
മണിപ്പുരിലെ ആ രാത്രിയില്‍ എത്തിയത് റിട്ട. ലഫ്റ്റനന്റ് ജനറല്‍ നിഷികാന്ത് സിങ്ങിന്റെ വീട്ടിലാണ്. മെയ്ത്തികള്‍ക്കിടയില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്നും എന്നാൽ അത് അമിത് ഷായും നരേന്ദ്രമോദിയും കാണിച്ചില്ലെന്നാണ് കരസേനയില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച നിഷികാന്ത് സിങ്ങിന്റെ അഭിപ്രായം. "അക്രമത്തിനിരയായവര്‍ എന്റെ വീടിനുമുന്നില്‍ വന്ന് രക്ഷിക്കണേ എന്ന് യാചിച്ചപ്പോള്‍ ഞാന്‍ കേന്ദ്രസേനയെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ഇതുവരെയും കമ്യൂണിക്കേഷന്‍ കൊടുത്തില്ല എന്നാണ്. വടക്കു കിഴക്കന്‍ മേഖലയുടെ ബി.ജെ.പി. ചുമതല വഹിക്കുന്ന സംബിത് പത്രയെ വിളിച്ചപ്പോള്‍ അദ്ദേഹം ഉരുണ്ടുകളിക്കുകയായിരുന്നു", നിഷികാന്ത് സിങ് കൂട്ടിച്ചേർത്തു. കേന്ദ്രസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരമെന്ന് സമ്പിത് പത്ര പറഞ്ഞപ്പോള്‍ കേന്ദ്രസേനയുടെ കമാണ്ടന്റിനെ കോണ്‍ഫറന്‍സ് കോളില്‍ ഇട്ടു ആ കള്ളം പൊളിച്ച കഥയും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രശ്നം അടിച്ചമര്‍ത്താന്‍ ഇടപെട്ടില്ല എന്നത് ഇന്നും ദുരൂഹമാണെന്ന അഭിപ്രായക്കാരനുമാണ് ഈ പഴയ പട്ടാളക്കാരൻ..മണിപ്പുരിന്റെ മുഖ്യമന്ത്രിക്ക് ചുരാചന്ദ്പുരിലോ മോറെയിലോ യാത്ര ചെയ്യാന്‍ പറ്റുന്നില്ല. അവിടം കുക്കികളുടെ മേഖലയാണ്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ അതിൽ നിന്നെല്ലാം ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതത്.

"മെയ്ത്തികളെ സംബന്ധിച്ച് ഇത് നിലനില്‍പ്പിനുള്ള പോരാട്ടമാണ്. കുക്കികളിൽ പലരും മ്യാന്മറില്‍ നിന്ന് വന്ന കുടിയേറ്റക്കാരാണ്. . നാഗകളോട് ഞാന്‍ സംസാരിച്ചിരുന്നു. മെയ്ത്തികള്‍ക്ക് എസ്.ടി. പദവി കൊടുക്കുന്നതിനെ നിങ്ങള്‍ എതിര്‍ക്കരുതെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. കാരണം മെയ്ത്തികള്‍ക്ക് എസ്.ടി. പദവി കൊടുത്താല്‍ രണ്ടു വിഭാഗം ഉണ്ടാകും. മുന്നാക്കക്കാരും പിന്നാക്കക്കാരും. മെയ്ത്തികള്‍ മുന്നാക്കക്കാരും നിങ്ങള്‍ പിന്നാക്കക്കാരും. ഇതിനു പകരം നിങ്ങള്‍ കുക്കികളെ പിന്തുണച്ചാല്‍ മ്യാന്മറില്‍ നിന്ന് വരുന്ന കുക്കികള്‍ നിങ്ങളുടെ ജോലികള്‍ കൊണ്ടുപോകും. അവര്‍ വീണ്ടും അതിര്‍ത്തികടന്നു വരും, വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും", ജനറല്‍ നിഷികാന്ത് സിങ് പറയുന്നു.
അതിന് അദ്ദേഹം പറയുന്ന തെളിവ് വോട്ടര്‍പട്ടികയിലെ ചില പ്രത്യേകതകളാണ്. 'പട്ടികയില്‍ വീട്ടുകാരുടെ അടിസ്ഥാനത്തിലാണ് പേരുകള്‍ കിടക്കുന്നത്. എന്റെ പേര്, അതിനുശേഷം ഭാര്യയുടെ പേര്, പിന്നെ മക്കളുടെ പേര് അങ്ങനെ. എന്നാല്‍ കുക്കികളുടെ പേരുകള്‍ അങ്ങനെയല്ല കിടക്കുന്നത്. അവരുടെ പേരുകളില്‍ മാത്രമല്ല, വയസുകള്‍ തമ്മിലും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. അച്ഛന് 45, അമ്മയ്ക്ക് 41 മകന് 35 ഇങ്ങനെ വയസ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ ദിനംപ്രതികുടിയേറ്റക്കാര്‍ ചേര്‍ക്കപ്പെടുന്നതിന് തെളിവായിട്ടാണ് കാണിക്കുന്നത്.' മറ്റൊന്നുകൂടി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. '5-നും 10-നും ഇടയില്‍ പ്രായമുള്ള മെയ്തി കുട്ടികളുടെ എണ്ണം ഒരു ലക്ഷം ആണെങ്കില്‍ 10 വര്‍ഷം കഴിയുമ്പോള്‍ 15-നും 20-നുമിടയില്‍ പ്രായമുള്ളവരുടെ എണ്ണം ഇതനുസരിച്ച കൂടും. എന്നാല്‍ കുക്കികളുടെ എണ്ണത്തില്‍ നാലും അഞ്ചും മടങ്ങുവരെ മാറ്റം വരുന്നു. അതിനര്‍ഥം അവര്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നുമൊക്കെ പിന്നെയും കുടിയേറി വരുന്നുവെന്നതാണ് നിഷികാന്ത് സിങ്ങിന്റെ വാദം.
മെയ്തി കുക്കി ജനസംഖ്യയിൽ നിന്ന് പോപ്പി കൃഷി വിഷയത്തിലേക്കും കുടിയേറ്റത്തിലേക്കും നിഷികാന്ത് സിങ് പതിയെ പറഞ്ഞെത്തി.
"നിലവില്‍ മണപ്പുരിലെ പ്രധാനകൃഷി പോപ്പിയാണെന്ന് പറയേണ്ടിവരും. മലനിരകള്‍ മുഴുവന്‍ വെട്ടിനിരത്തപ്പെട്ടു. അവിടെ പോപ്പി കൃഷിചെയ്യുകയാണ്. നിക്ഷിപ്ത വനഭൂമയില്‍ അനധികൃതമായി താമസിച്ച് പോപ്പികൃഷി ചെയ്തവരെ ഇറക്കിവിട്ടതിനെ തുടര്‍ന്നാണ് 2024 ഏപ്രില്‍ 28-ന് ചുരാചന്ദപുരില്‍ ബന്ദ് പ്രഖ്യാപിച്ചതും അതിന്റെ പിന്നാലെ മെയ് മൂന്നിന് ആക്രമണമുണ്ടായതും. മെയ്ത്തികള്‍ക്ക് വേറെ മാതൃഭൂമിയില്ല. 90 ശതമാനം സ്ഥലവും മറ്റു വിഭാഗങ്ങളുടെ പക്കലാണ്. മെയ്ത്തികള്‍ക്ക് എവിടെയും സ്ഥലം വാങ്ങാനും പറ്റില്ല. എന്നാല്‍ മെയ്ത്തികളുടെ സ്ഥലം മറ്റുള്ളവര്‍ക്ക് വാങ്ങുകയും ചെയ്യാം. ഇതിന് പരിഹാരം വേണ്ടേ. 1992-ല്‍ കുക്കികളും നാഗകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മോറെയിലെ ദേശീയപാത കുക്കികളുടെ പക്കലായി. അവര്‍ നാഗകളെ പറപ്പിച്ചു. ആ സമയത്താണ് പരമാവധി പേരെ മ്യാന്മറില്‍ നിന്ന് കൊണ്ടുവന്നത്".
ഗ്രേറ്റര്‍ നാഗാലാന്‍ഡിനുവേണ്ടി നാഗകള്‍ നടത്തിയ രക്തരൂഷിത കലാപത്തിന്റെ കഥകള്‍ അദ്ദേഹം പറയാന്‍ തുടങ്ങി. ഒടുവില്‍ ഇപ്പോഴത്തെ കലാപത്തെക്കുറിച്ചും.
"മെയ് മൂന്നിന് രാത്രി അധികം വൈകുംമുമ്പേ എന്നെ കാണാന്‍ കുറച്ച് മെയ്ത്തി യുവാക്കള്‍ വന്നിരുന്നു. കുക്കികള്‍ തലങ്ങും വിലങ്ങും വെടിവെക്കുകയാണ്. നേരിടാന്‍ തോക്കുകള്‍ വേണം. നാലഞ്ച് എ.കെ. 47 തോക്കുകള്‍ ലഭ്യമാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. ഞാന്‍ ഒരു നാഷണലിസ്റ്റാണ്. എന്റെ നാട്ടിലെ ജനങ്ങളെ വെടിവെക്കാന്‍ ഞാന്‍ തോക്കുകള്‍ നല്‍കില്ല. നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും പരിക്കുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചികിത്സയ്ക്ക് ഞാന്‍ പണം തരാം. നിലപാട് പറഞ്ഞതോടെ സംഘം മടങ്ങി"
പ്രശ്നത്തിന്റെ ദൂരവ്യാപകഫലങ്ങളെക്കുറിച്ചായിരുന്നു ജനറലിന്റെ തുടര്‍വാക്കുകള്‍. കുക്കികളുമായി ഇപ്പോഴുണ്ടായ പ്രശ്നം അവസാനിപ്പിക്കുന്നില്ലെങ്കില്‍ അത് മെയ്ത്തികള്‍ക്ക് വലിയ തിരച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയ നേട്ടം മെയ്ത്തികള്‍ക്ക് ഉണ്ടാകുമായിരിക്കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നത്. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് നാഗാലാന്‍ഡില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കടന്നുവരുന്ന ദേശീയപാതയുടെ നിയന്ത്രണത്തെക്കുറിച്ചാണ്. ദിമാപുരില്‍ നിന്ന് സാധനങ്ങളുമായെത്തുന്ന ലോറികള്‍ ഈ ദേശീയപാതയില്‍ കുക്കി വിഭാഗം തടഞ്ഞാല്‍ ഇംഫാലിലേക്ക് പിന്നെ ഭക്ഷണമെത്തിക്കാന്‍ വിമാനം മാത്രമേ മാർഗമുള്ളൂ. ഗ്രേറ്റര്‍ നാഗാലാന്‍ഡ് ആവശ്യപ്പെട്ട് നാഗാ വിഭാഗക്കാര്‍ പോരാട്ടം നടത്തിയ കാലത്ത് മാസങ്ങളോളം ഈ പാതയില്‍ അവര്‍ ചരക്കുനീക്കം തടഞ്ഞിരുന്നു. അന്ന് ഇംഫാലില്‍ ഒരു കിലോ ഉള്ളിക്ക് 1000 രൂപവരെ ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പ്രശ്നത്തിന്റെ ശാശ്വതപരിഹാരം ഉണ്ടായേ പറ്റൂ. മെയ്ത്തികള്‍ക്ക് മുമ്പ് ലഭ്യമാകുമായിരുന്ന എസ്.ടി. പദവി അവര്‍ തന്നെ നിരസിക്കുകയായിരുന്നുവെന്നാണ് ജനറല്‍ പറയുന്നത്. എസ്.ടി. പദവിയെന്നാല്‍ തങ്ങള്‍ എന്തോ കുറവുള്ള ആളുകളായിപ്പോകുമെന്ന തോന്നലില്‍ ഇതു മെയ്ത്തികള്‍ വേണ്ടെന്നുവെച്ചു. അതോടെ ഭൂമിയുടെ അവകാശം മാത്രമല്ല, ജോലി സംവരണത്തിലും പിന്നാക്കംപോയി. മെയ്ത്തികള്‍ക്ക് അവരുടെ മണ്ണും സ്വത്വവും സംരക്ഷിക്കാന്‍ എസ്.ടി. പദവി ആവശ്യമാണ്. മെയ്ത്തികള്‍ക്ക് എസ്.ടി. പദവി കൊടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നാഗാവിഭാഗവുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. കുക്കികളുമായി അസമില്‍ വെച്ച് അനുരഞ്ജന ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടു സംസാരിച്ച് അന്നത്തെ യാത്ര അവസാനിപ്പിച്ച് ട്രാന്‍സിറ്റ് ഹൗസിലേക്ക് മടങ്ങി.

മലമേഖലയിലെ കണ്ണീര്‍ ചാലുകള്‍
പിറ്റേന്ന് അതിരാവിലെ നഗമപാലിലെത്തി. അവിടെ കാത്തുനില്‍ക്കുകയാണ് പുഷ്പരാജ്. കര്‍ണാടകയില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുൻപ് മണിപ്പുരില്‍ എത്തി ഇവിടെ നിന്നു വിവാഹം കഴിച്ചയാളാണ്. അദ്ദേഹത്തിന്റെ കൂടെ കുക്കി മേഖലയിലേക്കാണ് പോകുന്നത്. നേരേ പോയത് കാങ്‌പോക്പിയിലേക്ക്. അവിടെ തൊഹ്ലാല്‍ ഹാവോക്കിപ്പിന്റെ വീടാണ് ലക്ഷ്യം. വീട് എന്നു പറയാനാകില്ല. മണിപ്പുര്‍-നാഗാലാന്‍ഡ് ദേശീയപാതയ്ക്കരികില്‍ മലയുടെ ചെരിവിൽ ഒന്നുരണ്ടു ഷീറ്റുകള്‍ കൂടി അടിച്ച് ഒരു മുറിയുണ്ടാക്കി. അതാണ് അടുക്കളയും കിടപ്പുമുറിയും നായകിടക്കുന്ന സ്ഥലവും എല്ലാം. മൂന്നു മക്കളും തൊഹ്ലാലും ഭാര്യയുമാണ് അവിടെ താമസിക്കുന്നത്. തൊഹ്ലാലിനെ കാണാന്‍ പോകുമ്പോള്‍ ഒപ്പം മൈസൂരുകാരനായ രവിശങ്കറിനെയും ഇന്‍ഡോറില്‍ നിന്നുള്ള അജോയ് കുമാറിനെയും ഒപ്പം കൂട്ടി. കലാപത്തിനിരയായ കുക്കികളുടെ ഇടയില്‍ സഹായമെത്തിക്കാന്‍ പ്രവര്‍ത്തിച്ചവരാണ്.
ഇംഫാലിലായിരുന്നു തൊഹ് ലാലും കുടുംബവും താമസിച്ചിരുന്നത്. അവിടെ മേയ് മൂന്നാംതീയതി സന്ധ്യവരെയും പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. രാത്രി ഒരുമണിയോടെ ആരവവും ബഹളവും കേട്ടുണര്‍ന്നു. ''എല്ലാ കുക്കികളും ഇറങ്ങിവാ, ഒന്നിനെയും വെച്ചേക്കില്ല'' എന്നലറിയാണ് കലാപകാരികളുടെ കൂട്ടം വരുന്നത്. അവര്‍ എത്തിയതോടെ തൊട്ടടുത്തുള്ള മെയ്ത്തി വീട്ടുകാര്‍ ഇവരെ വീട്ടില്‍ കയറ്റി ഒളിപ്പിച്ചു. ബഹളം ശമിച്ചപ്പോള്‍ കലാപകാരികള്‍ വേറെ വഴിക്കുപോയെന്നു കരുതി ആശ്വസിച്ചു. രാത്രി വെച്ച ഭക്ഷണം കഴിക്കാതെയാണ് അയല്‍വീട്ടില്‍ ഒളിച്ചത്. വീട്ടിലെത്തി ഭക്ഷണം എടുത്ത് അപ്പുറത്തെ വീട്ടിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ വീണ്ടും പുറത്തു ബഹളം കേള്‍ക്കുന്നു. ഈ കുറഞ്ഞസമയം കൊണ്ട് സര്‍ട്ടിഫിക്കറ്റുകളും ആധാരവും മറ്റു രേഖകളുമൊക്കെ ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി ക്ലോസറ്റിനകത്തു താഴ്ത്തി വെച്ചു.
അവിടെ നിന്ന് പിന്നിലെ വാതില്‍ തുറന്നു മതില്‍ചാടി കടന്ന് അപ്പുറത്തെ വീടിന്റെ അകത്തുകയറിയപ്പോഴേക്കും തൊഹ്ലാലിന്റെ വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ചുതുടങ്ങി. വാഹനങ്ങളും വീട്ടിലെ സാധനങ്ങളും എല്ലാം തകര്‍ത്തു. ഭക്ഷണം വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ വീട്ടുകാര്‍ അടുത്തെവിടെയോ ഉണ്ടെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവര്‍ പരതാന്‍ തുടങ്ങി.
കക്കൂസിന്റെ ക്ലോസറ്റുള്‍പ്പെടെ തകര്‍ത്തെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ കവര്‍ അക്രമികളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഒരു വസ്തുക്കളും അവശേഷിക്കാതെ എല്ലാം തകര്‍ത്തുകളഞ്ഞു. മസാലപ്പൊടികള്‍ ഇട്ടുവച്ചിരുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ വരെയെടുത്ത് കുത്തിക്കീറി നശിപ്പിച്ചു. ഏറെനേരം പരതിയിട്ടും വീട്ടുകാരെ കാണാഞ്ഞതോടെ അടുത്ത കുക്കിയുടെ വീട് തേടിപ്പോയി. നേരംപുലരാന്‍ കാത്തുനിന്നാല്‍ റോഡില്‍ തലയറ്റുവീഴുമെന്നറിയാവുന്നതിനാല്‍ അതിനുമുന്നേ അവിടെ നിന്ന് കേന്ദ്രസേനയുടെ ക്യാമ്പിലേക്ക് ഓടി. പോലീസിനെ സഹായത്തിനുവിളിച്ചാല്‍ കൊല്ലപ്പെടുമെന്നുറപ്പായിരുന്നുവെന്ന് തൊഹ്ലാല്‍ പറയുന്നു. "പോലീസിനെ വിളിച്ചാൽ അവര്‍ വിവരം നേരേ അക്രമികള്‍ക്ക് കൈമാറും. പോലീസല്ല, അക്രമികളാവും പിന്നെ എത്തുക" എന്ന തൊഹ്ലാൽ പറഞ്ഞത് അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
പോലീസ് തലപ്പത്ത് അടക്കം കുക്കി ഓഫീസര്‍മാരായിരുന്നിട്ടും എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്നത് വലിയ ചോദ്യമാണ്. സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടത്തിലായതുകൊണ്ട് സാധാരണക്കാരന്റെ വിലാപം കേള്‍ക്കാനും അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും ആരുമില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഉദ്യോഗസ്ഥരിലൂടെയാണ്. അവര്‍ ചേരിതിരിഞ്ഞു കഴിഞ്ഞു. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലിലായതിനാല്‍ അവരാരും ആരെയും കേള്‍ക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്ഥിതിയിലായിരുന്നില്ല. അവരവരുടെ സുരക്ഷിത മേഖലകളിലേക്കുള്ള പാച്ചിലിലായിരുന്നു.

കേന്ദ്രസേനയുടെ ക്യാമ്പില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. അവരുടെ ക്യാമ്പിൽ ഉള്‍ക്കൊള്ളാവുന്നതിന്റെ പലമടങ്ങാളുകളാണ് സഹായം തേടി ഓടിയെത്തിയത്. ഉന്നത ഉദ്യോഗസ്ഥരും സമ്പന്നരും വ്യവസായികളുമൊക്കെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. ഏറെ പാടുപെട്ടാണ് ക്യാമ്പുകളില്‍ നിന്ന് ആളുകളെ അവരുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കേന്ദ്രസേന കൊണ്ടുപോയത്. മെയ്ത്തികളുടെ കേന്ദ്രമായ ഇംഫാല്‍ താഴ്വരയിലുള്ള സേനാ ക്യാമ്പില്‍ നിന്ന് കുക്കികളെ അവരുടെ മേഖലയായ കാങ്പോക്പിയിലേക്കും ചുരാചന്ദ്പുരിലേക്കും മോറയിലേക്കും എത്തിക്കാന്‍ കേന്ദ്രസേന ഏറെ പണിപ്പെട്ടു. കവചിത വാഹനത്തിലാണ് ഇവരെ കൊണ്ടുപോകേണ്ടത്. അല്ലെങ്കില്‍ റോഡിനിരുവശത്തുനിന്നും വെടിവെച്ചു വീഴ്ത്തും. കവചിത വാഹനങ്ങളില്‍ ഇവരെ നിറച്ച് മുന്നോട്ടുപോകുമ്പോള്‍ മെയ്ത്തി വനിതകള്‍ റോഡില്‍ നിരന്ന് വാഹനങ്ങള്‍ തടയും. ഇവരെ നീക്കി മുന്നോട്ടുപോകുകയെന്നത് അതീവ ദുഷ്‌കരമായിരുന്നു. ആദ്യം പ്രായമായവരെയും കുട്ടികളെയുമാണ് മാറ്റിയത്. പിന്നീട് സ്ത്രീകളെ കൊണ്ടുപോയി. അപ്പോഴേക്കും ക്യാമ്പ് പോലും ആക്രമിക്കപ്പെട്ടേക്കാമെന്ന നിലയിലേക്ക് കലാപം പടര്‍ന്നുകഴിഞ്ഞു. ഒടുവില്‍ സേനാതലവനോട് യാചിച്ചാണ് വാനിനുള്ളില്‍ കയറി ഇവിടെ എത്തിയത്.
ഇതിനിടയില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മൂത്ത മകളെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക. മൂന്നാംതീയതി വൈകുന്നേരം മുതലേ ഹോസ്റ്റലുകളില്‍ കയറി മറുവിഭാഗത്തിലുള്ള കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയോ ബലാത്സംഗത്തിനിരയാക്കപ്പെടുകയോ ചെയ്യുമെന്ന ആശങ്കയുള്ളതിനാല്‍ ഉള്ളില്‍ ആധിപെരുകി. മകളുടെ അടുത്തുകൂട്ടുകാരികള്‍ മൂന്നുപേരും മെയ്ത്തിവിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാര്‍ ഉറപ്പുനല്‍കി, ഞങ്ങള്‍ ജീവനോടെയുണ്ടെങ്കില്‍ അവള്‍ക്കൊന്നും സംഭവിക്കില്ല. അതുവരെ കലാപകാരികള്‍ എത്താത്തതില്‍ നിന്നുണ്ടായ ധൈര്യത്തിലാണ് കൂട്ടുകാര്‍ ഈ ഉറപ്പ് നല്‍കിയത്. രാത്രിയില്‍ അവിടേയും കലാപകാരികള്‍ ചെന്നു. പക്ഷേ കൂട്ടുകാരിയെ കലാപകാരികള്‍ക്ക് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ പണി പാതിയായ നിലയിലുള്ള ബാത്ത്‌റൂമിന്റെ തറയ്ക്കുള്ളില്‍ അവര്‍ തൊഹ് ലാലിന്റെ മകളെ ഒളിപ്പിച്ചു. അതിനുമുകളില്‍ ഇവരുടെ മുഷിഞ്ഞതുണികളും വെയ്സ്റ്റ് പാത്രങ്ങളും വെച്ചു. കുക്കി പെണ്‍കുട്ടി ഹോസ്റ്റലിലുണ്ടെന്നുറപ്പാക്കിയെത്തിയ കലാപകാരികള്‍ എല്ലായിടവും പരിശോധിച്ചു. എന്തുകൊണ്ടോ ഈ സ്ഥലം അവര്‍ പരിശോധിക്കാന്‍ വിട്ടു. സംശയത്തോടെ സംഘം പുറത്തേക്കുപോയ ആശ്വാസത്തില്‍ പെണ്‍കുട്ടികള്‍ സമാധാനിച്ചു. എന്നാല്‍ വീണ്ടും അവര്‍ വരുമെന്നുറപ്പായതിനാല്‍ കൂട്ടുകാരിലൊരാളുടെ കൂട്ടുകാരനായ നാഗവിഭാഗക്കാരന്‍ ഡ്രൈവറെ പുലരുന്നതിനു മുമ്പ് വിളിച്ചു വരുത്തി. അയാളുടെ കാറിനുള്ളില്‍ പാത്തുവെച്ച് തൊഹ്ലാലിന്റെ അടുക്കല്‍ എത്തിക്കുകയായിരുന്നു.
ഇംഫാലിലെ ദേശീയ കായിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ഏതാണ്ട് ഇതേപോലെയാണ് രക്ഷപ്പെട്ടത്. പുറത്തുനടക്കുന്ന ഭീകരാവസ്ഥയുടെ രൂക്ഷത അകത്ത് അറിഞ്ഞിരുന്നില്ല. അതിനാല്‍ കുക്കി വിഭാഗത്തിലെ കുട്ടികള്‍ തങ്ങളുടെ സുരക്ഷിത മേഖലയിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ വേണ്ട എന്ന നിലപാടിലായിരുന്നു അധികൃതര്‍. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ കൂടിയായ മലയാളി ഉഷ നായര്‍ അടക്കമുള്ള അധികൃതരില്‍ പലര്‍ക്കും മണിപ്പുരിലെ പഴയകാല സംഘര്‍ഷങ്ങളെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. അതിനാലാണ് ഈ നിലപാട് എടുത്തത്. എന്നാല്‍ കുട്ടികള്‍ തന്നെ ഇവരെ കാര്യം ബോധ്യപ്പെടുത്തി. അധികൃതരുടെ കയ്യില്‍ നില്‍ക്കുന്നതല്ല ഇപ്പോഴത്തെ പ്രതിസന്ധിയെന്നും കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അറിയിച്ചതോടെ കുട്ടികളെ പോകാന്‍ അനുവദിച്ചിരുന്നു. കുക്കി മേഖലയിലാണ് ദേശീയ കായിക സര്‍വകലാശാലയുടെ സ്വന്തം കാമ്പസിന്റെ നിര്‍മാണം നടക്കുന്നത്. 300 ഏക്കറില്‍ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായ ആ കാമ്പസിലേക്ക് മാറാന്‍ പലതവണ സമയം മാറ്റി നിശ്ചയിച്ചു. ഇനിയും അതിനു കഴിഞ്ഞിട്ടില്ല. കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള അവിടേക്ക് വന്നു പ്രവര്‍ത്തിക്കാന്‍ ജീവനില്‍ കൊതിയുള്ളതിനാല്‍ മെയ്ത്തികളായ അധികൃതര്‍ തയ്യാറാകുന്നില്ല. ഇപ്പോള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തിനങ്ങളിലും ഈ പ്രശ്നം ബാധിച്ചിട്ടുണ്ട്. അക്കൗണ്ടന്റ് കുക്കി വിഭാഗക്കാരിയാണ്. അവര്‍ക്ക് ഇംഫാലിലെ കാമ്പസില്‍ എത്താന്‍ കഴിയാത്തതിനാല്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ്. അവര്‍ക്ക് വീട്ടില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നുമാത്രമല്ല, അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മെയ്ത്തികളോട് അതില്‍ നിന്ന് പിന്മാറാന്‍ തീവ്രവാദസംഘടന കല്പിച്ചിട്ടുമുണ്ട്.
തൊഹ്ലാലിന്റെ സ്വന്തം ഗ്രാമമായ ലങ്കോളില്‍ ഭാര്യയുടെ പേരില്‍ 30 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് നിര്‍മിച്ച വീടും പിറ്റേന്ന് തകര്‍ക്കപ്പെട്ടു. സംസ്ഥാനസാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യയ്ക്ക് ഇപ്പോള്‍ ഇംഫാലില്‍ ജോലിക്കുപോകാനാകില്ല. അവിടെ നിന്ന് ഇവര്‍ താമസിക്കുന്ന മേഖലയിലേക്ക് താത്ക്കാലിക വ്യവസ്ഥയില്‍ മാറ്റിയിട്ടുണ്ടെങ്കിലും ശമ്പളം രണ്ടും മൂന്നും മാസം മുടങ്ങുന്നുണ്ട്. ലങ്കോളില്‍ തൊഹ്ലാലിന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേര്‍ മാത്രമേ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അവിടേക്ക് പോകുന്ന വഴിയിലായിരുന്നു അമ്മയുടെ അമ്മാവന്റെ വീട്. അവിടെ അദ്ദേഹം തനിച്ചായിരുന്നു താമസം. എല്ലാവരും ഓടിരക്ഷപ്പെടാന്‍ നേരം ഇദ്ദേഹത്തെ നിര്‍ബന്ധിച്ചെങ്കിലും വന്നില്ല. അന്നു രാത്രി ആ വീടിനു തീയിട്ടപ്പോള്‍ അതില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഇംഫാലിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന അരുമ നായയെ ഇപ്പോഴത്തെ വീട്ടില്‍ എത്തിക്കാന്‍ മക്കള്‍ കരഞ്ഞുപറഞ്ഞു. ഇംഫാലിലെ വീട്ടില്‍ നിന്ന് കഴിയാവുന്ന സാധനങ്ങള്‍ എപ്പോഴെങ്കിലും എത്തിക്കാന്‍ കരുതിവെച്ചിരുന്ന 5000 രൂപ ഡ്രൈവര്‍ക്ക് കൊടുത്താണ് നായയെ എത്തിച്ചതെന്നും തൊഹ്ലാല്‍ പറഞ്ഞു. മൈസൂരിലെ ഭാരതീയ വിദ്യാനികേതന്റെ സ്‌കൂളില്‍ പഠിച്ച, ഹിന്ദിയും മറാത്തിയും സംസാരിക്കുന്ന തൊഹ്ലാല്‍ ചോദിക്കുന്നു, ഞങ്ങള്‍ എന്താ സാര്‍ ഇന്ത്യന്‍ അല്ലേ.

അവിടെ നിന്ന് കുക്കികളുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക്. അവിടെ 55 കുടുംബങ്ങളിലെ 190 പേര്‍ താമസിക്കുന്നു. സ്‌കൂളില്‍ പോയിരിക്കുകയായിരുന്ന കുട്ടികള്‍ തിരിച്ച് എത്താന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ പുരുഷന്മാരും സ്ത്രീകളും ഓടിയെത്തി കൈ തന്നു. അവരില്‍ പലരും കേരളത്തില്‍ പല സമയങ്ങളില്‍ വന്നിട്ടുള്ളവരാണ്. ചിലര്‍ കേരളത്തില്‍ പഠിച്ചവരാണ്. എനിക്കൊപ്പമുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ പുഷ്പരാജ് ഒരുചാക്ക് അരി വാങ്ങാനുള്ള പണം അവര്‍ക്ക് കൈമാറി. സന്തോഷത്തോടെ പിരിയുന്നതിനുമുമ്പായി കുട്ടികള്‍ക്കൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ അവരുടെ ആവശ്യത്തിനും വഴങ്ങി.
പിന്നീട് ഗ്രാമമുഖ്യനെ കാണാനാണ് പോയത്. മുമ്പ് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വലംകൈയായിരുന്ന ഗ്രാമമുഖ്യന്‍ ഇപ്പോള്‍ അദ്ദേഹത്തെ കയ്യില്‍ കിട്ടിയാല്‍ കൊന്നുകളയുമെന്ന വാശിയിലാണ്. പ്രശ്‌നം പരിഹരിക്കാന്‍ ബിരേന്‍ സിങ് മാറണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കുക്കികളുടെ മുഴുവന്‍ നിലപാടും ഇതുതന്നെയാണെന്ന് അദ്ദേഹം പറയുന്നു. അണ്ടര്‍ ഗ്രൗണ്ടിലുള്ളവരുമായി സംസാരിക്കാന്‍ അവസരം ഒരുക്കണമെന്ന് അറിയിച്ചപ്പോള്‍ ശ്രമിക്കട്ടെ എന്നു പറഞ്ഞ് ഫോണ്‍ എടുത്ത് ആരെയോ വിളിക്കുന്നു. രാത്രിയില്‍ എത്തിയാലേ പറ്റൂ എന്ന് പറഞ്ഞതോടെ ഒപ്പമെത്തിയയാള്‍ കണ്ണുകൊണ്ട് വേണ്ട എന്ന സിഗ്നല്‍ കാണിച്ചു. രാത്രിയില്‍ അവിടെ പോയാല്‍ ചിലപ്പോള്‍ ബന്ധിയാക്കി വിലപേശിയാലോ എന്നായിരുന്നു പുഷ്പരാജിന്റെ പേടി. അദ്ദേഹത്തിന്റെ വാക്കിനു വിലകൊടുത്തു. ഏതു കടുത്ത പ്രതിസന്ധിയുണ്ടായാലും നിങ്ങളെ സുരക്ഷിതമായി പുഷ്പരാജ് തിരികെ എത്തിക്കുമെന്നും എന്നാല്‍ അദ്ദേഹം പറയുന്നതു കേട്ട് പ്രവര്‍ത്തിക്കണമെന്നും യാത്ര തുടങ്ങുമ്പോള്‍ തന്നെ അശോകന്‍ ചേട്ടന്‍ ഓര്‍മിപ്പിച്ചിരുന്നു.

വൈകുംവരെ കാത്തിരുന്നാല്‍ എന്റെ യാത്രാപദ്ധതി പാളുമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. വരുന്ന വഴിക്ക് കാബ്രുലേക്കില്‍ മണ്ണോടുമണ്ണ് അവശേഷിക്കാതെ തകര്‍ക്കപ്പെട്ട ഒരു ക്ഷേത്രം കണ്ടു. ഈ ക്ഷേത്രം യഥാര്‍ഥത്തില്‍ നേപ്പാളികളും മറ്റുള്ളവരും ചേര്‍ന്നു പരിപാലിച്ചുപോന്നിരുന്നതാണ്. എന്നാല്‍ അവിടെ പൂജ ചെയ്തിരുന്നത് മെയ്ത്തിക്കാരനായിരുന്നു. ഇക്കാരണത്താല്‍ ക്ഷേത്രം മെയ്ത്തികളുടേതെന്ന് കരുതി ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചുനിരത്തുകയായിരുന്നു. പിന്നീട് കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഇതു പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് അവിടെയുള്ളവര്‍ സമ്മതിച്ചുവെന്നു ക്ഷേത്രത്തിനു മുന്നില്‍ ചായക്കട നടത്തുന്ന സുഖ് ലാല്‍ പറഞ്ഞു. നേപ്പാളി മേഖല പിന്നിട്ടെത്തുന്ന സ്ഥലത്തെ റോഡരികിലെ തകര്‍ന്ന പള്ളികളുടെ കൂമ്പാരങ്ങളും കാണാനുണ്ട്. കുക്കികളുടെ പള്ളികള്‍ തിരഞ്ഞുപിടിച്ചു നശിപ്പിക്കുകയായിരുന്നു.

ഇനിയൊരു കൂടിച്ചേരല്‍ കുകികളും മെയ്ത്തികളും തമ്മിലുണ്ടാകുമോ.? ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മണിപ്പൂരിനെ അറിയാവുന്ന ആരും തയ്യാറാകുന്നില്ല. രണ്ടുഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടുമതങ്ങള്‍ തമ്മിലാണെന്ന ധാരണപരന്നതോടെ അതില്‍ തലവെച്ച് പരിക്കു പറ്റാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറായില്ല. കഥയറിയാതെ ആട്ടം കണ്ടവരൊക്കെ അവര്‍ക്കുതോന്നിയ കഥകള്‍ മെനഞ്ഞു.
സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടു. പരാജയപ്പെട്ടുവെന്നു പറയുന്നതിലും കലാപകാരികള്‍ക്ക് കീഴടങ്ങി എന്നു പറയുന്നതാണ് ശരി. ഇംഫാല്‍ മേഖലയില്‍ പോലീസുകാര്‍ മെയ്ത്തികളോടൊപ്പവും മലമേഖലകളില്‍ കുകികളോടൊപ്പവും ചേര്‍ന്നു. കലാപകാരികള്‍ക്കൊപ്പം നിന്ന് എതിര്‍വിഭാഗത്തില്‍പ്പെട്ടവരെ വെടിവെക്കാന്‍ പോലും പോലീസ് തയ്യാറായി എന്നത് നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയെ കാണിക്കുന്നതായിരുന്നു. കേന്ദ്രസേനകള്‍ ഏകപക്ഷീയമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന് വന്നതോടെ അവര്‍ക്കെതിരേ മെയ്ത്തി സംഘടനകള്‍ രംഗത്തുവന്നു. ഡല്‍ഹിയിലടക്കം പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രസേനയെ പ്രതിരോധിക്കുന്നതിലായി പിന്നീട് നീക്കം. കലാപകാരികളെ വെടിവെക്കാന്‍ ഉത്തരവില്ലാത്തതിനാല്‍ ഇവരെ ചെറുക്കുക എന്നത് അസം റൈഫിള്‍സ് അടക്കമുള്ള സേനകള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
കലാപം മുതലാക്കി പണപ്പിരിവ് കലാപകാരികള്‍ ഉഷാറാക്കിയിരിക്കുകയാണ്. അതാത് വിഭാഗങ്ങള്‍ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പണം കൊടുക്കുന്നുണ്ട്. എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും പണമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കുമൊക്കെ വന്‍തോതില്‍ പണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. മെയ്ത്തികള്‍ നഗരത്തിലെ വമ്പന്‍ സ്ഥാപനങ്ങളെ പണത്തിനായി ഉപയോഗിക്കുമ്പോള്‍ കുകികള്‍ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്ന് കള്ളക്കടത്തിലൂടെയാണ് പണം കണ്ടെത്തുന്നത്. അതിര്‍ത്തി വേലി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത മ്യാന്‍മാര്‍ ബോര്‍ഡറില്‍ നിന്ന് ഒപ്പിയവും സ്വര്‍ണവും മയക്കുമരുന്നും തുടങ്ങി എല്ലാ സാധനങ്ങളുടെയും കള്ളക്കടത്ത് വ്യാപകമായിക്കഴിഞ്ഞു. അതിര്‍ത്തിവേലി കെട്ടുന്നതിന്റെ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനെ തടസ്സപ്പെടുത്തിക്കൊണ്ടാണ് ഇവരുടെ നീക്കം. വേലികെട്ടുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഇവിടെ ഉയര്‍ത്തുന്നത്.
(യാത്ര തുടരും....)
Content Highlights: Manipur violence,reporters diary3, violence, meitei kuki clash
Published: 13 May 2024, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented