കേരളത്തേക്കാള്‍ ഒന്നരമണിക്കൂറെങ്കിലും മുന്നേ നേരം പുലരും മണിപ്പുരില്‍. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് തയ്യാറായി നഗമപാലിലെത്തി. അവിടെ അശോകന്‍ പറഞ്ഞതനുസരിച്ച് മെയ്ത്തി വിഭാഗത്തെ കാണാന്‍ പോകാന്‍ ആളുകള്‍ തയ്യാറായി വന്നിരിക്കുന്നു. മണിപ്പുരി പോലീസിലെ ഉദ്യോഗസ്ഥന്‍ ശാമു സിങ്ങും മറ്റു രണ്ടുപേരുമാണ് കൂട്ടത്തില്‍ വരുന്നത്. മൂന്നുപേരും മെയ്ത്തികള്‍. നേരേ മൊയ്‌റാങ്ങിലേക്ക്. മൊയ്‌റാങ് എന്നു കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു അവിടെയല്ലേ ഐ.എന്‍.എയുടെ തലസ്ഥാനം, ശാമുസിങ് പറഞ്ഞു, അതേ, ഐ.എന്‍.എയുടെ തലസ്ഥാനമായി ഉപയോഗിച്ചത് ഒരു മെയ്ത്തി വിഭാഗത്തിന്റെ പരമ്പരാഗതമായി നിര്‍മിച്ച വീടാണ്. അവിടേയും പോകാം. യാത്രതുടങ്ങി. ഇംഫാല്‍ എയര്‍പോര്‍ട്ട് പിന്നിട്ട് മിസോറാമിലേക്കുപോകുന്ന തിഥിം റോഡിലൂടെയാണ് യാത്ര. വഴിയരികിലൊക്കെ കലാപത്തിന്റെ ബാക്കിപത്രമായി കത്തിച്ച വാഹനങ്ങളും വീടുകളും തകര്‍ക്കപ്പെട്ട കടകളുമൊക്കെ കണ്ടു. വറോയി മലനിരകള്‍ക്കു സമാന്തരമായിട്ടാണ് ഈ പാതപോകുന്നത്. ഈ മലകള്‍ക്കപ്പുറമാണ് മൂന്നാം തീയതി സംഘര്‍ഷത്തിനു തുടക്കമിട്ട ചുരാചന്ദ്പുര്‍. യാത്രയില്‍ ശാമുസിങ് പറയുന്നു- "എല്ലാത്തിനും കാരണം ഒരാളാണ്. മുഖ്യമന്ത്രി ബിരേന്‍ സിങ്, അയാളെ മാറ്റിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. അയാളുടെ താത്പര്യം സംരക്ഷിക്കാനാണ് ഇതൊക്കെ. മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണ്, ഈ രീതിയില്‍ കനത്ത ഏറ്റുമുട്ടലിന് രണ്ടുകൂട്ടരും തയ്യാറെടുക്കുന്നുണ്ടെന്ന്. എന്നിട്ടും ഒന്നും ചെയ്തില്ല".

To advertise here,
മണിപ്പുര്‍ ഡയറിയുടെ ആദ്യഭാഗം വായിക്കാം- കണ്ണീരും വെടിയൊച്ചയും അടങ്ങാത്ത മണിപ്പുര്‍

"പോപ്പികൃഷിയാണ് കുക്കികളുടെ വരുമാനം. ആ കൃഷിയില്‍ നിന്ന് ബിരേനും വരുമാനമുണ്ടായിരിക്കും. അല്ലെങ്കില്‍ ഇത്രനാളും അവിടെ പോപ്പികൃഷി നടക്കുന്നുണ്ടെന്ന് അറിയാതിരിക്കുകയാണോ അയാള്‍." മെയ്ത്തി വിഭാഗക്കാരനായ ശാമു സിങ്ങിന് എന്താണ് ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം. ചോദ്യത്തിന്റെ ധ്വനി മനസിലായിട്ടാകണം - അയാള്‍ പറഞ്ഞു, എല്ലാ മെയ്ത്തികളും ഏറ്റുമുട്ടലിനു പോയിട്ടില്ല. പലരും ഒറ്റപ്പെടുത്തലും അതിനു പിന്നാലെയുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഭയന്നാണ് കൂട്ടത്തില്‍ നില്‍ക്കാന്‍ തയ്യാറാകുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

കൂട്ടത്തില്‍ നിന്നില്ലെങ്കില്‍ അരംഭായ് ടെങ്ങ്‌കോലിന്റെ ശത്രുവാകും. അതോടെ ജീവിതം സ്വാഹ. കുക്കികളും മനുഷ്യരല്ലേ. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ നടക്കാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നടന്നു. ഇപ്പോള്‍ രണ്ടു രാജ്യങ്ങള്‍ പോലെയാണ് ജീവിക്കുന്നത്. നമ്മള്‍ കാണാന്‍ പോകുന്നത് ആ അതിര്‍ത്തിയാണ്. തങ്ങളുടെ ഗുരു താങ്‌സിമിന്റെ മൂലക്ഷേത്രം തകര്‍ക്കപ്പെട്ടതിനെക്കുറിച്ചാണ് കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരുടെയും വിഷമം. മെയ്ത്തികള്‍ അവതാരങ്ങളിലൊന്നാണെന്ന് വിശ്വസിക്കുന്നതാണ് ഗുരു താങ്സിം. കുക്കികൾക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരിലെ മലനിരകളിൽ ഒരു ഗുഹാക്ഷേത്രം ഉണ്ടായിരുന്നു. അവിടം മൗണ്ട് ഒലിഫ് ആയതിന്റെ വീഡിയോ രണ്ടുപേരും കൂടി കാണിച്ചുതന്നു. ഇതോടെ കുറച്ചുനേരത്തേക്ക് ആര്‍ക്കും ഒന്നും പറയാനില്ലാതായി.

അധികം വൈകാതെ കുംഭി എന്ന സ്ഥലത്ത് എത്തി. ഒരുവശം നിറയെ ഉഴുതിട്ടിരിക്കുന്ന പാടം. മഴ കിട്ടിയിട്ടു വേണം വിതയ്ക്കാന്‍. മറുവശത്ത് കാബേജ് കൃഷിചെയ്തിരിക്കുന്നു. കേരളത്തിലെപ്പോലെ അരിയാണ് ഇവിടെയും പ്രധാന ഭക്ഷണം. കാബേജ് കൃഷിയ്ക്കരികിലൂടെ അകത്തേക്കുള്ള നടവഴിയിലൂടെ മുന്നോട്ട്. പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ഒരു മെയ്ത്തി വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ രണ്ടുമൂന്നു സ്ത്രീകള്‍ തറിയില്‍ നൂല്‍നൂല്‍ക്കുന്നു. അകത്തേക്ക് കടന്നപ്പോള്‍ തന്നെ ശാമുസിങ് ചെവിയില്‍ പറഞ്ഞു, "അരുതാത്തത് എന്തെങ്കിലും കണ്ടാലുടന്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കരുത്. തല സംരക്ഷിക്കാന്‍ വലിയ പാടാകും." അവിടെയെത്തിയപ്പോള്‍ മുമ്പേ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞ താങ്‌സിമിന്റെ മൂലക്ഷേത്രം തകര്‍ത്തതിന്റെ വീഡിയോ പ്രദര്‍ശനമായിരുന്നു ആദ്യം. ഈ ക്ഷേത്രത്തിന് മെയ്ത്തികളുടെ ഇടയിലുള്ള പ്രാധാന്യത്തെക്കുറിച്ച് രണ്ടുപേര്‍ വിശദീകരിച്ചു തന്നു. ഛൈത്രമാസത്തിലെ ആദ്യത്തെ ഞായറാഴ്ച എല്ലാവരും ആരാധനയ്ക്കു പോകുന്ന ക്ഷേത്രമാണത്. അതാണ് തകര്‍ന്നത്. ഇനി ഒരിക്കലും അവിടേക്കുപോകാനുമാകില്ല.

placeholder
കലാപത്തിൽ കാമ്പുകൾക്ക് കാവൽ നിൽക്കുന്നവരെന്ന അവകാശപ്പെടുന്നവർ. തോക്കുകളേന്തിയാണ് ഇവർ നടക്കുന്നത് | AFP

അപ്പോഴേക്കും അവര്‍ ചുരാചന്ദ്പൂരിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ പൂജാരി ജി. തോംബെശര്‍മയുമായി വന്നു. 81 വയസുള്ള അദ്ദേഹത്തെ എന്തിനാണ് കൊണ്ടുവന്നതെന്ന് സംശയത്തോടെ കൂടെയുള്ളവരെ നോക്കി. കലാപത്തിന്റെ ആദ്യദിനത്തില്‍ തന്നെ തോംബെ ശര്‍മയുടെ ക്ഷേത്രം തകര്‍ക്കപ്പെട്ടു. "അക്രമകാരികൾ  ബുള്‍ഡോസറുമായി വന്ന് ഞാന്‍ നോക്കിനില്‍ക്കെ ക്ഷേത്രം തവിടുപൊടിയാക്കി. അവിടെയെത്തിയ ഒരു കുക്കി പെണ്‍കുട്ടിയാണ് ഇനി ഇവിടെ നില്‍ക്കണ്ട അങ്ങയ്ക്ക് ആപത്താണ് എന്നു പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോയത്. അന്നു മുതല്‍ ഇന്നുവരെ ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. ഞാന്‍ പൂജ ചെയ്ത ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് അവിടെ പൂജ ചെയ്യുന്നതുവരെ ഇനി ഭക്ഷണം കഴിക്കുകയുമില്ല. ആ ക്ഷേത്രം നിര്‍മിക്കാനാകുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കാതെ ജീവന്‍ വെടിയും. ഇത് എന്റെ നിശ്ചയമാണ്", വിറയ്ക്കുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. പറഞ്ഞുനിര്‍ത്തിയതോടെ എല്ലാവരും അദ്ദേഹത്തിന്റെ കാലില്‍ തൊട്ടുവണങ്ങി. 

മെയ്ത്തികളുടെ സംഘടനകളുടെ ഏതോ ഒന്നിന്റെ മുതിര്‍ന്നയാളുകളാണ് അവിടെ ആദ്യം കാര്യം വിശദീകരിച്ച രണ്ടുപേരുമെന്ന് പിന്നീട് മനസിലായി. അവര്‍ വീണ്ടും പറഞ്ഞുതുടങ്ങി. "ഇവരുമായി ഇനി ഒത്തുപോകല്‍ സാധ്യമല്ല. മ്യാന്‍മാറില്‍ നിന്ന് ഇവിടേക്ക് കുടിയേറിയവരാണ് കുക്കികള്‍. അവര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നു. അവര്‍ക്ക് എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ നല്‍കുന്നു. മണിപ്പൂരിന്റെ 90 ശതമാനം ഭൂമിയും അവരുടെ പക്കലാണ്. ഞങ്ങള്‍ മണിപ്പൂരിന്റെ ആകെ 10 ശതമാനം വരുന്ന ഇംഫാല്‍ താഴ്​വരയിൽ മാത്രമായി ജീവിക്കേണ്ടിവരുന്നു. ഇനിയിങ്ങനെ ജീവിക്കാനാവില്ല. സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും." ഞാന്‍ ചോദിച്ചു- എന്തുമാര്‍ഗം. "ഞങ്ങള്‍ ഇന്ത്യക്കാരല്ലാതാകുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുകയാണ്. ഇനി കൂടുതല്‍ ശക്തമായ കാര്യങ്ങളിലേക്കു നീങ്ങേണ്ടിയിരിക്കുന്നു." സംസാരത്തില്‍ തീവ്രാവാദത്തിന്റെ സ്വരം കനത്തുതുടങ്ങി.

മ്യാന്‍മാറില്‍ പോപ്പികൃഷി ചെയ്തിരുന്നവര്‍ മണിപ്പൂരിലേക്ക് അനധികൃതമായി കടന്നുവന്നു. മലനിര വെട്ടി വെളുപ്പിച്ച് അവിടെ വന്‍തോതില്‍ പോപ്പികൃഷി ചെയ്യുന്നതുവഴി കുക്കികള്‍ പണം സമ്പാദിക്കുകയും അത് ആയുധങ്ങളും മറ്റും വാങ്ങാന്‍ ഉപയോഗിക്കുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. വടക്കുകിഴക്കന്‍ മ്യാന്‍മറിലും വടക്കുപടിഞ്ഞാറന്‍ തായ്‌ലന്‍ഡിലും വടക്കന്‍ ലാവോസിലുമായി പടര്‍ന്നുകിടന്ന സുവര്‍ണ്ണ ത്രികോണം കറപ്പിന്റെ പ്രഭവകേന്ദ്രമായിരുന്നു. 1950-കള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ കറപ്പ് ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് സുവര്‍ണ്ണ ത്രികോണം . 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അഫ്ഗാനിസ്ഥാനില്‍ കറപ്പ് ഉത്പാദനം വര്‍ദ്ധിക്കുന്നതുവരെ ലോകത്തിലെവിടേക്കും ഹെറോയിന്‍ കൊണ്ടുവന്നിരുന്നത് സുവര്‍ണ്ണ ത്രികോണത്തില്‍ നിന്നാണ്. ഈ സുവര്‍ണ ത്രികോണം തകര്‍ക്കപ്പെട്ടതോടെയാണ് അവിടെ നിന്നുള്ള കുക്കി-ചിന്‍ വിഭാഗക്കാര്‍ അതിര്‍ത്തി കടന്ന് മണിപ്പുരിലേക്കു വരുന്നതെന്നും അദ്ദേഹം രേഖകള്‍ വെച്ചു വാദിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ചില റിപ്പോര്‍ട്ടുകളും അദ്ദേഹം കാണിച്ചവയിലുണ്ടായിരുന്നു. സംരക്ഷിത വനമേഖല വേര്‍തിരിക്കാന്‍ സാധിക്കാത്തവിധത്തില്‍ അവ കയ്യേറിയിരിക്കുന്നുവെന്നും അവിടെ പോപ്പികൃഷി നടക്കുന്നുണ്ടെന്നുമുള്ള വനംവകുപ്പിന്റെ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉണ്ടാക്കാമല്ലോ എന്ന എന്റെ ചോദ്യം അദ്ദേഹത്തെ ദേഷ്യപ്പെടുത്തി. ഒരിക്കലും അതുണ്ടാകുന്നില്ല. അങ്ങനെ ചെയ്യാന്‍ ഒരു സര്‍ക്കാരും ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ഇത്തിരി സ്ഥലത്ത് ജീവിക്കേണ്ടി വരുന്നത്. ''കഴിഞ്ഞദിവസം എനിക്കായിരുന്നു കാവലിന്റെ ചുമതല. തോക്കുമായി പോയിനില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല''. അതിര്‍ത്തിയില്‍ ഊഴമിട്ട് പാറാവ് നില്‍ക്കുന്നതിനെക്കുറിച്ചായി തുടര്‍ സംസാരം.

അതിര്‍ത്തി രാജ്യത്തിന്റേതല്ല. ഒന്നിച്ചു ജീവിച്ച മനുഷ്യര്‍ തമ്മില്‍തല്ലി രണ്ടായി മാറിയപ്പോള്‍ സൃഷ്ടിക്കപ്പെട്ട സാങ്കല്പിക അതിര്‍ത്തിയാണ്. ആ അതിര്‍ത്തി കടന്നാല്‍ തോക്കുകള്‍ പ്രവര്‍ത്തിക്കും. ചോരവീഴും. അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രശ്നത്തിനു പരിഹാരമെന്തെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നു, സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാര്‍ ഇടപെട്ട് അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കണം. പോപ്പി കൃഷി തടയണം. സര്‍ക്കാര്‍ പോപ്പി കൃഷി തടയാന്‍ ഇടപെടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് ഉത്തരമില്ല. ഒക്രം ഇബോബി സിങ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുക്കികളെ ഇങ്ങനെ പ്രശ്നമുണ്ടാക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ഇത്തരം നീക്കങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം ശക്തമായി അടിച്ചമര്‍ത്തിയെന്നും അദ്ദേഹം പറയുന്നു.

ഒരു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ ആ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആള്‍ എനിക്കൊപ്പമുണ്ടായിരുന്നയാളോട് പറയുന്നു, കിട്ടിയിട്ടുണ്ട്, പെട്ടിനിറച്ച്. കാറില്‍ കയറി യാത്രതുടങ്ങിയപ്പോള്‍ ശാമുസിങ്ങിനോട് പെട്ടിയുടെ കാര്യം ചോദിച്ചു. മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്ന് പുതിയ എ.കെ. 47 തോക്കുകള്‍ പെട്ടി നിറച്ചുകൊണ്ടുവന്നതിനെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. ശാമുവിന്റെ അമ്മാവന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹത്തിന്റെ കയ്യിലും ഇത്തരത്തില്‍ 'സാധനം' വന്നിരുന്നെന്ന് ശാമു പറയുന്നു. ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങിക്കുന്ന പോലെ തോക്കുകള്‍ വാങ്ങുന്നതിനെക്കുറിച്ചു സംസാരിക്കുകയാണ്.

placeholder
കോം കമ്മ്യൂണിറ്റിയുമായി സംസാരിക്കുന്നു

മേരികോമിന്റെ നാട്ടിലൂടെയാണ് യാത്ര. കോം ഗോത്രക്കാര്‍ മഴുവന്‍ ക്രിസ്ത്യാനികളാണ്. മെയ്ത്തികള്‍ താമസിക്കുന്നതിനടുത്തുതന്നെ കോം വിഭാഗക്കാരുടെ കോളനി കണ്ടു. അവരുടെ പള്ളിക്കുനേരെ ആക്രമണം ഉണ്ടായില്ല. തങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്ന് തിരുവനന്തപുരം ബൈബിള്‍ കോളേജില്‍ പഠിച്ച ടോബെ പറയുന്നു. മന്തക്കിലെ പള്ളിയുടെ നടത്തിപ്പുകാരനാണ് ടോബെ. പള്ളിയോടുചേര്‍ന്നു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്‌കുളിന്റെ കെട്ടിടങ്ങളും അവിടെയുണ്ട്. ടോബെ അദ്ദേഹത്തിന്റെ സമീപവാസികളെ കൂടി വിളിച്ചു. സ്‌കൂള്‍ കെട്ടിടത്തില്‍ എല്ലാവര്‍ക്കും കൂടെ അല്പനേരം ചെലവഴിച്ചു. കലാപകാലം എങ്ങനെ കടന്നുപോയി എന്ന ചോദ്യത്തിന് അത് ഒരു കഠിനകാലമായിരുന്നു വന്നിരുന്നവര്‍ പറഞ്ഞു. ആക്രമികള്‍ ആരെ തിരഞ്ഞാണ് നടക്കുന്നതെന്ന് അറിഞ്ഞുകൂടല്ലോ. എന്തും നടക്കുന്ന അവസ്ഥയായിരുന്നു. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. എന്നാല്‍ തങ്ങള്‍ വേറെ ഗോത്രമായതിനാല്‍ ആക്രമിക്കപ്പെട്ടില്ല. കൂടെ വന്ന മെയ്ത്തികളോട് ചോദിച്ചു, എങ്ങനെയാണ് കോമിന്റെ പള്ളികളും കുക്കികളുടെ പള്ളികളും വേര്‍തിരിക്കുന്നത്. മറുപടി - ഇവരുമായി തര്‍ക്കമില്ലത്രേ. ഈ ഗ്രാമത്തിനടുത്താണ് കൂടെ വന്നവരില്‍ ഒരാളുടെ അമ്മയുടെ വീട്.

placeholder
ഖുഗ നദിക്കരയിൽ അക്രമികൾ തകർത്ത വീടുകളിൽ ഒന്ന്

ഖുഗനദിയിൽ ഒരുപാട് ചോരവീഴ്ത്തിയ സൈതോണ്‍ പാലം

നേരേ പോയത് ബിഷ്ണുപുര്‍ ജില്ലയെയും ചുരാചന്ദ്പുര്‍ ജില്ലയെയും വേര്‍തിരിക്കുന്ന ഖുഗനദിയുടെ മുകളിലെ പാലത്തിലേക്കാണ്. മണിപ്പുരിലെ ബിഷ്ണുപുര്‍ ജില്ലയെയും ചുരാചന്ദ്പുര്‍ ജില്ലയെയും വേര്‍തിരിക്കുന്ന 25 മീറ്റര്‍ നീളമുള്ള സൈത്തോണ്‍ പാലം പുതിയ ഇന്ത്യയിലെ കറുത്ത അടയാളമാണ്. ഒരുനാട്ടില്‍ ഒന്നിച്ചു ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇടയിലുയര്‍ന്ന വേലിക്കെട്ട് ഇവിടെയാണ്. സൈത്തോണ്‍ മലനിരകളില്‍ നിന്നുള്ള അരുവികള്‍ ഒഴുകിയെത്തുന്ന ഖുഗനദിയില്‍ ഒരുപാട് ചോരവീണു. ഈ പാലത്തിന്റെ ഇരുവശങ്ങളില്‍ നിന്നും നദിയുടെ ഇരുകരകളില്‍ നിന്നുമാണ് കുക്കികളും മെയ്ത്തികളും എ.കെ. 47 തോക്ക് ഉപയോഗിച്ച് പരസ്പരം വെടിവെക്കുന്നത്.

placeholder
ബിഷ്ണുപുര്‍ ജില്ലയെയും churachandpur ജില്ലയെയും വേര്‍തിരിക്കുന്ന സൈതൺ പാലം. പാലത്തില്‍ വെടിയേറ്റ പാടുകള്‍

ഈ പാലത്തിലൂടെ ഇന്നു കടന്നുപോകാവുന്നത് ബംഗാളികള്‍ക്കും നാഗകള്‍ക്കുമാണ്. പിന്നെ പട്ടാളക്കാര്‍ക്കും. മറ്റാരു കടന്നുവന്നാലും വെടിയേറ്റുവീഴും. പാലം കടന്ന് എത്തുന്ന ശത്രുവിനായി എവിടെയോ നിന്നു തോക്ക് ചൂണ്ടി കാത്തിരിക്കുകയാണ് കലാപകാരികള്‍. പാലത്തിന്റെ ബിഷ്ണുപൂര്‍ തലയ്ക്കല്‍ സി.ആര്‍.പി.എഫിന്റെ പഞ്ചാബില്‍ നിന്നുള്ള ഒരു കമ്പനിയും ചുരാചന്ദ്പുര്‍ തലയ്ക്കല്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു കമ്പനിയും നിലയുറപ്പിച്ചിരിക്കുന്നു.

രണ്ടു കരയിലും കേന്ദ്രസേനയ്ക്ക് താമസിക്കാന്‍ ആവശ്യത്തിനു വീടുകള്‍ ലഭിച്ചിട്ടുണ്ട്. അവയിലെ ആളുകള്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുമെന്ന് ഭയന്ന് ഓടിപ്പോകുകയോ ചെയ്താണ്. പാലത്തിന്റെ കൈവരികളില്‍ മുഴുന്‍ വെടികൊണ്ട പാടുകള്‍. സി.ആര്‍.പി.എഫുകാരന്‍ ചിരിച്ചുകൊണ്ടു പറയുന്നു, ഞങ്ങള്‍ വരുമ്പോള്‍ രണ്ടു വശത്തുനിന്നും രാവും പകലും വെടിവെപ്പായിരുന്നു. ഞങ്ങള്‍ വന്നശേഷം അതു രാത്രിയില്‍ മാത്രമായി. രാത്രിയില്‍ ഇരുകരകളില്‍ നിന്നുമുള്ള വെടിവെപ്പ് മണിക്കൂറുകളോളം നീളും. ഒടുവില്‍ പാലത്തില്‍ നിന്ന് ഇരുകരകളിലേക്കും സി.ആര്‍.പി.എഫ്. ഫയറിങ് ശക്തമാക്കുമ്പോഴാണ് ഇരുകൂട്ടരും നിര്‍ത്തുക. ഒന്നോരണ്ടോ തവണ ഫയര്‍ ചെയ്തു നിര്‍ത്തിയാല്‍ അവര്‍ വീണ്ടും വരും. മണിക്കൂറുകളോളം സി.ആര്‍.പി.എഫിനും ഫയര്‍ ചെയ്യേണ്ടിവരും.

13 പേരാണ് ഈ പാലത്തില്‍ തന്നെ വെടികൊണ്ടുവീണു മരിച്ചത്. തങ്ങള്‍ ഇവിടെ വരുന്ന ദിവസം താമസം തുടങ്ങുന്നതിനുമുമ്പ് ആശുപത്രി പരിസരത്ത് കൂട്ടിയിട്ടിരുന്ന ശവശരീരങ്ങള്‍ മാറ്റുകയായിരുന്നു പ്രധാന ജോലിയെന്ന് കുക്കി മേഖലയില്‍ സുരക്ഷാചുമതലയിലുള്ള തിരുവന്തപുരം സ്വദേശി വിന്‍സെന്റ് പറയുന്നു. 67 ശവശരീരങ്ങള്‍ അന്ന് അവിടെയുണ്ടായിരുന്നു. ഏതു വിഭാഗത്തിന്റേത് പോലുമാണെന്ന് അറിയാന്‍ മാര്‍ഗമില്ലാത്തവിധം എത്രപേര്‍ എവിടെയൊക്കെ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും വ്യക്തമല്ല.  സര്‍ക്കാര്‍ കണക്കില്‍ ഇപ്പോഴും മരിച്ചവരുടെ എണ്ണം 200 കടന്നിട്ടില്ല. കാണാതായ നൂറുകണക്കിനു പേര്‍ പിന്നെ എവിടെപ്പോയി? വെടിവെച്ചുകൊല്ലുക, മലഞ്ചെരുവില്‍ കുഴിയെടുത്തു മൂടുക. അതാണ് മാസങ്ങളോളം സംഭവിച്ചതെന്ന് സേനാംഗങ്ങള്‍ പറയുന്നു. വെള്ളം കുറവായതിനാല്‍ രാത്രിയില്‍ ഖുഗനദി നീന്തിക്കയറി എതിരാളികളെ വെടിവെച്ചും വീടുകള്‍ കത്തിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും കലാപകാരികള്‍ ആഘോഷിച്ചു.

ഈ അവസ്ഥ തുടര്‍ന്നതോടെ നദിയുടെ കരയിലങ്ങോളമിങ്ങോളം തങ്ങളുടെ ഭാഗത്ത് അതാത് സമുദായാംഗങ്ങള്‍ ഊഴമിട്ടു തോക്കുമായി കാവല്‍ നിന്നു. ഈ കാവല്‍ക്കാരാണ് എതിരാളികള്‍ക്കുനേരേ വെടിവെക്കുന്നത്. പോലീസിന്റെ ആയുധപ്പുര കൊള്ളയടിച്ചുകൊണ്ടുപോയതില്‍ ഏഴായിരം തോക്കുകളാണ് ഇനിയും തിരിച്ചുകിട്ടാനുള്ളത്. ഏഴായിരം തോക്കുകള്‍ പോലീസിന്റേതാണെങ്കില്‍ കുറഞ്ഞത് 15,000 തോക്കുകളെങ്കിലും പുറത്തുനിന്ന് ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വെടിയേറ്റു കൊല്ലപ്പെടുന്നവരില്‍ നിന്നു കിട്ടുന്നത് പഴകിത്തേഞ്ഞ ആ ഏഴായിരം തോക്കുകളില്‍പ്പെട്ടതല്ല, അത്യാധുനികമായ എ.കെ. 47 ആണ്. ജവാന്മാര്‍ പോലും കണ്ടിട്ടില്ലാത്തത്രയും പുതിയത്.

placeholder
പാലത്തിൽ സി.ആർ.പി.എഫ് സ്ഥാപിച്ച ചെക് പോസ്റ്റ്‌

സൈതോണ്‍ പാലമാണ് അതിര്‍ത്തി. ഒന്നിച്ചു ജീവിച്ച മനുഷ്യര്‍ അപ്പുറവും ഇപ്പുറവും കടന്ന് കൊന്നു തീര്‍ത്തപ്പോള്‍ കേന്ദ്രസേന പാലത്തില്‍ ചെക്‌പോസ്റ്റ് സ്ഥാപിച്ചു. പാലത്തിലേക്കു കയറിനിന്നപ്പോള്‍ എനിക്കൊപ്പം വന്നവര്‍ക്ക് കൂട്ടത്തില്‍ വരാന്‍ ഭയം. കൈകുപ്പിക്കൊണ്ട് പറഞ്ഞു, ഞങ്ങള്‍ക്കു വരാനാവില്ല. ബിഷ്ണുപുര്‍ ജില്ലയുടെ അതിരാണ് മെയ്ത്തികളുടെ ''രാജ്യാതിര്‍ത്തി'. ചുരാചന്ദപൂര്‍ ജില്ലയുടെ അതിര്‍ത്തി കുക്കികളുടെയും. ഈ പാലത്തിലേക്ക് കയറിയാല്‍ എവിടെയോ നിന്നു ചൂണ്ടി നില്‍ക്കുന്ന തോക്കിനിരയാക്കപ്പെടും. ചുരാചന്ദപുര്‍ ഭാഗത്ത് ചെക്‌പോസ്റ്റിലുള്ളവരില്‍ മലയാളികളുണ്ടെന്നറിഞ്ഞു അവരുടെ കമാണ്ടന്റിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞതനുസരിച്ച്. തിരുവനന്തപുരത്തുകാരനായ വിന്‍സെന്റും അമ്പലപ്പുഴക്കാനായ ജയേഷും പട്ടാള വാഹനത്തില്‍ വന്നു.

അവര്‍ക്കൊപ്പം ചെക്‌പോസ്റ്റിലേക്ക്. അവിടെ ചെന്നപ്പോള്‍ ക്യാമ്പിലെ മുതിര്‍ന്നയാള്‍ കൊട്ടാരക്കര സ്വദേശി ശിവനെയും കണ്ടു. താമസിക്കാന്‍ വീട് ഒക്കെ ഇവിടെ എവിടുന്നു കിട്ടിയെന്ന് ചോദിച്ചപ്പോള്‍, ശിവന്‍ ചിരിക്കുന്നു. ആളുകള്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ വീടുകള്‍ കൊണ്ടുപോകാന്‍ പറ്റുമോ. ഞങ്ങള്‍ ഈ താമസിക്കുന്നതടക്കം ഇവിടെ അടുത്തുള്ള വീടുകളൊക്കെ ആളുകള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടതാണ്. പുറത്ത് ടിന്‍ഷീറ്റുകള്‍ കൊണ്ടു മതില്‍ കെട്ടിയത് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു കത്തിച്ച വീടുകളുടേത് എടുത്ത് ഞങ്ങള്‍ താത്ക്കാലികമായി ഉണ്ടാക്കിയതാണ്.

അവിടെ നിന്നിറങ്ങി വരുന്ന വഴിയില്‍ ഖുഗനദിയുടെ കരയിലുള്ള ഒരു വീടു കാണിക്കാന്‍ ഒരു സി.ആര്‍.പി.എഫുകാരന്‍ കൂടെ വന്നു. കത്തിച്ചുകളഞ്ഞ ഒരു വീട്. അവിടെ നിന്നു നേരേപോയത് ലോക് തക് തടാകക്കരയിലേക്കാണ്. ആളും ആരവങ്ങളുമൊക്കെയുണ്ടായിരുന്നു അവിടെയും ഒന്നും പന്തിയല്ല. തടാകക്കരയിലെ ഭക്ഷണശാലയില്‍ കുറച്ചുപേര്‍ മാത്രം. ജീവിതം തന്നെ കൈവിട്ടുപോയവരല്ലേ സാര്‍ പിന്നെ എന്തു വിനോദം. സഞ്ചാരികള്‍ വരാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കടക്കാരന്റെ മറുപടിയാണ്.

പിന്നീടാണ് മെയ്ത്തികള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയത്. അവരുടെ കഥകള്‍ കേട്ടു. എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നുതന്നെ കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും കഥ. സന്നദ്ധ സംഘടനകള്‍ നല്‍കിയ തറികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. അതില്‍ പെണ്‍കുട്ടികള്‍ മണിപ്പുരിന്റെ തനതായ വസ്ത്രം നെയ്യുന്നു. മുതിര്‍ന്ന സ്ത്രീകള്‍ അതു പഠിപ്പിച്ചുകൊടുക്കുന്നു.

 നേരേ മൊയ്‌റാങ്ങിലേക്ക്. അവിടെ ഐ.എന്‍.എയുടെ തലസ്ഥാനമായി പ്രവര്‍ത്തിച്ച വീടും സുഭാഷ് ചന്ദ്രബോസ് മ്യൂസിയവുമെല്ലാം കാണാം. അവയെല്ലാം മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത മെയ്ത്തി വീടാണ് ഐ.എന്‍.എ. അവരുടെ കേന്ദ്ര ആസ്ഥാനമാക്കിയത്. അതിനുള്ളില്‍ കിടങ്ങുണ്ട്. വീടിന്റെ മുകളില്‍ നിറയെ ദ്വാരം. വിമാനത്തില്‍ നിന്നുള്ള യന്ത്രത്തോക്കില്‍ നിന്ന് നിറയൊഴിക്കപ്പെട്ടതാണ്. സുഭാഷ് ചന്ദ്രബോസ് എന്ന മഹാമേരു, താന്‍ സ്വപ്നം കണ്ട ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടടുത്തുവരെയെത്തിയ മണ്ണ്.  ഒരു രാജ്യത്തെ വീണ്ടെടുക്കാന്‍ നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്ന ആ കെട്ടിടത്തില്‍ നിന്നുകൊണ്ട് രാജ്യാഭിമാനം കൊള്ളാന്‍ ഇപ്പോള്‍ അവിടേയ്ക്ക് അധികമാളുകള്‍ എത്തുന്നില്ല. പരസ്പരം കൊന്നുവീഴ്ത്തുന്ന മണ്ണില്‍ നിന്നുകൊണ്ട് ആര് ആരെയാണ് ഇന്ത്യക്കാരനല്ല എന്നു വിളിക്കുന്നത്.

(യാത്ര തു​ടരുന്നു.....)