കയെ ആശ്രയിക്കുന്ന മിക്ക ഫാക്ടറികളുടെയും അവസ്ഥയാണ്.

വലിയ അളവില്‍ ഒരുമിച്ച് ഓര്‍ഡറുകള്‍ ലഭിക്കുമെന്നതാണ് യു.എസ് ഓര്‍ഡറിന്റെ പ്രത്യേകതയെന്ന് പറയുന്നു എആര്‍ നിറ്റ്‌സ് ഉടമ അശോകന്‍. അങ്ങനെ വരുമ്പോള്‍ ഒരുപാട് തൊഴിലാളികള്‍ക്ക് ഒരുമിച്ച് ജോലികൊടുക്കാന്‍ കഴിയും. ഇത് ഫാക്ടറികളുടെ വളര്‍ച്ചയ്ക്കും നിര്‍ണായകമായിരുന്നു. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റി അയക്കല്‍ കുറഞ്ഞാലും പലരും പിടിച്ച് നിന്നതും യു.എസ് ഓര്‍ഡറിന്റെ ബലത്തിലായിരുന്നു.

പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നത് മുതല്‍ അമേരിക്കന്‍ വ്യാപാരകള്‍ ഇവിടെ നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചു. ഓര്‍ഡര്‍ പ്രകാരം വസ്ത്രങ്ങള്‍ തയ്യാറാക്കി കയറ്റുമതി ഘട്ടത്തിലെത്തിയതിനാല്‍ ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്. പലരും നിര്‍മാണം നിര്‍ത്തിവെച്ചു. ചിലര്‍ തൊഴിലാളികളോട് ആഴ്ചയില്‍ മുഴുവന്‍ ദിവസവും ജോലിക്കെത്തേണ്ടെന്ന് ആവശ്യപ്പെടുന്നു. അതുമല്ലെങ്കില്‍ തൊഴിലാളികളെ കുറയ്ക്കുന്നു.
ഇനി വേണ്ടത് അടിയന്തര സര്‍ക്കാര്‍ ഇപെടലാണ്. മറിച്ചായാല്‍ തിരുപ്പൂരിന്റെ വലിയ ചരിത്രത്തെ തന്നെ പുതിയ താരിഫ് നയം ഇല്ലാതാക്കിയേക്കാം
Content Highlights: Tirupur`s textile industry faces crisis as Trump`s tariffs halt US exports
Published: 19 Sept 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented