
ഒറ്റ നിമിഷം ഒരു മനുഷ്യനെ എത്രത്തോളം നിസ്സാരമാക്കിക്കളയുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു മുണ്ടക്കൈ മുതല്‍ മേപ്പാടിവരേയുള്ള ആറ് ദിവസങ്ങള്‍. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കലും വാര്‍ത്തായാക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദിനങ്ങള്‍ ഇനിയൊരിക്കലും എന്റെ മുന്നിലേക്ക് വരല്ലേയെന്ന ഒറ്റ പ്രാര്‍ഥന മാത്രമാണ് മലയിറങ്ങുമ്പോള്‍. കൂടെക്കിടന്നവര്‍, കഥപറഞ്ഞുറക്കിയ കുഞ്ഞുങ്ങള്‍, അവസാന അത്താഴവും കഴിച്ചുറങ്ങിയ രക്ഷിതാക്കളും കൂടെപ്പിറപ്പുകളുമടക്കമുള്ളവര്‍ മണ്ണില്‍പ്പുതഞ്ഞ് ഒരു മുടിനാര് പോലും ബാക്കിവെക്കാതെയാണ് പലരേയും വിട്ടുപോയത്. ഇവരെക്കുറിച്ച് എന്തെഴുതും എന്തുചോദിക്കും.
ചുറ്റോട് ചുറ്റും വെള്ളം നിറഞ്ഞ് യാത്ര ദുഷ്‌ക്കരമാക്കിയ വഴികള്‍ താണ്ടി ജൂലായ് മുപ്പതാം തീയതി രാവിലെയാണ് ഞാനും ക്യാമറാമാന്‍ അരുണ്‍ നിലമ്പൂരുമടങ്ങുന്ന ഒരു സംഘം ആദ്യം ചൂരല്‍മലയിലെത്തുന്നത്. ആ നിമിഷം മുതല്‍ കേള്‍ക്കുന്നതാണ് ആംബുലന്‍സുകളുടെ ചീറിപ്പായല്‍. ദുരന്തഭൂമിയിലെത്തിയപ്പോഴേക്കും അത് സങ്കല്‍പ്പിക്കുന്നതിലും അപ്പുറമായിരുന്നു. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ് മലകളാല്‍ ചുറ്റപ്പെട്ട് തലേദിവസം വരെ കവിതപോലെ ഒഴുകിയ കുഞ്ഞു സുന്ദരഗ്രാമം മുഴുവന്‍ പ്രേതഭൂമി പോലെയായി മാറിപ്പോയിരുന്നു. കൂറ്റന്‍ കല്ലുകളും ഉരുൾ വെള്ളവും ആ ഗ്രാമമപ്പാടെ മൂടിയിരുന്നു. ആ ചെളിനിറഞ്ഞ ഭൂമിക്കിടയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടിയിരുന്നു. ഒരുപാട് പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്പാദ്യവുമെല്ലാം ഞങ്ങള്‍ ചവിട്ടി നിന്ന ഭൂമിക്കടിയില്‍ കിടന്ന് എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയി.
ഉടുതുണി മാത്രം ബാക്കിയായി അതിജീവിച്ചവര്‍ പല ക്യാമ്പുകളില്‍ ചിന്നിച്ചിതറി. അതില്‍ ഒറ്റയായിപ്പോയ മകനും മകളുമുണ്ടായിരുന്നു. അമ്മയും അച്ഛനുമുണ്ടായിരുന്നു. പിറ്റെ ദിവസം മുതല്‍ മേപ്പാടി സ്‌കൂളിലെ ക്യാമ്പിലായിരുന്നു ഡ്യൂട്ടി. മനുഷ്യന്റെ സങ്കടക്കണ്ണീര്‍കൊണ്ട് നിറഞ്ഞ സ്‌കൂള്‍ പരിസരം. മോര്‍ച്ചറിയും മൃതദേഹങ്ങളും ചികിത്സയും ദുരിതാശ്വാസ ക്യാമ്പും ഭക്ഷണശാലയുമെല്ലാം ഒറ്റയിടത്ത്. അവിടെ വാവിട്ട് കരയുന്ന മനുഷ്യര്‍, ഉറ്റവരെ തേടി ആംബുലന്‍സിന് പുറകെ പോവുന്നവര്‍, മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരിക്കുന്നവര്‍, മരിച്ചോ ജീവിച്ചോ എന്ന് ഉറപ്പില്ലാത്തവര്‍. തലേ ദിവസം വരെ കൂടെക്കിടന്നവര്‍ ശരീര ഭാഗങ്ങളായും തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ പോലും മുന്‍പിലേക്കെത്തിയപ്പോള്‍ ആ മനുഷ്യരുടെ ഗതികേടിനെ നേരിട്ട് കാണേണ്ടി വന്നുവെന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായതയായി തോന്നിയത്.

രണ്ടാം ദിനം ക്യാമ്പിലെത്തുമ്പോള്‍ ആദ്യ കാഴ്ച്ച മേപ്പാടി കമ്യൂണിറ്റി സെന്ററിന് മുന്‍പില്‍ സങ്കടത്തോടെ നില്‍ക്കുന്ന ശ്യാമളയെന്ന 75 വയസ്സുകാരിയാണ്. കമ്യൂണിറ്റി സെന്ററിന്റെ വരാന്തയിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ വെച്ചിരുന്നത്. ആ മൃതദേഹങ്ങള്‍ ഓരോന്നും നോക്കി വേണം ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍. അതിനായി മാത്രം നീണ്ട വരിയാണ്. ശ്യാമളയ്ക്ക് മകളും മരുമകനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കൊച്ചുമകളും മരുമകന്റെ കുടംബവുമടക്കം എട്ടുപേരെയാണ് നഷ്ടമായത്.പക്ഷേ, കമ്യൂണിറ്റി ഹാളിലെ വരാന്തയില്‍ അടുക്കിവെച്ച മൃതദേഹം ഒറ്റയ്ക്ക് പരിശോധിക്കാനുള്ള പേടികൊണ്ട് ഭര്‍ത്താവ് വരുന്നത് വരെ ശ്യാമള അതിന് മുന്നില്‍ കരച്ചിലടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് ഭര്‍ത്താവ് എത്തിയപ്പോള്‍ മാത്രമാണ് അതിനുള്ളിലേക്ക് കയറിയത്.പക്ഷേ, മരുമകനെയല്ലാതെ ആരേയും അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. ശ്യാമളയെ പോലുള്ള നിരവധിയാളുകളായിരുന്നു പെരുമഴയില്‍ വരി നിന്ന് മൊബൈല്‍ ഫോണിലുള്ള ഫോട്ടോയുമായി മൃതദേഹം ഒത്തുനോക്കാന്‍ കമ്യൂണിറ്റി ഹാളിന് മുന്നില്‍ കാത്തിരുന്നത്. മരണം മഴയേക്കാള്‍ ശക്തിയില്‍ ഹൂങ്കാര ശബ്ദം മുഴക്കിക്കൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ചിലപ്പോള്‍ ഒന്നും രണ്ടും ആംബുലന്‍സുകളില്‍ മറ്റു ചിലപ്പോള്‍ അഞ്ചും പത്തും ആംബുലന്‍സുകളില്‍ ഒരുമിച്ച്-കണ്ടും കേട്ടുമിരുന്നവരെ വലിയ ട്രോമയിലേക്ക് തള്ളിവിട്ട ദിവസങ്ങള്‍.
ശരീരവും മനസ്സും തകര്‍ന്ന ചിലര്‍ ഒറ്റയ്ക്ക് സംസാരിക്കുന്നുണ്ടായിരുന്നു. മറ്റുചിലര്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. മുണ്ടക്കൈയില്‍ വീട് തകര്‍ന്ന ഒരു മനുഷ്യനുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഞങ്ങളുടെ അടുത്തേക്ക് ഒരു യുവാവ് എത്തിയത്. എന്റെ അനിയനേയും പെങ്ങളേയും കിട്ടിയോ എന്നുചോദിച്ചായിരുന്നു വരവ്. ഞങ്ങള്‍ക്കയാളുടെ കുടുംബത്തേയോ അയാളെയോ ഒരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും എന്തോ പ്രതീക്ഷിച്ചായിരുന്നു ആ യുവാവിന്റേ ചോദ്യം. നിസ്സഹായനായി അയാളുടെ മുഖത്ത് നോക്കുമ്പോഴേക്കും ധാര ധാരയായി കണ്ണീരൊഴുകാന്‍ തുടങ്ങിയിരുന്നു.
അയാളുമായി സംസാരിച്ചപ്പോഴാണ് പെങ്ങളും അനിയനും രക്ഷിതാക്കളുമടക്കം നാല്‍പത് പേരെ ഒരു കുടുംബത്തില്‍ നിന്ന് അയാള്‍ക്ക് നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. എങ്ങോട്ട് പോവണമെന്നോ എന്ത് ചോദിക്കണമെന്നോ അറിയാതെ സ്തംബ്ധരായി പോയിരിക്കുന്ന മനുഷ്യര്‍. മനസ്സിനെ വല്ലാതെ വേദനിപ്പിച്ച മറ്റൊരു സംഭവം എണ്‍പതുകാരനായ തങ്കരാജാണ്. ചൂരല്‍മല സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കൊച്ചുമകളും മരുമകനുമടക്കം അയാള്‍ക്ക് ആറോ ഏഴോ പേരെയാണ് നഷ്ടപ്പെട്ടിരുന്നത്. ഒറ്റ മകള്‍ നേരത്തെ മരിച്ചതിനാല്‍ കൊച്ചുമകളുടെ പഠനം പരിഗണിച്ചായിരുന്നു കുട്ടിയെ ചൂരല്‍മലയിലെ അച്ഛന്റെ വീട്ടിലാക്കിയത്. ആ കുഞ്ഞിനെ തേടിയായിരുന്നു തങ്കരാജിന്റെ സ്‌കൂളിലേക്കുള്ള വരവ്. ഞങ്ങള്‍ കാണുമ്പോള്‍ കുഞ്ഞിനെ തിരഞ്ഞുള്ള തങ്കരാജിന്റെ മൂന്നാം ദിവസമായിരുന്നു.

മേപ്പാടി സ്‌കൂളിലെ കമ്യൂണിറ്റിഹാള്‍, പുറകിലെ ക്ലാസ് മുറികള്‍, എന്നിവിടങ്ങളിലായിരുന്നു മൃതദേഹങ്ങള്‍ ഫ്രീസറുകളില്‍ കൂട്ടത്തോടെ സൂക്ഷിച്ചിരുന്നത്. തങ്കരാജ് ആദ്യ ദിവസം മുതല്‍ ഓരോ മണിക്കൂറിലും പ്രതീക്ഷയോടെ കൊച്ചുമകളുടെ മൃതദേഹം തേടി ഈ മുറികളില്‍ പെരുമഴയത്തും വരി നിന്ന് കയറിയിറങ്ങുന്നുണ്ടായിരുന്നു. ഓരോ മൃതദേഹത്തിന്റേയും മുഖമുയര്‍ത്തി നോക്കും. പുതിയ ആംബുലന്‍സുകള്‍ എത്തുമ്പോള്‍ ശാരീരിക അവശതയ്ക്കിടയിലും അതിന് പുറകെ ഓടും. അപ്പോഴും നിരാശമാത്രം ബാക്കിയായി ക്യാമ്പില്‍ തന്നെ കിടക്കും... എന്തൊരവസ്ഥ. സ്വന്തം കൂടെപ്പിറപ്പിന്റെയും സഹോദരീഭർത്താവിന്റെയും ഫോട്ടോ എ ഫോര്‍ പേപ്പറില്‍ കളര്‍ പ്രിന്റെടുത്ത് പെങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് ക്യാമ്പുകള്‍ തോറും നടന്നിരുന്ന മാധവനും മറക്കാത്ത കാഴ്ചയാണ്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ കാണുന്ന ഓരോരുത്തരോടും ഇവരെ കണ്ടോ എന്ന് ചോദിച്ച് നടക്കുന്നയാള്‍. കൂട്ടമൃതദേഹങ്ങൾ ഓരോന്നായി പരിശോധിക്കും, വരുന്ന ആംബുലന്‍സുകള്‍ക്കെല്ലാം പുറകെ പോവും, ഇടയ്ക്ക് മോര്‍ച്ചറിക്ക് മുന്നില്‍ മണിക്കൂറൂകളോളം കാത്തിരിക്കും. ഒന്ന് സംസാരിക്കുമ്പോള്‍ തന്നെ പരിസരം മറന്ന് അലമുറയിട്ട് കരയുന്ന ആ മനുഷ്യനെ ജീവനുള്ള കാലത്തോളം മറക്കാനാവില്ല.
തലേദിവസം കൂടെ കിടുന്നുറങ്ങിയവര്‍ അത്താഴം വിളമ്പിക്കൊടുത്തവര്‍ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയ കുഞ്ഞുമക്കള്‍ എന്നിവരെല്ലാം ഒരു നിമിഷം കൊണ്ട് എങ്ങോ മറഞ്ഞ് പിറ്റെ ദിവസം അവരെ അന്വേഷിച്ചുപോവുമ്പോള്‍ കിട്ടിയ ശരീര ഭാഗത്തിന്റെ കാക്കപ്പുള്ളിയോ നഖമോ കണ്ട് നിങ്ങള്‍ക്കവരെ തിരിച്ചറിയാനാവുമോ എന്ന മറുപടി കേള്‍ക്കേണ്ടി വന്ന മനുഷ്യരേയും ഞങ്ങള്‍ക്ക് കാണേണ്ടി വന്നു. അതിനിപ്പുറം മറ്റെന്ത് മറുപടി കൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയാതെ വന്ന നിമിഷങ്ങള്‍. മുഖവും ശരീരവുമെല്ലാം മരവും കൂറ്റന്‍ കല്ലുകളും വന്ന് തകര്‍ന്ന് വികൃതമായി ബാക്കിയായ മൃതദേഹങ്ങള്‍ തങ്ങളുടേതെന്ന് കരുതി മാറിയെടുത്ത് കൊണ്ടുപോയവരുമുണ്ടായിരുന്നു. ആരെയും കുറ്റപ്പെടുത്താന്‍ കഴിയാതെ സ്വന്തം ഗതികേടിനെ പഴിച്ച് തിരിച്ചുപോവേണ്ടി വന്നവര്‍. ഒരു പ്രാര്‍ഥന മാത്രം അവര്‍ക്കായി മാറ്റിവെച്ചവര്‍.
സ്‌നേഹിച്ച് കൊതി തീരും മുമ്പെ പലരും വെറും അവയവങ്ങൾ മാത്രമായി. തിരിച്ചലിനിടയില്‍ ഒരു ഹൃദയം മാത്രം കിട്ടിയ സംഭവവും ഒരു ആംബുലന്‍സ് ഡ്രൈവറും തിരച്ചില്‍ നടത്തിയ സന്നദ്ധ സേവകരും ചൂണ്ടിക്കാട്ടി. ആ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഇനിയൊരു വിവരണം വേണ്ടതില്ലല്ലോ. പുറത്ത് വന്നതും നമ്മള്‍ വാര്‍ത്താചാനലുകളില്‍ കണ്ടതിലും എത്രയോ ഇരട്ടി ഭീകരമായിരുന്നു ഉരുളെടുത്തയിടം. കേറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാതായിപ്പോയവര്‍ ക്യാമ്പിനപ്പുറം എന്തെന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു.

കുട്ടികളാണ് ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ ഭീതിയെ നേരിട്ടത്. കാല് മുതൽ കഴുത്തുവരെ കട്ടച്ചെളിയില്‍ പുതഞ്ഞ പല കുട്ടികളേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്കെടുത്ത് കൊണ്ടുവരുമ്പോള്‍ പെരുമഴയായിരുന്നു. വീട്ടില്‍ നിന്ന് ഉറക്കെയൊരു പൂച്ചകരഞ്ഞാല്‍ പേടിച്ച് രക്ഷിതാക്കളെ പറ്റി നില്‍ക്കുന്ന കുട്ടികളില്‍ ഈ ദുരന്തമുണ്ടാക്കിയ ട്രോമ മൂലം കണ്ണീര്‍പോലും വറ്റിപ്പോയിരുന്നു. രക്ഷപ്പെട്ട് ക്യാമ്പിലെത്തിയിട്ടും ആ ഭീതിയവരെ വിട്ടുമാറിയിരുന്നില്ല. ഓരോ വീടുകളിലും പൂമ്പാറ്റയെ പോലെ പാറി നടന്ന് കുഞ്ഞുടുപ്പും ബാഗുമിട്ട് സ്‌കൂളില്‍ പോയവര്‍ക്ക് ആരെയെല്ലാമോ ആണ് നഷ്ടപ്പെട്ടത്. ചിലര്‍ക്ക് ഉമ്മയോ ബാപ്പയോ നഷ്ടപ്പെട്ടു, മുത്തച്ഛനും മുത്തശ്ശിയും നഷ്ടപ്പെട്ടു, കൂടെക്കളിച്ചിരുന്ന അനുജനും അനിയത്തിയും കൂട്ടുകാരും കൂട്ടത്തോടെ നഷ്ടപ്പെട്ടു.
മേപ്പാടി സ്‌കൂളിലെ ക്യാമ്പിലെ ഒരു കുടുംബത്തിന്റെ അടുത്ത് ചെന്നപ്പോള്‍ ഒരു അഞ്ചുവയസ്സുകാരിയെ കണ്ടു. ഒറ്റയ്ക്ക് ഒരു ബെഞ്ചില്‍ കയ്യും കുത്തിയിരുന്ന് കണ്ണീര്‍ വറ്റിയ മുഖവുമായി പഴയ ചുവന്ന ഫ്രോക്കുമിട്ട് ദൂരേയ്ക്ക് നോക്കി നില്‍ക്കുകയായിരുന്നു ആ കുഞ്ഞ്. ആംബുലന്‍സുകളുടെ പേടിപ്പെടുത്തുന്ന സൈറണും ആള്‍ക്കൂട്ടവും ഉറ്റവരെ കാണാത്തതിലുള്ള സങ്കടവും മൂലം തകര്‍ന്നുപോയവര്‍. അകത്തേക്ക് കയറിയപ്പോള്‍ എന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു. സംസാരിക്കാനും ചിരിക്കാനും മറന്നുപോയവളെ പോലെ. അതുമല്ലെങ്കില്‍ തന്റെ ആരെങ്കിലുമാണോ വന്നതെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവാം. ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തുന്ന അച്ഛനോ അമ്മയോ അമ്മാവനോ സമ്മാനമായി കൊണ്ടുവരുന്ന ചോക്ലേറ്റിനെയോ ഐസ്‌ക്രീമിനെയോ ഓര്‍ത്തുപോയിട്ടുണ്ടാവാം. അങ്ങനെ എത്രയോ കുട്ടികള്‍ക്ക് ഈ ക്യാമ്പുകള്‍ പുതിയ കുടുംബമായി. അവര്‍ക്ക് എങ്ങനെ പ്രതീക്ഷ നല്‍കണമെന്നറിയില്ല.

ആറ് ദിവസത്തെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ടിങ് ഒരു പുതിയപാഠമാണ് നല്‍കിയത്. മനുഷ്യര്‍ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന് ആ ആറ് ദിവസങ്ങള്‍ പഠിപ്പിച്ചു തന്നു. ജീവിതം അപ്പാടെ മാറ്റിമറിക്കാന്‍, സ്വപ്‌നങ്ങള്‍ ചിന്നിച്ചിതറിപ്പോവാന്‍ ഒരു നിമിഷം മാത്രം മതിയെന്ന് പറഞ്ഞു തന്നു. കൂടെയുള്ളവരെ നമ്മളെ സ്‌നേഹിക്കുന്നവരെ അവസാന ശ്വാസം നിലയ്ക്കുംവരെ ഒരു സെക്കന്‍ഡ് പോലും കളയാതെ ചേര്‍ത്ത് നിര്‍ത്തുക തന്നെ വേണമെന്ന വലിയ പാഠം പഠിപ്പിച്ചു തന്നു.
അപ്പോഴും ബാക്കിയായ ചില പ്രാർഥനകളുണ്ട്. ഇനിയൊരു ചൂരല്‍മലയും മുണ്ടക്കൈയും ആവർത്തിക്കാതിരിക്കട്ടെ. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂരയെങ്കിലുമൊരുക്കാന്‍ കൂട്ടായ്മകള്‍ ഉണ്ടാവട്ടെ. കണ്‍മുന്നില്‍ അച്ഛനും അമ്മയും കുഞ്ഞുമെല്ലാം എങ്ങോട്ടോ ഒഴുകിപ്പോവുന്നത് കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അതിനെ അതീജിവിക്കാനുള്ള കരുത്ത് നല്‍കട്ടെ.
Content Highlights: Mundakkai Chooral Mala land slide reporting experience
Published: 07 Aug 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented