
വെടിയൊച്ചകളും നിലവിളികളും നിറഞ്ഞ മണിപ്പുരിന്റെ ഉള്ളറകളിലേക്കു പോകാന്‍ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് ഇംഫാലിലെ ബിര്‍ ടികേന്ദ്രജിത് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. 2023 മേയ് മൂന്നിനാരംഭിച്ച കലാപം ഒരുവര്‍ഷമായിട്ടും അണഞ്ഞിട്ടില്ല. മൂന്നിന് വൈകിട്ട് കുക്കി സംഘടനകള്‍ നടത്തിയ പീസ് റാലിയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഇന്നും ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. മെയ്ത്തി വിഭാഗത്തിന് പട്ടികവര്‍ഗപദവി കൊടുക്കുന്നതിനെക്കുറിച്ചുള്ള കോടതിവിധിയുടെ ചുവടുപിടിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ടുനിന്ന കലാപം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. സര്‍ക്കാര്‍ അനങ്ങുന്നില്ലെങ്കില്‍ ഇനിയും ഒരുപാടുപേരുടെ ജീവന്‍ എടുക്കുമെന്നുറപ്പുള്ള കലാപത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കേവലം ഒരു കോടതിവിധിയുടെ തുടര്‍ചലനങ്ങള്‍ ഇത്രയും നീണ്ടുനില്‍ക്കുമെന്നു വിശ്വസിക്കാനാകുന്നില്ല. അതുകൊണ്ടുതന്നെ കലാപത്തിന് വേറെയും കാരണങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
ആഡംബരങ്ങളൊന്നും കാണാനില്ലാത്ത പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു ചെറിയ വിമാനത്താവളമാണ് ഇംഫാലിലേത്. അവിടെ നിന്നു പുറത്തിറങ്ങുമ്പോള്‍ ഇന്നര്‍ലൈൻ പെര്‍മിറ്റ് (ഐ.എല്‍.പി.) എടുക്കാനുള്ള വരി കണ്ടു. മണിപ്പുരില്‍ എവിടെപോകുന്നതിനും ഈ പെര്‍മിറ്റ് എടുക്കണം. വിദേശത്തുനിന്നു വരുന്നവര്‍ക്ക് ആവശ്യമില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്കുവേണ്ടിയുള്ളതാണിത്. 2020 ജനുവരി ഒന്നിനാണ് മണിപ്പുരില്‍ ഐ.എല്‍.പി. പ്രാബല്യത്തില്‍ വന്നത്.
സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സംസ്‌കാരം, സ്വത്വം, പാരമ്പര്യം, ജനസംഖ്യാഘടന എന്നിവ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുവന്ന ഈ സംവിധാനം യഥാര്‍ഥത്തില്‍ 'ഇന്ത്യയെയും ആ സംസ്ഥാനങ്ങളെയും' വേര്‍തിരിക്കുന്ന ഒന്നാണ്. 1950-ല്‍ മണിപ്പുരില്‍ ഐ.എല്‍.പി. പിന്‍വലിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ 2019-ല്‍ പൗരത്വനിയമ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുത്തിതിന്റെ ചുവടുപിടിച്ച് വടക്കുകിഴക്കന്‍ മണ്ണില്‍ വീണ്ടും പ്രാദേശികവികാരം ആളിക്കത്തുകയും പ്രാദേശിക വിഘടനവാദഗ്രൂപ്പുകള്‍ നിരന്തരം കലാപം സൃഷ്ടിക്കുകയും ചെയ്തു. മുന്‍പേയുണ്ടായിരുന്ന സംഘര്‍ഷസാഹചര്യങ്ങളെ പൗരത്വനിയമഭേദഗതി കൂടുതല്‍ വഷളാക്കി. പെട്ടെന്നുണ്ടായ പ്രശ്നത്തിന് അടിയന്തരമായി ചെയ്യുന്ന പരിഹാരം എന്ന നിലയിലാണ് ഐ.എല്‍.പി. സംവിധാനം മണിപ്പുരില്‍ വീണ്ടും നടപ്പാക്കാന്‍ 2019 ഡിസംബറില്‍ അംഗീകാരം നല്‍കുന്നത്. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും നയങ്ങള്‍ക്ക് എതിരായിട്ടും അതനുവദിച്ചുകൊടുക്കേണ്ട സാഹചര്യത്തിലേക്ക് കേന്ദ്രസര്‍ക്കാറിനുവഴങ്ങേണ്ടി വന്നു.

''എന്തിനാണ് വന്നത്'', ഓഫീസറുടെ ചോദ്യം. പത്രക്കാരനാണെന്നറിഞ്ഞാല്‍ അപ്പോള്‍ തന്നെ മടക്കി അയയ്ക്കുമെന്ന് അവിടെയുള്ള സുഹൃത്തുക്കള്‍ നേരത്തെ സൂചിപ്പിച്ചതിനാല്‍ വെറുതേ നാടുകാണാന്‍ വന്നതാണെന്ന് പറഞ്ഞു. ഒന്നുനോക്കിയശേഷം അടുത്തചോദ്യം, ''എവിടെയാണ് താമസം''. ഇക്കുറി കുടുങ്ങുമെന്ന് വിചാരിച്ചു. അസം റൈഫിള്‍സിലെ മലയാളി ഓഫീസര്‍ മേജര്‍ എബ്രഹാം ഏര്‍പ്പെടുത്തി വിട്ട വണ്ടിയുടെ ഡ്രൈവര്‍ അസീസുര്‍ റഹ്‌മാന്‍ അപ്പോഴേക്കും പുറത്തെത്തിയെന്ന് ഫോണില്‍ വിളിച്ചറിയിച്ചു. റഹ്‌മാനോട് വിവരം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചതോടെ താമസസ്ഥലത്തെത്തുറിച്ച് കൂടുതല്‍ ഒന്നും സംസാരിക്കാതെ ആധാര്‍ കാര്‍ഡ് വാങ്ങിനോക്കി വിവരങ്ങള്‍ വെച്ച് ഐ.എല്‍.പി. നല്‍കി. ഐ.എല്‍.പി.യില്‍ താമസസ്ഥലം രേഖപ്പെടുത്തിയിരിക്കുന്നു. എ.ആര്‍. ക്യാമ്പ് ട്രാന്‍സിറ്റ് ഹൗസ്, മിനുടോങ്. പുറത്തിറങ്ങി റഹ്‌മാന്റെ വണ്ടിയില്‍ കയറി നേരേ അസം റൈഫിള്‍സിന്റെ ട്രാന്‍സിറ്റ് ഹൗസിലേക്ക്. അവിടെ കൊട്ടാരക്കരക്കാരനായ കമാണ്ടന്റ് സി.ആര്‍. പിള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. പോകുന്ന യാത്രയിലെങ്ങും ഒരു തലസ്ഥാനനഗരത്തിന്റെ കെട്ടിനും മട്ടിനും ചേരുന്ന വമ്പന്‍ കെട്ടിടങ്ങളോ സൗകര്യങ്ങളോ ഒന്നും കാണാനില്ല. ഒരു ഇടത്തരം പട്ടണം. കെട്ടിടങ്ങള്‍ മിക്കതും സിമന്റ് തേക്കാത്തതും തേച്ച കെട്ടിടങ്ങളില്‍ പലതും പെയിന്റ് അടിക്കാത്തതുമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ തിളങ്ങുന്ന അധ്യായമാണ് മണിപ്പുരിന്റേത്. എന്നിട്ടും പഴയകാല കെട്ടിടങ്ങളോ നിര്‍മിതികളോ ഒന്നും കാണാനില്ല. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിക്കാത്ത ഈ നാട്ടില്‍ ബ്രിട്ടീഷുകാരുടെ നിര്‍മിതികള്‍ ഒന്നുമുണ്ടാകില്ലല്ലോ.
ട്രാന്‍സിറ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടയില്‍ റഹ്‌മാനും ചോദിച്ചു എന്തിനാണ് വന്നത്?. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകനാണ് എന്നു പറഞ്ഞപ്പോൾ വിശ്വാസം വരാതെ ഒന്നുനോക്കി. 'സര്‍ ശരിക്കും പറഞ്ഞതാണോ,..' കലാപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റഹ്‌മാന്റെ മറുപടി, എന്തു പറയാനാണ് സാര്‍ ഈ പ്രശ്‌നം കാരണം സംസ്ഥാനം കുറഞ്ഞത് 30 വര്‍ഷം പിന്നിലേക്കുപോയി. ബിസിനസ് ഒന്നും നടക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ബിസിനസ് ചെയ്യുന്നത്. ഇവിടുത്തെ പുരുഷന്മാര്‍ പൊതുവേ മടിയന്മാരാണ്. പ്രശ്‌നം രൂക്ഷമായതോടെ പുറംനാട്ടുകാര്‍ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കുപോയി. ചിലര്‍ അവശേഷിച്ചുവെങ്കിലും തീവ്രവാദികളുടെ ഗുണ്ടാപ്പിരിവ് കാരണം അവരും ബിസിനസ് അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ഹോട്ടലുകളും മറ്റും നടത്തുന്നവരോട് 50 ലക്ഷം മുതല്‍ ഒരു കോടിരൂപ വരെയാണ് ആവശ്യപ്പെടുന്നത്. ഇടത്തരം വ്യവസായികളോട് 20-25 ലക്ഷം. ചെറിയ കടകള്‍ നടത്തുന്നവര്‍ 5-10 ലക്ഷം, റോഡരികില്‍ കച്ചവടം ചെയ്യുന്നവര്‍ 10000 മുതല്‍ ഒരുലക്ഷം വരെ എന്ന നിലയിലാണ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടത്. ബിസിനസ് തകര്‍ന്നു നില്‍ക്കുന്ന അവര്‍ എങ്ങനെ കൊടുക്കാനാണ്. മിക്കവരും കടകള്‍ പൂട്ടി. അത്യാവശ്യം നല്ല ശമ്പളം വാങ്ങുന്നവരുടെ വീടുകളിലേക്കു ചെന്നു പിരിവു ചോദിക്കാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. നാഗാലാന്‍ഡില്‍ നിന്നാണ് മണിപ്പുരിലേക്ക് ദേശീയപാതവഴി ചരക്കുലോറികള്‍ വരുന്നത്. ആ പാതയ്ക്കരികില്‍ ബുക്കും ലാപ്‌ടോപ്പും വെച്ച് ലോറികളുടെ നമ്പരുകള്‍ എഴുതി പണം വാങ്ങുകയാണ്. ആരുമില്ല തടയാന്‍.
"അവരവരുടെ മേഖലകളില്‍ അവരവര്‍ പിരിവെടുക്കുന്നു. പരസ്പരം കൊല്ലാനുള്ള ആയുധങ്ങള്‍ വാങ്ങുന്നത് ഈ പണം ഉപയോഗിച്ചാണ്. അസം റൈഫിള്‍സില്‍ 27 വര്‍ഷം ജോലി ചെയ്തശേഷം വിരമിച്ചപ്പോഴാണ് ടാക്‌സി ഓടിക്കാന്‍ തുടങ്ങിയത്. എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്റെ വണ്ടിയാണ് വിളിക്കുന്നത്", ഈ വിവരങ്ങള്‍ ഒക്കെ എങ്ങനെയറിഞ്ഞു എന്ന ചോദ്യത്തിന് റഹ്‌മാൻ മറുപടി പറഞ്ഞു.
ഒരുപാടു നാളുകള്‍ക്കുശേഷം തീവ്രവാദം ടോപ്ഗിയറില്‍ എത്തി. ഇപ്പോള്‍ പരസ്യമായി അവര്‍ രംഗത്തിറങ്ങുന്നു. ആരുമില്ല തടയാന്‍. ആയുധങ്ങളുമായി വാഹനങ്ങളില്‍ റോന്തു ചുറ്റുന്ന സംഘങ്ങളെ എവിടെയും കാണാം. മെയ്ത്തികള്‍ അവരുടെ മേഖലയിലും കുക്കികള്‍ അവരുടെ മേഖലയിലും സ്വയംഭരണം നടപ്പാക്കി. കുക്കികള്‍ക്ക് ഇംഫാല്‍ താഴ്വരയിലേക്കും മെയ്ത്തികള്‍ക്ക് മലമേഖലകളിലേക്കും പ്രവേശനമില്ല.
- മെയ്ത്തികള്‍, കുക്കികള്‍, നാഗകള്‍, നേപ്പാളികള്‍, മുസ്ലീങ്ങള്‍ എന്നിവരാണ് മണിപ്പുരിലെ ജനസംഖ്യയുടെ 99 ശതമാനവും.
- മറ്റുചില വിഭാഗങ്ങള്‍ പേരിനുമാത്രം.
- ഗോത്ര വിഭാഗങ്ങളില്‍ 22 ശതമാനത്തോളം നാഗവിഭാഗത്തില്‍ നിന്നുള്ളവർ.
- കുക്കികള്‍ (കുക്കി-സോ) 16.5 ശതമാനം.
- 53 ശതമാനമാണ് മെയ്ത്തികള്‍.

വടക്ക് നാഗാലാന്‍ഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാര്‍ എന്നിവയാണ് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍. 1972-ല്‍ നിലവില്‍ വന്ന 'ഇന്ത്യയുടെ രത്നം' എന്ന പേരിലറിയപ്പെടുന്ന മണിപ്പുരിന്റെ ഇപ്പോഴത്തെ നീറ്റലിനു നൂറ്റാണ്ടിലേറെ പഴക്കമുള്ള കാരണമുണ്ട്. നാഗകള്‍ക്കും മുസ്ലീങ്ങള്‍ക്കും നേപ്പാളികള്‍ക്കും എവിടേക്കും പോകാന്‍ തടസമില്ല. പുറത്തുനിന്നു വരുന്ന യാത്രക്കാരെകൊണ്ടുപോകുന്നതടക്കം എല്ലാ കാര്യങ്ങളും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ് ചെയ്യുന്നത്. ഏതു മേഖലയിലായാലും ഈ മൂന്നു വിഭാഗങ്ങള്‍ക്കും താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനും തടസമില്ല. എന്നാല്‍ അവര്‍ നിശ്ചയിക്കുന്ന പിരിവ് കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാണ്.
ഏഷ്യയിലെ ഏറ്റവും വലിയ വനിതാ മാർക്കറ്റ്
ട്രാന്‍സിറ്റ് ഹൗസിലെത്തിശേഷം നേരേ നഗമപാലിലേക്കാണ് പോയത്.. അവിടെയാണ് ലോകപ്രശസ്തമായ ഇമ കെയ്ത്തല്‍ (അമ്മ മാര്‍ക്കറ്റ്). ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാ മാര്‍ക്കറ്റാണ് മണിപ്പുരിലെ ഇമാ കെയ്ത്തല്‍. ഇമ എന്നാല്‍ അമ്മ. അമ്മമാരുടെ മാര്‍ക്കറ്റ് എന്നര്‍ഥം. സൈനിക- പൊലീസ് ആക്രമണങ്ങളിലും പോരാട്ടങ്ങളിലും ഒറ്റപ്പെട്ട് ജീവിതം വഴിമുട്ടിയ സ്ത്രീകള്‍ക്ക് ഇവിടെ തൊഴില്‍ സംരക്ഷണം നല്‍കിയിരുന്നു. ഒരുകാലത്ത് ഇതിനകത്ത് പുരുഷന്‍മാരെ പ്രവേശിപ്പിക്കുക പോലും ചെയ്തിരുന്നില്ല. മൂന്നു വലിയ കെട്ടിടങ്ങള്‍ നിറയെ സ്ത്രീകള്‍ മാത്രം നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍. ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട സ്ത്രീമുന്നേറ്റ പ്രസ്ഥാനം. സ്ത്രീകളുടെ തന്നെ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇതിന്റെ നിയന്ത്രണം.
40 വര്‍ഷമായി നഗമപാല്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയിലെ അംഗമായ പാലക്കാട് ചെത്തല്ലൂര്‍ സ്വദേശി എം.എം. അശോകനെ കണ്ടു. മണിപ്പൂരിന്റെ ഓരോ ഇടവഴികളും അറിയാവുന്ന അശോകനെ കണ്ടാല്‍ മണിപ്പൂരില്‍ എവിടെയും പോകാന്‍ വഴിയൊരുക്കുമെന്ന് കമാണ്ടന്റ് പറഞ്ഞതോടെയാണ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. കണ്ടപ്പോള്‍ ആവശ്യം പറഞ്ഞു, മെയ്ത്തികള്‍ക്കിടയിലും കുക്കികള്‍ക്കിടയിലും പോയി കാര്യങ്ങള്‍ അന്വേഷിക്കാന്‍ സൗകര്യം ഒരുക്കണം. കലാപത്തില്‍ എന്തുനടന്നു എന്നതിനപ്പുറം എന്തുകൊണ്ട് ഈ കലാപം എന്നറിയണം. അദ്ദേഹം തലകുലുക്കി. പിന്നെ ചില നിര്‍ദ്ദേശങ്ങള്‍, നിങ്ങള്‍ ഒരു കൂട്ടരെ കാണാന്‍ പോകുന്നത് മറ്റുകൂട്ടര്‍ അറിയാന്‍ പാടില്ല. അങ്ങനെ അറിഞ്ഞാല്‍ പിന്നെ നിങ്ങളെ രക്ഷിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. അവര്‍ പറയുന്നത് മുഴുവന്‍ കേട്ടിരിക്കുന്നതാണ് നല്ലത്. അവരുടെ കയ്യില്‍ തോക്കുകളോ മറ്റ് ആയുധങ്ങളോ ഉണ്ടാകാം. അതു കണ്ടാല്‍ ചിത്രം എടുക്കാന്‍ ശ്രമിക്കരുത്. കലാപകാരികള്‍ തോക്കുമായി സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് അപകടമാണ്.
പുറത്തുനിന്നുള്ളവരെത്തുന്നതുപോലും നിയന്ത്രിക്കപ്പെട്ടിട്ടുള്ളപ്പോള്‍ അവരുടെ ചിത്രങ്ങള്‍ എടുക്കുന്നത് അറിഞ്ഞാല്‍ പിന്നെ. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ അല്പം ശമിച്ചിരിക്കുന്നതിനാലാണ് ഈ മേഖലയിലേക്ക് പോകാന്‍ പറ്റുമെന്ന് വിചാരിക്കുന്നത്. രാവിലെ പോകാന്‍ തയ്യാറായി വരണം. അതിനിടയില്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പുറപ്പെടാം. അകത്തേക്കുവരുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും സ്ഥാപനത്തിന് കാവല്‍ നില്‍ക്കുന്ന സി.ആര്‍.പി.എഫ്. ജവാന്മാരുടെ പരിശോധനയുണ്ടാകും. ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മണിപ്പൂര്‍ ഇന്റര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഹരി പുറത്തുകാത്തുനില്‍ക്കുന്നു. കര്‍ണാടക സ്വദേശിയാണ്. അദ്ദേഹത്തിനും അശോകേട്ടനെ കാണണം. നേരം സന്ധ്യയാകുന്നതിനുമുന്നേ നേരേ ട്രാന്‍സിറ്റ് ഹൗിലേക്ക്. പോയത്, ഒരു ക്ഷേത്രത്തിന്റെ പൂജാരിയോടൊപ്പമാണ്. അദ്ദേഹം പറയുന്നു: 'അവരാണ് പ്രശ്നക്കാര്‍ - ആരംഭായ് ടെങ്ങ്കോല്‍. മെയ്ത്തികള്‍ ഹിന്ദുക്കളല്ല എന്ന നിലപാടിലേക്ക് കൊണ്ടുപോകുന്നതിനു നിന്നുകൊടുക്കാന്‍ കഴിയില്ല'. ചുരുങ്ങിയ സമയം മാത്രമേ അദ്ദേഹവുമായി സംസാരിക്കാന്‍ കിട്ടിയുള്ളു. അതുകൊണ്ടുതന്നെ കൂടുതല്‍ വിവരങ്ങള്‍ തേടാനായില്ല.
കേന്ദ്രസേനയുടെ സഹായം തേടിയില്ല
ട്രാന്‍സിറ്റ് ഹൗസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സി.ആര്‍. പിള്ള കാത്തിരിക്കുന്നു. 'കലാപം നടന്നിട്ട് എന്താണ് സാര്‍ അസം റൈഫിള്‍സോ മറ്റ് കേന്ദ്രസേനകളോ ഇടപെടാഞ്ഞത്'? അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ സംശയം ചോദിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാലല്ലേ കേന്ദ്രസേനയ്ക്ക് ഇടപെടാന്‍ പറ്റു. ഇത്രയും സുരക്ഷയുള്ള സായുധസേനയുടെയും പോലീസിന്റെയുമൊക്കെ ആയുധങ്ങള്‍ എങ്ങനെയാണ് കലാപകാരികള്‍ കൊള്ളയടിക്കുന്നത്. അടുത്തചോദ്യം. ഒരു കേന്ദ്രസേനയുടെയും ആയുധം കൊള്ളയടിച്ചിട്ടില്ല. മണപ്പൂരിപോലീസിന്റെ ആയുധങ്ങളാണ് കൊള്ളയടിച്ചത്. അതും കൊള്ളയടിച്ചതല്ല, അവര്‍ കൊടുത്തതാണ്. അവരില്‍ ചില പോലീസുകാരും എതിരാളികളെ വെടിവെക്കാന്‍ ഒപ്പം ചേര്‍ന്നു. ഒടുവില്‍ അവര്‍ക്കുനേരേ അസം റൈഫിള്‍സിനു തോക്കുചൂണ്ടേണ്ടി വന്നു.
ഇത് എല്ലാരും കരുതുന്ന പോലെ മതത്തിന്റെ പേരിലുള്ള ഒരു സംഘര്‍ഷമല്ല. മാത്രമല്ല, ഇതു മെയ് മൂന്നിനു തുടങ്ങിയതുമല്ല. പലപ്പോഴായി പൊട്ടിപ്പൊട്ടി നിന്ന സംഘര്‍ഷം ഒരുദിവസം വ്യാപകമായി. ഈ സംഘര്‍ഷത്തോടെ മെയ്ത്തികള്‍ ഇംഫാല്‍ താഴ്വരയിലേക്ക് മാത്രമായി ചുരങ്ങി. കുക്കികള്‍ മലമേഖലയിലേക്കുംപോയി. സംസ്ഥാനത്തിന്റെ നാലുചുറ്റും മലമേഖലയാണ്. അവിടെ നിന്ന് സാധനങ്ങള്‍ വന്നില്ലെങ്കില്‍ ഇവര്‍ പട്ടിണികിടന്നു ചാകും. ഏപ്രില്‍ 27-ന് കുക്കിമേഖലയായ ചുരാചന്ദ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പരിപാടി നടക്കാനിരുന്ന സ്ഥലം അക്രമിക്കപ്പെട്ടതിനു പിന്നാലെ ഇരുകൂട്ടരും എല്ലാതയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് മേയ് മൂന്നിന് വ്യാപകമായ ആക്രമണം നടത്താനായത്.
ഇംഫാലിലുണ്ടായിരുന്ന കുക്കി ഓഫീസര്‍മാര്‍ മുഴുവന്‍ അവരുടെ ആളുകള്‍ താമസിക്കുന്ന മേഖലയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന മെയ്ത്തി ഓഫീസര്‍മാര്‍ മുഴുവന്‍ ഇംഫാലിലേക്ക് വന്നു. മൂന്നുപോലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതുമൂന്നും മെയ്ത്തികളാണ്. അതുകൂടിയായതോടെയാണ് പോലീസുകാര്‍ മെയ്ത്തികള്‍ക്കു പൂര്‍ണ സഹായമായി നില്‍ക്കാന്‍ തുടങ്ങിയത്. എ.ആര്‍. ക്യാമ്പിലേക്ക് രണ്ടുകൂട്ടരും സഹായംതേടി ഓടിയെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് ക്യാമ്പിലെത്തിയത്. അവരെ രണ്ടുവിഭാഗമാക്കിത്തിരിച്ചു രണ്ടുഭാഗത്തായി താമസിപ്പിച്ചു. പിന്നീട് അവരവരുടെ ക്യാമ്പുകളിലേക്ക് കൊണ്ടുപോയി.

ഈ കൊണ്ടുപോകുന്നതിനിടയില്‍ മെയ്ത്തി സ്ത്രീകളുടെ കൂട്ടം കേന്ദ്രസേനയുടെ വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇവരെ ആയുധങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കുള്ളിലാണ് കൊണ്ടുപോയത്.
കേന്ദ്രസേനയെ ഇറക്കി ഒരാഴ്ചകൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്‌നമാണ് ഇനിയും പരിഹാരമാകാതെ മുന്നോട്ടുപോകുന്നത്. മ്യാന്‍മാര്‍ അതിര്‍ത്തി സീല്‍ ചെയ്തിട്ട് വ്യാപകമായ ഒരു റെയ്ഡ് നടത്തിയിരുന്നെങ്കില്‍ കലാപകാരികള്‍ പോലീസിന്റെ പക്കല്‍ നിന്ന് അപഹരിച്ച തോക്കുകള്‍ മുഴുവനും കണ്ടെടുക്കാമായിരുന്നു. ഇപ്പോഴും തോക്കുകളുമായി വാഹനങ്ങളില്‍ അവരുടെ കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ച് സൊമാലിയയിലും മറ്റും കാണുന്നപോലെ കലാപകാരികള്‍ സഞ്ചരിക്കുന്നു. പോലീസിന്റെ ആയുധശാലകള്‍ കൊള്ളയടിച്ചുമാത്രമല്ല ഇത്രയും തോക്കുകള്‍ ഇവരുടെ പക്കല്‍ എത്തിയത്. മെയ്ത്തികളുടെ പക്കലാണ് പോലീസുകാരുടെ ആയുധശാലകള്‍ കൊള്ളയടിച്ച തോക്കുകളുള്ളത്. കുക്കികളുടെ പക്കല്‍ തോക്കുകള്‍ എത്തുന്നത് മ്യാന്‍മാര്‍ അതിര്‍ത്തികടന്നാണ്. ചൈനയുടെ താല്‍പര്യങ്ങള്‍ കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
രണ്ടുകൂട്ടരും അവരവരുടെ സ്വാധീന മേഖലകളെ സ്വയംഭരണ കേന്ദ്രങ്ങള്‍ പോലെ പ്രഖ്യാപിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്. പകല്‍വെളിച്ചത്തില്‍ തോക്കുകളുമായി വാഹനങ്ങളില്‍ റോന്തുചുറ്റി തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുയും ചെയ്യുന്നു. മുമ്പേ നിലനിന്നിരുന്ന തീവ്രവാദഗ്രൂപ്പുകളാണ് ഇപ്പോള്‍ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. നാല്പതോളം നിരോധിത സംഘടനകളാണ് മണിപ്പൂരിലുണ്ടായിരുന്നത്. കാര്യമായ വരുമാനമില്ലാതിരുന്ന അവര്‍ വല്ലപ്പോഴും തലപൊക്കുമെങ്കിലും ചോരകുടിക്കാന്‍ പറ്റിയ അനുകൂല സാഹചര്യം കുറഞ്ഞുവരികയായിരുന്നു. രണ്ടുകൂട്ടരും തമ്മില്‍ പോരാട്ടം തുടങ്ങിയതോടെ കൂടുതല്‍ എതിരാളികളെ കൊന്നു കൂടുതല്‍ കയ്യടിനേടാനും അതുവഴി കൂടുതല്‍ പണം പിരിക്കാനും അവസരം കൈവന്നപ്പോള്‍ തീവ്രവാദികള്‍ക്ക് ഇപ്പോള്‍ നല്ലകാലമായി. ഈ പ്രശ്‌നത്തിനു മതത്തിന്റെ നിറം കൂടി കൈവന്നതോടെ ആകെ കൈവിട്ടുപോയി. ഇനി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാതെ പ്രശ്‌നത്തിനു പരിഹാരമുണ്ടാകില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
(യാത്ര തുടരും......)
Content Highlights: manipur violence, reporters diary,kuki,meithi
Published: 09 May 2024, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented