
രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവന്ന ദിവസമായിരുന്നു അന്ന്. അതുവരെ മുണ്ടക്കൈ എന്ന ഗ്രാമം ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഞങ്ങൾ രാവിലെ ചൂരൽ മലയിൽ എത്തുമ്പോൾനാടിൻറ നാനാഭാഗങ്ങളിൽനിന്നും വന്ന നൂറുകണക്കിന് രക്ഷാപ്രവർത്തകർ അവിടെ കൂടി നിൽപ്പുണ്ട്. സൈന്യം പുതുതായി പണിത ബെയ്ലി പാലം വഴി അക്കരെ പോകാനു ള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ആ സംഘങ്ങളാടൊപ്പം ഞങ്ങളും കൂടി. ചൂരൽമല കടന്ന് മുണ്ടക്കൈ വഴി ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമേട് ആണ് ലക്ഷ്യം. മഴ മാറിനിന്നു എന്നു തോന്നിച്ച പകലിൽ ഒരു പ്രഭാത നടത്തം. ചുറ്റുമുള്ള തേയിലത്തോട്ടങ്ങളുടെ കൺകുളിർക്കുന്ന ദൃശ്യങ്ങൾ അഞ്ചു നൂറ്റാണ്ടു മുൻപത്തെ പ്രകൃതി ചൂഷണത്തിന്റെ ചരിത്രം കൂടി വിളിച്ചു പറയുന്നതായി തോന്നി. ഇവിടെ കാണുന്ന മലനിരകളിലെ വൻമരങ്ങൾ നിലംപരിശാക്കികൊണ്ടാണ് ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയത്. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം ആയതിനാൽ ബേപ്പൂരിൽ നിന്ന് ഉരുവിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് കടത്തൽ എളുപ്പമായി. 1800 കളുടെ ആദ്യപകുതിയിൽ മേപ്പാടി ഭാഗത്ത് തേയിലത്തോട്ടങ്ങൾ വച്ചുപിടിപ്പിച്ചത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ ആയിരുന്നു. പിൽകാലത്ത് ഉണ്ടായ ഏലത്തോട്ടങ്ങളും വൻ തോതിലുള്ള വനനശീകരണത്തിന് കാരണമാക്കി.
പാലക്കാട്, തമിഴ്നാട്, കോയമ്പത്തൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് നിർബന്ധിച്ചു കൊണ്ടുവന്ന ബോൺഡഡ് തൊഴിലാളികളായിരുന്നു തോട്ടത്തിൽ പണിയെടുത്തിരുന്നത് എന്നത് ചരിത്രം. അവരുടെ അഞ്ചാമത്തെയോ ആറാമത്തെയോ തലമുറയാണ് ഇന്ന് മുണ്ടകൈയിൽ ഉള്ളത്. പുതിയ കാലത്ത് ക്വാറികളുടെ ആസുരമായ പ്രവർത്തനവും വ്യാപാരം മാത്രം ലക്ഷ്യമാക്കിയുള്ള ടൂറിസവും മനുഷ്യന്‍റെ കണ്ണില്ലാത്ത പ്രകൃതിചൂഷണത്തിന്റെ മുഖങ്ങളായി. "വനംവകുപ്പിലെ അനുവാദത്തോടെ മേപ്പാടി പഞ്ചായത്തിൽ മാത്രം അഞ്ഞൂറോളം റിസോർട്ടുകളും ഹോം സ്റ്റേകളും ഈ ഭാഗത്ത് മാത്രം പ്രവർത്തിക്കുന്നതായി 2019 ൽ നടത്തിയ ഒരു ഒരു അനൗദ്യോഗിക പഠനം പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും ഏറെയാണ് അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നവയുടെ എണ്ണം." - വയനാട് സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.കെ രാംദാസ് പറയുന്നു.
വൻതോതിൽ നടത്തിയ ഭൂമി കൈമാറ്റവും നിർമാണപ്രവർത്തനങ്ങളും പ്രകൃതിയെ കൂടുതൽ ദുർബലമാക്കി. വൻ ശിലകൾക്ക് മേലെ ഉള്ള ഒരു ചെറിയ ആവരണം മാത്രമാണ് ഇവിടെ മേൽമണ്ണ്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം (കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നതിലും മനുഷ്യന്‍റെ പങ്ക് നിസ്തർക്കമാണ്) മനുഷ്യന്റെ കൊടിയ പ്രകൃതിചൂഷണവും ജലസ്രോതസ്സുകൾക്ക് സമീപം നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിർമാണപ്രവർത്തനങ്ങളും കൈകോർത്തപ്പോൾ ദുരന്തം ഒഴിയാബാധയായി.

കലിതുള്ളി ഒഴുകിയിരുന്ന ജലപ്രവാഹം കുറെ ശമിച്ചിട്ടുണ്ട്. വശങ്ങളിൽ അടിഞ്ഞുകൂടിയ വൻമരങ്ങളും വീടുകളുടെ അവശിഷ്ടങ്ങളും ഏറെക്കുറെ സൈന്യവും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റിക്കഴിഞ്ഞിരുന്നു. മുണ്ടക്കൈ ടൗൺ വെടിപ്പാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. നിരത്തിന് വശത്ത് തൊഴിലാളികൾ താമസിക്കുന്ന ലയം കഴിഞ്ഞുള്ള കയറ്റത്തിലാണ് ടൗൺ. അവിടെ എത്തുന്നവരെ സ്വീകരിക്കുന്നത് നിരത്തിൽ വീണുകിടക്കുന്ന ഭീമാകാരനായ ഒരു പാറക്കല്ലാണ്. മുണ്ടക്കൈയിൽ നിന്ന് പുഞ്ചിരിമട്ടത്തേക്ക് യാത്ര നീളുമ്പോൾ വഴിനീളെ ഭീമാകാരമായ പാറക്കല്ലുകളുടെ സാന്നിധ്യം ഏറിവന്നു. മണ്ണിൽ ഉരുൾ ചവച്ച് എറിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾ. തിരിച്ചറിയാനാവാത്ത ജഡം പോലെ രൂപം മാറിയ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ. വഴിനീളെ പാറകല്ലുകളുടെ അഹങ്കാരത്തെ മെരുക്കിയെടുക്കാനുള്ള സൈന്യത്തിന്‍റെ അശ്രാന്തപരിശ്രമം തുടരുന്നുണ്ടായിരുന്നു.

ഉരുളിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമേടിലെത്തുമ്പോഴുള്ള കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ഇവിടെ മനുഷ്യർ പാർത്തിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിൽക്കുന്ന വീടുകളുടെ പ്രേത രൂപങ്ങൾ. ന്യൂസ് ഏജൻസികൾ അയക്കുന്ന യുദ്ധ ചിത്രത്തെ ഓർമിപ്പിച്ചു. ഉരുൾ വലിച്ചിഴച്ചു കൊണ്ടുവന്ന വസ്തുക്കളും ഗൃഹോപകരണങ്ങളും അങ്ങിങ്ങായി ചിതറിക്കിടന്നു. ഇടക്കെപ്പോഴോ മഴ കടന്നു വന്നു. മണ്ണിൽ നനഞ്ഞുകുതിർന്ന വസ്ത്രങ്ങൾ. അവക്കിടയിൽ ചെളി പുരളാതെ തെളിമയോടെ നിൽക്കുന്ന ഒരു പാവാടക്കാരിയുടെ ഫോട്ടോ. പേരെഴുതിയ ലേബൽ ഒട്ടിച്ച ഒരു നോട്ടുപുസ്തകം. മഴയിൽ നിറംമങ്ങിയ പകലിൽ അവശിഷ്ടങ്ങൾക്കിടയിൽ പരതുന്ന രക്ഷാപ്രവർത്തകരുടെ നിഴൽരൂപങ്ങൾ. അവർക്കരികിൽ ദൈന്യതയോടെ ആരയോ തേടി ഉഴറി നടക്കുന്ന വളർത്തുനായ്ക്കൾ. ഗ്രാമത്തിലേക്ക് ഉള്ള നിരത്ത് അവസാനിക്കുന്ന ഇടത്തുനിന്നും ഇനി വനത്തിലേക്ക് ഒറ്റയടിപ്പാതയാണ്. താഴെ ഉരുൾ ചുരമാന്തി കടന്നുപോയി ഉണ്ടായ അഗാധഗർത്തം. കാലൊന്ന് ഇടറിയാൽ സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ട് അവിടെ നിലയുറപ്പിച്ചിരിക്കുന്ന രക്ഷാദൗത്യ സേനാംഗങ്ങൾ. നേരത്തെ കാണാമായിരുന്ന, മലമുകളിൽ ഉരുൾ പൊട്ടി വന്ന വഴി ഇപ്പോൾ ഒരു മങ്ങിയ കാഴ്ച മാത്രം. വന്യമായ ഒരു നിശബ്ദത ആ ദുരന്തഭൂമിയെ ചൂഴ്ന്ന് നിന്നു. ദൂരേക്ക് നോക്കി നിൽക്കെ ഉരുൾ കടന്നുപോയ വഴിയുടെ അക്കരെ മലഞ്ചരിവിൽ നിന്ന് നനഞ്ഞ ഒരു പാളി മണ്ണ് നിശബ്ദമായി താഴേക്കു ഇടിഞ്ഞുവീണു. അതുവരെ തോന്നാത്ത ഒരു ഭീതി അപ്പോൾ ഉടലിനെ പൊതിഞ്ഞു. മണ്ണിലടക്കം ചെയ്ത നിശ്വാസം പോലെ നെഞ്ചിടിപ്പ് ഉയർന്നു. കൂടെ ഉണ്ടായിരുന്ന റിപ്പോർട്ടറോട് ഞാൻ വിളിച്ചു പറഞ്ഞു "ഷൗക്കത്ത് നമുക്ക് ഉടൻ ഇവിടെ നിന്ന് സ്ഥലം വിടണം". തിരിച്ചു നടക്കുമ്പോഴും മഴ ഉള്ളുലച്ചുകൊണ്ട് പെയ്തുകൊണ്ടിരുന്നു.





+5
Content Highlights: .
Published: 21 Aug 2024, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented