
ഇനിയും അടങ്ങാത്ത മണിപ്പുര്‍ കലാപത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള സംഘടനയാണ് ആരംഭായ് ടെങ്കോൽ. മെയ്ത്തികളുടെ ഇടയിലുള്ള നവോത്ഥാന സംഘടന എന്നപേരില്‍ രൂപംകൊണ്ട ഈ സംഘടന ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെയും മണിപ്പുരില്‍ നിന്നുള്ള രാജ്യസഭാംഗവും മണിപ്പുര്‍ രാജവംശത്തിന്റെ ഇപ്പോഴത്തെ രാജാവുമായ ലെയ്ഷംബ സനോജയോബയുടെയും സൃഷ്ടിയാണ്. ഭസ്മാസുരന് വരം കൊടുത്തപോലെ ഇരുവരും സൃഷ്ടിച്ച ഈ ഭൂതം ഇവരെയും ഇല്ലാതാക്കുമെന്നാണ് മണിപ്പുരിന്റെ ഇന്നലെകളെ അറിയുന്നവരെല്ലാം പറയുന്നത്.
രണ്ടാം ഭാഗം വായിക്കാം- പച്ചക്കറി വാങ്ങും പോലെ ചന്തയില്‍ നിന്ന് തോക്കുവാങ്ങി, കലാപത്തിന്റെ വഴികളിലൂടെ
മൂന്നാംഭാഗം- കൂട്ടുകാരിയെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല, ഒളിപ്പിച്ചത് കുളിമുറിയിലെ തറയ്ക്കുള്ളിൽ നാലാംഭാഗം- തങ്ങളിലൊരാൾ അക്രമിക്കപ്പെട്ടാൽ മറുവിഭാഗത്തിലെ നാലുപേരെ ബലാത്സംഗത്തിന് വിട്ടു കൊടുക്കുന്ന വനിതാകൂട്ടം
ആയുധമേന്തിയ കുതിരപ്പടയാളി എന്നാണ് ആരംഭായ് ടെങ്കോലിന്റെ അര്‍ഥം. ഒരു സായുധ സംഘടനയായി മാറിക്കഴിഞ്ഞ ഇതു സനാമഹിസം മെയ്ത്തികള്‍ക്കിടയില്‍ പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പൂര്‍ണവിശുദ്ധി അവകാശപ്പെടുന്നതാണ് സനാമഹി മതം എന്നും അവര്‍ യഥാര്‍ഥത്തില്‍ ഹിന്ദുക്കളല്ല എന്നുമാണ് ആരംഭായ് ടെങ്കോൽ മുന്നോട്ടുവെക്കുന്ന ആശയം. നിലവില്‍ മെയ്ത്തികള്‍ ഹിന്ദുക്കളാണെങ്കിലും അവരുടെ സനാമഹിസത്തിലേക്കുള്ള പരിവര്‍ത്തനം അനിവാര്യമാണെന്നും ഇവര്‍ വാദിക്കുന്നു.
2020-ല്‍ തുടക്കമിട്ട ഈ സംഘടനയാണ് ഇന്ന് മണിപ്പുരിന്റെ ഭരണചക്രം തിരിക്കുന്നത് . മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനോ ബി.ജെ.പിക്കോ പോലും മറുത്തുപറയാനാവാത്തവിധം കരുത്താര്‍ജിച്ച ആരംഭായ് ടെങ്കോൽ സര്‍ക്കാര്‍ എന്തു ചെയ്യണമെന്നുവരെ ആജ്ഞാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഏറ്റവും ഭീകരവും പ്രത്യക്ഷവുമായ തെളിവ് തിരഞ്ഞെടുപ്പിന് കുറച്ചുനാള്‍ മുമ്പു പുറത്തുവന്നിരുന്നു. ഭരണപക്ഷ എം.എല്‍.എ.മാരുടെ യോഗം ആരംഭായ് ടെങ്കോലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിളിച്ചുചേര്‍ക്കുകയും അതില്‍ വെച്ച് എതിര്‍പ്പ് പ്രകടിപ്പിച്ച എം.എല്‍.എയെ മര്‍ദിക്കുകയും ചെയ്തു. ഇത്രത്തോളം വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ഇക്കുറി തിരഞ്ഞെടുപ്പില്‍ മെയ്ത്തി വിഭാഗങ്ങള്‍ തന്നെ ബിരേന്‍ സിങ്ങിന് എതിരായി വോട്ടുരേഖപ്പെടുത്തുമെന്ന നിലയിലെത്തിയതോടെ ആരംഭായ് ടെങ്കോൽ രക്ഷാനടപടികളുമായി രംഗത്തിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റുകഴിഞ്ഞാല്‍ കലാപകാലത്തുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികളാക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുമെന്നും അതില്‍ നിന്ന് നിരപരാധികള്‍ക്കു പോലും രക്ഷയുണ്ടാകില്ലെന്നും അവര്‍ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ടായിരുന്നു.
സംഘര്‍ഷകാലത്ത് അയല്‍ക്കാരായ കുക്കികളെ വീടുകളിലും മറ്റും സംരക്ഷിച്ച മെയ്ത്തികളെ ശത്രുക്കളെപ്പോലെയാണ് സംഘടന നേരിട്ടത്. ഇവരെ വര്‍ഗശത്രുക്കളായി പരസ്യമായി പ്രഖ്യാപിക്കുകയും അവരെ തിരസ്‌കരിക്കാനും അവരോടുള്ള സഹകരണം അവസാനിപ്പിക്കാനും മെയ്ത്തികള്‍ക്ക് സംഘടന നിര്‍ദ്ദേശം നല്‍കി. തോക്കുകളുമായി ആയുധധാരികളുടെ സംഘങ്ങളെ വാഹനങ്ങളില്‍ വ്യാപകമായി നാട്ടിന്‍പുറങ്ങളില്‍ തിരച്ചിലിനു വിട്ടു. എല്ലാം സര്‍ക്കാര്‍ മൂകമായി കണ്ടുനിന്നു. ആരംഭായ് ടെങ്കോലിനോട് അരുതെന്ന് പറയാനുള്ള ത്രാണി ബിരേന്‍ സിങ്ങിന് നഷ്ടപ്പെട്ടു എന്നാണ് ചിലര്‍ പറയുന്നത്.
സംസ്ഥാനത്ത് ഉയര്‍ന്ന തലങ്ങളില്‍ സംഘടനയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ട്. 'മണിപ്പുര്‍ രാജാവും' രാജ്യസഭാ എംപിയുമായ ലെയ്‌ഷെംബ സനാജയോബയാണ് തങ്ങളുടെ സ്ഥാപകനും നേതാവും എന്നാണ് ഇവര്‍ പറയുന്നത്. 2022 സെപ്റ്റംബറില്‍ സംഘടനയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സനാജയോബയുടെ വീട്ടില്‍ വെച്ചാണ് നടന്നത്. 'മയക്കുമരുന്നിനെതിരേയുള്ള യുദ്ധം' എന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങള്‍ അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരേ ഉയരുന്ന ആദിവാസി പ്രതിഷേധങ്ങളെ നേരിടുകയും സര്‍ക്കാരിനുവേണ്ടി അവയെ പ്രതിരോധിക്കുകയും ചെയ്യുന്നത് സംഘടനയുടെ പതിവുപരിപാടിയാണ്.

മൂന്ന് കുതിരപ്പടയാളികള്‍, യുദ്ധത്തിന് ഇറങ്ങുന്ന ചുവന്ന ചിഹ്നം പതിച്ച കറുത്ത ടി ഷര്‍ട്ടാണ് സംഘടനയുടെ ഔദ്യോഗികവേഷം. ഇന്നത്തെ മെയ്ത്തി വിഭാഗത്തില്‍ ലയിപ്പിക്കപ്പെട്ട ഏഴ് വംശങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു നിറങ്ങളിലുള്ള 'സലായ് ടാരെറ്റ്' പതാകയാണ് സംഘടന ഉപയോഗിക്കുന്നത്. പഴയ മണിപ്പുര്‍ സാമ്രാജ്യത്തിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നതിനുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി, നഗരപാതകളിലൂടെയും വ്യാപാരകേന്ദ്രങ്ങളിലൂടെയും സഞ്ചരിക്കുന്നതും ഇവരുടെ പതിവാണ്. 'യൂണിറ്റുകളായിട്ടാണ്' സംഘടനയുടെ പ്രവര്‍ത്തനം. 2023 ജൂണ്‍ വരെ 12 യൂണിറ്റുകളുണ്ടായിരുന്നു. മണിപ്പുര്‍ കലാപം തുടങ്ങിയശേഷം അതിന്റെ എണ്ണം നാലിരട്ടിയോളമായി.
ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ ഒരു ഭീഷണിയായി കാണുകയും അതിനെ ഒരു സംഘടിത മതമെന്ന നിലയില്‍ നിന്നുകൊണ്ട് പ്രതിരോധിക്കാന്‍ ഹിന്ദു മതത്തിന് കഴിയാതിരിക്കുകയും ചെയ്യുന്നതിനാല്‍ പൂര്‍ണശുദ്ധി ആഹ്വാനം ചെയ്യുന്ന സനമാഹിസത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരികയുമാണ് സംഘം ലക്ഷ്യമിടുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് മതംമാറ്റപ്പെട്ട മെയ്ത്തികള്‍ ഇവരുടെ വൈരത്തിന്റെ ചൂട് ഏറെ ഏറ്റുവാങ്ങി. മതംമാറ്റത്തിനു കാരണക്കാരനായ പാസ്റ്റര്‍ക്കുനേരേയുണ്ടായ വെടിവെപ്പും ക്രിസ്മസ് വേളയില്‍ നടത്തിയ ആക്രമണവുമൊക്കെ ആരംഭായ് ടെങ്കോലിനെതിരായി അന്തര്‍ദേശീയ തലത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മോറെയില്‍ നടന്ന ഈ സംഭവങ്ങള്‍ക്കു പ്രതികാരമായി കുക്കി തീവ്രവാദികള്‍ ഇംഫാല്‍ താഴ്വരയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. 2024 ജനുവരിയുടെ തുടക്കത്തിലായിരുന്നു ഇത്. 48 മണിക്കൂറിനുള്ളില്‍ ഏഴ് പേരുടെ മരണത്തിന് കാരണമായി. ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് ജനുവരി 24-ന് മണിപ്പുര്‍ രാജവംശത്തിന്റെ കൊട്ടാരമായ കാംഗ്ല കോട്ടയില്‍ നടന്ന ഒരു മീറ്റിങ്ങിലേയ്ക്ക് മന്ത്രിമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ മെയ്ത്തി നിയമസഭാംഗങ്ങളെയും വിളിച്ചുവരുത്തിയത്. ഇതില്‍ പങ്കെടുക്കാത്തവരെ 'മെയ്ത്തിയുടെ ശത്രു'വായി കണക്കാക്കുമെന്നാണ് ആരംഭായ് ടെങ്കോൽ പ്രഖ്യാപിച്ചത്. ആ യോഗത്തില്‍ 37 എം.എല്‍.എമാരും രണ്ട് എം.പി.മാരും പങ്കെടുത്തിരുന്നു. മണിപ്പുരിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുമെന്ന് ഇവര്‍ യോഗത്തില്‍ പ്രതിജ്ഞയെടുത്തിരുന്നു മെയ്ത്തികളുടെ ആറ് ആവശ്യങ്ങള്‍ വിവരിക്കുന്ന കത്തില്‍ ഒപ്പിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനു കൈമാറാനുള്ളതായിരുന്നു ആവശ്യങ്ങള്‍. മണിപ്പുരില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നിര്‍മ്മിക്കുക, കുക്കി തീവ്രവാദി ഗ്രൂപ്പുകളുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. പരിപാടിയോട് യോജിക്കാത്ത നിയമസഭാംഗങ്ങളെ മര്‍ദിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയായിരുന്നു ഇത്.

ഒറ്റപ്പെടുന്ന മെയ്ത്തി ക്രൈസ്തവര്‍
കുക്കികളും മെയ്ത്തികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മെയ്ത്തികളാണ്. രണ്ടുപക്ഷത്തുനിന്നും കുത്തുവാക്കുകള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് ഇക്കൂട്ടര്‍. ക്രൈസ്തവരായതിനാല്‍ ഇവര്‍ കുക്കികള്‍ക്കൊപ്പമാണെന്ന് മെയ്ത്തികള്‍ വിശ്വസിക്കുന്നു. അതിന്റെ പേരില്‍ അകറ്റി നിര്‍ത്തുന്നു. കുക്കികളാകട്ടെ മതം മാറിയാലും ഇവര്‍ മെയ്ത്തികള്‍ തന്നെയാണെന്നും അതുകൊണ്ടുതന്നെ ശത്രുക്കളാണെന്നും ആരോപിക്കുന്നു.
മെയ്ത്തി ഭൂരിപക്ഷ മേഖലകളില്‍ താമസിക്കുന്ന മെയ്ത്തി ക്രൈസ്തവര്‍ക്കുനേരെ ആക്ഷേപങ്ങളുണ്ടാകുന്നുണ്ടെങ്കിലും അവർക്ക് വംശീയ വിദ്വേഷത്തോടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വരുന്നില്ല. എന്നാല്‍ കുക്കി മേഖലയില്‍ സ്ഥിതി വ്യത്യസ്തമാണ്. കുക്കികള്‍ ഈ ന്യൂനപക്ഷ മെയ്ത്തി വിഭാഗത്തെ ശത്രുക്കളായി തന്നെയാണ് കരുതുന്നത്. ക്രൈസ്തവരാണെന്ന വിട്ടുവീഴ്ചയും പരിഗണനയും അവര്‍ക്ക് കിട്ടുന്നില്ല. ഹിന്ദു - ക്രിസ്ത്രീയ ഭേദമില്ലാതെ മെയ്ത്തികള്‍ തങ്ങളെ ആക്രമിക്കുന്നവരാണെന്ന് കുക്കികള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ മെയ്ത്തി ക്രൈസ്തവരുടെ വ്യപാര സ്ഥാപനങ്ങളും വീടുകളുമെല്ലാം വ്യാപകമായി തകര്‍ക്കപ്പെട്ടു.
ഒറ്റപ്പെട്ട ചില സംഘര്‍ഷങ്ങള്‍ ഒരു സമ്പൂര്‍ണ കലാപമായി മാറിയതല്ലെന്നും നന്നായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വംശഹത്യയാണ് മണിപ്പുരില്‍ നടന്നതെന്നു പറയേണ്ടി വരും. യുണൈറ്റഡ് നേഷന്‍സിന് അയച്ച പരാതികളിലും ഈ രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. അമേരിക്കയില്‍ ഈ വിഷയം പൊതുമധ്യത്തില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളികളാണെന്നാണ് മെയ്ത്തികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു റിട്ട. ലെഫ്റ്റനന്റ് ജനറല്‍ നിഷികാന്ത് സിങ് പറയുന്നത്.
കലാപത്തിന്റെ തുടക്കം
സംരക്ഷിത വനങ്ങളില്‍ നിന്ന് കുക്കി ഗ്രാമക്കാരെ ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് തദ്ദേശീയ ഗോത്രവര്‍ഗ നേതാക്കളുടെ സംഘടന 2023 ഏപ്രില്‍ 28-ന് ബന്ദിന് ആഹ്വാനം ചെയ്തതിൽ നിന്നാണ് ഇനിയും അവസാനിക്കാത്ത കലാപത്തിന്റെ പ്രത്യക്ഷരൂപത്തിനു തുടക്കം. ബന്ദ് പൂര്‍ണമായിരുന്നു, എന്നാല്‍ ബന്ദിനുശേഷം പൊലീസും അര്‍ധസൈനികരും കമാന്‍ഡോകളും ഈ സംഘടനയുമായി ഏറ്റുമുട്ടുലുണ്ടായി. അവിടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പോലീസും സൈനികരും പിന്മാറിയപ്പോള്‍ വിഘടനവാദ ഗ്രൂപ്പുകള്‍ അവരുടെ പക്ഷക്കാരുടെ സംരക്ഷണം ഏറ്റെടുത്തു പോരാട്ടം നയിക്കുകയാണിപ്പോഴും. മെയ്ത്തി വിഭാഗത്തിനു പട്ടികവര്‍ഗ പദവി കൊടുക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധി, ആദിവാസികളുടെ അറിവും സമ്മതവുമില്ലാതെ ആദിവാസി ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കല്‍ എന്നിവയാണ് കുക്കികൾ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍.
മെയ്ത്തികള്‍ക്ക് പട്ടികവര്‍ഗപദവി നല്‍കുന്നതിനെ കുക്കികള്‍ എതിര്‍ക്കുന്നതിനുള്ള കാരണങ്ങള്‍
1. പ്രബലമായ മെയ്ത്തി സമുദായത്തിന് പട്ടികവര്‍ഗപദവി നല്‍കിയാല്‍, നിലവിലെ പട്ടികവര്‍ഗക്കാരുടെ താത്പ്രര്യം സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 371 സിയുടെ ഭരണഘടനാ വ്യവസ്ഥ അസാധുവാകും. മലയോരങ്ങളിലെ ആദിവാസികളെ പ്രബലസമുദായത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള 'പട്ടികവര്‍ഗം' എന്ന വിഭാഗം അര്‍ത്ഥശൂന്യമാകും.
2. 1972- ലെ ഹില്‍ ഏരിയ കമ്മിറ്റി ഉത്തരവ്, മണിപ്പുര്‍ ലാന്‍ഡ് റിഫോം ആന്‍ഡ് ലാന്‍ഡ് റവന്യൂ ആക്ട് 1960, മണിപ്പുര്‍ ഹില്‍ ഏരിയാസ് വില്ലേജ് അതോറിറ്റി ആക്ട് 1956, മണിപ്പുര്‍ ഹില്‍ ഏരിയ ഡിസ്ട്രിക്ട് കൗണ്‍സില്‍ ആക്ട് 1971 തുടങ്ങി ഗോത്രവര്‍ഗത്തെ സംരക്ഷിക്കുന്ന ഭരണഘടനാ കവചങ്ങള്‍ നിര്‍വീര്യമാക്കപ്പെടും.
മെയ്ത്തികളുടെ വാദം
സ്വന്തം നാട്ടില്‍ തങ്ങളേക്കാള്‍ അവകാശം അഭയാര്‍ഥികള്‍ക്കാണോ എന്നാണ് ഈ വിഷയങ്ങളില്‍ മെയ്ത്തികളുടെ മറുവാദം. തങ്ങളുടെ നാടാണിത്. ഈ നാടിന്റെ വനവിഭവങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ തങ്ങളേക്കാള്‍ അവകാശം മ്യാന്മാറില്‍ നിന്നു കുടിയേറി വന്നവര്‍ക്ക് നല്‍കാന്‍ തങ്ങള്‍ തയ്യാറല്ല. തങ്ങള്‍ക്ക് മറ്റൊരു മാതൃഭൂമിയില്ല. മുമ്പ് തങ്ങള്‍ക്ക് ഈ പദവിയുണ്ടായിരുന്നു. പിന്നീട് അതു പിന്‍വലിക്കപ്പെട്ടതാണ്. ജനസംഖ്യയില്‍ കൂടുതലാണെന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലിയിലും മറ്റും പിന്നാക്കം പോകുന്നത് ഇനി അംഗീകരിക്കാനാകില്ല. മണിപ്പുരിന്റെ 90 ശതമാനം വരുന്ന വനം മുഴുവന്‍ മറ്റുള്ളവര്‍ക്ക് നല്‍കി 10 ശതമാനം മാത്രം വരുന്ന താഴ്വരകളിലേക്ക് ഒതുങ്ങാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും അവര്‍ പറയുന്നു.
സംരക്ഷിത, കരുതല്‍ വനങ്ങള്‍ കയ്യേറുകയാണെന്ന സര്‍ക്കാര്‍ നിലപാടിനെയും കുക്കികള്‍ തള്ളിക്കളയുന്നു. ഇതിനുള്ള കാരണങ്ങളായി അവര്‍ നിരത്തുന്നത് ഇവയൊക്കെയാണ്.
- മണിപ്പുര്‍ സംസ്ഥാനമാകുന്നതിനു മുമ്പുതന്നെ ഗോത്രവര്‍ഗക്കാര്‍ മലകളിലുണ്ടായിരുന്നു. പിന്നീടു ബ്രിട്ടീഷുകാര്‍ ഇവരെ മണിപ്പുരിന്റെ ഭാഗമാക്കിയെന്നു മാത്രമേയുള്ളൂ.
- സംരക്ഷിത വന പ്രഖ്യാപനം ആദിവാസികളുടെ അറിവോടും സമ്മതത്തോടെയും ഉള്ളതല്ല. സംരക്ഷിത വനം പ്രഖ്യാപിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം ബോധ്യപ്പെടുത്തേണ്ടത് പ്രഥമമായും അതു ബാധിക്കുന്ന ആദിവാസികളെയാണ്.
- ഈ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് ഹില്‍ ഏരിയ കമ്മിറ്റിയുമായി (എച്ച് എ സി) കൂടിയാലോചിച്ചിട്ടില്ല. മലയോര ഗോത്രവര്‍ഗക്കാരുടെ ഭരണഘടനാ സംരക്ഷണത്തിന്റെ ലംഘനമാണിത്.
മലനിരകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണെന്ന സര്‍ക്കാര്‍ അവകാശവാദത്തെയും ഇവര്‍ ഖണ്ഡിക്കുന്നു. മണിപ്പുരില്‍ ഒട്ടേറെ വിഘടനവാദ ഗ്രൂപ്പുകളുണ്ടെന്നും ഇവരില്‍ പലരും ഇത്തരം മയക്കുമരുന്ന് കച്ചവടത്തെയാണ് ആശ്രയിക്കുന്നതെന്നും കുക്കികള്‍ പറയുന്നു. ഇതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലാഭം? സമ്പന്നരും ശക്തരുമായ കുറച്ച് ആളുകള്‍, ചിലര്‍ മലകളില്‍ തന്നെയുള്ളവരാണ്, എന്നാല്‍ ഭൂരിഭാഗവും താഴ്വരകളിലുള്ളവരും രാഷ്ട്രീയക്കാരുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നും കുക്കികള്‍ ആരോപിക്കുന്നു. മയക്കുമരുന്നു കച്ചവടത്തിലെ വന്‍തോക്കുകളെ അറസ്റ്റ് ചെയ്യാത്തതിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരം പറയേണ്ടതെന്നും ഇവര്‍ വാദിക്കുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് കുക്കികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തീര്‍ത്തും ദുര്‍ബലമാണ്. പോപ്പികൃഷി വന്‍തോതില്‍ മലനിരകളില്‍ നടക്കുന്നുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. അതില്‍ നിന്നാണ് പല കുക്കി സംഘടനകളും പ്രവര്‍ത്തനഫണ്ട് കണ്ടെത്തുന്നതെന്നതും രഹസ്യമായ കാര്യമല്ല. പക്ഷേ, ഇതൊന്നും കലാപത്തിനുള്ള ന്യായീകരണമല്ല. ആയുധം താഴെവെക്കാന്‍ ആരും തയ്യാറല്ല. ചൈനയും മ്യാന്മറുമുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ ആയുധം നല്‍കി പരസ്പരം കൊല്ലിക്കുമ്പോള്‍ സ്വയം നശിക്കാതിരിക്കാനുള്ള വെളിവ് മണിപ്പുര്‍ ജനത ഇനിയെങ്കിലും കാണിക്കട്ടെയെന്ന് പ്രതീക്ഷിക്കാം.

ചോദ്യങ്ങളനവധി
സംസ്ഥാനത്ത് മയക്കുമരുന്നിനെതിരേ കുരിശുയുദ്ധം നടത്തുമെന്നു പ്രഖ്യാപിച്ച ബിരേന്‍ സിങ് എന്തുകൊണ്ടാണ് പോപ്പികൃഷി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാത്തത്. ഈ പോപ്പികൃഷിയില്‍ ബിരേന്‍ സിങ്ങിനു പങ്കുണ്ടോ. ഈ പങ്കുപറ്റുന്നതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ബിരേന്‍ സിങ്ങിനെ അട്ടിമറിക്കാന്‍ ഒരുപറ്റം എം.എല്‍.എ.മാര്‍ രംഗത്തിറങ്ങിയപ്പോള്‍ പൊടുന്നനെ എങ്ങനെയാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്? പരസ്പരം കൊന്നുതള്ളാന്‍ രണ്ടുവിഭാഗങ്ങളും ആയുധങ്ങള്‍ സംഭരിക്കുന്നുവെന്നതു സംബന്ധിച്ച് മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്?. സംസ്ഥാനത്ത് കേന്ദ്രസേനകള്‍ ഏറെയുണ്ടായിട്ടും കലാപം തടയുന്നതിന് അവരുടെ സഹായം തേടാഞ്ഞത് എന്തുകൊണ്ടാണ്?. അന്താരാഷ്ട്ര തലത്തിലടക്കം രാജ്യത്തിന് നാണക്കേടുണ്ടാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനനേതൃത്വത്തിന് എതിരേ നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണ്?. സംസ്ഥാനത്തെ ആര്‍.എസ്.എസ്. നേതൃത്വം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ബിരേന്‍ സിങ്ങിനെ മാറ്റാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്?. ബിരേന്‍ സിങ്ങിനെ ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് കുക്കി സംഘടനകള്‍ ഒന്നടങ്കം പറയുന്നത്. ബിരേനാണ് തങ്ങളുടെ ജീവിതം കലക്കിയതെന്ന് ഇപ്പോള്‍ മെയ്ത്തികളും പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ മാറ്റാന്‍ ബി.ജെ.പി. ഭയക്കുന്നത്?. കേന്ദ്രത്തിലെ അതിശക്തന്റെ മകനുമായി ബന്ധപ്പെട്ട ബിസിനസ്സിൽ മയക്കുമരുന്നുകടത്തുകാരുടെ പേരുകളുമായി ചേര്‍ത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആരാണ് ബിരേന്‍ സിങ്ങിനെ സംരക്ഷിക്കുന്നത്?.. ചോദ്യങ്ങള്‍ ഒരുപാടുണ്ട്...
Content Highlights: manipur reporters diary violence meitaei kuki clash N Biren Singh
Published: 16 May 2024, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented