സംസ്ഥാനത്തെ പല കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കുന്നതില്‍ പോലീസ് സേനയെ സഹായിച്ച ഒരു വിഭാഗമാണ് ശ്വാനസേന. അന്വേഷണം വഴിമുട്ടി നിന്ന അനേകം കേസുകളിലെ പ്രതികളെ തേടി കണ്ടെത്തിക്കൊടുക്കുന്നതിൽ കേരള ശ്വാനസേനയ്ക്ക് വലിയ പങ്കുണ്ട്. മണം പിടിച്ച് കുറ്റവാളികൾക്ക് പുറകെ പോകുന്ന ട്രാക്കർ ഡോഗ് മാത്രമല്ല, അനധികൃത മദ്യം മണംപിടിക്കുന്ന ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാർകോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷൻ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങിയ നിരവധി ട്രേഡിലുള്ള നായകളാണ് കേരളത്തിന്റെ k9 squad ലുള്ളത് കോട്ടയം കെ 9 സ്‌ക്വാഡ് അഥവാ ഡോഗ് സ്‌ക്വാഡിന്റെ ഇന്‍ചാര്‍ജ്ജായ കെ. വി പ്രേംജി സര്‍വീസ് സ്റ്റോറിയില്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്. 

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് സർവീസിലേക്കെത്തുന്നത്. തതാപര്യമുള്ളവർക്കൊക്കെ പോലീസിലെ ഡോഗ് സ്ക്വാഡിന്റെ ഭാഗമാവാൻ  സാധിക്കുമോ. താങ്കൾ ഡോഗ് സ്‌ക്വാഡിലേക്ക് എത്തിപ്പെടുന്നതെങ്ങനെയാണ്. 

ഞാന്‍ പോലീസ് സര്‍വീസിലേക്ക് കയറുന്നത് 1998ല്‍ തൃശ്ശൂര്‍ രാമവർമ്മപുരം പോലീസ് ക്യാമ്പിലാണ്. അതിനുശേഷം 2006ല്‍ എന്റെ മദര്‍ യൂണിറ്റായ കോട്ടയം എ.ആര്‍ ക്യാമ്പിലേക്ക് ട്രാന്‍സ്ഫറായി. 2008ലാണ് ഡോഗ്‌സ്‌ക്വാഡിന്റെ സര്‍വീസ് ഏറ്റെടുക്കുന്നത്. 2006 മുതല്‍ കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന സമയത്ത് കോട്ടയം ജില്ലാ സ്‌ക്വാഡിന്റെ എസ്‌ഐ ആയിരുന്ന പ്രസാദ് സര്‍ ആണ് എന്നെ ഡോഗ് സ്‌ക്വാഡിലേക്ക് നിയോഗിക്കുന്നത്. 2008 മുതല്‍ തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് നടന്ന ആദ്യ ബാച്ച് ഡോഗ് ട്രെയിനിങ്ങില്‍ പങ്കെടുത്തു. അന്ന് കോട്ടയം ജില്ലയ്ക്കനുവദിച്ച സല്‍മ എന്ന പോലീസ് നായയുമായി ഒമ്പത് മാസത്തെ പരിശീലനം കഴിഞ്ഞ് കോട്ടയത്ത് മടങ്ങിയെത്തി. 

ഡോഗ് സ്‌ക്വാഡ് എന്ന സർവീസ് മേഖല ബോധപൂര്‍വ്വം തിരഞ്ഞെടുത്തതാണോ അതോ എത്തിപ്പെട്ടതാണോ...

നായ്ക്കളോടെനിക്ക് താത്പര്യമുണ്ടായി എന്ന കള്ളം പറഞ്ഞിട്ട് കാര്യമില്ല. ഓടിപ്പോവുന്ന നായയെ കല്ലെടുത്ത് എറിഞ്ഞുള്ള ബന്ധം മാത്രമാണ് എനിക്ക് നായയുമായി ഉണ്ടായിരുന്നത്. ഡോഗില്ലാതെയായിരുന്നു അദ്യം ട്രെയിനിങ് ആരംഭിച്ചത്. തൃശ്ശൂര്‍ കെനല്‍ ക്ലബ്ബ് ഡൊണേറ്റ് ചെയ്ത ബാച്ചിലെ നായ്ക്കുട്ടികളെയാണ് പരിശീലനത്തിന് ലഭിച്ചത്. കോട്ടയം ജില്ലയ്ക്ക് അന്ന് ലാബിനെയാണ് ലഭിച്ചത്. ലാബ്രഡോര്‍ എന്നത് ഏത് ബ്രീഡാണെന്ന് പോലും എനിക്കറിവില്ലായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന മെഡിക്കല്‍ ലാബ് മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ചെവിയൊക്കെ തളര്‍ന്ന രൂപമുള്ള ലാബിനെ കിട്ടിയപ്പോള്‍ അന്ന് വലിയ കൗതുകം തോന്നി. പിന്നെ ട്രെയിനിങ് ആരംഭിച്ചു. നമ്മളായി ഒരു ഡോഗിനെ നമ്മളുടെ കൂടെ കൊണ്ട് നടക്കുന്നു, നമ്മള്‍ സിറ്റ് എന്ന പറയുമ്പോള്‍ ഇരിക്കുന്നു. അപ് എന്ന് പറയുമ്പോള്‍ എഴുന്നേല്‍ക്കുന്നു. അങ്ങനെ കമാന്‍ഡിനനുസരിച്ച് ജോലി ചെയ്യുമ്പോള്‍ അതൊരു ത്രില്ലിങ് അനുഭവമായി.

പ്രതിയെ കാണുമ്പോൾ ചാടി വീണ് കടിക്കുന്ന ഡോഗ് അറസ്റ്റ് എന്ന രീതി കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാമോ. ഇപ്പോഴും ആ രീതി പിന്തുടരുന്നുണ്ടോ..

ട്രാക്കര്‍ ഡോഗിനെ വിട്ട് ഒരു പ്രതിയെ കണ്ടത്തുന്നു. അങ്ങനെ കണ്ടെത്തുന്ന പ്രതിയുടെ മേൽ നായ ചാടിക്കയറി കടിച്ച് വലിച്ച് ആരാണോ ഡോഗിന്റെ ഹാന്‍ഡ്‌ലര്‍ ആ ഹാന്‍ഡലറിന്റെ അടുത്തേക്ക് കൊണ്ടു വരുന്ന രീതിയാണ് ഡോഗ് അറസ്റ്റ് എന്ന് പറയുന്നത്. ഈ രീതി പിന്നീട് മാറ്റി. ട്രെയിനിങ് കൊടുക്കുന്ന സമയത്ത് നായയ്ക്ക് കടികൊടുക്കാനുള്ള ആളെ കിട്ടിയെന്നു വരില്ല. നായക്ക് കടിച്ച് പരിശീലിക്കാനായ് കൈ കൊടുക്കാന്‍ വരുന്നവര്‍ കൈ വലിച്ചാല്‍ കടിയുടെ ആഘാതം കൂട്ടും. കൈയില്‍ ഡോഗ് കടിച്ച് പരിശീലിക്കുമ്പോള്‍ നമ്മൾ നമ്മളുടെ കൈ കൊടുത്ത് കൂടെ പോയാല്‍ പ്രശ്നമില്ല; അതിനു പകരം ബലം പിടിക്കുകയോ തിരിച്ച് വലിക്കുകയോ ചെയ്യുമ്പോള്‍ കൈ മുറിഞ്ഞേക്കാം. മുറിഞ്ഞ് കഴിയുമ്പോള്‍ കൈ മുറിയും അതു പിന്നീട് പ്രശ്‌നമാവും. അങ്ങനെയാണ് ഡോഗ് അറസ്റ്റ് എന്ന സിസ്റ്റം മാറ്റുന്നത്. ഇപ്പോള്‍ ആളെ കണ്ടെത്തിയാല്‍ ഡോഗ് കുരക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. 

placeholder
പോലീസ് സേനയിലുണ്ടായിരുന്ന സൽമ

ഡ്യൂട്ടി മീറ്റിലെല്ലാം ഒരുപാട് മെഡലുകള്‍ വാരിക്കൂട്ടിയ സല്‍മയുടെ പരിശീലകനായിരുന്നല്ലോ താങ്കള്‍. സല്‍മ തെളിയിച്ച കേസുകളെ കുറിച്ച് പറയാമോ..

കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സല്‍മ സഹിയിച്ചിട്ടുണ്ട്. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപം സദന്‍ എന്നൊരാളെ മരിച്ച നിലയില്‍ കാണപ്പെട്ടു. അയാള്‍ ഉടുത്തിരിക്കുന്ന വസ്ത്രം അയാളുടെ ശരീരത്തിൽ പുതച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. അതിലെല്ലാം മൂത്രം തളിച്ചുവെച്ചിരുന്നു. കൊലപാതകമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ പോലീസിന് മനസ്സിലായിരുന്നു. മുണ്ടിന്റെ കോര്‍ണറിലുള്ള മണം  നായയ്ക്ക് കൊടുത്തു. മണം കിട്ടിയ ഉടനെ നായ കുതിച്ചു. സല്‍മയുമായി കുതിക്കുന്ന ഞങ്ങള്‍ക്കു പിന്നാലെ ഒരു വലിയ മാധ്യമ സംഘം കാമറ സഹിതം ഷൂട്ട് ചെയ്ത് പിന്നാലെ തന്നെയുണ്ടായിരുന്നു. കറുത്ത് കുറുകിയ വെള്ളം ഒഴുകുന്ന ഓടയുടെ പരിസരത്തേക്കാണ് നായ ചെന്നെത്തിയത്. അവിടെ വേറെ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരു മണ്‍കൂന, മരത്തില്‍ നിന്ന് വീണ കുറെ മരച്ചില്ലകളും ഇലകളുമല്ലാതെ മറ്റൊന്നും അവിടെയുണ്ടായിരുന്നില്ല. അപ്പുറത്താവട്ടെ മതിലും. സംഗതി എവിടെയോ പാളി എന്നാണാദ്യം തോന്നിയത്. വല്ലാത്ത ദുര്‍ഗന്ധമായിരുന്നു ആ ഭാഗത്താകെ. ഡോഗ് മുന്നോട്ടു പോയി. അവിടെ സ്ലാബിട്ട ഭാഗത്തേക്ക് സല്‍മ പോയി. അവിടെ അകത്തൊരാള്‍ ഇരിപ്പുണ്ടായിരുന്നു. സ്‌ക്വാഡിലെ പോലീസുകാര്‍ ഉടന്‍ തന്നെ അയാളെ പിടിച്ചു. നായവരുന്നത് കണ്ട് ഓടക്കുള്ളില്‍ കയറി ഒളിച്ചതായിരുന്നു അയാള്‍. കുറ്റം ചെയ്ത ആ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസിനായി. സൽമ ആ അന്വേഷണത്തിൽ വലിയപങ്കാണ് വഹിച്ചത്

 എന്താനിയിരിക്കാം അയാള്‍ ആ മുണ്ടിൽ മൂത്രം തളിച്ചത്. മൂത്ര മണം നായയെ വഴിതെറ്റിക്കുമെന്ന് കരുതിക്കാണുമോ..

മൂത്രം തളിച്ചാല്‍ തന്നെ പിടിക്കില്ലെന്നും രക്ഷപ്പെടുമെന്നോര്‍ത്തായിരിക്കും ചെയ്തത്. പക്ഷെ ചില ഡിറ്റക്ടീവ് നോവലുകളൊക്കെ വായിച്ച പരിചയത്തില്‍ നിന്നാണ് ഞാന്‍ സല്‍മയ്ക്ക് മണം കൊടുത്തത്. ഒരു മുണ്ട് നിവര്‍ത്തി വിരിക്കണമെങ്കില്‍ അതിന്റെ നാലറ്റത്തും തൊടണമല്ലോ. ആ തൊട്ട ഭാഗത്തെ മണം കിട്ടുമെന്ന് പഴയ ചില ഡിറ്റക്ടീവ് നോവലുകളില്‍ വായിച്ചതോര്‍മ്മ വന്നു. അങ്ങനെയാണ് മണം കൊടുക്കുന്നത്. മൊത്തം മൂത്രം തളിച്ചെങ്കിലും മുണ്ടിന്റെ നാലറ്റത്തെയും അത് ബാധിച്ചില്ല. മാത്രവുമല്ല ടെന്‍ഷനോടെ ചെയ്യുമ്പോള്‍ വിയര്‍ക്കുമല്ലോ. ആ വിയര്‍പ്പ് മുണ്ടിന്റെ വക്കിലായി. ആ മണം പിടിച്ചാണ് സല്‍മ പ്രതിയെ പിടിക്കുന്നത്. പുതച്ച മുണ്ട് കൊല്ലപ്പെട്ടയാളുടേതാണെങ്കിലും അതവസാനം വിരിച്ചത് പ്രതിയാണല്ലോ. അങ്ങനെയായിരിക്കാം സൽമ കണ്ടെത്തിയത്.

placeholder
സൽമയെയും പ്രേംജിയെയും കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത

നമ്മുടെ തൊലിയുടെ മണമാണോ വിയർപ്പാണോ, എന്തിന്റെ മണമാണോ നായ പിടിച്ചെടുക്കുന്നത്. കൈ തട്ടുമ്പോള്‍ എങ്ങനെയാണ് മണം കിട്ടുന്നത്.

നമ്മുടെ വിയര്‍പ്പിന്റെ ഗന്ധമാണ് നായക്ക് ലഭിക്കുന്നത്. ചിലരുടെ കൈ വിയര്‍ക്കും. മോഷണത്തിനും മറ്റും ചെല്ലുന്നയാളുകള്‍ കൈ കൊണ്ടാണ് കൂടുതല്‍ ജോലി ചെയ്യുന്നത്. അങ്ങനെയാണ് മണം കിട്ടുന്നത്. ഗ്ലൗസ് ഇട്ടിട്ടുണ്ടെങ്കില്‍ ആ മണം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്

ഇതുപോലെ സല്‍മ തെളിയിച്ച മറ്റെന്തെങ്കിലും കൊലപാതക കേസുണ്ടോ.

ഒരു വീട്ടമ്മയുെട പുറകെ പോയി അവരുടെ മാലയും കമ്മലും കട്ടിയെടുത്തു കൊണ്ടു പോയ സംഭവമുണ്ടായിരുന്നു. തലയ്ക്ക് റബ്ബറിന്റെ വിറക് കൊണ്ട് അടിച്ചാണ് സ്വര്‍ണം തട്ടിയെടുത്ത് കൊണ്ടുപോയത്. അവര്‍ മരിച്ചു പോയി. ഈ തട്ടിയെടുത്ത സ്വര്‍ണ്ണം വിറ്റ് മദ്യപിച്ച പ്രതി അയാളുടെ തന്നെ വീട്ടിലെ കട്ടിലിനടിയില്‍ കിടന്നുറങ്ങി. ഇയാള്‍ പോയ വഴിയെയും ഇയാളുള്ള വീടിന്റെ പരിസരം വരെയും സല്‍മ പോയി. അവിടെ പശുവുണ്ടായിരുന്നു. പശുവിനെ സല്‍മയ്ക്ക് പേടിയാണ് അതിനാല്‍ തിരികെ പോന്നു. എന്നാല്‍ പിന്നീട് പിറ്റേന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത പ്രതി പോയ വഴിയെ നായ വന്നില്ല എന്ന തരത്തിലായിരുന്നു. പിറ്റേ ദിവസം വീണ്ടും ഇതേ പാതയിലൂടെ തന്നെയായിരുന്നു സല്‍മയുടെ സഞ്ചാരം. അന്നാണ് ഒരു വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നപ്പോഴാണ് കട്ടിലിനടിയില്‍ നിന്ന് പ്രതിയെ പിടിക്കുന്നത്. 

ഇതുപോലെ ട്രെയിനിങ് കഴിഞ്ഞ് വന്ന ഉടനെ കൂട്ടിക്കലില്‍ കുരിശടി തകര്‍ത്ത ഒരു സംഭവമുണ്ടായിരുന്നു. കുരിശടി എറിഞ്ഞ് തകര്‍ത്തത് എന്തുപയോഗിച്ചാണെന്നോ ഒന്നും ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു തട്ടു മാത്രമുണ്ടായിരുന്നു. ആ തട്ടേല്‍ മണപ്പിച്ച് നേരെ മെയിന്‍ റോഡിലേക്ക് നായ പോയി. ജനങ്ങള്‍ കൂടി നിന്ന സ്ഥലത്തേക്കായിരുന്നു നായയുടെ ഓട്ടം. അവിടെ നിന്നും ഒരു വീട്ടിലേക്ക് പോയി. ആ വീട്ടിലുള്ളവരായിരുന്നു പ്രതികള്‍. അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

placeholder
മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോലീസ് നായക്കൊപ്പം പ്രേംജി. മാതൃഭൂമിയിൽ വന്ന വാർത്ത

എല്ലാ ക്രൈം സീനുകളിലും നായയെ കൊണ്ടു വരുമോ. നായ വേണ്ടാത്ത ക്രൈം സീനുകള്‍ വല്ലതുമുണ്ടോ.

ഫിംഗര്‍ പ്രിന്റ് വിദഗദ്ധര്‍, ഡോഗ് സ്ക്വാഡ്, സയന്റിഫിക് അസിസ്റന്റ് എന്നിവരൊക്കെ നടപടിക്രമങ്ങളുടെ ഭാഗമായാണ് വരുന്നത്. പ്രതിയെ കിട്ടാത്ത കേസുകളിലും മോഷണക്കേസുകളിലുമെല്ലാം പോലീസ് നായയുടെ ആവശ്യം വരാറുണ്ട്. ഒരിക്കല്‍ ഒരു വീട്ടമ്മയുടെ സ്വര്‍ണ്ണം കാണാതെ പോയപ്പോള്‍ സല്‍മയുമായി ചെന്നിരുന്നു. വീട്ടിലെത്തി മണം പിടിച്ച സല്‍മ അടുക്കളവഴി ഇറങ്ങി കിണറിന്റെ പരിസരത്ത് കറങ്ങി നടക്കുന്നതല്ലാതെ വേറെ എങ്ങും പോകുന്നില്ല. കിണറിനു ചുറ്റും മാറാതെ നടന്നപ്പോഴാണ് കുറ്റകൃത്യത്തിന് കിണറുമായി എന്തോ ബന്ധമുണ്ടെന്ന തോന്നല്‍ എനിക്കുണ്ടായി. ആ വിവരം അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കുവെച്ചു. പെട്ടെന്ന് തന്നെ മോട്ടോര്‍ വെച്ച് കിണര്‍ വറ്റിച്ചു. അതിൽ നിന്ന് പണ്ടം ലഭിച്ചെങ്കിലും അത് മുക്കുപണ്ടമായിരുന്നു. വീട്ടിലെ സ്ത്രീക്ക് അറിയാമായിരുന്ന കാര്യമായിരുന്നു ഇത്. വീട്ടുകാരുടെ ചോദ്യത്തില്‍ നിന്ന രക്ഷപ്പെടാനാണ് മോഷണം നടന്നെന്ന കെട്ടുകഥ അവരുണ്ടാക്കുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. 

കിണറിനുള്ളില്‍ തൊണ്ടിമുതലുണ്ടായേക്കാമെന്ന സല്‍മയുടെ ഇന്‍ഡിക്കേഷനും താങ്കളുടെ തോന്നലുമാണല്ലോ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമാകുന്നത്. ഈ തരത്തില്‍ മേലുദ്യോഗസ്ഥര്‍ അഭനന്ദിച്ച ഏതെങ്കിലും കേസ് ഓര്‍ത്തെടുത്ത് പറയാമോ.

പഴയിടം എന്ന സ്ഥലത്ത് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ട കേസുണ്ടായിരുന്നു. ബന്ധുവായിരുന്നു കൊലപാതകി. കേസന്വേഷത്തിലെ തുടക്കഘട്ടത്തിലെല്ലാം പോലീസിനെ സഹയിച്ച വ്യക്തിയായിരുന്നു അയാള്‍. എന്നാല്‍ സല്‍മ വരു്‌നനെന്നറിഞ്ഞപ്പോള്‍ ഇയാള്‍ മുങ്ങി.  രണ്ട് കിലോമീറ്റര്‍ അപ്പുറം ബൈക്ക വെച്ച് ഇയാള്‍ നടന്നായിരുന്നു കൊലചെയ്യാനെത്തിയത്. ബാത്ത് റൂമിന്റെ ബള്‍ബില്‍ നിന്ന് ഫിംഗര്‍ പ്രിന്റ് ലഭിച്ചെങ്കിലും പ്രതിയെ കിട്ടിയില്ല. ഒരിക്കല്‍ കോട്ടയത്ത് മാലപൊട്ടിച്ചോടിയപ്പോള്‍ ഇയാളെ പോലീസ് പിടികൂടി. അപ്പോള്‍ ഫിംഗര്‍ പ്രിന്റ് നോക്കിയപ്പോഴാണ് രണ്ട് പെരെ കൊന്നിരുന്നെന്ന കുറ്റം സമ്മതിക്കുന്നത്. അപ്പോല്‍ ചിന്തിച്ചപ്പോഴാണ് സല്‍മ അന്ന ചെയ്ത ഡ്യൂട്ടി കറക്ട് ആണെന്ന് മനസ്സിലാവുന്നത്. സല്‍മ പോയത് ആ ബൈക്ക്് നിര്‍ത്തിയിട്ട ഇടം വരെയയായിരുന്നു. പോലീസ് നായയെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്ന് തോന്നിപ്പിച്ച നിമിഷങ്ങളലൊന്നായിരുന്നു അത്.

അത് പോലെ കറുകച്ചാലില്‍ വീട്ടമ്മയും മകളും താമസിച്ച വീടുണ്ടായിരുന്നു. അവിടെ മോഷണം നടന്നിരുന്നു. പക്ഷെ കള്ളന്‍ ഏത് വഴി വന്നാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ സല്‍മയെത്തി ചിമ്മിനിയുടെ ഭാഗത്തേക്ക് പോയപ്പാഴാണ് ആദ്യ സൂചന ലഭിക്കുന്നത്. ന്മമള്‍ നോക്കുമ്പോള്‍ ചിമ്മിനിക്കുള്ളിലെ ചുമരില്‍ കാല്‍പ്പാടുണ്ടായിരുന്നു. സ്‌പൈഡര്‍മാനൊക്കെ ഭിത്തിയില്‍ കൈപതിച്ചു നടക്കുമ്പോഴുള്ളതു പോലെ. ആ ചിമ്മിനി ഹോലിന്റെ അത നിരപ്പില്‍ അപ്പുറത്ത് പറമ്പായിരുന്നു. അവിടെനിന്നാരോ ചിമ്മിനി വഴി കയറി വീട്ടിലേക്ക് കടന്നാണ് മോഷണം നടന്നതെന്ന് മനസ്സിലായി. സല്‍മയെയും കൊണ്ട് ആ പറമ്പിലേക്ക് ചെന്നതും സല്‍മ മണം പിടിച്ച് ഓടി നേരെ എത്തിയത് കാനലിനടുത്തായിരുന്നു. കനാല്‍ കടന്ന് സല്‍മയെ അപ്പുറം വെച്ചു. അവിടെ നിന്ന് ട്രാക്ക് ചെയ്ത് നായ എത്തുന്നത് ഒരു കോളനി പ്രദേശത്താണ്. ആ കോളനിയിൽ അന്വേഷണം നടത്തിയപ്പോൾ പ്രതികൾ അവിടുണ്ടായിരുന്നു. വൈകാതെ തന്നെ അറസ്റ്റ് നടന്നു.

(തുടരും)